ഔറത് മറക്കല്‍

0
4245

മറക്കപ്പെടേണ്ട ശരീര ഭാഗങ്ങള്‍ക്കാണ് ഔറത്ത് എന്ന് പറയുന്നത്. പുരുഷന്മാര്‍ക്ക് പൊക്കിള്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് മുന്‍കൈയ്യും മുഖവുമല്ലാത്ത ശരീരത്തിലെ എല്ലാ ഭാഗങ്ങളുമാണ് നിസ്‌കാരത്തിലെ ഔറത്ത്.
എന്നാല്‍ അശ്രദ്ധ കാരണമായി ഇക്കാര്യത്തിലും വീഴ്ച സംഭവിക്കാറുണ്ട്. പാന്റ്‌സ് ധരിക്കുന്നവര്‍ റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ പാന്റ്‌സിന്റെ പിന്‍വശം താഴേക്ക് നീങ്ങി പൊക്കിളിന്റെ നേര്‍ഭാഗത്ത് നിന്ന് താഴെയാകും. ഇതുപോലെ ബെല്‍റ്റ് കെട്ടി തുണിയെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ തുണി പൊക്കിളിന്റെ താഴെയായിപ്പോകും. റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ ഷര്‍ട്ടിന്റെ മുകള്‍ ഭാഗം അകന്ന് നില്‍ക്കാത്ത രൂപത്തില്‍ കഴുത്തില്‍ ചേര്‍ന്ന് നിന്നിട്ടില്ലെങ്കില്‍ ഷര്‍ട്ട് ധരിക്കുന്നത് കൊണ്ട് ഇതിന് പരിഹാരമാകുകയില്ല.
ഇതുപോലെ സഹോദരിമാര്‍ മുഖമക്കന ധരിക്കുമ്പോള്‍ രണ്ട് ചെവിയുടെയും ഭാഗത്ത് നിന്ന് നൂല് കൊണ്ട് പിന്നിലേക്ക് പ്രത്യേക രൂപത്തില്‍ വലിച്ച് മുറുക്കിയെടുത്തിട്ടിെല്ലങ്കില്‍ നെറ്റിയുടെ മുകള്‍ ഭാഗത്ത് മക്കന ഉയര്‍ന്ന് നില്‍ക്കുകയും മുടി കാണുകയും ചെയ്യും. നിസ്‌കാരക്കുപ്പായത്തിന്റെ കൈ സ്വാഭാവികമായി വീതി കൂടിയതാകയാല്‍ നിസ്‌കാരത്തില്‍ കൈ കള്‍ ഉയര്‍ത്തേണ്ട ഇടങ്ങളില്‍ അങ്ങനെ ചെയ്യുമ്പോള്‍ മേല്‍ ഭാഗം വെളിവാകും. അത് നിസ്‌കാരത്തെ ബാത്വിലാക്കും. അതിനാല്‍ കുപ്പായക്കൈ നീങ്ങാത്ത രൂപത്തില്‍ കുടുക്കി വെക്കേണ്ടതാണ്.
പുരുഷന്മാരുടെ വസ്ത്രം ഞെരിയാണിക്ക് താഴെയാകുത് വന്‍കുറ്റമാണ്. ഗര്‍വ്വോടു കൂടി വസ്ത്രം വലിച്ചിഴക്കുന്നവര്‍ നരകത്തിലാണെന്നും നിസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഹദീസുകള്‍ പഠിപ്പിക്കുന്നു. ഈ കാര്യം വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ചുരുക്കം.
പുരുഷന്മാര്‍ നിസ്‌കാരത്തില്‍ ചുമലും തലയും മറക്കല്‍ വേറെ വേറെ സുന്നത്താണ്. ഉടുക്കുന്ന തുണി കൂടാതെ ഒരു മുണ്ട് മാത്രമെയൊള്ളു എങ്കില്‍ അത് ചുമലും കൂടി മറയുന്ന രൂപത്തില്‍ തലയില്‍ ഇടണം. ഷര്‍ട്ട് ധരിച്ചവര്‍ മുണ്ട് തലയില്‍ കൂടി നിവര്‍ത്തി ഇട്ടാല്‍ തല മറക്കുന്ന സുന്നത്ത് കിട്ടുമെങ്കിലും തലപ്പാവിന്റെ സുന്നത്ത് കിട്ടുകയില്ല. മാത്രമല്ല ‘സദ്‌ല്’ കറാഹത്താണെന്ന് കിതാബുകളില്‍ കാണാം. സദ്‌ലിന്റെ പല അര്‍ത്ഥങ്ങളില്‍ ഒന്ന് തലയിലിട്ട മുണ്ടിന്റെ രണ്ട് അറ്റം രണ്ട് ഭാഗത്തേക്ക് തൂക്കിയിടുക എന്നാണ്.

മിഖ്ദാദ് ബാഖവി

LEAVE A REPLY

Please enter your comment!
Please enter your name here