ക്ഷമ

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്

0
5538

ആത്മീയതയുടെ ആനന്ദം 2
ക്ഷമ സല്‍സ്വഭാവത്തിന്റെ ഭാഗമാണ്. ഉത്കൃഷ്ട സ്വഭാവങ്ങളില്‍ വളരെ പ്രാധാന്യമേറിയതാണിത്. ഒരോ പ്രവാചകരും അവരുടെ സമൂഹങ്ങളെ ക്ഷമാശീലരാക്കിയാണ് മുന്നോട്ട് നയിച്ചത്. ഈ വിഷയത്തില്‍ അവര്‍ മാതൃകായോഗ്യരായിരുന്നു.
ക്ഷമ കൈവരിച്ചവരെ അല്ലാഹു നന്നായി പുകഴ്ത്തിയിട്ടുണ്ട്. ഒരു ഖുര്‍ആനിക സൂക്തത്തില്‍ ഇങ്ങനെ കാണാം: ക്ഷമാശീലര്‍ക്കു തന്നെയാണ് തങ്ങളുടെ പ്രതിഫലം. കണക്കു നോക്കാതെയാണ് അവ നിറവേറ്റിക്കൊടുക്കുന്നത്(സുമര്‍ 10)
അയ്യൂബ് നബി(അ)ന്റെ ചരിത്രം വിശദീകരിച്ച് അല്ലാഹു പറഞ്ഞു: ‘തീര്‍ച്ച, അയ്യൂബ് നബിയെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ!(സ്വാദ്44)
വിശുദ്ധ റമളാനിനെക്കുറിച്ച് തിരുനബി(സ) പറഞ്ഞു: വിശുദ്ധ റമളാന്‍ ക്ഷമയുടെ മാസമാണ്, സ്വര്‍ഗമാണ് ക്ഷമയുടെ പ്രതിഫലം.
അല്ലാഹു പറയുന്നു: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! (റഅദ്24)
ശരീരത്തെ നിയന്ത്രിച്ച് ഇഷ്ടങ്ങളെ ഉപേക്ഷിക്കുന്ന വിധത്തില്‍ മനസിനെ പാകപ്പെടുത്തുന്ന പ്രക്രിയയാണിത്. ക്ഷമിക്കുന്നത് കാരണമായി പ്രത്യക്ഷത്തില്‍ ഐഹിക നഷ്ട്ങ്ങളുണ്ടായേക്കാം. എങ്കിലും ക്ഷമ മനുഷ്യന്റെ പൂര്‍ണതയുടെ വിശേഷണമാണ്. വിശ്വാസമാണ് ഇതിന്റെ കാതല്‍.
പലപ്പോഴും മതത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് നിര്‍ബന്ധമായും ക്ഷമ കൈക്കൊള്ളേണ്ട അവസ്ഥയുണ്ടാകും. ചിലപ്പോള്‍ ഐഛിക വിഷയങ്ങള്‍ക്ക് വേണ്ടിയും ക്ഷമിക്കണം. അപ്പോഴുണ്ടാകുന്ന പ്രയാസങ്ങളൊക്കെയും ഇഹപര ജീവിത വിജയത്തിനാണെന്ന സമര്‍പ്പണ ബോധമാണുണ്ടാകേണ്ടത്. ഇതുപോലെ ക്ഷമ കൈക്കൊള്ളേണ്ട സാഹചര്യങ്ങള്‍ പലതാണ്. നാം ഇഷ്ടപ്പെടുന്നവര്‍ക്ക് അല്ലെങ്കില്‍ നമ്മുടെ ശരീരത്തിന് തന്നെയും വരുന്ന പരീക്ഷണങ്ങള്‍, അവയുടെ ശമനം ഏതൊരാളുടെയും തീവ്രമായ ആഗ്രഹമായിരിക്കും. ആകുലപ്പെടുന്നതിന് പകരം ക്ഷമയോടെയുള്ള സമീപനമാണ് വേണ്ടത്.
അരുതായ്മകളെ ഉപേക്ഷിക്കാനും നല്ല ക്ഷമ വേണം. അത് മതം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ തന്നെയാവണമെന്നില്ല. മനുഷ്യന്റെ മാന്യത നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെയും വിശ്വാസിയുടെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടത് തന്നെയാണ്. ഇത് അവനെ ഇഹപരലോകത്ത് ഉന്നത സ്ഥാനത്തെത്തിക്കും. സമൂഹത്തില്‍ അവന് സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്യും.
അല്ലാഹു പറയുന്നു: കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത്, ഞങ്ങള്‍ അല്ലാഹു വിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നവര്‍. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍.
