കേരളം: ഇസ്‌ലാം ആഗമനം, സംവാദം

മുഹമ്മദ് ഫായിസ് സി.പി എടപ്പാള്‍

0
5156

അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന കേരളത്തിന്റെ ശരാശരി വര്‍ഷപാതം 96 ഇഞ്ചാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പദ്‌സമൃദിയും കണ്ട് അറബികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്ന അര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നു. കേരളീയരുടെ പൊതു വ്യവഹാര ഭാഷ ദ്രാവിഡ ഭാഷ ഗ്രോത്രത്തില്‍ പെട്ട മലയാളമാണ്. അറബിയും മലയാളവും ചേര്‍ന്ന സങ്കരഭാഷയാണ് അറബിമലയാളം
ഇസ്‌ലാമികമായി കേരളം എന്നും മുന്‍പന്തിയിലാണ്. കാരണം ഇവിടെ ഇസ്‌ലാമിന് അതിശക്തമായ അടിവേരുകളുണ്ട്. ഉത്തരേന്ത്യയിലെ ഇസ്‌ലാമികാഗമനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലേത്. ഉത്തരേന്ത്യന്‍ പ്രവിശ്യകളില്‍ ഇസ്‌ലാം പ്രവേശിച്ചത് നീണ്ടുവളഞ്ഞ വഴികളിലൂടെയാണ്. സൗദി അറേബ്യയില്‍ നിന്ന് പേര്‍ഷ്യയിലേക്കും അവിടെ നിന്ന് അഫ്ഗാനിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും ഇസ്‌ലാം എത്തി. ഇപ്രകാരമായത് കൊണ്ട് തന്നെ കേരളത്തിലെ ഇസ്‌ലാമില്‍ നിന് ഉപരിപ്ലവമായ മാറ്റം ഉത്തരേന്ത്യന്‍ ഇസ്‌ലാമിനുണ്ട്. നബി(സ)യില്‍ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിച്ച സഹാബത്തിലൂടെ കേരളത്തില്‍ ഇസ്‌ലാം വന്നെത്തി. ഇസ്‌ലാമിന്റെ ഹൃദയഹാരിയായ അമുല്യപാഠങ്ങള്‍ കേരളീയര്‍ക്ക് പുണ്യസ്വഹാബത്ത് നുകര്‍ന്ന് നല്‍കി
മതം, തത്വശാസ്ത്രം, ജീവിതക്രമം, പ്രത്യയശാസ്ത്രം, ആത്മിയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ ആദര്‍ശപരമായ ഉള്‍ക്കരുത്ത് അനേകരെ ഇസ്‌ലാമിലേക്ക് ആകര്‍ശിച്ചു.
* * * *
ഇസ്‌ലാം കേരളത്തില്‍
കേരളത്തിന് വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിദേശ ബണ്ഡത്തിന്റെ കഥ പറയാനുണ്ട്. സഹസികരായ റോമക്കാരും സോമാലികളും ക്രിസ്തുവിന് മുമ്പ്തന്നെ കേരളത്തിലെ കച്ചവടക്കാരായിരുന്നു, മൂസാ നബിയുടെ കാലത്ത് ലോകവ്യാപാരത്തില്‍ കേരളത്തിലെ വന്യമൃഗങ്ങളും വനോല്‍പ്പന്നങ്ങളും ഒന്നാം സ്ഥാനം നേടിയിരുന്നു. അക്കാലത്ത് കേരളത്തിലെ ഏലം, കുരുമുളക്, കറുവ പട്ട, ആനകൊമ്പ്, മയില്‍ പീലി, തുണിത്തരങ്ങള്‍ മുതലായവ ഇവിടെനിന്ന് മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് പ്രവഹിച്ചിരുന്നു. സുലൈമാന്‍ നബിയുടെ കാലത്ത് കൊല്ലംതോറും സ്വര്‍ണ്ണം, വെള്ളി, ആനകൊബ്, കുരങ്ങ്, തുടങ്ങിയവയുമായി കപ്പല്‍ സേന പോകുമായിരുന്നു. കുരുമുളകിന് വേണ്ടിയുള്ള അന്വേഷണങ്ങളിലൂടെയാണ് വൈദേശികര്‍ കേരളത്തെ കണ്ടെത്തിയത്. മലബാര്‍ തീരവുമായുള്ള വ്യപാരത്തെകുറിച്ച് പ്രാചീന ലിഖിതങ്ങളില്‍ സമൃദ്ധമായ രേഖകളുണ്ട്. കേരള വ്യാപാരത്തില്‍ കൂടുതല്‍ സ്വധീനം ചെലുത്തിയത് റോമക്കാരും അറബികളുമാണ്. ഏതാനും നൂറ്റാണ്ടുകളില്‍ അറബികള്‍ക്ക് മാത്രം അറിവുള്ളതായിരുന്നു കടലിലൂടെയും യാത്രാമാര്‍ഗം. ഈ കച്ചവടക്കാരിലൂടെയാണ് പ്രധാനമായും കേരളത്തിലേക്ക് ഇസ്‌ലാമെത്തിയത്
ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം കേരളക്കരയില്‍ സമാധാനത്തോടെ പ്രചരിച്ചു തുടങ്ങി. ഒരാള്‍ സമീചീനമായി പ്രാചീന രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം ആരംഭിച്ചുവെന്ന് മനസ്സിലാക്കാം. കേരളത്തിലെ ഇസ്‌ലാമിക ഗമനം ഒമ്പതാം നൂറ്റാണ്ടിലാണെന്നും, ഇബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തോടെയാണെന്നും പടച്ചുവിടുന്ന ചരിത്രകാരന്മാരുടെ ഉദ്ദേശ്യം അവ്യക്തമാണ്. ക്രിസ്തുവര്‍ഷം 851ല്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി സുലൈമാന്‍ താജിറിന്റെ ‘സില്‍സിലതുത്തവാരീഖ്’ എന്ന യാത്രാവിവരണത്തിലെ ‘അറബി സംസാരിക്കുന്നവരോ ഇസ്‌ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ ഇന്ത്യക്കാരെയോ താന്‍ കണ്ടില്ല എന്ന് ഉറപ്പിച്ച് ക്രിസ്തുവര്‍ഷം 851 ന് ശേഷമാണ് ഇസ്‌ലാം വന്നത് എന്ന് കരുതുന്ന ഇളംകുളം കുഞ്ഞന്‍പിള്ള മുതല്‍ എം.ജി.എസ് വരെയുള്ള പ്രശസ്ത ചരിത്രകാരന്മാര്‍ ഈ നിഗമനത്തിലാണ്.
