കാളിമയിലെ കാറ്റും ഇളമിലെ ഇരുട്ടും

ഷനൂബ് ഹുസൈൻ

0
1366

കവി ഇമാം ബുസ്വൂരി ചോദ്യം ഉന്നയിക്കുന്നു.
٢- أم هبت الريح من تلقاء كاظمة      و اومض البرق في الظلماء من اضم
(കാളിമയുടെ ഭാഗത്ത് നിന്ന് കാറ്റ് അടിച്ചു വീശുന്നതിനാലാണോ, അതോ ഇളമിലെ ഇരുട്ടിൽ തിളങ്ങുന്ന ഇടിമിന്നൽ കാരണത്താലാണോ?)

നീ രക്തം കലർന്ന കണ്ണ് നീർ ഒഴുക്കുന്നതിനുള്ള കാരണമെന്താണ്? ദീ സെലമിന്റെ അയൽവാസിയെ ഓർത്തത് കൊണ്ടല്ലേ നയനങ്ങൾ സജലമായത്?
ചോദ്യമുന്നയിച്ചയാൾ തിരുത്തുന്നു. അതല്ല നയനങ്ങൾ ഈറനണിയാനുള്ള കാരണം. മറിച്ച് കാളിമയിൽ നിന്നും മന്ദമാരുതൻ തഴുകിയെത്തുന്നത് കൊണ്ടാണ്. ഇളമിൽ നിന്നും ഇരുളിൽ മിന്നൽ തെളിയുന്നത് കൊണ്ടാണ്.
ഇവിടെ ചോദ്യ കർത്താവ് അഭിസംബോധകൻ ഒരു അനുരാഗിയാണെന്ന് വാദിക്കുന്നു. അയാൾക്ക് ഉള്ളിലെ പ്രണയം ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. പക്ഷേ അനുരാഗി തന്റെ പ്രണയം മറച്ച് വെക്കുക തന്നെയാണ്. പക്ഷേ ചോദ്യ കർത്താവ് വാദത്തിലുടനീളം ഉറപ്പിച്ച് പറയുന്നു അയാളൊരു അനുരാഗിയാണെന്ന്. സ്നേഹത്തിന്റെ അടയാളങ്ങൾ ഓരോന്നായി തെളിവായി കാണിച്ച് കൊടുക്കുന്നു. കവി പറയുന്ന തെളിവുകളിതാണ്.രക്തം കലർന്ന കണ്ണ് നീർ പ്രവാഹം അനുരാഗത്തിന്റെ ലക്ഷണമാണ്. കാളിമതിന്റെ ഭാഗത്ത് നിന്നും വീശുന്ന കാറ്റ് നിന്നിൽ കരച്ചിലുണ്ടാക്കി. അതും സ്നേഹത്തിന്റെ അടയാളമാണ്. ഇരുൾ മുറ്റിയ രാവിൽ ഇളമിൽ നിന്നുമുണ്ടാവുന്ന മിന്നൽ പിണർ നിന്നിൽ മറഞ്ഞ് കിടക്കുന്ന പ്രേമഭാജനത്തോടുള്ള ഇഷ്ടം വെളിവാക്കി.ഇതും അനുരാഗത്തിന്റെ തെളിവ് തന്നെയല്ലേ? നീയൊരനുരാഗിയാണെന്ന കാര്യത്തിൽ സംശയമില്ല. നിനക്കത് നിഷേധിക്കാനൊരു മാർഗവുമില്ല. നിന്നിൽ നിന്ന് പ്രണയത്തിന്റെ ലക്ഷണങ്ങളെല്ലാം വെളിവായിക്കഴിഞ്ഞു.
വിലാപ ഹേതുകം ഈ രണ്ട് വരികളിലും പറഞ്ഞ കാര്യങ്ങളാവാം. അഥവാ, ദീ സലമിന്റെ അയൽവാസിയെ ഓർത്തതും കാളിമതിൽ നിന്നും വീശുന്ന മാരുതനും ഇളമിൽ നിന്നുള്ള ഇടിമിന്നലുമെല്ലാം നയനങ്ങളിൽ നിന്നും രക്തപങ്കിലമായ മിഴിനീർ പൊഴിയുന്നതിന് കാരണമായേക്കാം. പക്ഷേ, ഇവയിൽ ഒന്നുമല്ല കാരണമെന്ന് പറയാനാവില്ല.
