ഉടുപ്പിന്റെ ന്യായാന്യായങ്ങള്‍

0
2572

ടി കെ അലി അശ്‌റഫ്

യേശുദാസ് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളുടെ ജീന്‍സ് ധാരണം അടുത്തിടെ വിവാദമായി. കുറച്ചു മുമ്പ് ലെഗ്ഗിംഗ്‌സ് ചര്‍ച്ചയായി. ലക്ഷ്മിഭായി തമ്പുരാട്ടിയായിരുന്നു ലെഗ്ഗിംഗ്‌സിനെതിരെ രംഗത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ഫെമിനിസ്റ്റുകള്‍ യുദ്ധ പ്രഖ്യാപനവുമായി അടര്‍ക്കളത്തിലെത്തി. അഭിപ്രായങ്ങള്‍ക്കെതിരായ യുദ്ധമാണ് കുറച്ചായിട്ട് ഫെമിനിസം. ഫെമിനിസ്റ്റുകളോടൊപ്പം ചാരി നില്‍ക്കുന്ന വേറെ ചിലരുമുണ്ട്. ആണുങ്ങള്‍ എന്നവരെ സൗകര്യത്തിന് വിളിക്കാം. ഫെമിനിസ്റ്റുകള്‍ എന്ത് പറഞ്ഞാലും അവരതിന്ന് താങ്ങുമായി വരും. സ്വയം റദ്ദായവരാണ്, ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും നോക്കിയിരിക്കുന്നത്. അതിലൊരാള്‍ ഏതാണ്ടിങ്ങനയാണ് സ്ത്രീകളുടെ ജീന്‍സ്ധാരണത്തെ ന്യായീകരിച്ചത്; തീവണ്ടിയില്‍ വെച്ച് ഗോവിന്ദച്ചാമിക്കിരയായ സൗമ്യ ജീന്‍സായിരുന്നോ ഇട്ടിരുന്നത്? മൂര്‍ച്ചയുളള ചോദ്യമാണിതെന്നാണ് വിചാരം. ഇന്നോ നാളെയോ ഒരു ജീന്‍സിട്ട പെണ്‍കുട്ടി ഇരയായാല്‍ തീര്‍ന്നു ആ ചോദ്യത്തിന്റെ ഗ്യാസ്. സത്യത്തില്‍ എന്താണ് വസ്ത്രധാരണത്തിന്റെ ന്യായാന്യായങ്ങള്‍? ഒരാള്‍ക്ക് ഒന്നും ധരിക്കാതെ പ്രത്യക്ഷപ്പെടാനുളള നിരുപാധിക സ്വാതന്ത്ര്യമില്ലാത്ത പോലെ അല്‍പവസ്ത്രത്തില്‍ പ്രത്യക്ഷപ്പെടാനുളള നിരുപാധിക സ്വാതന്ത്ര്യവുമില്ല. സെന്‍സസെടുക്കാന്‍ വീട്ടില്‍ വന്ന ടീച്ചറുടെ മുന്നിലേക്ക് അല്‍പ വസ്ത്രം ധരിച്ച് വിവരങ്ങള്‍ നല്‍കാന്‍ വന്ന പുരുഷനെതിരെ കേസുണ്ടായി. എന്തുകൊണ്ടായിരുന്നു അത്? അതിലൂടെ അയാള്‍ ആ സ്ത്രീക്കു നല്‍ക്കുന്ന സന്ദേശം ക്രൂരമായിരുന്നു/അശ്ലീലമായിരുന്നു എന്നതുതന്നെ. അപ്പോള്‍ വസ്ത്രവും ശരീരവും നമ്മുടെതാണെങ്കിലും മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശം സഭ്യമായിരിക്കണം. എന്റെ ശരീരത്തില്‍ ഞാനെന്തും ധരിക്കും; ആരുണ്ടിവിടെ ചോദിക്കാന്‍ എന്നു പറയാന്‍ കഴിയില്ല. ഇറുകിയ ജീന്‍സ് ധരിക്കുന്ന സ്ത്രീ/പെണ്‍കുട്ടി ഉടലിന്റെ കയറ്റിറക്കങ്ങളാണ് പുറത്തുകാട്ടുന്നത്. ബുദ്ധിയും വിവരവും കൂടിയതനുസരിച്ച് മനുഷ്യന്‍ മറച്ചുപോന്ന ഭാഗങ്ങളുടെ വെളിപ്പെടുത്തലാണത്. ഒന്നും ധരിക്കാതെ ശരീരത്തില്‍ നിറം പൂശി നടക്കുന്നതു പോലുള്ള ഒരു തരം പരപീഡനമാണത്. തെറ്റായ ആശയവിനിമയമാണത്. ആ ആശയവിനിമയത്തില്‍ പ്രകോപിതനായി പീഡിപ്പിക്കപ്പെടുന്നത് പലപ്പോഴും ആ വെളുപ്പെടുത്തിയ ആള്‍ തന്നെയായിരിക്കണമെന്നില്ല. വേറെ ഏതെങ്കിലും ദുര്‍ബലയായിരിക്കും. ഇത് സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞ തെറ്റല്ല. പുരുഷനും