കമ്പോളത്തില്‍ കാര്യങ്ങളുണ്ട്‌

0
2881

റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്)
ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട നിര്‍മ്മാണത്തില്‍ പങ്കു കൊണ്ട സുലൈമാന്‍ നബിയെയും ഖുര്‍ആന്‍ വാഴ്ത്തിയതായി കാണാം.
സ്വയം തൊഴിലെടുത്ത് ജീവിതം നയിച്ച ദാവൂദ് (അ) നബിയെ മാതൃകയാക്കാന്‍ തിരുനബി (സ) നമ്മോട് പറയുന്നു. ഒരിക്കല്‍ മണ്‍വെട്ടി കൊണ്ട് അധ്വാനിക്കുന്ന ഒരു തൊഴിലാളി തിരുനബിയുടെ ശ്രദ്ധയില്‍ പെട്ടു. തിരുനബി അദ്ദേഹത്തിന്റെ കൈകളില്‍ ചുംബനമര്‍പ്പിച്ചു. ഇങ്ങനെ പണിയെടുത്ത് ജീവിക്കുന്നതിനെ പ്രാധാന്യത്തോടെ കാണുന്ന നിരവധി ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം.
അബൂസഈദ് (റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ പ്രവാചകന്മാര്‍, വിശ്വസ്തര്‍, രക്തസാക്ഷികള്‍ എന്നിവര്‍ക്കൊപ്പമാണ്. (തുര്‍മുദി,ദാറഖുത്‌നി)
സത്യസന്ധവും സുതാര്യവുമായ കച്ചവടം ഇസ്‌ലാം അനുവദിക്കുക മാത്രമല്ല, പ്രോല്‍സാഹിപ്പിക്കുക കൂടി ചെയ്യുന്നു. ചൂഷണരഹിതമായ കച്ചവടം ഇസ്‌ലാമില്‍ മാന്യമായ ഒരു തൊഴിലാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്താതെ മിതമായ ലാഭമെടുത്ത് കച്ചവടം നടത്തുന്നത് ഒരു സല്‍ക്കര്‍മ്മമായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് (4/29). ഹജ്ജ് വേളയില്‍ പോലും കച്ചവടം നടത്താന്‍ അനുമതിയുണ്ട്(2/198). ആവശ്യവസ്തുക്കളുടെ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവരെ തിരുനബി (സ)ക്കു പ്രത്യേകം ഇഷ്ടമായിരുന്നു. ആഗോളവല്‍ക്കരണമെന്ന പേരില്‍ കൊള്ളയടിക്കുന്നതാണ് പുതിയ ലോക വ്യവസ്ഥിതി. സാമ്പത്തിക ചൂഷണങ്ങളില്ലാത്ത വ്യവസായമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സര്‍വ്വതല സ്പര്‍ശിയായ ഇസ്‌ലാം നല്‍കുന്ന ചൂഷണങ്ങളില്ലാത്ത കച്ചവട വ്യവസ്ഥിതിയാണ് പുതിയ ലോകത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.

LEAVE A REPLY

Please enter your comment!
Please enter your name here