കൊറോണക്കാലത്ത് ഓർമിക്കാൻ മൂന്ന് ഹദീസുകൾ

അബ്ദുൽ നാസ്വിർ അഹ്സനി ഒളവട്ടൂർ

0
1219

1.
عن أبي سعيد سعد بن سنان الخدري رضي الله عنه : أن رسول الله صلى الله عليه وسلم قال:

( لا ضرر ولا ضرار )

حديث حسن رواه ابن ماجة والدارقطني وغيرهما مسندا

ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ ഉള്ളടക്കം കൊണ്ടും ആശയവിശാലത കൊണ്ടും സവിശേഷമാണ്. മനുഷ്യരുടെ നിത്യജീവിതത്തിനാവശ്യമായ വിധി വിലക്കുകൾ അവ ഉൾക്കൊളളുന്നു. ഹൃസ്വവും ആശയ വൈപുല്യം കൊണ്ട് വലുതുമായ ഒരു ഹദീസാണ് മേൽ കൊടുത്തിരിക്കുന്നത്.

എന്നിവയെ വിരോധിക്കുകയാണ് ഹദീസ്. പണ്ഡിതന്മാർ ഈ നബി വചനത്തിന് ഒരുപാട് അർത്ഥങ്ങൾ നൽകിയിട്ടുണ്ട്. ആദ്യ പദത്തിന്റെ സാരം ‘അല്ലാഹുവിന്റെ വിധികളിൽ ആയാസമില്ല’ എന്നതാണ്. രണ്ടാം പദം കൊണ്ടുള്ള വിവക്ഷ ഒരാളും അപരന് പ്രയാസമുണ്ടാക്കരുതെന്നാണ്. അഥവാ ഇസ്ലാമിന്റെ വിധികൾ എളുപ്പവും മാനുഷിക കഴിവുകൾക്ക് ഉചിതവുമാണെന്നർത്ഥം. ഇസ്‌ലാം വിരോധിക്കുകയും ശിക്ഷ നിർദ്ദേശിക്കുകയും ചെയ്ത കാര്യങ്ങളെല്ലാം മാനുഷികവും സാമൂഹികവുമായ നന്മകൾക്കു വേണ്ടിയുള്ളതാണെന്നന്ന് മനസ്സിലാക്കാം. ഒരാൾ സ്വയം ബുദ്ധിമുട്ടുകളിൽ ചെന്നുപെടുകയോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യരുതെന്ന ആശയവും ഈ ഹദീസിൽ നിന്ന് ലഭിക്കുന്നു. മനുഷ്യർ പരസ്പരം ദ്രോഹിക്കുകയോ വെറുക്കുകയോ ചെയ്യരുതെന്ന ബഹുസ്വര നിലപാടാണ് ഇസ്‌ലാമിനുളളത്. സ്വാർത്ഥതയും അപര വിദ്വേഷവും മാറ്റിവെക്കണമെന്നും മറ്റുള്ളവർക്ക് കൂടി നന്മ ഉദ്ദേശിക്കണമെന്നുമാണ് ഹദീസിന്റെ പൊരുൾ.

കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുന്ന കാലമാണിത്. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും രോഗബാധിതരും രോഗം സംശയിക്കുന്നവരും പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശിക്കുന്നത് മറ്റുള്ളവർക്ക് വൈറസ് പടരാതിരിക്കാനാണ്. മറ്റുള്ളവരെ രോഗബാധിതരാക്കുന്നതും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ സ്വയം ആപത്തിൽ ചെന്നകപ്പെടുന്നതും ഹദീസിന്റെ നിരോധനാ പരിധിയിൽ വരും.
സർക്കാറും ആരോഗ്യ നിരീക്ഷകരും നിർദ്ദേശിക്കുന്ന പ്രതിരോധ മാർഗങ്ങൾ അനുസരിക്കുകയാണ് നമ്മുടെ കടമയെന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.

2.
عن عبدالله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال:

(المسلم من سلِم المسلمون/الناس من لسانه ويده)

(അപര ജനങ്ങളെ/മുസ്‌ലിം സഹോദരങ്ങളെ തന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവനാണ് യഥാർത്ഥ മുസ്‌ലിം)

ഖതാബി പറയുന്നു: അല്ലാഹുവിനുള്ള ബാധ്യതകൾ നിർവ്വഹിക്കുന്നതോടൊപ്പം സൃഷ്ടികളുടെ ബാധ്യതകൾ കൂടി നിർവ്വഹിക്കുന്നവരാണ് മുസ്‌ലിംകളിൽ ഉന്നതൻ.
മറ്റുള്ളവരിൽ നിന്ന് ഒരു മുസ്‌ലിമിനെ വേർത്തിരിക്കുന്ന ഘടകം അപരന് ഉപദ്രവം വരുത്താതിരിക്കലാണെന്ന് സാരം.

