ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം

0
2597

How-is-giving-actually-help-you-get-moreഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്?
ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി അയാളുടെ സമ്മതമില്ലാതെ (മരിച്ചവരാണെങ്കില്‍ അവരുടെ വസ്വിയ്യത്ത് കൂടാതെ) അറുത്താല്‍ അത് ഉളാഹിയ്യത്തായി ഗണിക്കുകയില്ല.

2. എങ്ങിനെയാണ് ബലി നടത്തേണ്ടത്?
ഉ. അഞ്ച് വയസ്സ് പൂര്‍ത്തിയായ ഒട്ടകം, രണ്ട് വയസ്സ് പൂര്‍ത്തിയായ മാട്, കോലാട്, ഒരു വയസ്സ് പൂര്‍ത്തിയാവുകയോ ആറ് മാസത്തിന് ശേഷം പല്ല് പറിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് അറുക്കേണ്ടത് (ഒട്ടകത്തിലും മാടിലും ഏഴ് ആളുകള്‍ക്ക് വരെ പങ്കാളികളാവാം. ഗൃഹനാഥന്‍ അറുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മക്കളില്‍ നിന്ന് ആറ് പേരെയും കൂടി പങ്കാളിയാക്കല്‍ നല്ലതാണ്).

3. എപ്പോള്‍, ഏത് രൂപത്തില്‍ അറുക്കണം?
ഉ. പെരുന്നാള്‍ ദിവസം ഉദയത്തിന് ശേഷം രണ്ട് റകഅത്ത് നിസ്‌കാരവും ചുരുങ്ങിയ നിലയില്‍ രണ്ട് ഖുത്വുബയും നിര്‍വ്വഹിക്കാനുളള സമയം കഴിഞ്ഞത് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളുടെ (ദുല്‍ ഹജ്ജ് 11, 12, 13) ഉളളില്‍ അറുക്കാം. അറുക്കുമ്പോള്‍ ഉള്ഹിയ്യത്ത് അറുക്കുന്നു എന്ന് കരുതല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിശ്ചിത മൃഗത്തെ നേര്‍ച്ചയാക്കിയാല്‍ അറവ് സമയത്ത് വേറെ നിയ്യത്ത് ആവശ്യമില്ല. രാത്രി അറുക്കല്‍ കറാഹത്താണ്. സമയത്തിന് മുമ്പറുത്താല്‍ ഉളിഹിയ്യത്തായി പരിഗണിക്കുകയുമില്ല.

4. കൊമ്പില്ലാത്തത് അറുക്കാമോ?
ഉ. അതെ. കൊമ്പില്ലാത്തതും മുറിഞ്ഞ് പോയതും അറുക്കാം. കൊമ്പുളളതാണുത്തമം. ചെവിയില്‍ ദ്വാരമോ കീറലോ ഉണ്ടാകുന്നതിന് വിരോധമില്ല. ഗര്‍ഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞ് പോവല്‍ , ചെവി, വാല്‍ നഷ്ടപ്പെടുക തുടങ്ങിയ ന്യൂനത മൃഗത്തിന് ഉണ്ടാവാന്‍ പാടില്ല.

5. ഉള്ഹിയ്യത്ത് മാംസം ആര്‍ക്ക്? എത്ര നല്‍കണം?
ഉ. നേര്‍ച്ചയാക്കല്‍ കൊണ്ട് നിര്‍ബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും സക്കാത്തിന്റെ എട്ട് അവകാശികളില്‍ നിന്നും ഫഖീര്‍, മിസ്‌കീന് എന്നിവര്‍ക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ അവന്റെ ചിലവിലുളളവര്‍ക്കോ അത് ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ ഉള്ഹിയ്യത്താണെങ്കില്‍ ഉടമ അതില്‍ നിന്ന് അല്‍പം ബറക്കത്തിന് വേണ്ടി എടുക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാണ് നല്ലത്. മാംസം മുഴുവന്‍ എടുക്കല്‍ ഹറാമാണ്. അല്‍പമെങ്കിലും ഫഖീറിന് നല്‍കല്‍ നിര്‍ബന്ധമാണ്. അല്‍പം എടുത്ത് ബാക്കി മുഴുവന്‍ ദാനം ചെയ്യലാണുത്തമം. മൂന്നിലൊന്നിനേക്കാള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേവിക്കാതെയാണ് നല്‍കേണ്ടത്.

6. ഇത് എന്റെ ഉള്ഹിയ്യത്താണ് എന്ന് പറയാമോ?
ഉ. സുന്നത്തായ ഉള്ഹിയ്യത്തിനെക്കുറിച്ച് ഇത് എന്റെ ഉള്ഹിയ്യത്താണെന്ന് പറഞ്ഞാല്‍ അത് നേര്‍ച്ചയായി മാറുന്നതാണ്; നേര്‍ച്ചയെ കരുതിയില്ലെങ്കിലും. കാരണം പറയല്‍ കൊണ്ടാണ് നേര്‍ച്ച ഉണ്ടാവുന്നത്. എന്നാല്‍ ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണെന്ന് പറയുന്നത് കൊണ്ട് നേര്‍ച്ചയാവില്ല.