(അല്‍ബഖറ)
ഉമര്‍ [റ] പറഞ്ഞു: ക്ഷമാശീലര്‍ക്കുള്ള വാഗ്ദാനങ്ങളെത്ര നല്ലത്. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതോടൊപ്പം അവര്‍ സന്മാര്‍ഗം പ്രാപിക്കുകയും ചെയ്യുന്നു. നോക്കൂ, ക്ഷമയുടെ മഹത്വം, അതിന് അല്ലാഹു വിന്റെ അടുക്കലുള്ള സ്ഥാനം എത്ര വിശിഷ്ടമാണ്. എത്ര അവിശ്വാസികള്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് നാം കാണുന്നു. അവര്‍ ക്ഷമ കൈവിടാതെ മുന്നോട്ട് പോവുന്നു. പക്ഷേ നമ്മുടെ അവസ്ഥയെന്താണ്? അനന്തമായ ആഡംബരത്തിന്റെ പറുദീസ വാഗ്ദത്വം നല്‍കിയിട്ടും നമുക്കൊന്നും ജീവിതത്തില്‍ ക്ഷമ കൈവരിക്കാന്‍ കഴിന്നില്ലല്ലോ…
ചുരുക്കത്തില്‍, വിശ്വാസിയുടെ നിത്യജീവിതത്തില്‍ ക്ഷമ അത്യന്താപേക്ഷിതമാണ്. നശ്വരവും അനശ്വരവുമായ ലോകത്തെ നന്മയാണതിന്റെ ഫലം. അവസാനം സ്വര്‍ഗ പ്രവേശനത്തിനും അത് മതി.
‘ശരീരത്തിനനിഷ്ട്ടമായ കാര്യങ്ങള്‍ കൊണ്ടാണ് സ്വര്‍ഗം വലയം ചെയ്തിരിക്കുന്നത് ‘ എന്ന തിരുനബി(സ) അരുളിയിട്ടുണ്ട്. അഥവാ, ശരീരേഛകളോട് പൊരുതി ക്ഷമയോടെ ജീവിച്ചാല്‍ മാത്രമേ സ്വര്‍ഗ പ്രവേശനം സാധ്യമാകൂ.
ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അനുഗ്രഹാഡംബരങ്ങളോടെ സ്വര്‍ഗത്തെ സൃഷ്ടിച്ച ശേഷം, ജിബ്രീല്‍ (അ) നെ അല്ലാഹു സ്വര്‍ഗത്തിലേക്ക് പറഞ്ഞയച്ചു. സ്വര്‍ഗം കണ്ട ജിബ്രീല്‍ അല്ലാഹു വിന്റെ സവിധത്തിലെത്തി.
അല്ലാഹു ചോദിച്ചു: എങ്ങനെയുണ്ട് സ്വര്‍ഗം? വിശേഷണങ്ങള്‍ക്കുമപ്പുറമാണ് അതിന്റെ വിശേഷം. സ്വര്‍ഗ പ്രവേശനത്തിന് ആഗ്രഹം ജനിപ്പിക്കുന്ന ആകര്‍ഷണീയമായ എന്തെങ്കിലും സംവിധാനിക്കാതെ സ്വര്‍ഗത്തെ ആരും മനസിലാക്കുകയില്ല.
അതോടെ, മനസും ശരീരവും ചെയ്യാന്‍ മടിക്കുന്ന, ആരാധനകള്‍ കൊണ്ട് സ്വര്‍ഗത്തെ അല്ലാഹു വലയം ചെയ്തു. ശേഷം ജിബ്രീലിനോട് പറഞ്ഞു: ഇനി സ്വര്‍ഗത്തില്‍ പോയി വരൂ,
ജിബ്രീല്‍ സ്വര്‍ഗം കണ്ട് മടങ്ങി അല്ലാഹുവിനോട് പറഞ്ഞു: ഇപ്പോള്‍ സ്വര്‍ഗത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു.
സമാന സംഭവം, ശാരീരികേഛകള്‍ കൊണ്ടും അരുതായ്മകള്‍ കൊണ്ട് വലയം ചെയ്യപ്പെട്ട് കിടക്കുന്ന നരകത്തിന്റെ സൃഷ്ടിപ്പിലുമുണ്ടായി.
അതു കൊണ്ട്, പ്രഭാത പ്രദോശങ്ങള്‍ക്കിടയിലെ ഓരോ സമയവും നാം ആത്മവിചിന്തനം നടത്തണം. അരുതായ്മകള്‍ ചെയ്യാതെ ക്ഷമിച്ച്ക്കു നില്‍ക്കുകയും ആരാധനകള്‍ ക്ഷമയോടെ ചെയ്യുന്നതിലും നാം ഉത്സുകരാണോ?