ഉപദ്രവം പരാമർശിക്കുന്നതിന് നാവിനെയും കൈയ്യിനെയും പ്രതീകവത്കരിച്ചത് വാക്കുകൾ കൊണ്ടുള്ള ഉപദ്രവങ്ങളിൽ ഭൂരിഭാഗവും നാവിലൂടെയും പ്രവർത്തികൾ കൊണ്ടുള്ള ഉപദ്രവങ്ങൾ മിക്കതും കൈകളിലൂടെയുമാണ് വരുന്നത് എന്നതുകൊണ്ടാണ്. മറ്റുള്ളവരെ പരിഹസിക്കുന്നതിനു വേണ്ടി നാവ് വായക്കു പുറത്തിടുന്നതു പോലും അപരോപദ്രവമാണെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. കയ്യിനെ പ്രതീകവത്കരിക്കുമ്പോൾ മറ്റുള്ളവനുമേലുള്ള അധികാരവും ആധിപത്യവും ദുർവിനിയോഗം ചെയ്യുന്നതും ഉപദ്രവത്തിന്റെ പരിധിയിൽ പെടുന്നു.

ഈ രോഗബാധയുടെ തീവ്ര ജാഗ്രതാ കാലത്ത് മറ്റൊരു ആശയം കൂടി വായിക്കാം.
കൊറോണ വൈറസ് ബാധയേൽക്കുന്നത് പ്രധാനമായും വായ, മൂക്ക്, കണ്ണ് തുടങ്ങിയ തുറന്ന അവയവങ്ങളിലൂടെയാണെന്ന് പഠനങ്ങൾ നിരീക്ഷിക്കുന്നു. വൈറസ് ബാധയേൽക്കാതിരിക്കാൻ കൈകൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറുകളോ ഉപയോഗിച്ച് കഴുകണമെന്നും അരോഗ്യ നിരീക്ഷകർ നിർദ്ദേശിക്കുന്നു. കൈയും മുഖവും ഇടക്കിടെ കഴുകി വ്യക്തി ശുചിത്വം ഉറപ്പു വരുത്തുകയെന്നത് സാമൂഹിക വ്യാപനം ഇല്ലാതിരിക്കുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമാണ്. നമ്മൾ കാരണമായി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ നമ്മൾ നമ്മുടെ കൈകളും മറ്റു അവയവങ്ങളും സുരക്ഷിതമായി വൃത്തിയോടെ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ അത് ഉപദ്രവമാകുമെന്നും പ്രസ്തുത ഹദീസിൽ നിന്ന് ഗ്രഹിക്കാം. ഹദീസിൽ മുസ്ലിം സഹോദരങ്ങളുടെ മാത്രമല്ല, അപര ജനങ്ങളുടെ മുഴുവൻ സുരക്ഷിതത്വമാണ് വിവക്ഷയെന്ന് ഹദീസ് പണ്ഡിതരിൽ ചിലർ വ്യാഖ്യാനിക്കുന്നുണ്ട്.

3.
عن النبي ﷺ أنه قال:  لا عدوى ولا طيرة الخ….
പകർച്ചയില്ല (രോഗങ്ങൾ പകരില്ല) എന്ന പ്രത്യക്ഷസാരം ദ്യോതിപ്പിക്കുന്ന ഈ ഹദീസിന്റെ യഥാർത്ഥ ആശയം ഒരു ജീവിയിൽ നിന്ന് രോഗങ്ങൾ മറ്റൊരു ജീവിയിലേക്ക് പകരില്ല എന്നല്ല. (പകർച്ചവ്യാധികളുടെ പൂർണ നിഷേധമല്ല) പ്രത്യുത, ജാഹിലിയ്യ കാലഘട്ടത്തിൽ രോഗത്തിന് സ്വയം മറ്റുള്ളവരിലേക്ക് പകരാനുള്ള കഴിവുണ്ടെന്ന ദൈവിക ശക്തിയെ നിഷേധിക്കുന്ന അബദ്ധധാരണ വെച്ചു പുലർത്തിയവർക്ക് തിരുനബി(സ) നൽകുന്ന തിരുത്താണിത്.
കൃഷ്ഠ രോഗിയിൽ നിന്ന് നീ അകന്നു നിൽക്കണം, ആരോഗ്യമുള്ളവരുടെ അരികിലേക്ക് രോഗാതുരനായവരെ പ്രവേശിപ്പിക്കരുത് തുടങ്ങിയ അവിടുത്തെ ഹദീസുകൾ പകർച്ചവ്യാധികളിൽ സുരക്ഷ പാലിക്കണമെന്ന ആശയം തന്നെയാണ് ഉൾക്കൊള്ളുന്നത്.
ഹദീസിലെ لا നിഷേധത്തിനാണെന്ന് വെക്കുമ്പോഴാണിത്.

എന്നാൽ لا എന്നത് സൃഷ്ടികളോടുള്ള നിരോധനാ നിർദ്ദേശമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. അഥവാ രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകർത്തരുത്, പകരാൻ നിമിത്തമാകരുത് എന്നർത്ഥം. ആ അർത്ഥത്തിൽ മറ്റുള്ളവർക്ക് വൈറസ് ബാധിക്കാൻ നമ്മൾ കാരണക്കാരായിക്കൂടാ. അധികൃതർ നിർദ്ദേശിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നർത്ഥം.

മാരകമായ പകർച്ചവ്യാധികളിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here