7. ഉള്ഹിയ്യത്തിന്റെ തോല് വില്‍ക്കാമോ?
ഉ. നേര്‍ച്ച കൊണ്ട് നിര്‍ബന്ധമായ ഉള്ഹിയ്യത്താണെങ്കില്‍ അതിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തോലും സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്താണെങ്കില്‍ സ്വന്തം ഉപയോഗിക്കാം. സ്വദഖ ചെയ്യലാണുത്തമം. രണ്ട് രൂപത്തിലും വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ അറവ് കൂലിയായി കൊടുക്കാനോ പാടുളളതല്ല. കിട്ടിയത് ഫഖീറിനോ മിസ്‌കീനോ ആണെങ്കില്‍ അവര്‍ വില്‍ക്കുന്നത് കൊണ്ട് വിരോധമില്ല. വാങ്ങുന്നവന്‍ മുസ്‌ലിമാകണമെന്ന് മാത്രം.

8. മൂരിയാണോ പോത്തായാണോ അറുക്കാന്‍ നല്ലത്?
ഉ. പെണ്ണിനെക്കാള്‍ നല്ലത് മദിക്കാത്ത ആണാണ്. അധികം മദിച്ച ആണിനെക്കാള്‍ നല്ലത് പ്രസവിക്കാത്ത പെണ്ണാണ്. വിലപിടിപ്പുളളതും മാംസം കുടുതലുളളതും അറുക്കലാണുത്തമം.

9. ഉടച്ച മൂരിയേയും പോത്തിനെയും ഉള്ഹിയ്യത്തിന് പറ്റുമോ?
ഉ. പറ്റും.

10. ഗര്‍ഭമുളളതിനെ അറുക്കാമോ?
ഉ. പാടില്ല. എന്നാല്‍ നേര്‍ച്ചയാക്കിയതാണെങ്കില്‍ ആദ്യ വര്‍ഷത്തിലെ ഉള്ഹിയ്യത്ത് സമയത്ത് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്.

11. ഏഴാളുകള്‍ക്ക് വേണ്ടി അറുക്കുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ഒരാള്‍ സ്വദഖ ചെയ്താല്‍ മതിയാവുമോ?
ഉ. ഇല്ല. ഓരോരുത്തനും അവരുടെ വിഹിതത്തില്‍ നിന്ന് സ്വദഖ ചെയ്യേണ്ടതാണ്. കാരണം, ഇത് തത്വത്തില്‍ ഏഴ് ഉള്ഹിയ്യത്താണ്.

12. ബിദ്അത്തുകാരന്റെ ഉള്ഹിയ്യത്ത് മാംസം സ്വീകരിക്കാമോ?
ഉ. ബിദ്അത്ത് കൊണ്ട് കാഫിറുകളായവര്‍ സ്വന്തമായി അറവ് നടത്തിയാല്‍ ആ വസ്തു ഹലാലാകില്ല. അത് കൊണ്ട് തന്നെ അവരെ തുടര്‍ന്ന് നിസ്‌കരിക്കല്‍ പാടില്ലാത്തത് പോലെ മാംസം സ്വീകരിക്കാനും പാടില്ല. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഉള്ഹിയ്യത്ത് മാംസം ഒരു വിധേനയും നല്‍കാന്‍ പാടുളളതല്ല. എന്നാല്‍ ബിദ്അത്ത് കൊണ്ട് കാഫിറാകാത്തവരുടെ മാംസം സ്വീകരിക്കല്‍ അവരോടുളള സഹകരണത്തിന്റെ ഭാഗമാണ്.

13. പങ്ക് ചേര്‍ന്ന് അറുക്കുന്ന ഘട്ടങ്ങളില്‍ ആരാണ് നിയ്യത്ത് ചെയ്യേണ്ടത്?
ഉ. അറുക്കുന്ന സമയത്ത് എല്ലാവരും സുന്നത്തായ ബലികര്‍മ്മം നിര്‍വ്വഹിക്കുന്നു എന്ന് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ എല്ലാവരും ഒരാളെ ഏല്‍പ്പിക്കണം(വക്കാലത്ത്). ബലിയറുക്കാന്‍ വേണ്ടി നേരത്തെത്തന്നെ നിര്‍ണയിച്ചു നേര്‍ച്ചയാക്കിയതാണെങ്കില്‍ അത് മതിയാകുന്നതാണ്. നിയ്യത്ത് നാവ് കൊണ്ട് പറയല്‍ സുന്നത്താണ്.

14. അറവ് ഉദ്ദേശിക്കുന്നവര്‍ക്ക് കറാഹത്തായ കാര്യങ്ങള്‍?
ഉ. ദുല്‍ ഹിജ്ജ ഒന്ന് മുതല്‍ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യല്‍ കറാഹത്താണ്.

15. സുന്നത്തുകള്‍?
ഉ. ഉള്ഹിയ്യത്ത് നടത്താനുദ്ദേശിച്ചവര്‍ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കില്‍ അവര്‍ തന്നെ അറവ് നടത്തലും അല്ലാത്തവര്‍ അറിയുന്നവരെ ഏല്‍പ്പിക്കലും അറവ് നടക്കുന്ന സ്ഥലത്ത് ഹാജറാകലും സുന്നത്താണ്. മൃഗത്തെ ഖിബ്‌ലക്ക് തിരിച്ച് സ്വലാത്ത്, സലാമ്, തക്ബീര്‍, ദുആ എന്നിവ നടത്തലും സുന്നത്ത് തന്നെ.

അമീറലി ബുഖാരി കെ ടി മൂത്തേടം

LEAVE A REPLY

Please enter your comment!
Please enter your name here