ഇസ്‌റായീല്‍ രൂപീകരണം, ചോര വിളയുന്ന ഗോതമ്പ് പാടങ്ങള്‍

എന്‍ ബി സിദ്ദീഖ്

0
2123

ഫലസ്തീന്‍ ഒരു ദുരന്തത്തിന്റെ പേരാണിന്ന്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളായും അന്യരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. ചോര കാണാത്ത നാളുകള്‍ അപൂര്‍വമായി മാറി. കവികള്‍ക്കും കാല്‍പ്പനികര്‍ക്കും കണ്ണീരില്‍ എഴുതാന്‍ ഒരുപാട് കഥകള്‍ ഫലസ്തീന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിറന്നു വീഴുന്നതു പോലും ടാങ്കറുകള്‍ക്ക് മുന്നിലാണ്. വാക്കുകള്‍ ഉച്ചരിച്ച് അറിയുന്നതിനു മുമ്പേ തോക്കെടുക്കാന്‍ വിധിക്കപ്പെടുന്നു. ഇളം കൈകള്‍ ചെറുകല്ലുകള്‍ എടുത്ത് യുദ്ധടാങ്കറുകള്‍ക്കു നേരെ എറിഞ്ഞു അരിശം തീര്‍ക്കുന്നു. ഗോതമ്പ് പാടങ്ങളില്‍ യുദ്ധകാലത്ത് ചോര വിളയുന്നു. ഒലീവ് മരങ്ങള്‍ തീപുകയില്‍ കരിഞ്ഞുമണക്കുന്നു. സ്വര്‍ഗ്ഗീയ പറവകളുടെ മുഖഭംഗിയുള്ള കുഞ്ഞുങ്ങള്‍ കരഞ്ഞും വിശന്നും കഴിയുന്നതാണ് പുതിയ ഫലസ്തീന്‍. സ്വന്തമെന്ന് കരുതി കാത്തു വച്ചതെല്ലാം അന്യമാകുന്നു. അഭയം പറ്റിയ ജൂതജനതയുടെ പിന്‍മുറക്കാര്‍ തന്നെയാണ് ഫലസ്തീന്റെ വേട്ടക്കാര്‍. അവര്‍ക്കെങ്ങനെ ഇത് കഴിയുന്നു?

നൂറ്റാണ്ടുകളുടെ പൈതൃകഓര്‍മകളില്‍ പുളകംകൊണ്ടിരുന്ന മണ്ണാണ് ഒരു നൂറ്റാണ്ടു മുമ്പുവരെ ഫലസ്തീന്‍. പൂര്‍വ പ്രവാചകരുടെ സാന്നിദ്ധ്യം അനുഗ്രഹിച്ച ഭൂമി. തിരുനബിയുടെ ആകാശാരോഹണം കൊണ്ട് ഭാഗ്യം സിദ്ധിച്ച മണ്ണ്. ഉമര്‍ (റ)ന്റെ ഖിലാഫത്തില്‍ മാനവികതയുടെ ആകാശം തീര്‍ത്ത നഗരം. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പേരും പെരുമയും നെഞ്ചേറ്റിയ നാട്. ബൈത്തുല്‍ മുഖദ്ദസിന്റെ ബാങ്കൊലി കേട്ട് ഉണര്‍ന്ന പ്രഭാതങ്ങള്‍. അടിവേരറ്റുപോയ ജൂതജനതയ്ക്ക് സ്‌നേഹ വാതില്‍ തുറന്നുകൊടുത്ത നാളുകള്‍. ഫലസ്തീന്റെ ഓര്‍മ്മപുസ്തകം മറിച്ചു നോക്കുമ്പോള്‍ ഹൃദയവികാരം കൊണ്ട് നമ്മള്‍ ആര്‍ത്തു കരഞ്ഞുപോകും. പക്ഷേ ശാന്തത പുതച്ചിരുന്ന ഈ സംസ്‌കാരിക ഭൂമിക കുരുക്ഷേത്രയായി മാറിയതെങ്ങനെ?

തുര്‍കീഖലീഫയുടെ അധീനതയിലായിരുന്നു ഫലസ്തീന്‍. ഇസ്ലാമിക ഖിലാഫത്തിന്റെ പതനത്തോടെയാണ് ഫലസ്തീന്‍ നാശത്തിലേക്ക് കുതിച്ചത്. ലോക മഹായുദ്ധങ്ങള്‍ക്ക് അങ്ങനെ ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നല്ലോ. ഇസ്ലാമിക ഭരണസംവിധാനത്തിന്റെ വാലായി ശേഷിച്ചിരുന്ന ഉസ്മാനിയ ഖിലാഫത്തിനെ കൂടി തകര്‍ക്കുക. അതിനിവേണ്ടി ആസ്ഥാനമായ തുര്‍ക്കിയെ അവര്‍ ലക്ഷ്യം വെച്ചു. സഖ്യം ചേര്‍ന്ന് ആക്രമിച്ചു. തുണ്ടം തുണ്ടമാക്കി യുദ്ധാനന്തരം കൈയ്യില്‍ കൊടുത്തു. പോരാത്തതിന് ജൂതരുടെ ഇഷ്ടപുത്രനും പരിഷ്‌കര്‍ത്താവുമായി പേരുകേട്ട മുസ്ഥഫ കമാല്‍ പാഷ തന്നെ തുര്‍ക്കിയുടെ അധികാരം ചക്രം കൈയ്യിലെടുത്തു.