രാത്രിയില്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ മുഅദ്ദിന്‍ സുബ്ഹ് വാങ്ക് വിളിക്കുന്നു… പുതപ്പ് മാറ്റി നിസ്‌കാരത്തിനായി നിങ്ങള്‍ ഉണര്‍ന്നെഴുനേല്‍റുണ്ടോ?
അത് ശൈത്യകാലമാണെങ്കിലും, ‘നിസ്‌കാരത്തിലേക്ക് വരുവിന്‍’
‘വിജയത്തിലേക്ക് വരുവിന്‍’
‘ഉറക്കത്തെക്കാള്‍ ഗുണമാണ് നിസ്‌കാരം’
എന്ന മുഅദ്ദിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉറക്കമുപേക്ഷിച്ച് ക്ഷമയോടെ അല്ലാഹുവിന് വഴിപ്പെടാറുണ്ടോ?
അഥവാ, ഈമാനികമായ മനക്കരുത്താണ് വിശ്വാസിക്ക് വേണ്ടത്. പുലരും നേരം പശ്ചാത്തപിക്കുന്നവര്‍ക്ക് ഏറെ പൊറുക്കുമെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ആ വിഭാഗത്തില്‍ നാമും ഉള്‍പ്പെടണം.അതിന് ഫജ്‌റിന് അല്‍പം മുമ്പ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. ഇനി നോക്കൂ, എത്ര മനോഹരമായാണ് നിന്റെ ആ ദിനം കഴിഞ്ഞ് പോകുന്നത്..!
പിന്നീട്, നിന്റെ കുടുംബത്തിന്റെ/ വീട്ടുകാരുടെ വിഷയങ്ങളിലും നിന്റെ ശ്രദ്ധയുണ്ടായിരിക്കണം. അവര്‍ നിസ്‌കാരം നിലനിര്‍ത്തുന്നുണ്ടോ എന്ന് നോക്കണം. അവരടെ സ്വഭാവരൂപീകരണത്തിലും നാം ഇടപെടണം. അവരുമായുള്ള സംസാരത്തിലും അന്നപാനീയങ്ങളിലും കൃത്യത പുലര്‍ത്തണം. ഉടയാടകളിലും വീടൊരുക്കുന്നതിലും മിതത്വം പാലിക്കണം. ഇതൊക്കെ നീ ക്ഷമയോടെ നിവേറ്റേണ്ട നിന്റെ ഉത്തരവാദിത്വങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബസുക്കളെയും, മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക'(തഹ്‌രീം 6 ).
രാപ്പലുകളില്‍ നിന്റെ നാവ് വിശ്വാസികളെ ഏഷണി പറയാനാണ് ഉപയോഗിക്കുന്നതെങ്കില്‍ നീ ക്ഷമ കൈക്കൊണ്ടവരില്‍ പെട്ടവനല്ല. വിശ്വാസികളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന വിധം നീ നാവിനെ ഉപയോഗിച്ചാല്‍ റബ്ബിന്റെ അടുക്കല്‍ നിന്റെ സ്ഥാനം ചുരുങ്ങിപ്പോകും.
അല്ലാഹു പറയുന്നു: ‘നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ കുറ്റം പറയരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?എന്നാല്‍ അത് നിങ്ങള്‍ വെറുക്കുന്നു ” (ഹുജ്‌റാത് 12 )
തിരുനബി(സ) പറയുന്നു: ‘ഏഷണി, നിന്റെ വിശ്വാസിയായ സഹോദരന് ഇഷ്ടമില്ലാത്തത് പറയലാണ്’. അപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു. ആ പറഞ്ഞത് ആ സഹോദരനില്‍ ഉള്ളതാണെങ്കിലോ?
നബി (സ) പറഞ്ഞു: ‘ഉള്ളതെങ്കില്‍ ഈബത്ത്(ഏഷണി) ഇല്ലാത്തതെങ്കില്‍ കളവ്. അത് ആദ്യത്തേക്കാള്‍ ഭീകരം!