ഈ വാദം ഉന്നയിക്കുന്നവരില്‍ ഒരാള്‍ക്ക് പോലും അറബി അറിയില്ല. ഇവര്‍ മൂലഗ്രന്ഥം പോലും കണ്ടിട്ടില്ല. ഈ വിവാദ പരാമാര്‍ശം ഫ്രഞ്ചിലേക്കും ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്കും തര്‍ജ്ജമയുടെ തര്‍ജ്ജമായി വന്നപ്പോള്‍ അറബി സംസാരിക്കുന്നവരോ മുസ്‌ലിംകളോ ആയ ആരെയും കണ്ടില്ല. സത്യത്തില്‍ ഈ പരാമര്‍ശം ഇപ്രകാരമാണ്. അവിടെയുള്ളവര്‍ക്ക് അറബികളുടെ ഭാഷ അറിയുകയില്ല കച്ചവടക്കാരായ ആരുടെയും ഭാഷ അറിയില്ല എന്നതാണ് യഥാര്‍ത്ഥ പരാമര്‍ശം. സരന്‍ ദ്വീപില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ ലഞ്ച്‌യാലൂസ് എന്ന സ്ഥലത്തെ കുറിച്ചാണ് സുലൈമാന്‍ പരാമര്‍ശിക്കുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ലഞ്ച്‌യാലുസ്‌നി കോബാര്‍ ദ്വീപ് സമൂഹത്തിന് അറബികള്‍ പറയുന്നതാണ്. അവിടെ മുസ്‌ലിംകളില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഇത്രയും വ്യക്തമായിട്ടും അക്കാദമി ലോകത്ത് മൗനം തുടരുകയാണ്. ചേര ചക്രവര്‍ത്തിയായിരുന്ന സ്ഥാണു രവി പെരുമാളിന്റെ സമാന്തനായ വേണാട് ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍, പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ മര്‍വ്വാന്‍സ്പീര്‍ ഈശ്വയുടെ പേരില്‍ തരിസാപള്ളിക്ക് അനുവദിച്ചുകൊണ്ടുള്ള തരിസാപ്പള്ളി ശാസനത്തില്‍ പതിനൊന്ന് മുസ്‌ലിം പ്രമുഖര്‍ സാക്ഷിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
1 മയ്മൂന്‍ ബ്‌നു ഇബ്രാഹീം
2 മുഹമ്മദ് ബ്‌നു മാഹി
3 സ്വാലിഹ് ബ്‌നു അലി
4 ഉസ്മാന്‍ ബ്‌നു അല്‍ മര്‍സിബാന്‍
5 മുഹമ്മദ് ബ്‌നു യഹ്‌യ
6 അംറ്ബ്‌നു ഇബ്രഹീം
7 ഇബ്രാഹീം ബ്‌നു അല്‍ത്തായി
8 ബക്കര്‍ ബ്‌നു മന്‍സൂര്‍
9 അല്‍ഖാസിം ബ്‌നു ഹമീദ്
10 മന്‍സൂര്‍ ബ്‌നു ഈസാ
11 ഇസ്മായീല്‍ ബ്‌നു യഅ്ഖൂബ്
ക്രിസ്തുവര്‍ഷം 851 ന് ശേഷമാണ് ഇസ്‌ലാമികാഗമനമെന്ന് വാദിക്കുന്ന എല്ലാവരും ക്രിസ്തുവര്‍ഷം 848 ലെ തരിസാപള്ളി ശാസനത്തെ സ്വീകരിക്കുന്നവരാണ്. പക്ഷേ, ഇതില്‍ ഒപ്പുവെച്ച പതിനൊന്ന് മുസ്‌ലിം പ്രമുഖരെ കുറിച്ച് അവര്‍ നിശബ്ദരാകുന്നു. നാമമാത്ര മുസ്‌ലിങ്ങളാണെങ്കില്‍ ഇത്രയും പ്രാധാന്യമുള്ള രാജന്മാര്‍ക്കിടയിലെ ഉടമ്പടികള്‍ക്ക് സാക്ഷി നല്‍ക്കാന്‍ എങ്ങനെ സാധിക്കാം? ഈ ശാസനങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നത് എ.ഡി 840കള്‍ ആകുമ്പോഴേക്കും രാജകീയ ശാസനകളില്‍ സാക്ഷിനിര്‍ത്തുവാന്‍ വേണ്ടുവണ്ണം പ്രബലമായ ഒരു മുസ്‌ലിം സമൂഹം വളര്‍ന്നിരുന്നുവെന്നാണ്. ചെറെതി എന്ന ചരിത്രകാരന്‍ എഴുതുന്നു: ഇതെല്ലം മുസ്‌ലിംകളുടെ പേരാണ് എന്നു പറയാന്‍ കഴിയില്ല. മന്‍സൂറുബ്‌നു ഈസാ എന്നുള്ളത് ക്രിസ്ത്യാനികളുടെ പേരാണ്. എന്നാല്‍ ഈ അഭിപ്രായത്തിന്റെ ഉത്ഭവം ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ പേര് മക്കള്‍ക്ക് ഇടാറില്ല എന്ന സാമാന്യബോധത്തെക്കുറിച്ചുള്ള അജ്ഞാതയാണ്. മാലിക്ബ്‌നു ദീനാറിന്റെ പിന്‍തലമുറയിലുള്ള മുഹമ്മദ്ബ്‌നു മാലിക് എന്നവര്‍ തന്റെ കുടുംബ രേഖകള്‍ ശേഖരിച്ച് ഒരു കൃതിയുണ്ടാക്കി. ഇതിന്റെ അറബി കയ്യെഴുത്ത്പ്രതി ആദ്യം മുതലേ ഇസ്‌ലാമികാവിര്‍ഭവത്തിനുള്ള പ്രധാന അവംലംബമാക്കി ഗണിച്ചുപോരുന്നു. മാടായി പള്ളിയില്‍ നിന്ന് ഇതിന്റെ പഴക്കം ചെന്ന ഒരു പ്രതി കണ്ടുക്കിട്ടുകയും അത് ആധുനിക ഗവേഷകര്‍ക്ക് ലഭിക്കുകയും ചെയ്തു.
അറബി ലിബിയിലെ കൂഫിക് ലിപി അബ്ദുല്‍ മാലികിന്റെ ഭരണകാലത്ത് ഹജ്ജാജ്ബ്‌നു യൂസഫിന്റെ നിര്‍ദേശാനുസരണം സൃഷ്ടിച്ചതാണ്. എ ഡി 8-ാം നൂറ്റാണ്ടിലുണ്ടായ കൂഫിക് പരിഷ്‌കാരം 9-ാം നൂറ്റാണ്ടാവുമ്പോഴേക്കും ലോകത്ത് വ്യാപിച്ചു. ഇതിന്റെ മുമ്പുള്ള പുരാതന ലിപികള്‍ കേരളത്തിന്റെ വടക്കന്‍ പ്രദേശത്തെ പള്ളികളോടനുബന്ധമായി നിര്‍മിച്ച ശ്മശാനത്തില്‍ കൊത്തിവെക്കപ്പെട്ടതായി കാണാം. ശ്രീകണ്ഠപുരത്തെ മഖാം മസ്ജിദില്‍ അലിബ്‌നു ഉസ്മാനുബ്‌നു അദിയ്യുബ്‌നു ഹാത്വം എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഹിജ്‌റ 74ല്‍ ഇരുന്നൂര്‍ അനുചരന്മാരോടൊപ്പം ഇവിടെ എത്തിയതാണെന്നും ഈ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു.
കണ്ണൂരിനടുത്ത് ഇരിക്കൂറിലെ നിലാമുറ്റം എന്നറിയപ്പെടുന്ന പുരാതന ശ്മശാനത്തില്‍ ഗവേഷണാര്‍ത്ഥം സന്ദര്‍ശിച്ച സി.എന്‍. അഹ്മദ് മൗലവിയും എ.കെ. അബ്ദുല്‍ കരീമും രേഖപ്പെടുത്തുന്നു. ‘ഇരിക്കൂറില്‍ ഹിജ്‌റ 8ലേ ഖബര്‍ ഉള്ളതായി കാണാം’.