ഒരു ഐതിഹ്യം കൂടി പറഞ്ഞാലേ ഫലസ്തീന്റെ പ്രശ്‌നത്തിന്റെ കാതല്‍ പിടുത്തം കിട്ടു, ജൂതന്മാരുടെ ആസ്ഥാനമായിരുന്നുവത്രേ ഫലസ്തീനിലെ ജെറുസലേം. നിരന്തരമായ യുദ്ധവും അക്രമവും കാരണം അവര്‍ക്ക് ആ സ്ഥാനം നഷ്ടപ്പെട്ടുപോലും. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പീഡനകഥയാണ് ജൂതര്‍ പറഞ്ഞുനടന്നത്. AD 78 വരെ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് അവര്‍ പ്രചരിപ്പിച്ചു. അവര്‍ ഭൂമി ഇല്ലാത്ത ജനതയാണെന്ന് വരുത്തിത്തീര്‍ത്തു. വാഗ്ദത്ത ഭൂമിയായി ജൂതവേദങ്ങള്‍ ഫലസ്തീനെ പരിചയപ്പെടുത്തിയിട്ടുണ്ട്‌പോലും. ഈ വേദപ്രവചനത്തെ സാധുവാകാന്‍ വേണ്ടിയാണ് മനുഷ്യത്വരഹിതമായി അവര്‍ ഫലസ്തീന്‍ജനതയെ അടിച്ചുകൊന്നതും ആട്ടിപ്പുറത്താക്കിയത്.

രണ്ടു ജനതയാണ് ജൂതന്മാരെ ആക്രമിച്ചിട്ടുള്ളത്. ക്രിസ്ത്യാനികളും ഹിറ്റ്ലറുടെ നാസികളും. മാനുഷിക പരിഗണന പോലും ഇവര്‍ നല്‍കിയില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടപ്പിലാക്കി ദൂരത്താക്കി. കച്ചവടത്തില്‍ ചേര്‍ക്കാനോ തൊഴിലാളികളായി വെക്കാനോ പാടില്ല. ക്രൂരമായ സമീപനം. ഇതിനോട് ചേര്‍ത്തു ഒരു കാര്യം കൂടി പറയട്ടെ, മുസ്ലിംകളാണ് അവരെ സഹായിച്ചിട്ടുള്ളത്, ചരിത്രത്തിലുടനീളം. ഖലീഫയുടെ ഉദ്യോഗസ്ഥര്‍ ആയിട്ടു വരെ ജൂതര്‍ നിയമിക്കപ്പെട്ടു. കുരിശ് യുദ്ധം ജയിച്ചടക്കിയപ്പോഴും ജൂതരെ തൊട്ടുപോയിട്ടില്ല. പക്ഷേ ചരിത്രം അങ്ങനെയങ്ങ് ഓര്‍ക്കരുതല്ലോ!

1948 ഇസ്‌റായീല്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ 70 പതിറ്റാണ്ടായി. 1917 ലാണ് ഇസ്‌റായീല്‍ രാഷ്ട്രം രൂപീകരിക്കാന്‍ തീരുമാനമുണ്ടായത്. തീരുമാനത്തിന് ഇപ്പോള്‍ നൂറു വയസ്സ്. അഥവാ കൊലച്ചതിയുടെ നൂറുകൊല്ലം.

അമേരിക്കയും ബ്രിട്ടനും യുഎന്നും ഇസ്‌റായീലിന് അനുകൂലമായി നിന്നു. കാരണം അറബ് ദേശങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി ഇസ്ലാമിക അഭിവൃദ്ധിയെ നശിപ്പിച്ച് കളയുകയെന്ന താല്‍പര്യമാണ് അമേരിക്കയെയും ബ്രിട്ടനെയും നയിച്ചിരുന്നത്. അവരുടെ ആജ്ഞാനുവര്‍ത്തിയാകാനേ യുഎന്നിന് കഴിയുള്ളൂ. ഇറാഖ്, അഫ്ഗാന്‍, ഇറാന്‍, സിറിയ, ലബനാന്‍, ബോസ്‌നിയ… ഭീകര പ്രവര്‍ത്തനങ്ങളുടെയും അണുവായുധ ങ്ങളുടെയും പേരില്‍ അമേരിക്ക നക്കിത്തുടച്ച രാജ്യങ്ങളുടെ ലിസ്റ്റിന്റെ പൊതുസ്വഭാവം പറയേണ്ടതില്ലല്ലോ.