അതുകൊണ്ട്, ഏഷണി -പരദൂഷണത്തിന് തന്റെ നാവ് ഉപയോഗിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടാവണം. നിന്റെ ഇടപെടലുകളിലും ഇടപാടുകളിലും കളവ് പറയേണ്ട സാഹചര്യം വന്നേക്കാം. അപ്പോഴൊക്കെയും നാവിനെ നിയന്ത്രിക്കണം. കളവ് പറയുന്നവന്റെ വായ്‌നാറ്റം കാരണം അവന്റെ ഇരു പാര്‍ശ്വങ്ങളിലുമുള്ള മലക്കുകള്‍ മൈലുകള്‍ക്കപ്പുറം മാറി നില്‍ക്കുമെന്ന് നീ മറക്കരുത്.
അല്ലാഹു ആ മലക്കുകളെക്കുറിച്ച് പറയുന്നു: ‘വലതുഭാഗത്തും ഇടതു ഭാഗത്തും ഇരുന്നു കൊണ്ട്, അവന്‍ എതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകര്‍ ഉണ്ടാവാതിരിക്കില്ല’ (ഖാഫ്17).
കളവ് പറയുന്നതിന്റെ ഭീകരതയെ ഓര്‍മപ്പെടുത്തിയ തിരുനബി(സ)യോട് ഒരാള്‍ ചോദിച്ചു: ‘വിശ്വാസികള്‍ കളവ് പറയുമോ?’
‘യഥാര്‍ത്ഥ വിശ്വാസികള്‍ കളവ് പറയുകയില്ല.’ശേഷം നബി(സ) ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്യ്തു: ‘അല്ലാഹു വിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാണ് കള്ളം കെട്ടിച്ചമക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍'(നഹ്ല് 105).
സത്യമാര്‍ഗത്തില്‍ ഉറച്ച് നിന്ന്, പ്രയാസങ്ങളില്‍ ക്ഷമ കൈവരിച്ച് മുന്നോട്ട് പോകാന്‍ നാഥന്‍ തുണക്കട്ടെ,
നബി(സ)യുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും ക്ഷമയുടെ ഉദാത്ത മാതൃകകള്‍ ധാരാളം കാണാം. ശൈശവം മുതല്‍ വഫാത്ത് വരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും.
നബി(സ) പറഞ്ഞു: അല്ലാഹുവിലുള്ള യഖീന്‍(ഉറപ്പ്), ക്ഷമിക്കാനുള്ള ആത്മധൈര്യവും നിങ്ങള്‍ക്ക് അല്‍പം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇത് രണ്ടിനും ഭാഗ്യം സിദ്ധിച്ചവര്‍ ഐഛികമായി ചെയ്യുന്ന നോമ്പും നിസ്‌കാരങ്ങളും നഷ്ടപ്പെട്ടു പോയതില്‍ പരിതപിക്കേണ്ടതില്ല.അഥവാ, അല്ലാഹുവിന്റെയടുക്കല്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ അവ രണ്ടും ഏറെ പര്യാപ്തമാണ്. പക്ഷേ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവരെ മാത്രമേ ആ രണ്ട് വിശേഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുകയുള്ളൂ.
യഥാര്‍ത്ഥത്തില്‍, ക്ഷമാശീലരായ പൂര്‍വികരുടെ ചരിത്രങ്ങളില്‍ നിന്ന് വലിയ ആത്മധൈര്യവും പ്രചോദനവുമാണ് നമുക്ക് ലഭിക്കുന്നത്.
തിരുനബി(സ) യുടെ തീക്ഷണമായ അനുഭവങ്ങള്‍ തന്നെ നമുക്ക് വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്.
യുദ്ധവേളയില്‍ മുഖത്ത് മുറിവേല്‍ക്കുകയും മുന്‍പല്ല് പൊട്ടിയതും ആരോടും വിദ്വേഷമില്ലാതെ ഒലിച്ചിറങ്ങുന്ന രക്തം കൈ കൊണ്ട് തുടച്ച് തിരുനബി(സ) പറഞ്ഞു: ”ഈ രക്തത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുന്നത് ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ശിക്ഷ വരാന്‍ അത് മതിയാകും’
ശത്രുക്കളുടെ പീഡനങ്ങള്‍ അസഹനീയമായ നേരം, അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ ആരാഞ്ഞപ്പോള്‍ തിരുനബി സ പറഞ്ഞത് ഇങ്ങനെയാണ്: ‘എന്റെ സമൂഹത്തെ നീ സന്‍മാര്‍ഗത്തിലാക്കണേ… അവര്‍ വിവരമില്ലാത്തവരാണ് നാഥാ’
ഇങ്ങനെ ക്ഷമയുടെയും വിട്ടുവീഴ്ചയുടെ അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാം.
[ഇസ്ആഫു ത്വാലിബില്‍ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖി ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി
]

LEAVE A REPLY

Please enter your comment!
Please enter your name here