ചുരുക്കത്തില്‍ കേരളത്തിലെ ഇസ്‌ലാമികാ വിര്‍ഭാവത്തിനെ നിര്‍ദ്ദാരണം ചെയ്യാന്‍ ധാരാളം മൗലിക തെളിവുകളുണ്ട്. സമീചീനമായി ഈ തെളിവുകള്‍ പരിശോധിക്കുബോള്‍ ഹിജ്‌റയുടെ ആദ്യകാലങ്ങളില്‍ തന്നെ പുണ്യ ഇസ്‌ലാം എത്തിയെന്നു വിലയിരുത്താന്‍ കഴിയും. എന്നാല്‍ പല അക്കാദമിക ചരിത്ര ഗവേഷഗര്‍ വര്‍ഗീയമായി ചരിത്രത്തെ വായിക്കുകയും ഇസ്‌ലാമിന്റെ പ്രബലമായ അടിവേരുകളെ അറുക്കുകയാണ്.
* * * *
പള്ളിബാണ പെരുമാള്‍
കേരള മുസ്‌ലിം വളര്‍ച്ചക്ക് വളരെ ഉത്തേജകമായ ഒരു സംഭവമാണ് പെരുമാക്കന്മാരുടെ ഇസ്‌ലാം സ്വീകരണവും മക്കാ യാത്രയും. കേരള മുസ്‌ലിം ചരിത്രത്തില്‍ വളരെ സങ്കീര്‍ണവും വിവാദവും നിറഞ്ഞ സംഭവമാണിത്. എ.ഡി. 216 മുതല്‍ 418 വരെയാണ് പെരുമാക്കന്മാരുടെ ഭരണകാലഘട്ടം. ഇവര്‍ 25 പേരാകുന്നു. ‘തളിയാതിരി രാജന്മാരുടെ ഭരണം ദുഷിച്ചതിനു ശേഷം ബ്രാഹ്മണര്‍ വിദേശത്ത് നിന്ന് കൊണ്ട് വന്ന് കേരള ചക്രവര്‍ത്തിപഥം നല്‍കിയവരാണ് പെരുമാക്കന്മാര്‍’. കേരളത്തിലെ ആദ്യത്തെ പെരുമാള്‍ ബാണവര്‍മന്‍ ഉദയന്‍ എന്നവരാണെന്ന് ചെന്തമിഴ് ഗ്രന്ഥത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രാഹ്മണര്‍ ക്ഷേത്രപരിപാലന സ്വത്തുക്കളും രാഷ്ര്ട്രീയാധികാരവും അവര്‍ക്ക് ഏല്‍പ്പിച്ചു. ബ്രാഹ്മണര്‍ക്ക് ഹിതകരമായ ഭരണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കരാര്‍ ചെയ്തു.
പെരുമാക്കന്മാരില്‍ പ്രധാനിയാണ് ബാണ പെരുമാള്‍ എന്ന തുളുഭ ചക്രവര്‍ത്തി. ഈ ചക്രവര്‍ത്തിയുടെ കാലത്താണ് ജൈന-ബുദ്ധ മതങ്ങള്‍ കേരളത്തില്‍ പ്രചാരം ലഭിച്ചത്. ബുദ്ധ മിഷണറിമാര്‍ സ്ഥൈര്യത്തോടും സമാധാനത്തോടും കൂടി ബുദ്ധമതം പ്രചരിപ്പിച്ചു. ബാണ പെരുമാള്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായി. അവസാനം ബാണ പെരുമാള്‍ പരസ്യമയി ബുദ്ധമതം സ്വീകരിച്ചു. ഈ സംഭവവികാസങ്ങള്‍ ബ്രഹ്മണര്‍ക്ക് അസഹ്യമായി. ഇനിയൊരിക്കലും മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്ന ഘട്ടം വരെ എത്തി അവസാനം. ‘ജംഗമന്‍’ എന്ന മഹര്‍ഷിയുടെ ഉപദേശപ്രകാരം ആറു ഹിന്ദു പണ്ഡിതന്മാര്‍ പെരുമാളിന്റെ കോവിലകത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ പെരുമാള്‍ നേരായ മതം ബുദ്ധമതമാണെന്ന് പറഞ്ഞുകൊടുത്തു. ഇതുകേട്ട ധിഷണാപടുക്കളായ പണ്ഡിതര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ഞങ്ങള്‍ ബുദ്ധ മിഷനറിമാരുമായി സംവാദം നടത്താം. ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഞങ്ങളെ നാവു മുറിച്ച് നാടു കടത്തണം, ബുദ്ധര്‍ പരാജയപ്പെട്ടാല്‍ അവരെ നാവു മുറിച്ച് നാടുകടത്തണമെന്ന നിര്‍ദേശത്തെ രാജാവ് അംഗീകരിച്ചു.
രാജ ദര്‍ബാറില്‍ ബുദ്ധ മിഷനറിമാരും ഹിന്ദു പണ്ഡിതരും തമ്മില്‍ ഉഗ്രമായ ചര്‍ച്ചയും സംവാദവും നടന്നു. അവസാനം ബുദ്ധര്‍ പാടെ പരാജയപ്പെട്ടു. മുന്‍ വാഗ്ദാനപ്രകാരം ബുദ്ധ മിഷനറിമാരെ നാവു മുറിച്ച് നാടുകടത്തി. ഇതെല്ലം നടന്നത് കൊടുങ്ങല്ലുരില്‍ വെച്ചായിരുന്നു. ഹിന്ദു ശാസ്ത്രിമാരും നയന്മാരും കുടി എല്ലാ ബുദ്ധമതക്കാരെയും കൊടും കൊലക്കിരയാക്കി. ഇത് കാരണമാണ് ഇത് നടന്ന സ്ഥലം കൊടുംകൊലയൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ഇത് ലോപിച്ച് കൊടുങ്ങല്ലൂരായി. ഇതെല്ലാം തകര്‍ന്ന ഹൃദയത്തോടു കൂടി നില്‍ക്കാനെ ബാണ പെരുമാളിന് സാധിച്ചുള്ളു.
ബുദ്ധന്മാരുടെ നാവറത്തുള്ള നാടുകടത്തലിന് ശേഷം മനംനൊന്ത് കഴിയുന്ന ബാണ പെരുമാള്‍ കോവിലകത്ത് നിന്ന് ഒരു ആശ്ചര്യം കണ്ടു. ചന്ദ്രന്‍ പിളരുകയും പിന്നിട് അത് ഒന്നായി ചേരുകയും ചെയ്തു. ഇത് കണ്ട് അത്ഭുതപ്പെട്ട രാജാവ് ജ്യോതിഷികളെ വിളിച്ച് കാര്യം അന്വേഷിച്ചു. അറബ് നാട്ടിലുണ്ടായതാണെന്നും ഒരു പ്രവാചകന്റെ പ്രവര്‍ത്തന ഫലമാണെന്നും ജ്യോതിഷികള്‍ മറുപടി പറഞ്ഞു. ഇതറിഞ്ഞ രാജാവിന് ആ മഹാപുരുഷനെ കണ്ട് യഥാര്‍ത്ഥ വിശ്വാസത്തില്‍ പ്രവേശിക്കാനും അനുഗ്രഹം വാങ്ങാനുമുള്ള അഭിവാജ്ഞ മനോമുകുരത്തില്‍ അംഗുരിച്ചു. രഹസ്യമായ യാത്രക്കുള്ള സൗകര്യങ്ങള്‍ തയ്യാറാക്കി മക്കത്തേക്ക് യാത്ര പോയി. നബിയുടെ സന്നിധിയില്‍ ചെന്ന് അനുഗ്രഹം വാങ്ങി. മടക്കയാത്രയില്‍ ശഖര്‍മുഖല്ലയില്‍ വെച്ച് വഫാത്തായി.
