ഉയ്ഗുർ മുസ്‌ലിംകൾ:വംശഹത്യയുടെ കമ്മ്യൂണിസ്റ്റ് മാതൃക

0
155


ജനാധിപത്യവും സമത്വവും മുഖമുദ്രയാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇത്തരം സമത്വഭാവനകളും മനുഷ്യത്വ സിദ്ധാന്തങ്ങളും കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്മ്യൂണിസം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഭരണം നടത്തിയ നാടുകളിലെല്ലാം തങ്ങളുടെ ക്രൂരതയുടെ യഥാർത്ഥ മുഖം അവർ പുറത്തെടുത്തിട്ടുണ്ട്.
ചരിത്രത്തിലുടനീളം കാലാനുസൃതമായി അക്രമോത്സുക ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളെ നമുക്ക് കാണാനാവും.തങ്ങൾക്ക് പറ്റാത്തവർക്കെതിരെ ഏത് കഠിനമായ നടപടികളും നീക്കങ്ങളും എടുക്കാൻ കമ്മ്യൂണിസ്റ്കൾ മടിക്കാറില്ല. അത്തരത്തിലുള്ള തുടർച്ചയായ കമ്മ്യൂണിസ്റ്റ് നരനായാട്ടിന്റെ വർത്തമാനകാല ഇരകളാണ് ചൈനയിൽ ഉയ്ഗൂർ മുസ്ലീങ്ങൾ. പതിറ്റാണ്ടുകളായി മനുഷ്യത്വരാഹിത്യ ത്തിന്റെ സർവ്വ പ്രതിസന്ധികളെയും അവർ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം നാട്ടിൽ മുസ്ലിങ്ങളായതിന്റെ പേരിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെയ്യുന്ന അനീതിയും അസമത്വവും നിറഞ്ഞ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നതാണ്.
ചൈനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷിൻജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന മുസ്ലിം സമൂഹമാണ് ഉയ്ഗൂറുകൾ.1933 ചൈനയിലെ ആഭ്യന്തരയുദ്ധങ്ങൾക്കിടയിൽ സിൻജിയാങ് സ്വതന്ത്രമായി പ്രഖ്യാപിച്ചെങ്കിലും 1949 കമ്മ്യൂണിസ്റ്റ് ചൈനവീണ്ടും ഷിൻജിയാങ്ങിനെ അധീനതയിലാക്കുകയായിരുന്നു. ആദ്യകാലത്തെ തുർക്കി, കസാഖിസ്ഥാൻ,അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് കുടിയേറിയവരാണ് ഇവരുടെ പൂർവികർ.തുർക്ക് ജനത കൂടുതലായി വസിക്കുന്ന കിർഗിസ്ഥാൻ, ഖസാക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളുമായി വംശ പരമായ സാമ്യതകൾ ഉയ്ഗൂറുകൾക്കുണ്ട്.
കാലങ്ങളായി ചൈനീസ് സർക്കാരിൽ നിന്നും ഇവരനുഭവിക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ലംഘനവും ഒട്ടനവധിയാണ്.9/11 ന് ശേഷം സാമ്രാജ്യത്വം സ്പോൺസർ ചെയ്ത ആന്റി ടെററിസ്റ്റ് മൂവ്മെന്റിന്റെ കടന്നു വരവോടെ ഇത്തരംഅനീതിപൂർവ്വമായ നടപടികൾ സർവ്വസാധാരണയായി.ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പിന് സമമാനമായി മുസ്ലിംകളെ കൂട്ടത്തോടെ തടവിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്.2018 ഇത്തരം തടവറകൾ റീ എജുക്കേഷൻ ക്യാമ്പുകൾ എന്ന് പുനർനാമകരണം നടത്തുകയായിരുന്നു.
ചൈനീസ് ക്യാമ്പുകളിലെ ഉയ്ഗൂർ മുസ്ലിങ്ങളുടെയും മരിച്ചവരുടെയും എണ്ണം ഹിറ്റ്ലറിന്റെ ഹോളോകാസ്റ്റി ലുള്ള മൊത്തം ജൂതന്മാരെക്കാൾ കൂടുതലാണെന്ന് ഉയ്ഗൂർ പ്രോജക്ട്സ്‌ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ:എറക്വിൻ സ്വിസിച്ച് അഭിപ്രായപ്പെടുന്നുണ്ട്. സിൻജിയങ് പ്രവിശ്യയിലെ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും നോമ്പെടുക്കുകയോ മറ്റു ആരാധനകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് 2015 സർക്കാർ ഉത്തരവിട്ടിരുന്നു. ഖുർആൻ പാരായണ പരിശീലനം, മതപാഠശാലകൾ, പള്ളികളിലെ പ്രാർത്ഥനകൾ എന്നിവക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്.