തിയോഡര്‍ ഹര്‍സല്‍ എന്ന് കേട്ടിട്ടുണ്ടോ? വലിയ താടിക്കാരന്‍. കറുപ്പ് ഓവര്‍ കോട്ട് ധരിച്ച ഒരാള്‍. സിയോണിസത്തിന്റെ ഉപജ്ഞാതാവാണ് എന്നതാണ് ഹെര്‍സലിനെ അഭിശപ്തനാക്കുന്നത്. തെരുവില്‍ ജൂതന്മാര്‍ വൃത്തിഹീനമായി വേട്ടയാടപ്പെടുന്നത് കണ്ട് ഹെര്‍സലിന്റെ മനംനൊന്തുവത്രേ. അദ്ദേഹം ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. ജൂതരാഷ്ട്രം സ്ഥാപിക്കുക. ജൂതര്‍ മാത്രം ഉറങ്ങുകയും ഉണരുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സ്വസ്ഥമായ ഒരു ഭൂമി. ഈ സ്വപ്നങ്ങളൊക്കെ അദ്ദേഹം ഒരു ഒരു പുസ്തകത്തില്‍ കുറിച്ചിട്ടു. ജൂതരാഷ്ട്രം എന്നാണ് അതിന്റെ തലവാചകം.
ഹെര്‍സലിന്റെ സ്വപ്നത്തിനു നിറം കൊടുക്കാന്‍ പലരും കൂട്ടുകൂടി. എല്ലായിടത്തും ജൂതന്മാര്‍ ആക്രമിക്കപ്പെടുന്നു എന്ന് അവര്‍ നിരന്തരം വിളിച്ചുപറഞ്ഞു. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ പെരുപ്പിച്ചുകാട്ടി. എല്ലാം ശരിയാണെന്നു കരുതി എല്ലാവരും കണ്ണീരൊഴുക്കി. ഫലസ്തീന്‍ മുറിച്ചുമാറ്റി വലിയൊരു കഷ്ണം ജൂതന്മാര്‍ക്ക് നല്‍കണമെന്നായി. യുഎന്നില്‍ മിക്ക രാഷ്ട്രങ്ങളും അതിനനുകൂലമായി ഒപ്പിട്ടു. ചെറിയൊരു കഷ്ണം അന്തേവാസികളായ, അറബികളായ പലസ്തീന്‍ ജനതയ്ക്ക്. ഇതാണ് തെമ്മാടി രാഷ്ട്രീയം. ലക്ഷ്യം ഇത്രയേയുള്ളൂ, ഫലസ്തീനെ ഭൂമിയില്‍ നിന്നും മായ്ച്ചു കളയണം. ഫലസ്തീന്റെ ഒരു തരിയും ബാക്കിയാക്കരുത്. അതിനുവേണ്ടി എത്ര തരം താഴാനും തയാറാണ്. ആരെയും വന്ദിക്കാനും നിന്ദിക്കാനും മടിയില്ല. ഇപ്പോള്‍ ഫലസ്തീന്‍ അകത്തേക്കകത്തേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇസ്‌റായീലിന്റെ അതിര്‍ത്തി വീര്‍ത്തുവീര്‍ത്ത് വരുന്നു. ഇതൊന്നും ആരും ചോദ്യം ചെയ്യാനില്ല. എല്ലാവര്‍ക്കും ജൂതഭൂത ബാധആണെന്ന് തോന്നുന്നു.
എന്നാലും ചിലരൊക്കെ ശബ്ദമുയര്‍ത്തി. യാസര്‍ അറഫാത്ത്, അഹ്മദ് യാസീന്‍, പി എല്‍ ഓ, ഹമാസ്, ഫതഹ്…. പക്ഷേ വലിയ മുടക്കങ്ങളുണ്ടാക്കാന്‍ ഈ ശബ്ദങ്ങള്‍ക്കു കഴിഞ്ഞില്ല. അപ്പുറത്ത് പെരുമ്പറ മുഴങ്ങുകയല്ലേ.
അല്ലാമാ ഇക്ബാലിന്റെ ഒരു ചോദ്യം മുഹമ്മദ് അസദ് ആവര്‍ത്തിക്കുന്നുണ്ട്. നമുക്കും അത് തന്നെ ചോദിക്കാം: 500 വര്‍ഷം ജൂതന്മാര്‍ വസിച്ചിരുന്നു എന്നു കരുതുന്ന പലസ്തീന്‍ ഭൂമിയില്‍ ഇപ്പോള്‍ നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു എങ്കില്‍ രണ്ടായിരത്തിലേറെക്കാലം മുസ്ലിംകള്‍ വസിച്ചിരുന്ന സ്‌പെയിന്‍ മുസ്ലിംകള്‍ക്ക് തിരിച്ചുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ.?

LEAVE A REPLY

Please enter your comment!
Please enter your name here