ബ്രിട്ടീഷ് ഭരണകാലത്തെ മലബാര്‍ ഡെപ്യൂട്ടി കലക്ടര്‍ സിഗോപാലനായരുടെ അന്വേഷണത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് ഹുസൈനുബ്ന്‍ മുഹമ്മദ് ബ്‌നു അലി എന്നവര്‍ തന്റെ പക്കലുള്ള ഒരു പുരാതന ഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജുമ ചെയ്തുകൊടുത്തു. അതില്‍ ഇപ്രകാരം ഒരു പരാമര്‍ശമുണ്ട്. ശവ്വാല്‍ മാസം 27ന് വ്യാഴാഴ്ച നബിയും പെരുമാളു അത്യധികം സന്തോഷത്തോടെ കണ്ടുമുട്ടി. നബി(സ) അവര്‍ക്ക് ശഹാദത്ത് കലിമ ഉച്ചരിച്ചുകൊടുത്തു. അത് പെരുമാള്‍ വ്യക്തമാക്കി പറഞ്ഞു. ഇത കണ്ട അബൂബക്കര്‍(റ) ചോദിച്ചു: ഇതാരാണ് ? നബി(സ) പറഞ്ഞു: ‘ഇവര്‍ ചുക്കും കുരുമുളകും വരുന്ന മലയാളത്തിലെ രാജാവാണ്.
അഖിലേന്ത്യ ഹിന്ദു മാഹാസഭയുടെ പ്രസിഡന്റ് ലാലാഹംസ് രാജ് ‘ജഗത്ഗുരു’ എന്ന കര്‍ണാടക പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു: 1921 സത്യാഗ്രഹ കാലത്ത് മാപ്പിള ലഹളയുടെ കാരണമറിയാന്‍ മലബാര്‍ സന്ദര്‍ശിച്ച സമയത്ത് ഒരു ക്ഷേത്രത്തില്‍ ഒരു ലിഖിതം കണ്ടു. അതിന്റെ സംഗ്രഹം. ‘ഞാന്‍ ഒരു ദിവസം ചന്ദ്രന്‍ പിളരുന്നത് കണ്ടു കാര്യം ജ്യോതിസ്സുകളോട് അന്വേഷിച്ചപ്പോള്‍ അറേബ്യയിലുള്ള ഒരു പുണ്യ മനുഷ്യന്റെ പ്രവര്‍ത്തനഫലമാണെന്ന് പറഞ്ഞു. ഇതിന്റെ സത്യാവസ്ഥയറിയാന്‍ ഒരു സംഘത്തെ ഞാനയച്ചു. അവര്‍ സത്യമാണെന്ന് പറഞ്ഞപ്പോള്‍ ഞാനദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളായി മാറി.
പ്രമുഖ ചരിത്രകാരനായ ചാണ്ടി ആന്‍ഡ്യൂസ് പൂമംഗലം എഴുതുന്നു: എന്റെ കൈവശമുള്ള താളിയോല ഗ്രന്ഥത്തില്‍ ബൗദ്ധനായ പെരുമാളുടെ കഥ ദീര്‍ഘമായി പ്രസ്താവിച്ചിരിക്കുന്നു. പ്രസിദ്ധ ഇമാം ഹാകിം എന്നവരുടെ ഹദീസ് ഗ്രന്ഥമായ മുസ്തദ്‌റകില്‍ (വാള്യം: 4 പേജ്: 35) അബൂസഈദില്‍ ഹുദ്‌രിയെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: ഇന്ത്യയില്‍ നിന്ന് ഒരു രാജാവ് ഒരു ഭരണി നിറയെ ഇഞ്ചിയുമായി വന്നു. അത് നബി(സ)ക്ക് സമ്മാനിച്ചു. നബി(സ) അവിടുത്തെ അനുചരര്‍ക്കിടയില്‍ വിതരണം ചെയ്തു. എനിക്കും ഒരു ചെറിയ കഷ്ണം ലഭിച്ചു. ഇതില്‍ പറഞ്ഞ രാജാവ് ബാണ പെരുമാളാകാനേ തരമുള്ളൂ. കാരണം അന്ന് ഇഞ്ചി കുടുതല്‍ വിളയുന്ന നാട് കേരളമാണ്. ചുരുക്കത്തില്‍ പെരുമാള്‍ മക്കത്ത് പോയി എന്നതിന് ധാരാളം പ്രബലമായ തെളിവുകള്‍ ഉണ്ടായിരിക്കെ ഇതെല്ലാം കെട്ടുകഥയാണെന്ന വാദത്തിന് ബലഹീനവും ശുഷ്‌കവുമായ തെളിവുകള്‍ മാത്രമേയുള്ളൂ
* * * *
ചേരമാന്‍ പെരുമാള്‍ എന്ന രാമവര്‍മ്മ കുലശേഖരന്‍
പള്ളി ബാണപ്പെരുമാളിന്റെ അഞ്ചാം പിന്‍തലമുറക്കാരനായ ചേരമാന്‍ പെരുമാള്‍ തികഞ്ഞ ഭരണതന്ത്രജ്ഞനും പ്രജാ പ്രേമിയുമായിരുന്നു. തന്റെ ശത്രുക്കളായ രാജാക്കന്മാരെയെല്ലാം പരാജയപ്പെടുത്തിയതിന് ശേഷം അവരുടെ ഭരണം സുശക്തമായി തീര്‍ന്നു.
പെരുമാളിന് സദാചാരനും സല്‍സ്വഭാവിയുമായ ഒരു മന്ത്രി ഉണ്ടായിരുന്നു. രാജാവില്ലാത്ത ദിവസം രാജ്ഞി മന്ത്രിയെ സമീപിച്ചു. ദൈവഭക്തനായ മന്ത്രി വശംവദനാകാതെ പിന്മാറി. ഇത് രാജ്ഞിയെ പ്രലോഭിപ്പിച്ചു. അവള്‍ മന്ത്രിയുടെ മേല്‍ പീഡന കുറ്റം ചുമത്തി. ഇതറിഞ്ഞ രാജാവ് കോപാകുലനായി. മന്ത്രിയെ വധിക്കാന്‍ കല്‍പ്പിച്ചു. ആരാച്ചാര്‍ മന്ത്രിയെ വധിക്കാന്‍ കഴുമരത്തില്‍ കയറ്റിനിര്‍ത്തിയപ്പോള്‍ നിര രാധിയായ തന്നെ രക്ഷപ്പെടുത്തണമെന്ന് ഇസ്‌ലാം മതം കൊണ്ടും അവസാനത്തെ പ്രവാചകനെ കൊണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പെണ്‍വാക്ക് കേട്ട പെരുമാളെ ഇനി രക്ഷ കിട്ടണമെങ്കില്‍ ഇസ്‌ലാം മതം വിശ്വസിച്ച് മക്കയിലേക്ക് പോകൂ എന്ന് പറഞ്ഞ് കൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതില്‍ പെരുമാള്‍ ഭയാശങ്കനായി.
