കിതാബുൽ ഹികം

കോടമ്പുഴ ബാവ മുസ്ലിയാർ

1
1702

ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി (റ ) വിൻറെ വിശ്രുത ഗ്രന്ഥമാണ് അൽ ഹികം. ശൈഖുൽ മശാഇഖ് അഥവാ ആത്മീയ ഗുരുക്കന്മാരുടെ ഗുരുവായിട്ടാണ് സിക്കന്ദരി തങ്ങൾ അറിയപ്പെടുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അത്വാഇല്ലാഹി സിക്കന്ദരി എന്നാണ് പൂർണ്ണ നാമം. ശാഫി മദ്ഹബ് കാരനായ ശൈഖ് അബൂഹസൻ ശാദുലി (റ) വിൻ്റെ ശിഷ്യൻ കൂടിയാണ് . കൈേറോവിൽ ആത്മീയ ഗുരുവായി സേവനമനുഷ്ഠിച്ച മഹാൻ്റെ വഫാത്തും അവിടെ തന്നെയാണ്. ഹിജ്റ എഴുന്നൂറ്റി ഒമ്പത് ജുമാദുൽ ആഖിർ മാസത്തിലായിരുന്നു വഫാത്ത്. ലത്വാഇഫുൽ മിനൻ അടക്കം അനേകം ഗ്രന്ഥങ്ങളുടെ കർത്താവാണ് .പ്രസ്തുത ഗ്രന്ഥങ്ങളിൽ ഏറ്റവും വിഖ്യാതി നേടിയ ഗ്രന്ഥമാണ് അൽ-ഹികം. ഹികം എന്ന ഗ്രന്ഥം ദിവ്യജ്ഞാനികളുടെ പറുദീസയായും ആരിഫീങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്ന മലർവാടിയുമായാണ് കണക്കാക്കപ്പെടുന്നത്.ഒപ്പം തന്നെ ആരിഫീങ്ങളുടെ പാതയിൽ പ്രവേശിച്ചിട്ടുളള സാലികീങ്ങളുടെ ശിൽപശാലകൂടിയായിട്ടാണ് അറിയപ്പെടുന്നത്. മഅരിഫത്ത് ലക്ഷ്യം വെച്ച് ചലിച്ചു കൊണ്ടിരിക്കുന്ന സൂഫിസരണിയിലെ പ്രാഥമികരെയാണ് സാലികീങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. അകകണ്ണുകൊണ്ട് അള്ളാഹുവിനെ ദർശിച്ച ദിവ്യജ്ഞാനികൾക്കാണ് ആരിഫ് എന്നു പറയുന്നത്. അള്ളാഹുവിൻ്റെ മുശാഹദത്ത് അഥവാ ദർശനം ലഭിച്ചിട്ടുള്ളവരാണവർ. സർവ്വ അരാധനകളുടെയും പരമമായ ലക്ഷ്യം മഅരിഫത്താണ്.ഇതിലേക്കാണ് ശൈഖ് ശിഹാബുദ്ധീൻ സുഹ്റവർദി ഇമാമിൻ്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് .മഹാൻ പറയുന്നു: ”അള്ളാഹുവിൻ്റെ മാർഗത്തിൽ പ്രവേശിച്ച് ആരധനയിൽ നിരതനാകുന്ന ഒരാളുടെ പരമമായ ലക്ഷ്യം മുശാഹദയെന്ന ആത്മദർശനമാണ്. അള്ളാഹുവിൻ്റെ ടോർച്ചടി ലഭിച്ചവരാണ് ഇക്കൂട്ടരെന്ന് ചുരുക്കിപ്പറയാം.
നബിയും റസൂലും തമ്മിലുള്ള ഉള്ള വ്യത്യാസം പോലെയാണ് ആലിമും ആരിഫും തമ്മിലുള്ള അന്തരം. നുബുവ്വത് മാത്രം കിട്ടിയാൽ നബി ആകും അതിനുപുറമേ രിസാലത്ത് കൂടി കിട്ടിയാൽ റസൂലും. ഇതുപോലെ ഇൽമ് കിട്ടിയാൽ ആലിം ആകും എന്നാൽ മഅരിഫത്ത് കൂടി കരസ്ഥമാക്കുമ്പോഴാണ് ആരിഫായിത്തീരുന്നത് .ആരിഫിൻ്റെ ശേഷ്ഠത മഖ്ദൂം തൻ്റെ അദ്കിയായിൽ വിവരിക്കുന്നുണ്ട്. റബ്ബിൻ്റെ മഅരിഫത്ത് നേടിയ ദിവ്യ ജ്ഞാനികളാണ് ആരിഫീങ്ങൾ.ഉസൂലുദ്ദീൻ, ഉസൂലുൽ ഫിഖ്ഹ് അടക്കമുള്ളതിൻ്റെ പണ്ഡിതന്മാരെക്കാളും ശ്രേഷ്ഠരാണവർ. മാത്രമല്ല, ഒരു ആരിഫിൻ്റെ പക്കലിൽ നിന്നുള്ള ഒരു റകഅത്ത് ആലിമിൻ്റെ റകഅത്തിനെക്കാൾ ഉൽകൃഷ്ഠമാണ് . സൂഫിയാ കൾക്കിടയിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഗ്രന്ഥമാണ് അൽ ഹികം. ധാരാളം വ്യാഖ്യാനങ്ങൾ ഈ ഗ്രന്ഥത്തിനുണ്ട്. അഷെയ്ഖ് സറൂഹ് തങ്ങൾ ധാരാളം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ഇവയിൽ പ്രസിദ്ധമാണ് മുഹമ്മദ് ഇബ്നു ഇബ്രാഹിം എന്ന ഇബ്നു അബ്ബാദി തങ്ങളുടെ വ്യാഖ്യാനം. അബ്ദുല്ലാഹ് ഷർഖാവി തങ്ങളുടെ വ്യാഖ്യാനവും ഏറെ വിശ്രുതമാണ്. ഇത്തരത്തിൽ ധാരാളം വ്യാഖ്യാനങ്ങൾ വിരചിതമായി എന്നുള്ളത് തന്നെ ഗ്രന്ഥത്തിൻറെ മഹത്വവും സ്ഥാനവുമാണ് വിളിച്ചോതുന്നത്