അഹ്ലുസ്സുന്നത്തി വൽ ജമാഅതിന്റെ വീക്ഷണത്തിൽ മലക്ക് ചാട്ടവാർ വീശുന്നതാണ് ബർഖ്(മിന്നൽ).റഅദ് ഒരു മലകിന്റെ പേരാണ്. സുന്നത് ജമാഅത്തിന്റെ അധിക പണ്ഡിതരുടെയും അഭിപ്രായത്തിൽ ഹൃദയമാണ് ബുദ്ധിയുടെ സ്ഥാനം. മാറിമറിയുന്നത് എന്നർത്ഥമുള്ള തഖല്ലുബ് (تقلب ) എന്ന ധാതുവിൽ നിന്നെടുക്കപ്പെട്ടത് കൊണ്ടാണ് ഹൃദയത്തിന് ഖൽബ് എന്ന് പേര് ലഭിച്ചത്.ഹൃദയ വിചാരങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരിക്കലും സ്ഥിരതയുണ്ടാവില്ല. കവി അനുരാഗിയോട് പറയുന്നു. നിന്റെ മനക്ലേശവും ദു:ഖവും എന്നേക്കുമായി സ്ഥിരമായതാണ്. നിനക്കീ അവസ്ഥയിൽ നിന്നും ഒരിക്കലും ഒരു മാറ്റവുമുണ്ടാവില്ല.
കാളിമത് മദീനക്കടുത്തുള്ള സ്ഥലമാണെന്ന അഭിപ്രായമുണ്ട്. എന്നാൽ ഖർപൂതി പറയുന്നു: കാളിമത് മദീനയുടെ നാമങ്ങളിൽ പെട്ട ഒരു നാമമാണ്.കള്മ് (كظم) എന്ന ധാതുവിൽ നിന്നാണ് കാളിമത് എടുക്കപ്പെട്ടത്. കള്മ് എന്നാൽ കോപം ശമിപ്പിക്കുക എന്നാണർത്ഥം. ഖുർആനിൽ ഈ അർത്ഥം കാണാം وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
(سورة آل عمران 134 )
കോപമുള്ള സമയത്ത് ശരീരത്തിന് മേൽ ആധിപത്യമുണ്ടാവുകയും ദേഷ്യം അടക്കുകയും ചെയ്യുന്ന ഭക്തർക്ക് സ്വർഗമുണ്ടെന്ന് അല്ലാഹു പറയുന്നു.ഈ ആയതിന് ജലാലൈനി എഴുതിയ വ്യാഖ്യാനത്തിന് ഇമാം സ്വാവിയെഴുതിയ വിശദീകരണത്തിൽ ഉദ്ദരിച്ച ഒരു സംഭവം ഞാനോർക്കുന്നു. സയ്യിദ് സൈനുൽ ആബിദീന് തന്റെ അടിമ സ്ത്രീ വുളൂഅ ചെയ്ത് കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കയ്യിൽ നിന്നും പാത്രം വീണ് പൊട്ടുകയും അത് മഹാന്റെ മുഖത്ത് തട്ടി അദ്ദേഹത്തിന് മുറിവേൽക്കുകയും ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ദേഷ്യത്തോടെ അടിമ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ و الكاظمين الغيظ എന്ന ആയതോതി. والله يحب المحسنين എന്നെത്തിയപ്പോൾ മഹാനവളോട് പറഞ്ഞു. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി നിന്നെ ഞാൻ സ്വതന്ത്ര്യയാക്കിയിരിക്കുന്നു.മദീനയെ കാളിമ (കോപമടക്കുന്നത് ) എന്ന് വിളിക്കുന്നത് ആലങ്കാരികമായാണ്.കാരണം കോപമടക്കുന്നത് മദീന എന്ന ഭൂപ്രദേശമല്ല ,അവിടത്തെ താമസക്കാരാണ്. നദി ഒഴുകി എന്ന് പറയുന്നത് പോലെയാണിത്. യഥാർത്ഥത്തിൽ നദി ഒഴുകുന്നില്ലല്ലോ, നദിയിലൂടെ വെള്ളമാണ് ഒഴുകുന്നത്.
