കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും

0
3953

1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍?
ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക.
2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്?
ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5% ആണ് സകാത്തായി നല്‍കേണ്ടത്.

images
3. കച്ചവടം എന്നതില്‍ ഏതെല്ലാമാണ് ഉള്‍പ്പെടുന്നത്?
ഉ. സാധനങ്ങള്‍ വില കൊടുത്ത് വാങ്ങി വില്‍ക്കുന്നതും വിലകൊടുത്ത് വാങ്ങിയ വസ്തുക്കള്‍ അതേ രൂപത്തില്‍ വില്‍ക്കാതെ രൂപവും ഭാവവും മാറ്റി വില്‍പ്പന നടത്തുന്നതും സകാത്ത് നിര്‍ബന്ധമായ കച്ചവടമാണ്. അപ്പോള്‍ ഷര്‍ട്ട് പീസ് വാങ്ങി തയ്ച്ച് വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നവനും സകാത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ (വര്‍ഷാവസാനത്തില്‍ നിസ്വാബെത്തുക) സകാത്ത് നല്‍കണം.
4. കച്ചവടത്തിന്റെ സകാത്ത് എവിടെയാണ് നല്‍കേണ്ടത്?
ഉ. കച്ചവടവസ്തുക്കള്‍ എവിടെയാണോ ഉള്ളത് അവിടെ നല്‍കണം.
5. ഒരാള്‍ കച്ചവടം തുടങ്ങി ഇടക്ക് വെച്ച് ചില സാധനങ്ങള്‍ സ്വന്തം ആവശ്യത്തിനായി നീക്കി വെച്ചു. എന്നാല്‍ വര്‍ഷാവസാനം സ്റ്റോക്കെടുപ്പ് നടത്തുമ്പോള്‍ അവ ഉള്‍പെടുത്തേണ്ടതുണ്ടോ?
ഉ. വേണ്ട, സ്വന്തം ആവശ്യത്തിനായി നീക്കി വെക്കലോടെ അവ കച്ചവടച്ചരക്കല്ലാതായി മാറുന്നതാണ്.
6. ഒരാള്‍ ലോണെടുത്ത് കൊണ്ട് കച്ചവടം തുടങ്ങിയാല്‍ അവന്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ?
ഉ. സകാത്തിന്റെ നിബന്ധനകള്‍(വര്‍ഷം പുര്‍ത്തിയാവല്‍, വര്‍ഷാവസാനത്തില്‍ നിസാബ് ഉണ്ടാവുക)പൂര്‍ത്തിയായാല്‍ സകാത്ത് നിര്‍ബന്ധമാണ്. കച്ചവടക്കാരന്‍ കടം ഉള്ളത് കൊണ്ട് സകാത്തില്‍ നിന്ന് ഒഴിവാകുകയില്ല.
7. അനന്തരവകാശമായി കിട്ടിയ കച്ചവടത്തില്‍ സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. നല്‍കണം, അനന്തരാവകാശമായി കിട്ടിയ ചരക്കില്‍ അനന്തന്തന്തരാവകാശി കച്ചവടം ആരംഭിക്കുന്നതോടെയാണ് വര്‍ഷം തുടങ്ങുക.
8. ലാഭക്കുറ് കച്ചവടത്തില്‍ ആരാണ് സകാത്ത് നല്‍കേണ്ടത്?
ഉ. കച്ചവടച്ചരക്കിന്റെ ഉടമയാണ് നല്‍കേണ്ടത്, തൊഴിലാളിയല്ല.
9. ഭൂമിക്കച്ചവടത്തില്‍ സകാത്ത് നിര്‍ബന്ധമുണ്ടോ?
ഉ. കച്ചവടം ഉദ്ദശിച്ച് ഭൂമി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബ് ഉണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ്.
10. സിമന്റ് കമ്പനി, സ്പിന്നിംഗ് മില്‍ പോലുള്ള കമ്പനികള്‍ക്ക് സകാത്ത് ബാധകമാണോ?
ഉ. വസ്തു ഉത്പാദിപ്പിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയാണെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നതാണ്. അതിനാല്‍ സകാത്ത് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here