ഈ പെരുമാളിന്റെ കാലത്താണ് ശൈഖ് സഹീറുദ്ദീനും കൂട്ടരും സിലോണിലെ ആദം മല കാണാന്‍ പുറപ്പെട്ടത്. ഇവര്‍ കാറ്റിലും കോളിലുംപെട്ട് കേരളതീരത്ത് വന്നണഞ്ഞു. ഒരു അറേബ്യന്‍ സംഘം കൊടുങ്ങല്ലൂരിലെത്തിയ വിവരം രാജാവ് അറിഞ്ഞു. അവരെ വിളിച്ചു അറേബ്യയിലെ കാര്യങ്ങള്‍ അന്വേഷിച്ചു. അവര്‍ നബി തിരുമേനിയുടെ സ്വഭാവമഹിമയും അത്ഭുത പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു കൊടുത്തു. ചന്ദ്രന്‍ പിളര്‍ന്ന സംഭവം കടന്ന് വന്നു. ഇത് കേട്ട രാജാവ് ആശ്ചര്യപ്പെട്ട് കൊണ്ട് പറഞ്ഞു: ”ഓ ഇതൊരു വലിയ കാര്യമാണല്ലേ. ലോകത്തില്‍ പ്രത്യേകമായി വല്ല സംഭവവും കഴിഞ്ഞാല്‍ സര്‍ക്കാര്‍ റിക്കാര്‍ഡില്‍ എഴുതി വെക്കല്‍ ഞങ്ങളുടെ രാജ്യത്തിന്റെ ചട്ടമാണ്. എല്ലാ പൂര്‍വികന്മാരുടെയും റിക്കാര്‍ഡുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞാനൊന്ന് പരിശോധിക്കട്ടെ. റിക്കാര്‍ഡുകള്‍ പരിശോധിച്ച പെരുമാള്‍ നബിയുടെ കാലത്ത് മലബാര്‍ ഭരിച്ചിരുന്ന രാജാവിന്റെ (ബാണ പെരുമാള്‍) കാലത്ത് ഒരു റിക്കാര്‍ഡില്‍ ഇന്ന തിയ്യതിക്ക് ചന്ദ്രന്‍ രണ്ടായി പിളര്‍ന്നെന്ന് പിന്നീട് കൂടിച്ചേരുകയും ചെയ്‌തെന്ന് രേഖപ്പെടുത്തിയതായി കണ്ടു. ഇത് രാജാവിന് ഇസ്‌ലാമിനോട് ആസക്തിയുണ്ടായി. തന്റെ മുന്‍ഗാമിയെ പോലെ മക്കയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. തിരിച്ചു വരവ് കേരളത്തിലൂടെയാകണമെന്ന് എന്റെ പരിവര്‍ത്തനം രഹസ്യമാക്കണമെന്നും സഹീറുദീനോട് അവശ്യപ്പെട്ടു
മടങ്ങി വന്ന സംഘത്തിനോട് കൂടെ യാത്ര തിരിക്കാന്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കി വച്ചു. പിന്നീട് എല്ലാ മൂപ്പന്മാരെയും കാര്യസ്ഥന്മാരെയും വിളിച്ചു അവരോട് ഇപ്രാകാരം പറഞ്ഞു. എനിക്ക് സ്വന്തം ദൈവത്തെ വണങ്ങാന്‍ ആഗ്രഹം ജനിച്ചിരിക്കുന്നു. അതിനാല്‍ ആരും എന്റെ റൂമില്‍ വരരുത്. രാജ്യഭരണത്തിലുള്ള നിശ്ചയപത്രം ഞാന്‍ എഴുതിതരുന്നു. പിന്നീട് ഹിജാസിലേക്ക് തിരിച്ചു. സ്വന്തം മകനോട് സഹയാത്രികനാകാന്‍ പറഞ്ഞപ്പോള്‍ രാജാവിനോട് പിണങ്ങിയിരുന്ന രാജ്ഞി സമ്മതിച്ചില്ല. കണ്ണൂരിലെ ബുദ്ധിമതിയായ സഹോദരിയുടെ മകന്‍ കോഹിനൂര്‍ രാജകുമാരനും ചാലിയത്തുകാരനായ മസ്താമദുകാദുനിലിനിശാദ്, നീലിനി ശാദു, ശാരിപാദു എന്ന മന്ത്രിമാരും രാജാവിനെ പിന്തുടര്‍ന്നു
യാത്രക്ക് മുമ്പ് തന്റെ സഹോദരിയുടെ അടുത്ത് ചെന്ന് രാജ്യഭരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ആഭരണങ്ങളും കൊടുത്ത് അറേബ്യയിലേക്ക് തന്റെ മുന്‍ഗാമിയെപോലെ രഹസ്യമായി യാത്രയായി. യാത്ര തിരിച്ച പെരുമാള്‍ പാരിതോഷികമായി ധാരാളം വസ്തുകള്‍ കരുതിയിരുന്നു. അമൂല്യ രത്‌നങ്ങള്‍ നിറച്ചൊരു പെട്ടി, ആമാട, പത്താക്ക് എന്നിവ നിറച്ച പത്ത് പെട്ടി, കട്ടിപൊന്ന് നിറച്ച പത്ത് പെട്ടി ഇങ്ങനെ 21 പെട്ടികളും മറ്റു പല സാധനങ്ങളും ഉണ്ടായിരുന്നു.
അറേബ്യയിലെത്തിയ ചേരമാന്‍ പെരുമാളിനെ മാലിക് ദീനാറും കുടുംബവും അത്യാധികം സന്തോഷത്തോടെ സ്വീകരിച്ചു. ജഅ്ഫറുബ്‌നു സുലൈമാനില്‍ നിന്ന് ശഹാദത്ത് കലിമ ചൊല്ലി സത്യമതത്തിന്റെ അംഗത്വം സ്വീകരിച്ചു. ഇസ്‌ലാമിന്റെ ഭരണഘടനയായ ഖുര്‍ആന്‍ പഠിച്ചു. മക്ക തുടങ്ങി മറ്റു തീര്‍ത്ഥാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന പ്രമുഖ സ്വാഹാബി അനസുബ്‌നു മാലികിനെ കണ്ട് ധാരാളം അറിവ് നുകര്‍ന്ന് അനുഗ്രഹം വാങ്ങി. മാലിക്ബ്‌നു ദീനാറിന്റെ വംശത്തില്‍പ്പെട്ട റജിയ്യത്ത് എന്നവരെ വിവാഹം ചെയ്തു.