ഹിജഡയും ഇതു ചെയ്യരുത്. സ്ത്രീകളുടെ മനസ്സിനെ ഇളക്കും വിധത്തിലുളള ഇക്കിളികള്‍ നിറച്ച് പുരുഷന്‍ നടക്കരുത്. ഇത്തരം കമ്മ്യൂണിക്കേഷനുകള്‍ ക്രൈമിന്റെ പരിധിയിലാണ്. അതുകൊണ്ടാകണല്ലോ കോഴിക്കോട്ടെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ സ്ത്രീകള്‍ പോലീസില്‍ പരാതിപ്പെട്ടത്. കാല്‍മുട്ടിന്റെ മുകള്‍ ഭാഗം കാണിക്കുന്ന വിധത്തില്‍ മുണ്ടുടുക്കുന്നത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. കോഴിക്കോട്ട് പോലീസ് അതിന് പരിഹാരവുമുണ്ടാക്കിയല്ലോ, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്റ് നിര്‍ബന്ധമാക്കിക്കൊണ്ട്. വസ്ത്രധാരണത്തില്‍ മാത്രം ഇതിനെ ഒതുക്കേണ്ടതില്ല. ജീന്‍സിലെ ഒരു പെണ്‍കുട്ടിയെ വര്‍ണിച്ചുകൊണ്ട് ഒരു സ്ത്രീക്ക് മറ്റൊരാള്‍ സന്ദേശമയച്ചാലും അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ന്യായികരിക്കരുത്. അത് സ്ത്രീ പീഡനമാണ്. ഇങ്ങനെ മറ്റൊരു പെണ്‍കുട്ടിയെ വര്‍ണിച്ചുകൊണ്ട് ഒരാണോ, വേറൊരു ആണിനെ വര്‍ണിച്ച് ഒരു പെണ്ണോ താന്താങ്ങളുടെ ഇണകള്‍ക്ക് മെസ്സേജ് വിട്ടാല്‍, അത് തെറ്റാണ്. ഇരു കൂട്ടര്‍ക്കും അത് സഹിക്കാനാകില്ല. ഇങ്ങനെ ആഭാസ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നിരത്തിലിറങ്ങിയ മനുഷ്യരെ കണ്ട് എത്ര കുട്ടികളാണ് തെറ്റായി ചിന്തിച്ചുപോകുന്നത്. അനാവശ്യ സ്ഥാനങ്ങളിലേക്ക് കണ്ണയക്കുന്നവരായി നമ്മുടെ കുട്ടികള്‍ മാറുന്നത്, പഠിപ്പും എ പ്ലസുമൊക്കെയുള്ള മക്കള്‍ പീന്നിട് തന്റേതല്ലാത്ത കാരണത്താല്‍ പഠിപ്പില്‍ ഉഴപ്പിപ്പോകുന്നത് മിക്കപ്പോഴും ഇത്തരം ആഭാസവേഷങ്ങള്‍ അവരുടെ മനസ്സിനെ കുത്തിയിളക്കി തലതിരിച്ചതുകൊണ്ടാണ്. അതിനാല്‍ തെറ്റായ സൂചനകള്‍ നല്‍കുന്ന വസ്ത്രധാരണം മാത്രമല്ല, എന്തും കുറ്റകരമാണ്; ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ജീന്‍സോ ലെഗ്ഗിംഗ്‌സോ മാത്രമല്ല എല്ലാ വസ്ത്രങ്ങള്‍ക്കും ഇങ്ങനെ തെറ്റായ സന്ദേശങ്ങള്‍ നല്‍കാനാകും. ശരീരം മുഴുവന്‍ മൂടിയ ബുര്‍ഖയിട്ടവള്‍ ഇറുക്കിത്തയ്ച്ചാണ് ധരിക്കുന്നതെങ്കില്‍ അത് തെറ്റായ സന്ദേശം തന്നെയാണ് പരത്തുന്നത്. ബുര്‍ഖയുടെ സ്വാഭാവിക സ്വത്വം അതല്ല എന്നത് മറ്റൊരു കാര്യം. വസ്ത്രധാരണത്തില്‍ മാത്രമല്ല നടപ്പില്‍, സംസാരത്തില്‍, മറ്റു പ്രവര്‍ത്തനങ്ങളില്‍ ഒക്കെ ഇങ്ങനെ കെണിയില്‍പ്പെടുത്തുന്നത് രോഗാതുരമായ സന്ദേശങ്ങളുമാണ്. നാസിക്കിലെ പ്രസ്സില്‍ നിന്ന് അടിച്ചു കൊണ്ടുപോകുന്ന കറന്‍സികള്‍ ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുപോകേണ്ടതല്ല. ജ്വല്ലറിയടച്ചു പോകുന്നവര്‍ ഷട്ടര്‍ താഴ്ത്താതെ, വേണ്ടത്ര സുരക്ഷയൊരുക്കാതെ സ്ഥലം വിടാറില്ല. വിലപ്പിടിപ്പുള്ളതൊക്കെ ഇങ്ങനെ ഒളിച്ചും മറച്ചും തന്നെയാണ് വെക്കുന്നത്. താനൊരു തെറിച്ച പുരുഷനാണ്/സ്ത്രീയാണ്, മാര്‍ക്കറ്റിലിറങ്ങുന്ന എന്തിന്റെയും പരീക്ഷണ ശാലയാണ് എന്നൊക്കെ ദ്യോതിപ്പിക്കുന്നത് നട്ടെല്ലുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ദൗര്‍ബല്യമാണ്. താന്‍ വളച്ചാല്‍ വളയും, വിളിച്ചാല്‍ വരും, ഒളിക്കാനില്ല; മറക്കാനൊന്നുമില്ല, താന്‍ തിന്മയുടെ ആവശ്യക്കാരനാണ്/ആവശ്യക്കാരിയാണ് എന്നൊക്കെ മറ്റുള്ളവരുടെ മനസ്സില്‍ തോന്നിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ സോണാഗച്ചിയില്‍ നിന്ന് ഒട്ടും അകലത്തല്ല. സോണാഗച്ചിയെ കൊല്‍ക്കത്തയില്‍ നിന്ന് നാട്ടിലൊട്ടാകെ നീട്ടിവലിക്കാനുളള ശ്രമങ്ങളുടെ ഭാഗം തന്നെയാണിത്. നാട്ടില്‍ സമാധാനം നിലനില്‍ണമെന്നാഗ്രഹിക്കുന്നവര്‍ ഇത്തരം ആഭാസകരമായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കരുത്. പ്രകോപനപരമായി പ്രസംഗിക്കുന്നതിന് നമ്മുടെ നാട്ടില്‍ കേസെടുക്കാറുണ്ട്. എന്തിനാണതിന്റെ ആവശ്യം? നാക്കും ഉടലുമൊക്കെ സ്വന്തമാണെങ്കിലും എന്തും പറയാനും ചെയ്യാനും പറ്റില്ലെന്നല്ലേ ഇതിനര്‍ഥം? മറ്റൊന്നുകൂടി നമുക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. തെറിച്ച വേഷം ധരിച്ച് ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍, ആ അക്രമണത്തെ സ്ത്രീയുടെ വേഷത്തില്‍ പിടിച്ച് ന്യായീകരിക്കുന്നത് ശരിയല്ല. സ്ത്രീ ഏത് നിലയിലുള്ള വേഷം ധരിച്ചാലും പുരുഷന് അവളുടെ ശരീരത്തില്‍ കൈ വെക്കാനോ അതിനു മുന്നോടിയായുള്ള ചീത്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനോ അവകാശമില്ല. ഈ നിയന്ത്രണം ശീലമാക്കാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ പെരുകുന്നുണ്ട്. ഇക്കൂട്ടരുടെ പെരുക്കം അമ്പരപ്പിക്കുന്നു. നാട്ടില്‍ പെണ്ണായിട്ട് ജനിക്കാന്‍ വയ്യാത്ത സ്ഥിതിവിശേഷം ഇതു തന്നെയാകാം. അക്രമികളെ ശിക്ഷിച്ചതുകൊണ്ട് മാത്രം ഇത്തരം കാര്യങ്ങള്‍ തുടച്ചുനീക്കാനാകില്ല. എളുപ്പത്തില്‍ വീണ് പോകുന്ന ദുര്‍ബല മനസ്സുള്ള മനുഷ്യര്‍ക്ക് പകരം സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള മനക്കരുത്തുള്ള മനുഷ്യരുടെ സമൂഹം വളര്‍ന്നുവരണം. അതിന് ഇക്കാര്യത്തില്‍ നയവും നിലപാടുമുള്ള ആദര്‍ശവിശ്വാസങ്ങളെ പഠിക്കാനും പകര്‍ത്താനും പുതിയ ലോകത്തിന്നാകണം. ഉയര്‍ന്നു ചിന്തിക്കാനാകുന്നവര്‍ക്കേ ഈ രംഗത്ത് മാറ്റം വരുത്താനാകൂ.

(അവലംബം സിറാജ് ദിനപത്രം)

LEAVE A REPLY

Please enter your comment!
Please enter your name here