ഓഹരി വിപണിയും ഇസ്ലാമും

0
1455

ആഗോള സാമ്പത്തിക മേഖലയുടെ കണ്ണും കാതും ഉടക്കി നിൽക്കുന്നത് ഓഹരി വിപണിയിലാണ്. ഇന്ന് സാമ്പത്തിക വികാസത്തിന് ഏറ്റവും സുതാര്യവും കൃത്യവുമായ മാർഗ്ഗമായിട്ടാണതിനെ പരിചയപ്പെടുത്തുന്നത്. ഓരോരുത്തരുടെയും സമ്പത്തിനെ സ്വകാര്യ തടവറകളിൽ സൂക്ഷിച്ചു വെക്കുന്നതിനു പകരം സാമ്പത്തിക ക്രയവിക്രയ കേന്ദ്രങ്ങളിൽ ഏൽപ്പിച്ച് അധ്വാനമില്ലാതെ ലാഭം കൊയ്യുന്നു.

നിലവിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പൂർണ്ണമായും ചൂഷണാത്മകമായതിനാൽ ഇസ്ലാമിന് ഈ രീതിയോട് വിയോജിപ്പുണ്ട്.ഒരു തരത്തിലുള്ള ഊഹക്കച്ചവടത്തെയും അംഗീകരിക്കുന്നില്ല ഇസ്‌ലാം. കച്ചവടത്തിലെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ചരക്കിൽ ഉടമാവകാശം ഉണ്ടായിരിക്കണമെന്നത്. നിൻറെ കൈവശമില്ലാത്ത ചരക്ക് വിൽക്കരുതെന്ന തിരുശാസന അബൂഹുറൈറ(റ) വിൽ നിന്ന് അബൂ ദാവൂദ്, നസാഈ, തിർമിദി അഹ്മദ് എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്. സ്വന്തം ഉടമസ്ഥതയിലില്ലാത്തതും ഭാവിയിൽ പോലും ഉടമ പ്പെടുത്താൻ ഉദ്ദേശിക്കാത്തതുമായ ഓഹരികളെയാണ് Futures (മുൻകൂർ ഇടപാട്) കളിൽ കാളയും കരടിയും ക്രയവിക്രയം ചെയ്യുന്നത്. ഇടപാടുകളുടെ അടിസ്ഥാനത്തെ തന്നെ ഇളക്കുന്നതാണ്.

മാത്രമല്ല വഞ്ചനക്കും അനിശ്ചിതത്വത്തിനും അസ്ഥിരതക്കും കാരണമാവുന്നു. അതുപോലെ, മിക്കപ്പോഴും ഇടപാടുകളിൽ പണം മാത്രം വിനിമയം ചെയ്യുന്നതിനാൽ ‘പണത്തിനുപകരം അധികപ്പണം’ എന്ന പലിശാധിഷ്ഠിത ഇടപാടായി ഇത് മാറുന്നു. വ്യാജമായ കണക്കുകളും കിംവദന്തികളും പരത്തി കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നതും ഇസ്ലാം നിഷിദ്ധമാക്കിയ കാര്യമാണ്.

ഫ്യൂചേഴ്സും ‘സലമും’

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയിൽ അംഗീകാരമുള്ള മുൻകൂർ കച്ചവടമാണ് സലം. തൻറെ ഉത്തരവാദിത്വത്തിൽ ഉണ്ടാകാനിരിക്കുന്ന നിശ്ചിത ചരക്കിന്റെ നിർണിത വില മുൻകൂറായി ഈടാക്കിയുള്ള കച്ചവടത്തെയാണ് സലം എന്നോ സലഫ് എന്നോ പറയുന്നത്. വിക്രേതാവിന്റെ മൂലധന സമാഹരണത്തിനുള്ള അനുവദനീയ മാർഗ്ഗമാണിത്. നബി(സ)യും സ്വഹാബത്തും മദീനയിൽ വന്നപ്പോൾ അവർ ഒന്നും രണ്ടും വർഷത്തേക്ക് ഫലവർഗങ്ങൾ മുൻകൂർ കച്ചവടം ചെയ്യുന്നത് കണ്ട് അവിടുന്ന് പ്രസ്താവിച്ചു: ‘ആരെങ്കിലും മുൻ കൂർ കച്ചവടം ചെയ്യുന്നുണ്ടെങ്കിൽ അവധി, അളവ്, തൂക്കം എന്നിവ കൃത്യമായി നിശ്ചയിക്കുക’. ഇതുപ്രകാരം, ചരക്കിന്റെ തൂക്കം, ഗുണനിലവാരം, കൈമാറ്റം ചെയ്യപ്പെടുന്ന തിയ്യതി എന്നിവയിൽ ഇരുകക്ഷികളും ധാരണയിലെത്തിയിരിക്കണം; വില മുൻകൂറായി റൊക്കമായി സ്വീകരിക്കുകയും ചെയ്യാം. സലം ഇടപാടിലെ ചരക്ക് വിക്രേതാവിന്റെ ഉടമസ്ഥതയിൽ ഉണ്ടാവണമെന്ന് നിബന്ധനയില്ല. നിശ്ചിത അവധിയാകുമ്പോൾ കൈവശമെത്തും എന്ന് നിരൂപിച്ചാൽ മതിയാകും. സലം കച്ചവടത്തിനു വിധേയമായ അതേ ചരക്ക് ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് വേറെ വിക്രയം ചെയ്തുകൂടാ.

ഭാവിയിലെ നിശ്ചിത ദിവസം യഥാർത്ഥത്തിലുള്ള ഉടമസ്ഥാവകാശം കൈമാറുന്നു എന്നതാണ് ഫ്യൂച്ചേഴ്സും സലമും വിയോജിക്കുന്ന മർമ്മം. ഊഹത്തെ ആസ്പദമാക്കിയുള്ള പ്രതീക്ഷയല്ല, പ്രത്യുത ഗുണവിശേഷങ്ങളും അളവുതൂക്കങ്ങളും അറിയപ്പെട്ട ചരക്കിന്റെ യഥാർത്ഥ മൂല്യമാണ് വിലയൊടുക്കേണ്ടത്; ചതി, കൊള്ള ലാഭം എന്നിവ അനുവദിക്കപ്പെടുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here