ഇന്ത്യയുടെ പശ്ചിമ തീരത്ത് ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിക്കണമെന്ന് ആഗ്രഹിച്ച് മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം തയ്യാറായി. ഇതിനെ വളരെയധികം സന്തോഷത്തോടെ മലബാറിലെ രാജാവ് അംഗീകരിച്ചു. ഇത് രാജാവിനെ കുളിരണിയിച്ചിരുന്നു. പ്രബോധനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തരാമെന്നും വാഗ്ദാനം ചെയ്തു. അധികം വൈകാതെതന്നെ അവര്‍ യാത്രതിരിച്ചു യാത്രക്കിടയില്‍ അവിചാരിതമായി രാജാവിന് രോഗം ബാധിച്ചു. ഇനി തനിക്കധികം ജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയ പെരുമാള്‍ യാത്രാ സംഘത്തിലെ പ്രധാനികളെ വിളിച്ചു പറഞ്ഞു. ഞാനില്ലെങ്കിലും നിങ്ങള്‍ മലബാര്‍ യാത്ര നടത്തണം. ഞങ്ങള്‍ക്ക് മലബാര്‍ എവിടെയാണെന്നറിയില്ലയെന്ന് അവര്‍ പറഞ്ഞു. പെരുമാള്‍ മറുപടി പറഞ്ഞു. എന്റെ രാജ്യംപേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഖല്‍സം കടലിനു മധ്യേയുള്ള തീരമാണ്. പിന്നിട് അദ്ദേഹം മലബാറിലെ നാടുവാഴികള്‍ക്ക് കത്തെഴുതി ശറഫുബ്‌നു മാലികിനെ ഏല്‍പ്പിച്ചു. അധികം വൈകാതെ ളുഫാറില്‍ വെച്ച് രാജാവ് അന്ത്യശ്വാസം വലിച്ചു
ഒമാനിലെ സലാലയിലാണ് ളുഫാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത് അബ്ദുറഹ്മാന്‍ സാമിരി എന്നെഴുതിയ ഖബറിടത്തില്‍ ഹിജ്‌റ വര്‍ഷം 212 (എ.ഡി. 827) എത്തിയെന്നും ഹിജ്‌റ വര്‍ഷം 216 (എ.ഡി. 832) മരണപ്പെട്ടുവെന്നും ഉല്ലേഖനം ചെയ്തിരിക്കുന്നു. ഈ പെരുമാളല്ല ചന്ദ്ര പിളര്‍പ്പിന് സാക്ഷിയായത്. മറിച്ച് നബി(സ)യുടെ കാലത്ത് ജീവിച്ച് ശഖര്‍മുഖല്ലയില്‍ അന്തരിച്ച ബാണപ്പെരുമാളാണ്
പെരുമാള്‍ ചരിത്രത്തില്‍ വിവാദങ്ങളുണ്ടാകാനുള്ള പ്രധാന കാരണം രണ്ട് പെരുമാളെയും വേര്‍ത്തിരിച്ച് പഠിക്കാത്തതാണ്. സൈനുദ്ദീന്‍ മഖ്ദൂം ഈ വിഷയകമായി ഉന്നയിച്ച ചില സംശയങ്ങള്‍ക്ക് കാരണം പ്രശസ്ത ചരിത്രകാരനായ എ.പി. മുഹമ്മദലി മുസ്‌ലിയാര്‍ തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്റെ വിവര്‍ത്തനത്തില്‍ അടിക്കുറിപ്പായി ചേര്‍ത്തിയിരിക്കുന്നു. 19- ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന് ശേഷം പോയത് ചേരമാന്‍ പെരുമാളാണ്, ചേരമാന്‍ പെരുമാളിനെയും ബാണപ്പള്ളി പെരുമാളിനെയും മാറിപോകുന്നത് കൊണ്ടാണ് സംശയവും അഭിപ്രായ വ്യത്യാസവുമുണ്ടാകുന്നത്.
20- രണ്ടാമത് പോയ ചേരമാന്‍ പെരുമാളാണ് നബിയെ കാണാതെ മരണപ്പെട്ടത്. 21- ആദ്യം പോയ ബാണപ്പള്ളി പെരുമാളുടെ ഖബര്‍ (അബ്ദു റഹ്മാന്‍ സാമിരി) ളുഫാറിനടുത്ത് സലാലയിലാണ് ഹിജ്‌റ 200 ന് വഫാത്തായി എന്ന് മീസാന്‍ കല്ലില്‍ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്.
ഇത് ചരിത്രക്കാരന്മാരക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണെന്നതിന് സംശയമില്ല. ചുരുക്കത്തില്‍ ശഖര്‍മുഖല്ലയില്‍ കാണുന്ന ഖബര്‍ മതപരിവര്‍ത്തനം ചെയ്ത ബാണപ്പെരുമാളിന്റെയും ഒമാനിലെ ളുഫാറിലുള്ള പള്ളിയും ഖബറിടവും അവസാനത്തെ പെരുമാളിന്റേതുമാണെന്ന വ്യത്യാസം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാതിരുന്നത് കൊണ്ടാണ് മുസ്ലിം ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ അബദ്ധം പിണഞ്ഞത്.(ജ. 107 സലൃമഹമ ാൗഹെശാ െവശേെീൃ്യ േെമശേേെശര െമിറ റശൃലരീേൃ്യ).
കേരളത്തിലെ വ്യത്യസ്ഥ ഭാഗത്തുള്ള കൊത്തുലിഖിതങ്ങളെയും പുരാതന സാഹിത്യങ്ങളെയും കുറിച്ച് വൈദ്യ ഗദ്യമുള്ള ചരിത്രകാരനാണെങ്കില്‍ ഒരിക്കലും അദ്ദേഹം ചേരമാന്‍ പെരുമാള്‍ സംഭവത്തെ കെട്ടുകഥയാക്കി തള്ളുകയില്ല. ഇതില്‍ എടുത്തുകാണിക്കാന്‍ സാധിക്കുന്നതാണ് കേസരിയുടെ ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍. ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന പെരുമാള്‍ പാല്‍യാനൈച്ചന്‍ കെഴുക്കുട്ടവന്‍ അറേബ്യയില്‍ പോയി ഇസ്‌ലാം സ്വീകരിച്ച പെരുമാളാണെന്ന് കേസരി സ്പഷ്ടമാക്കുന്നുണ്ട്. തന്റെ രാജ്യം വീതിച്ച് കൊടുത്തു ഇദ്ദേഹത്തിന്റെ കാലത്ത് കൊടുങ്ങല്ലൂരില്‍ വന്ന മുസ്‌ലിംകളെ ഹൃദ്യമായി സ്വീകരിച്ച് അറേബ്യയില്‍ പോയി സ്വര്‍ഗം പ്രാപിച്ചുവെന്നും ചിലപ്പതികാരത്തില്‍ പറയുന്നു.
* * * *
മാലിക്ബ്‌നു ദീനാര്‍
രാമവര്‍മ്മ കുലശേഖരന്‍ എന്ന അബ്ദുറഹ്മാന്‍ സാമിരിയുടെ അവിചാരിത മരണം യാത്രാ സംഘത്തെ തളര്‍ത്തി. സ്‌നേഹസമ്പന്നരും ഗുണകാംക്ഷിയുമായ പെരുമാളിന്റെ വേര്‍പാട് നൊമ്പരപ്പെട്ട മാലിക്ബ്‌നു ദീനാറും കൂട്ടരും യാത്ര തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം രാജാവിന്റെ വസ്വിയ്യത്ത് നിറവേറ്റാന്നായി കേരളയാത്ര വീണ്ടും ആരംഭിച്ചു. ചരിത്രപ്രസിദ്ധമായ യാത്രയില്‍ അറേബ്യയിലെ പല അമൂല്യ വസ്തുക്കളും കാഴ്ച വസ്തുക്കളും കൊണ്ടുവന്നു. ഇതില്‍ പതിമൂന്ന് മാര്‍ബിള്‍ കല്ലുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ പള്ളികളുടെ ശിലാസ്ഥാപനത്തിന് ഇത് ഉപയോഗിച്ചു.
യാത്രസംഘത്തിലെ പ്രധാനികള്‍ മാലികുബ്‌നു ദീനാര്‍, ശറഫുബിനു മാലിക്, മാലിക്ബ്‌നു ഹബീബ് എന്നിവരായിരുന്നു. കൂടാതെ പത്ത് പുത്രന്മാരും അഞ്ച് പുത്രിമാരും മാലിക്ബ്‌നു ഹബീബിന്റെ പത്‌നി ഖമരിയ്യയും കുട്ടികളും എതാനും പേരും ഇരുപത്തിരണ്ട് മതപണ്ഡിതന്മാരുമുണ്ടായിരുന്നു
1. ഹബീബ്, 2. തഖ് യുദ്ദീന്‍, 3. മൂസ, 4. ഉമര്‍, 5. മുഹമ്മദ്, 6. അലി, 7. അബ്ദുറഹ്മാന്‍, 8.ഹുസൈ, 9. ഇബ്രാഹിം, 10. ഹസന്‍, 11. ഫാത്വിമ, 12. ആയിശ, 13. സൈനബ, 14. തനീറത്ത്, 15. ഹലീമ. എന്നിവരായിരുന്നു മാലിക്ബ്‌നു ദീനാറിന്റെ സന്താനങ്ങന്‍
ഹിജ്‌റ വര്‍ഷം 121 റജബ് 11-ാം തിയ്യതി തിങ്കളാഴ്ച്ച യാത്രാസംഘം കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. ഇസ്‌ലാമിന്റെ ഖലീഫ ഉമര്‍(റ) ലോകപ്രശസ്തിയാര്‍ജിച്ച് വാഴുന്ന കാലമാണിത്. (ക്രിസ്തുവര്‍ഷം 642-43). ചേരമാന്‍ പെരുമാള്‍ ഏല്‍പ്പിച്ച രാജലിഖിതം കൊടുങ്ങല്ലൂര്‍ രാജാവിനെ ഏല്‍പ്പിച്ചു. ദൗത്യസംഘത്തെ ബഹുമാനാദരവുകളോട് കൂടെ സ്വീകരിച്ചു അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പള്ളിയുടെ അടുത്ത് ഖാസിമാര്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തിയും അരുത് എന്ന് ആജ്ഞാപിക്കപ്പെട്ടു. കൊടുങ്ങലൂര്‍ പള്ളിയിലെ ആദ്യ ഖാസി മാലിക്ബ്‌നു ദീനാറാണ്.