രാജ്യത്ത് ഉയ്ഗൂർകളെ പതിരിച്ചറിയാനായി അവർക്കുമാത്രം പലതരം കാർഡുകളും മുസ്ലിംവാഹനങ്ങളിൽ പ്രത്യേക ജിപിഎസ് സംവിധാനങ്ങളും ഘടിപ്പിച്ച് ശക്തമായ നിരീക്ഷണത്തിലാണ് അവർ ജീവിക്കുന്നത്. 2009 ലെ കലാപത്തിൽ മാത്രം രണ്ടായിരത്തിലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. തടവിലാക്കുകയും നിരന്തര പീഡനങ്ങൾ വഴി മത-സാംസ്കാരിക ഉന്മൂലനമാണ് ആണ് കമ്മ്യൂണിസ്റ്റ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
തട്ടം, മുഖപടം, അസാധാരണമായ താടി, നീണ്ട വസ്ത്രം, റമദാന്‍ മാസത്തിലെ വ്രതം, സലാം ചൊല്ലല്‍, മദ്യവര്‍ജനം, പുകവലിക്കാതിരിക്കല്‍, മുഹമ്മദ്,ഫാതിമ പോലെയുള്ള ഇസ്‌ലാമിക പേരുകള്‍ ഉപയോഗിക്കല്‍, നക്ഷത്രാങ്കിത ചന്ദ്രകല, മതപഠനം, പള്ളിയില്‍ പോവല്‍, സംഗീതമില്ലാത്തതും ആഡംബര രഹിതവുമായ വിവാഹങ്ങള്‍, മറമാടല്‍, ശവം കുളിപ്പിക്കല്‍, സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കല്‍, വിദേശ പഠനം, വിദേശ യാത്ര, വിദേശത്തുള്ള സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ സംസാരിക്കല്‍, നിരോധിച്ച ആശയങ്ങളുള്ള പുസ്തകം മൊബൈല്‍ എന്നിവ ഉപയോഗിക്കല്‍ തുടങ്ങി മതപരവും പ്രാഥമികവുമായ അവകാശങ്ങളെ മുഴുവന്‍ തീവ്രവാദപ്രവര്‍ത്തനങ്ങളായി ചൈന കണക്കാക്കുന്നു. ഇതിന്റെ പേരില്‍ ഒരു മുന്നറിയിപ്പും കൂടാതെ ആളുകളെ പിടിച്ച് കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.
പത്തിലധികം പേരെ അടച്ചിട്ട ഇടുങ്ങിയ മുറികളിൽ നിസ്കരിപ്പിക്കുക,മതപരമായ കാര്യങ്ങളിൽ നിന്ന് നിരോധിക്കുക, ഇത് തെറ്റിക്കുന്നവരെ ക്രൂരമായി മർദ്ദിക്കുകയും 24മണിക്കൂർ ശക്തമായി ശീതീകരിച്ച മുറിയിൽ ഏകാന്തതടവ് നൽകുക എന്നിങ്ങനെ കഠിനമായ ശിക്ഷാമുറകളാണ് ഇവർ മുസ്ലിങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കുട്ടികളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തി നിറക്കുകയും വിപ്ലവഗാനങ്ങൾ ചൊല്ലുകയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രതിജ്ഞ ചൊല്ലൽ നിർബന്ധമാക്കുകയും ചെയ്യുന്നത് ഇവിടെ സജീവമാണ്. ജുമുഅ ദിവസങ്ങളിൽ പള്ളിയിൽ കയറാൻ പ്രത്യേകംപരിശോധനകൾ നിർബന്ധമാക്കുകയും പള്ളികളിലും വീടുകളിലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളും പതാകയും പതിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഉയ്ഗൂർ മുസ്ലിംകളിൽനിന്ന് കൊല്ലപ്പെടുന്നവരുടെ യഥാർത്ഥ വിവരങ്ങൾ സർക്കാർ പുറത്ത് വിടുന്നില്ല.നൂറുകണക്കിനുപേർ വർഷവും സർക്കാരിന്റെ നരനായാട്ടിനു വിധേയമായി കൊല്ലപ്പെടുകയും ആയിരങ്ങൾ ക്രൂരമായ അക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നുണ്ടെന്ന് പ്രമുഖ ആഗോള ഏജൻസികളും മനുഷ്യാവകാശ സംഘടനകളും പുറത്തുവിടുന്ന വിവരങ്ങൾ വേദനാജനകമാണ്. മതപരവും വിശ്വാസപരവുമായ സർവ്വ അവകാശങ്ങളിലും തിരസ്കരിച്ച് അതിക്രമത്തിന്റെ സർവ്വ നീക്കങ്ങളും നടത്തി ഒരു സമൂഹത്തിന്റെ വംശഹത്യയാണ് കമ്മ്യൂണിസ്റ്റ് ചൈന ലക്ഷ്യമാക്കുന്നത്.
മുജ്തബ സി.ടി

LEAVE A REPLY

Please enter your comment!
Please enter your name here