ഒൻപതാം വയസിൽ രാജ്യദ്രോഹി!

അഹ്മദ് അൻവർ ബുഖാരി

1
1278

സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് നാലാം തവണ

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിക്കുന്ന കഥാപാത്രങ്ങളുള്ള നാടകം പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റാന്വേഷണത്തിന്റെ ഭാഗമായി നാലാം തവണ ബിദാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനായി പൊലീസ് സ്‌കൂളിലെത്തി. സാധാരണ വേഷത്തിലാണ് പൊലീസുകാരെത്തിയത്.
ദൃക്‌സാക്ഷി വിവരണമനുസരിച്ച്, നാലു പൊലീസുദ്യോഗസ്ഥരും ശിശുക്ഷേമ വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരും രാവിലെ പത്തരയ്ക്ക് സ്‌കൂളിലെത്തി. സ്‌കൂളിലെ അധ്യാപകരെയും സഹ ജോലിക്കാരെയും സ്‌കൂള്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. പന്ത്രണ്ടരയോടെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ബസവേശ്വര ഹിറയും ഈ സംഘത്തോടൊപ്പം ചേര്‍ന്നു. ഏഴുവിദ്യാര്‍ഥികളെ തീവ്രമായി ചോദ്യം ചെയ്തു. അവരില്‍ ചിലര്‍ നാടകവുമായി ബന്ധമില്ലാത്തവരായിരുന്നു. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
ആരാണ് നിങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് നല്‍കിയത്? ഡയലോഗുകള്‍ ആരു പഠിപ്പിച്ചു? എവിടെ വെച്ചാണ് റിഹേഴ്‌സല്‍ നടന്നത്? തുടങ്ങിയ മുന്‍ ചോദ്യംചെയ്യലുകളില്‍ ചോദിച്ച അതേ ചോദ്യങ്ങളുടെ ആവര്‍ത്തനം മാത്രമായിരുന്നു ഈ ചോദ്യം ചെയ്യലിലുമുണ്ടായിരുന്നത്.
ശഹീന്‍ സ്ഥാപനങ്ങളുടെ സി ഇ ഒ, തൗസീഫ് മാദികരി പറയുന്നു: എന്തുകൊണ്ടാണ് പൊലീസ് 9 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ പീഡനം അവരെ ദീര്‍ഘമായി ബാധിക്കും. ഞങ്ങള്‍ പൊലീസിനോട് പറയുന്നതെന്താണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
ഇത് ചോദ്യം ചെയ്യലല്ല, സാക്ഷി വിസ്താരമാണെന്നാണ് ഹിറ പറയുന്നത്. ‘ചോദ്യം ചെയ്യല്‍ നടക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു. എനിക്ക് കൂടുതല്‍ പറയാനാവില്ല.’ അദ്ദേഹം പറഞ്ഞു.
ജനുവരി 28 ന് പൊലീസ് യൂണിഫോമില്‍ കുട്ടികളെ ചോദ്യം ചെയ്യുന്ന ഫോട്ടോ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അതിനുശേഷം ജനുവരി 31 ന് സാധാരണ വസ്ത്രത്തില്‍ സ്‌കൂളിലെത്തിയാണ് അവര്‍ കുട്ടികളെ ചോദ്യം ചെയ്തത്. അറുപതോളം വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത് ഫെബ്രുവരി ഒന്നിനാണ് അവര്‍ തിരിച്ചു പോയത്.
വിദ്യാര്‍ഥികള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 21 ന് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പ്രമേയമാക്കി നാടകം അവതരിപ്പിച്ചിരുന്നു. നാടകത്തില്‍ എന്‍ ആര്‍ സിക്കുവേണ്ടി രേഖകള്‍ ചോദിക്കുന്നവരെ ചെരിപ്പുകൊണ്ടടിക്കും എന്നൊരു കഥാപാത്രം പറയുന്നുണ്ട്. മറ്റു കുട്ടികള്‍ പൗരത്വ രേഖകള്‍ കാണിക്കില്ലെന്ന് വാദിക്കുന്നതും കേട്ടു. നാടകത്തിലെ ചില സംഭാഷണങ്ങള്‍ പ്രധാനമന്ത്രി മോഡിയെ അപമാനിക്കുന്നതായി ആരോപിച്ച് ആക്ടിവിസ്റ്റ് നീലേഷ് രക്ഷാലയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തു.
പ്രസ്തുത ഡയലോഗ് പറഞ്ഞ കുട്ടിയുടെ കുറ്റ സമ്മതം പരിഗണിച്ച് ജനുവരി 30 ന് മാതാവ് നസ്ബുന്നിസയെയും ടീച്ചര്‍ ഫരീദാ ബീഗത്തെയും പൊലീസ് അറസ്റ്റുചെയ്തു.

The hindu

വിവർത്തനം : അഹ്മദ് അൻവർ ബുഖാരി

1 COMMENT

Leave a Reply to AffiliateLabz Cancel reply

Please enter your comment!
Please enter your name here