മാലിക്ബ്‌നു ഹബീബിന്റെ നേതൃത്വത്തില്‍ കേരളം മുഴുവനും പ്രബോധനത്തിനുള്ള ആസൂത്രണം നടന്നു. പത്തോളം പള്ളികള്‍ നിര്‍മ്മിച്ചു. പള്ളികളോടൊപ്പം കോളനികളും നഗരങ്ങളു ഉയര്‍ന്നുവന്നു. പുതിയ പട്ടണങ്ങളുടെ ഉണ്‍മ വ്യാപാരഗതിയെ മാറ്റിമറിച്ചു. ഇതോടെ തിരൂരങ്ങാടി, പരപ്പനങ്ങാടി, തിക്കോടി തുടങ്ങി പല പട്ടണങ്ങളും ഉയര്‍ന്നുവന്നു. ഗൃഹനിര്‍മ്മാണത്തിലും ശുദ്ധീകരണത്തിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പള്ളി നിര്‍മാണത്തിന് ശേഷം എല്ലായിടത്തും പ്രമുഖരെ ഖാസിമാരായി നിശ്ചയിച്ച് ഇബ്‌നു ഹബീബ് കൊടുങ്ങല്ലൂരില്‍ പോയി മാലികുബ്‌നു ദീനാറുമായി എല്ലാ പള്ളികളിലും നിസ്‌കരിച്ചു. ശേഷം മാലികുബ്‌നു ദീനാര്‍ ഖുറാ സാനിലേക്ക് യാത്രയായി മാലികുബ്‌നു ഹബീബ് മരണം വരെ കൊടുങ്ങല്ലൂരില്‍ ചിലവഴിച്ചു.
* * * *
ഇസ്‌ലാമിന്റെ വളര്‍ച്ച
ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ട് മലബാര്‍ ജാതി തിരിവിന്റെയും അബദ്ധജഡിലമായ പ്രവര്‍ത്തനങ്ങളുടെയും കുത്തരങ്ങായിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്‌ലാം രംഗപ്രവേശനം നടത്തുന്നത്. മതം, തത്വശാസ്ത്രം, ജീവിതക്രമം, പ്രത്യയശാസ്ത്രം, ആത്മീയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ ആദര്‍ശപരമായ അന്തസത്ത അനേകരെ ആകര്‍ഷിച്ചു എന്ന് മുഖവരയായി പറയാം. എങ്കിലും ചില ഇതര കാരണങ്ങള്‍ കേരളത്തിലെ ഇസ്‌ലാമകാഗമനത്തിന് നിതാനമായിട്ടുണ്ട്
1. സമാധാനപരമായ സഹവര്‍തിത്വം
ആശയത്തിന്റെയും മനോഭാവത്തിന്റെയും വിതാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ പ്രയോഗിതയുടെയും തലത്തിലേക്ക് ഇറങ്ങി വന്ന് വ്യത്യസ്ഥ ജനതക്കിടയില്‍ അനുഭവിക്കുന്ന ഒരു തലമാണ് സഹവര്‍ത്തിത്വം. ആദ്യകാല മുസ്‌ലിംകളും ഹൈന്ദവരും തമ്മിലുള്ള ഈ സഹവര്‍ത്തിത്വത്തെ എം.ജി.എസ് പരിചയപ്പെടുത്തുന്നത് പരസ്പരാശ്രിത സാമൂഹികത എന്നാണ്. ഇത് തന്നെയാണ് ഇസ്‌ലാമിക വളര്‍ച്ചക്ക് നിദാനമായത്.
മുസ്‌ലിം പള്ളികളുടെയും, മുസ്‌ലിംകളുടെ കപ്പലുകളുടെയും നിര്‍മാണം ഹിന്ദുക്കളായ ആശാരിമാര്‍ക്കാണ്. മുസ്‌ലിം പള്ളികളുടെയും അമ്പലങ്ങളുടെയു നിര്‍മാണത്തിലെ സാമ്യതക്ക് കാരണം ഇതാണ്. മുസ്‌ലിം ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധവുമായിരുന്നു. ഈ സാമൂഹികാവസ്ഥ മറ്റു മതസ്ഥര്‍ക്ക് ഇസ്‌ലാമിനെ തൊട്ടറിയുവാനും കണ്ടറിയുവാനുമുള്ള സാഹചര്യം സൃഷിച്ചു. ക്രമേണ ഇസ്‌ലാം സാവധാനം വളര്‍ന്നുവന്നു. കാരണം ഇസ്‌ലാം ഒരു തുറന്ന പുസ്തകമായിരുന്നു.
2. ഹൈന്ദവ ഭരണാധികാരികളുടെ സഹിഷ്ണുത
കേരളത്തിലെ ഇസ്‌ലാമിക വ്യാപനത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടുത്തെ രാജാക്കന്മാര്‍. ചേരമാന്‍ പെരുമാളും സാമൂതിരി രാജാക്കന്മാരും ഇതിന് മകുടോദാഹരണമാണ്. മുസ്‌ലിംകളെ സാമൂതിരി രാജാവ് തന്റെ വിശ്വസ്ഥ പ്രജകളായി ഗണിച്ചിരുന്നു. കോഴിക്കോട് തുറമുഖ നഗരത്തിന്റെ ചുങ്കം പിരിക്കാനും അതിന്റെ സംരക്ഷണത്തിനും വേണ്ടി രാജാവ് നിയമിച്ചത് മുസ്‌ലിംകളെയായിരുന്നു. ഇവര്‍ കോഴിക്കോട്ടെ കോയമാര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.
ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കാന്‍ സാമൂതിരി തന്നെ മുന്നിട്ടിറങ്ങിയിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് പങ്കെടുക്കാത്തവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നു. കടലോരത്ത് ജീവിക്കുന്ന മുക്കുവന്മാരില്‍ ഒരംഗമെങ്കിലും മുസ്‌ലിം ആകാന്‍ ചട്ടംകെട്ടിയിരുന്നു. സാമൂതിരിയുടെ നാവികസേന മേധാവിയായിരുന്ന കുഞ്ഞാലി മരക്കാര്‍ പോര്‍ച്ചുഗീസുകാരോട് പോരാടി വീരമൃത്യു വരിച്ച യോദ്ധാവായിരുന്നു.