ഹികമിന്റെ ആന്തരികമായ ആശയ തലങ്ങൾ സാധാരണക്കാർക്ക് എത്തിപ്പിടിക്കുക എന്നത് അസാധ്യമാണ്. ഹികം എന്ന മലർവാടിയിലേക്ക് നമ്മിൽ പലരും യോഗ്യരല്ല. ഹികമിന് രണ്ട് തരത്തിലുള്ള അർത്ഥങ്ങളാണുള്ളത്. ഒന്ന് ബാഹ്യമായ സ്പഷ്ടാശയവും മറ്റൊന്ന് ആന്തരികമായ വ്യംഗ്യശയവുമാണ്. ആന്തരി വ്യംഗ്യാശയം ആരിഫീങ്ങൾക്കും അവരുടെ ശിഷ്യത്വം സ്വീകരിച്ച് മുന്നേറുന്ന സാലികീങ്ങൾക്കുമാണ് സുഗ്രാഹ്യമെങ്കിലും ബാഹ്യമായ സ്പഷ്ടാശയം മറ്റുള്ളവർക്കുകൂടി മനസ്സിലാക്കാവുന്നതാണ്. അവർ തേങ്ങ ഉടച്ചു നമ്മൾ ചിരട്ട ഉടക്കുന്നു എന്ന് ചുരുക്കി പറയാം. മേൽപ്പറഞ്ഞ മഹാന്മാരുടെ പാത അനുധാവനം ചെയ്തുകൊണ്ട് അതിൻറെ പരിമളം ആസ്വദിക്കാനായി നാമൊരു ശ്രമം നടത്തുകയാണിവിടെ
മഹാനവർകളുടെ തത്വോപദേശങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം .ഹിക്മത്ത് എന്ന അറബി വാക്കിൻ്റെ ബഹുവചനമാണ് ഹികം എന്നുള്ളത്. പ്രഥമ ഉപദേശം തന്നെ ഈ വഴിയിൽ പ്രവേശിച്ചിട്ടുള്ള സാലിക്കിനെ കൈപിടിച്ചുയർത്തുകയാണ് ചെയ്യുന്നത്. അമലുകൾ കുറഞ്ഞത് കാരണത്താൽ തനിക്കൊരിക്കലും ആത്മീയോത്കർഷം നേടാൻ സാധിക്കുകയില്ല എന്ന അപകർഷതാ ബോധത്തെയാണ് ഈ ഹിക്മത്തിലൂടെ മഹാൻ തകർത്തെറിയുന്നത് .അപകർഷതയുടെ ആഴിയിൽ നിന്ന് ഇത്തരക്കാരെ പ്രതീക്ഷയുടെ പുത്തൻ തീരത്തേക്ക് കൊണ്ടുവരാനാണ് മഹാൻ ശ്രമിക്കുന്നത് .ഇതിലേക്കാണ് ആദ്യ ഹിക്മ വിരൽ ചൂണ്ടുന്നത്. *ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ ഉണ്ടാകുമ്പോൾ പ്രതീക്ഷ കുറഞ്ഞു പോകുന്നുവെന്നത് അമലിനെ അവർ അവലംബമാക്കുന്നു എന്നതിൻ്റെ അടയാളമാണ്*. മുഅമിൻ ഒരിക്കലും അവൻറെ അമലിനെ ആസ്പദമാക്കാൻ പാടില്ല. വാസ്തവത്തിൽ അടിമയുടെ കർത്തവ്യം അടിമത്തമാണ്. അഥവാ അല്ലാഹുവിൻറെ അടിമ എന്ന നിലക്ക് മനുഷ്യൻ സദാസമയവും ആരാധനയിൽ മുഴുകിയിരിക്കണം. പക്ഷേ അതിനെമാത്രം ആശ്രയിക്കാൻ പാടില്ല. അല്ലാഹുവിൻറെ വിശാലമായ അനുഗ്രഹം കൊണ്ട് മാത്രമാണ് ഏതൊരാൾക്കും ആത്മീയോത്കർഷം