കാളിമത് കൊണ്ട് തിരുനബി (സ്വ) വിശ്രമിക്കുന്ന പവിത്രമായ ഖബർ ശരീഫിനെയും ഉദ്ദേശിക്കാം. അപ്പോഴത് ഒരു പൊതുനാമത്തെ പറഞ്ഞ് അതിന്റെ ഒരു ഭാഗം മാത്രം ഉദ്ദേശിക്കുക (Synecodoche) എന്ന സാഹിത്യ ശൈലിയിൽ പെടും.കാരണം മദീന എന്ന വിസ്തൃത ഭൂപ്രദേശത്തിനെ കുറിക്കുന്ന കാളി മത് എന്ന പദത്തിന് മദീനയുടെ ഒരു ഭാഗമായ ഖബർ ശരീഫ് എന്ന അർത്ഥമാണ് നൽകുന്നത്.
ഹുബൂബുരിയാഹി (കാറ്റ് വീശുക)നെയും യഥാർത്ഥ അർത്ഥത്തിലും ആലങ്കാരികാർത്ഥത്തിലും ഉപയോഗിക്കാം. കാറ്റ് വീശുന്നതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളെയാണ് കാറ്റ് വീശുക എന്നത് കൊണ്ടുദ്ദേശിക്കുന്നത്. കാറ്റ് അത് എത്തുന്ന പ്രദേശത്തേക്ക് ഉണങ്ങിയ ചെടികൾ പോലോത്തവയെ കൊണ്ട് ചെന്നിടും. ഇവിടെ പ്രണയഭാജനത്തിന്റെ നാട്ടിൽ നിന്നും കാറ്റ് വീശുന്നത് കൊണ്ട് അവിടത്തെ ഗുണഗണങ്ങളാണ് കാറ്റിനോടൊപ്പമെത്തുന്നത്. പ്രണയഭാജനത്തിന്റെ നാട് അനുരാഗിയെ കരയിക്കുന്നു. ഉള്ളിൽ മറഞ്ഞ് കിടക്കുന്ന സ്നേഹത്തെ ഇളക്കി വിടുന്നു. കാറ്റ് സുഗന്ധം എന്ന അർത്ഥത്തിൽ പ്രയോഗിച്ചതുമാവാം. അത് പ്രകാരം ഈ വരിയുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാം.” കാളി മതിൽ നിന്നും വീശുന്ന മാരുതന്റെ ഗുണഗണങ്ങൾ നിന്നിലേക്കെത്തുകയും നിന്റെ മൂക്ക് ആ സുഗന്ധം വാസനിക്കുകയും ചെയ്തത് കൊണ്ടാണോ നീ കരയുന്നത്?
ഇവിടെ പറയുന്ന കാറ്റ് പ്രഭാതത്തിൽ വീശുന്ന മന്ദമാരുതനാണെന്ന് പറയുന്നതും തെറ്റല്ല. ഇവിടെ ആലങ്കാരികതയുണ്ട്. നബി (സ്വ)യുടെ ജീവിത രീതിയും ശരീര ഭംഗിയും ഉത്തമമായ സ്വഭാവ വിശേഷണങ്ങളും പ്രഭാത മാരുതന് ഇഷ്ടമായിരുന്നുവെന്ന് കവി വാദിക്കുന്നു. പിന്നീടിവയെ പ്രഭാത മാരുതനോട് സാദൃശ്യപ്പെടുത്തി നബി(സ്വ)യുടെ ഈ വിശേഷണങ്ങളെ പറയുന്നതിനു പകരമായി  പ്രഭാതമാരുതനെ പറഞ്ഞു. നബി (സ്വ)യുടെ മഹത്തായ വിശേഷണങ്ങളെ സൂചിപ്പിക്കാനാണ് കവി പ്രഭാത മാരുതനെ കൊണ്ട് വന്നതെന്ന് സാരം.അപ്പോൾ വീശുക ( ഹുബൂബ്) എന്ന് പറഞ്ഞതും ആലങ്കാരികാർത്ഥത്തിലായിരിക്കും. ഇപ്പോൾ പറഞ്ഞ ആലങ്കാരികത (Metaphor ) പ്രകാരം ഈ വരിയെ ഇങ്ങനെ സംഗ്രഹിക്കാം. ചക്രവാളങ്ങളിലും സർവ ദേശങ്ങളിലുമെത്തുന്ന പ്രഭാത മാരുതന് സമമായ തിരുനബി (സ്വ)യുടെ ഉന്നതമായ സ്വഭാവ വിശേഷണങ്ങളെ നീ ഓർക്കുകയും അവിടത്തെ മഹത്തായ ചരിത്രവും ശരീര ഭംഗിയും നിന്നിലേക്കെത്തുകയും ചെയ്തത് കാരണമായാണോ നീ കരയുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here