ഐ.എസില്‍ കേരള സലഫികള്‍ക്ക് സംവരണ സീറ്റുണ്ടോ?

0
2585

രജീഷ് കുമാര്‍  [Project Fellow at Pondicherry Central University]

iraq-tikrit-isil_3228296bകേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് കേവലമൊരു ഇസ്ലാമോഫോബിക് കെട്ടുകഥയല്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ ചിലത് പറയാതിരിക്കുക സാധ്യമല്ല…

അത്യാപത്തിന്റെ തീവ്രവാദ വഴിയിലേക്ക് മലയാളി മുസ്ലീമിനെ കൊണ്ടെത്തിക്കാന്‍ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് പ്രാഥമികമായി കേരളീയ സമൂഹം ചെയ്യേണ്ടത്… മറ്റാരെക്കാളുപരി അങ്ങനെയൊരു തിരിച്ചറിവുണ്ടാകേണ്ടതും അതിനെതിരായി ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതും സത്യവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ തന്നെയാണ്…
കേരളത്തില്‍ നിന്നുള്ള ഐ എസ് റിക്രൂട്ട്‌മെന്റ് സംബന്ധിയായ വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ ഉയര്‍ന്നുവന്നൊരു പേര് പീസ് സ്‌കൂളിന്റേതാണ്… തൃക്കരിപ്പൂരില്‍ നിന്ന് പതിനഞ്ചോളം ചെറുപ്പക്കാരെ ഐ എസ്സിലെത്തിക്കാന്‍ പീസ് സ്‌കൂള്‍ നടത്തിപ്പുക്കാരനായ ഒരാള്‍ ‘നടത്തിയ’ ഇടപെടലുകളുടെ ചുവട് പിടിച്ച് അന്ന് മാധ്യമങ്ങള്‍ പീസ് സ്‌കൂളിലെ പുസ്തകങ്ങളിലേക്ക് ക്യാമറ തിരിച്ചുവച്ചപ്പോള്‍ അത്ര സുഖകരമായ കാര്യങ്ങല്ല നമുക്കറിയാനായത്…അന്ന് ആ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ കണ്ട അപകടകരമായ കാര്യങ്ങളെ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മതേതരനായ’ ഒരു സുഹൃത്ത് ചോദിച്ചത് അതിലെന്താണ് തെറ്റെന്നായിരുന്നു…
ബഹുസ്വരതയെ അംഗീകരിക്കാതിരിക്കുകയും മറ്റു മതങ്ങളെല്ലാം ഇല്ലാതാകേണ്ടതാണെന്ന് പരോക്ഷമായി പഠിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റ് കണ്ടെത്താനാകുന്നില്ലെങ്കില്‍ ഏത് മതേതരത്വത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നതെന്ന മറുചോദ്യങ്ങള്‍ ഉയരുകതന്നെ വേണം….
കേരളത്തില്‍ നിന്ന് ചെറിയൊരു ശതമാനം മുസ്ലീം ചെറുപ്പക്കാര്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്… അവര്‍ ആടുമേയ്ച്ച് കഠിന മതചര്യകള്‍ പാലിച്ചു ജീവിക്കാന്‍ അനുയോജ്യമായ സ്ഥലത്തേക്ക് യാത്രതിരിച്ചെന്നാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ വിശിഷ്യാ ജമായത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനങ്ങള്‍ ആദ്യംമുതല്‍ക്കെ ആധികാരികമായി പ്രചരിപ്പിച്ചിരുന്നത്… ബന്ധുജനങ്ങള്‍ക്കുപോലും നിശ്ചയമില്ലാതിരിരുന്ന കാര്യങ്ങള്‍ അങ്ങേത്തലം ആധികാരികതയോടെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പലരും സിറിയയില്‍ കൊലചെയപ്പെട്ടുവെന്ന് പോലീസ് തന്നെ സ്ഥിരീകരിക്കുന്നത്…. ദുരൂഹമായ തിരോധാനങ്ങളെ തീര്‍ത്തും സ്വാഭാവികമായ പ്രക്രിയയായി മാധ്യമവും മീഡിയാവണും അവതരിപ്പിച്ചതിനു പിന്നില്‍ സത്യസന്ധതയും നിഷ്‌കളങ്കതയുമാണെന്ന് ധരിച്ചുവയ്ക്കാന്‍ വിവരവും വിവേകവുമുള്ള ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല….
അതി വൈകാരികതയുടെ ചെളിക്കുഴിയിലേക്ക് മുസ്ലീം ചെറുപ്പക്കാരെ തള്ളി വിടുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടിനുള്ളിടത്തോളം തന്നെ ഉത്തരവാദിത്വം ജമായത്തെ ഇസ്ലാമിക്കുമുണ്ട്… പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകള്‍ പച്ചയ്ക്കാണെങ്കില്‍ ജമായത്തെ ഇസ്ലാമിക്ക് ഇന്റലക്ച്വല്‍ മുഖംമൂടിയുണ്ട് എന്നത് മാത്രമാണ് വ്യത്യാസം….
ഈ അപകടകരമായ രാഷ്ട്രീയ ഇടപെടലുകളെ മതവിശ്വാസികളും മതേതര വാദികളും എങ്ങനെ നേരിടുന്നു എന്നത് കേരളത്തിലെ സൈ്വര്യജീവിതത്തെ നിര്‍ണയിക്കുന്ന ഒന്നായിത്തീരും എന്നതില്‍ സംശയമില്ല…. ബഹുസ്വരതയിലൂന്നിയ മതജീവിതമെന്നത് എല്ലാ മതവിശ്വാസികളെയും തെളിച്ചത്തോടെ പഠിപ്പിക്കാനായില്ലെങ്കില്‍ അപ്രത്യക്ഷരാകുന്നവരുടെയും അന്യനാട്ടില്‍ തലയറ്റുവീഴുന്നവരുടെയും എണ്ണം ഇനിയും ഉയരുകതന്നെ ചെയ്യും…

LEAVE A REPLY

Please enter your comment!
Please enter your name here