നേടാൻ സാധിക്കുക. ഗർഭസ്ഥ ശിശുവായിരിക്കെ വിലായത്ത് നേടിയ ആളുകളുണ്ട്. ശൈശവത്തിലും കൗമാരത്തിലും വിലായത്ത് നേടിയവരുണ്ട്. എന്നാൽ ഇവരൊക്കെ കർമ്മഫലങ്ങളുടെ ഫലമായിട്ടാണോ ആത്മീയോത്കർഷം നേടിയത്? അല്ല. മറിച്ച് അല്ലാഹുവിൻറെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും മാത്രമാണ് . ആയതിനാൽ അമലിനെ ആസ്പദിക്കാൻ പാടില്ല. മറിച്ച് ഉത്തരവാദിത്വം എന്ന നിലയ്ക്ക് മുറപോലെ അത് നിർവഹിച്ചു കൊണ്ടിരിക്കണം . ഇതിലേക്കാണ് നബി (സ) തങ്ങളുടെ ഹദീസ് വെളിച്ചംവീശുന്നത് .ജാബിർ (റ) ഉദ്ധരിക്കുന്നു : നിങ്ങളിൽനിന്ന് ഒരാളെയും അവൻറെ കർമ്മം സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, നരകത്തിൽ നിന്ന് രക്ഷിക്കുകയും ഇല്ല, അല്ലാഹുവിൻറെ കൃപാകടാക്ഷം കൊണ്ടല്ലാതെ എന്നെപ്പോലും നരകത്തിൽ നിന്നു രക്ഷിക്കാൻ എൻ്റ കർമ്മത്തിനാകില്ല ( മുസ്ലിം) അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ കാണാം: നിങ്ങളിൽ നിന്ന് ഒരാളെയും അവൻറെ കർമ്മം രക്ഷപ്പെടുത്തുകയില്ല. അപ്പോൾ ഒരു വക്താവ് ചോദിച്ചു: “അങ്ങയേയും തങ്ങളുടെ കർമ്മം രക്ഷപ്പെടുത്തുകയില്ലേ.. “നബി (സ്വ) പറഞ്ഞു :അള്ളാഹുവിൻ്റെ കൃപാകടാക്ഷം കൊണ്ട് എന്നെ ആവരണം ചെയ്താലല്ലാതെ എന്നെ പോലും രക്ഷിക്കാൻ എന്നെ കർമ്മത്തിന് സാധിക്കുകയില്ല. അമലിൻ്റെ ശോഷണം ഉണ്ടായാലും അപകർഷതയിലാണ്ട് വിശ്വാസി അവൻ്റെ പ്രതീക്ഷയെ കൈവെടിയരുത് .മറിച്ച് അല്ലാഹുവിൻറെ പ്രവിശാലമായ റഹ്മത്തിനെ അവലംബമാക്കി പ്രത്യാശയോടെ മുന്നേറണം. ഇത്തരത്തിൽ നിരാശയിലും അപകർഷതയിലും വീണുടയും മുമ്പ് പ്രതീക്ഷയുടെ തീരത്തേക്ക് കൈപിടിച്ചുയർത്തുകയാണ് സിക്കന്ദരി തങ്ങളുടെ ആദ്യ ഹിക്മ

കേട്ടെഴുത്ത്: അബ്ദുല്ല ചെമ്പ്ര

1 COMMENT

  1. ബാറകള്ളാഹ്. ഇതിനു വേണ്ടി പ്രയത്നിച്ച സർവ്വർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ…… ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here