3. തദ്ദേശിയരെ ആകര്‍ഷിച്ച മുസ്‌ലിം ജീവിതരീതി
മാലികുബ്‌നു ദീനാര്‍ കേരളത്തില്‍ എത്തിയ സമയത്ത് ചന്തു എന്ന സഹോദരന്‍ ഇളനീര്‍ കൊടുത്തപ്പോള്‍ അതിന്റെ ഉറവിടം ഏതെന്ന് അന്വേഷിച്ച കഥ പാരമ്പര്യമായി പറഞ്ഞുകേള്‍പ്പുണ്ട്. എന്തായാലും ഈ കഥ സൂചിപ്പിക്കുന്ന ഒരു കാര്യം യാഥാര്‍ത്ഥ്യമാണ്. ഇവിടെ വന്ന ആ മഹാത്മാക്കളുടെ സ്വഭാവം ഉത്കൃഷ്ടമായതാണ്. കച്ചവടക്കാരായി കേരളത്തിലെത്തിയ അറബി മുസ്‌ലിംകളുടെ സ്വഭാവം തദ്ദേശീയരെ ഹഠദാകര്‍ഷിച്ചിരുന്നുവെന്ന് ഡോ. വി ജയലക്ഷ്മി എഴുതുന്നുണ്ട്.
ഒരുനാഗരിക സമൂഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും വസ്തുക്കളും അറബികളുടെ അടുത്തുണ്ടായിരുന്നു. കച്ചവടം മാത്രം അറിയുന്ന അറബികള്‍ക്ക് തദ്ദേശിയരുടെ സഹായം ആവശ്യമായി വന്നു. ഇതിവര്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തിന് കാരണമായി. ഇത് വളര്‍ന്ന് ക്രമേണ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഹേതുവായി .
4. അസമത്വവും സവര്‍ണഹൈന്ദവ പീഡനവും
ഇസ്‌ലാമികാഗമന കാലത്ത് കേരളം അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും ഇല്ലമായിരുന്നു. ഭക്ഷിക്കാനും, നടക്കാനും മറ്റു കാര്യങ്ങള്‍ക്കുമുള്ള പാശതന്ത്രം അനുഭവിക്കുന്ന കീഴാളര്‍ക്ക് ഇസ്‌ലാം ഒരു അഭയമായി. ബ്രാഹ്മണരില്‍ തന്നെ എന്തെങ്കിലും കര്‍മ്മത്തിലുണ്ടാകുന്ന വീഴ്ച മൂലമുണ്ടാകുന്ന ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മര്‍ഗമായി ഇസ്‌ലാം.
വര്‍ഗ വ്യത്യാസമില്ലായ്മ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശക്തി. ഇതുതന്നെയാണ് ഇസ്‌ലാമിന്ന് മറ്റു മതങ്ങളിള്‍നിന്ന് ധാരാളം പരിവര്‍ത്തകരെ നേടിക്കൊടുത്തതെന്ന് സര്‍ തോമസ് ആര്‍ണാഡ് പ്രസ്താവിക്കുന്നത് കാണാം. ഇത് ധാരാളം കുടിയാന്മാരുടെ കൂട്ടംകൂട്ടമായുള്ള പരിവര്‍ത്തനത്തിന് കാരണമായി.
5. ഭൂമിശാസ്ത്ര പ്രത്യേകതകള്‍
കേരളത്തിലെ തീരപ്രദേശങ്ങള്‍ ഇസ്‌ലാം വ്യാപനത്തെ കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്. കടലോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ആദ്യകാല പ്രബോധനങ്ങള്‍. പ്രകൃതിപരമായ സാഹചര്യങ്ങളും കൂടുതല്‍ സഹായിച്ചിട്ടുണ്ട്. അറബികടലിലെ മണ്‍സൂണ്‍ കാലം അറബികള്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനും അല്‍പകാലം കേരളക്കരയില്‍ ജീവിക്കാനുമുള്ള അവസരമൊരുക്കി.
വര്‍ഷത്തിന്റെ തുടക്ക മാസങ്ങളില്‍ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് വീശുന്ന കാറ്റില്‍ വലിയ അപകടമോ കടല്‍ക്ഷോഭമോ ഇല്ലാതെ കേരളത്തില്‍ എത്തിയിരുന്നു. ഇത്തരത്തിലുള്ള കാറ്റുകള്‍ രണ്ട് മാസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
* * * *
ഉപസംഹാരം
ഭൂതകാലത്തെ ഓര്‍മിക്കലാണ് ചരിത്രം. കേരള മുസ്‌ലിമിന്റെ ഭൂതകാലത്തില്‍ ചില തമസ്‌കരണവും നിഷേധങ്ങളും കടന്നുകൂടിയത് കാരണം നമുക്ക് ഓര്‍മിക്കല്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ചില വസ്തുതകള്‍ വച്ച് കേരള മുസ്‌ലിമിന്റെ ചരിത്ര താളുകള്‍ പൊടി തട്ടിയെടുക്കുകയാണ് ഈ പ്രബന്ധം. മുസ്‌ലിം ചരിത്രത്തിന്റെ കാല നിര്‍മാണത്തില്‍ ചില ദുര്‍ബലമായ തെളിവുകള്‍ കൊണ്ട് നടത്തുന്ന ശീര്‍വാണങ്ങളെയും വാചാടോപങ്ങളെയും വസ്തുത പരിശോധിക്കുന്നു. പെരുമാള്‍ ഇസ്‌ലാമികാഗമനത്തിന്റെ കൂട്ടികുഴച്ച കെട്ടുകഥയാണെന്ന് പറയുമ്പോള്‍ അതിന് വേര്‍തിരിച്ച് സത്യാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇസ്‌ലാമിന്റെ അത്യപൂര്‍വമായ വളര്‍ച്ചക്കുളള കാരണങ്ങളും വിശകലനവിധേയമാക്കുന്നു.

റഫറന്‍സ്
geography of kerala
2. മുസ്‌ലിംകളും കേരള സംസ്‌കാരവും – പി.കെ. മുഹമ്മദ് (1982)
3. കേരള മുസ്‌ലിം ചരിത്രം – പി.എ. സെയ്ത് മുഹമ്മദ്.
4. മാപ്പിള മുസ്‌ലീങ്ങള്‍ – മില്ലര്‍
5. the preaching of islam
6. കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് (പ്രബന്ധസമാഹാരം പേജ് -55)
7. ദക്ഷിണേന്ത്യയിലേക്കുള്ള ഇസ്‌ലാമികാഗമനം – സൈനുദ്ദീന്‍ മന്ദലാംകുന്ന്
8. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം.
9. ചേരമാന്‍ പെരുമാള്‍ – കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
10. ചേരമാന്‍ പെരുമാള്‍ – കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
11. ഭാഷ സാഹിത്യചരിത്രം – ഭാഗം 1
12. ചേരമാന്‍ പെരുമാള്‍ – കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
13. jagathguru 1921
14. ക്‌നാനായക്കാരുടെ പുരാതന ചരിത്രം
15. കേരള മുസ്‌ലിം ചരിത്രം – പി.എ. സെയ്ത് മുഹമ്മദ്
16. കശ്ഫുല്‍ അസ്താര്‍ അന്‍ അത്‌വാരില്‍ മലബാര്‍.
17. തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിവര്‍ത്തനം – എപി മുഹമ്മദലി മുസ്‌ലിയാര്‍ നെല്ലിക്കുത്ത്
18. കേരള മുസ്‌ലിം ചരിത്രം- പി.എ സൈയ്ത് മുഹമ്മദ്
19. malabar gazateer
20. കേരള മുസ്‌ലിം ചരിത്രം പി.എ. സെയ്തുമുഹമ്മദ്.
21. കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ – എം.ജി.എസ്
22. മലബാറിലെ ആദ്യകാല മുസ്‌ലിം സമൂഹം – വിജയലക്ഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here