ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന

0
163


വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു.  ഏതൊരു കുട്ടിയുടെയും ജനനം മഹത്തായ അനുഗ്രഹമാണെന്നാണ് ഇസ്ലാം ലോകത്തോട് പഠിപ്പിച്ചു.സ്ത്രീകൾ ജോലി തേടുന്നത് ഇസ്ലാം വിലക്കുന്നില്ല.

ഇസ്ലാമിക സമൂഹത്തിൽ സ്ത്രീകൾ ചില പ്രത്യേകതസ്തികകൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനാൽ അദ്ധ്യാപനം, വൈദ്യം, നഴ്‌സിംഗ് തുടങ്ങിയ സുപ്രധാന തൊഴിലുകൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസവും പരിശീലനവും സ്ത്രീകൾക്ക് ആവശ്യമാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം കൂടാതെ, ഇസ്‌ലാമിൽ, പഠനം ഒരു അവകാശമാണെന്നതിലുപരി  അതൊരു കടമയും ഉത്തരവാദിത്തവുമാണ്.പ്രവാചകർ പറഞ്ഞു: “വിജ്ഞാനം തേടൽ മുസ്ലീമായ ആണിനും പെണ്ണിനും നിർബന്ധമാണ്” (ഇബ്നു മാജ) അറിവുള്ളവർക്ക് അല്ലാഹു ഉന്നതമായ പദവി നൽകുമെന്ന് പറയുന്ന ഖുർആൻ ഈ പ്രവാചക വചനം സ്ഥിരീകരിക്കുന്നുണ്ട്.
സ്ത്രീകൾക്ക് അനുവദനീയമായ വിദ്യാഭ്യാസ മേഖലകളോ നിരോധിത മേഖലകളോ വ്യക്തമാക്കുന്ന ഒരു വ്യവസ്ഥയും ഇസ്ലാമിക നിയമത്തിലില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും നിർബന്ധമായും പഠിക്കേണ്ട വിജ്ഞാന മേഖലകളിൽ മൗലികമായ ഇസ്ലാമിക വിശ്വാസങ്ങളും ആരാധനാക്രമങ്ങളും ധാർമ്മിക വിജ്ഞാനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ,മെഡിസിൻ, നഴ്സിംഗ്, ഹോം മാനേജ്മെന്റ്, ഹെൽത്ത് കെയർ, ചൈൽഡ് സൈക്കോളജി തുടങ്ങി സ്ത്രീകൾക്ക് പഠിക്കാൻ പ്രത്യേകമായി ശുപാർശ ചെയ്യപ്പെടുന്ന ചില മേഖലകളും ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ട്. കല, ഹ്യുമാനിറ്റീസ്, സയൻസ് എന്നിങ്ങനെയുള്ള മറ്റ് മേഖലകൾ പ്രയോജനപ്രദമാകുന്നിടത്തോളം കാലം പുരുഷന്മാർക്കും സ്ത്രീകൾക്കും  അനുവദനീയമായ പഠന മേഖലകളാണ്. 

 മാതാവിനോടുള്ള ദയ

സ്ത്രീസമൂഹത്തോട് ഭാര്യമാരോട് പ്രത്യേകിച്ചും പെരുമാറുന്ന കാര്യത്തിൽ, സ്ത്രീകളോടുള്ള സമത്വം എന്ന ആശയത്തിന് മുഹമ്മദ് നബി ഊന്നൽ നൽകിയിട്ടുണ്ട്. ഇസ്‌ലാമിലെ വിവാഹത്തിന് സമൂഹ  സാധുത അംഗീകരിക്കുന്നതിന് മുമ്പ് ഇരു കക്ഷികളുടെയും സമ്മതം ആവശ്യമാണ്. വിവാഹത്തെ ഇസ്‌ലാം ഒരു പങ്കാളിത്തമായാണ് കാണുന്നത്.  ഖുർആൻ വിവാഹത്തെ വിശേഷിപ്പിക്കുന്നത് അനിവാര്യമായ തിന്മയായിട്ടല്ല, മറിച്ച് ദൈവം മനുഷ്യർക്ക് നൽകുന്ന അനുഗ്രഹമായാണ്: അത് സമാധാനത്തിന്റെയും  പരസ്പര സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവിടമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മാതാപിതാക്കളോട്, പ്രത്യേകിച്ച് മാതാവിനോടുള്ള അനുകമ്പയും ദയയും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനുള്ള കൽപ്പനകൾക്ക് തൊട്ടുപിന്നാലെ ഖുർആൻ പരിഗണിക്കുന്നുണ്ട്.  ” മാതാവിന്റെ കാൽകക്കീഴിലാണ് സ്വർഗം” (അന്നസാഇ)എന്ന പ്രവാചകവചനം ഇതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. “അവനല്ലാതെ മറ്റാരെയും നിങ്ങൾ ആരാധിക്കരുതെന്നും നിങ്ങളുടെ മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിൻറെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു. അവരിലൊരാളോ  രണ്ടുപേരോ നിങ്ങളോടൊപ്പം വാർദ്ധക്യം പ്രാപിച്ചാൽ അവരോട് മോശം വാക്കുകൾ പറയുകയോ അവരെ ശകാരിക്കുകയോ ചെയ്യരുത്, അവരോട് മാന്യമായ വാക്ക് പറയുക” .(അൽ-ഇസ്രാഅ് 17:23)  “മനുഷ്യൻ  അവന്റെ മാതാപിതാക്കളോട്  നല്ല രീതിയിൽ പെരുമാറാൻ  നാം കൽപിച്ചിരിക്കുന്നു: പ്രസവവേദനയ്ക്ക് ശേഷം അവന്റെ അമ്മ അവനെ പ്രസവിച്ചു, രണ്ട് വർഷങ്ങളിൽ അവന്റെ മുലകുടി മാറ്റി:  “എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  എന്നിലേക്കാണ് (നിങ്ങളുടെ അവസാന) മടക്കം  (ലുഖ്മാൻ 31:34)”എന്ന് പരിശുദ്ധ ഖുർആൻ നമ്മോട് ഉണർത്തുന്നു. ഒരാൾ മുഹമ്മദ് നബിയുടെ അടുക്കൽ വന്ന് ചോദിച്ചു, “ജനങ്ങളിൽ  വെച്ച് ആരാണ് എന്റെ നല്ല സഹവാസത്തിന് ഏറ്റവും യോഗ്യൻ?”  പ്രവാചകൻ മറുപടി പറഞ്ഞു, “നിന്റെ മാതാവ് .”  ആ മനുഷ്യൻ വീണ്ടും  ചോദിച്ചു, “ആരാണ് അടുത്തത്?”  പ്രവാചകൻ പറഞ്ഞു: “നിന്റെ മാതാവ് .”  ആ മനുഷ്യൻ വീണ്ടും ചോദിച്ചു: “ആരാണ് അടുത്തത്?”  പ്രവാചകൻ വീണ്ടും പറഞ്ഞു: “നിന്റെ മാതാവ് .”  ശേഷം എന്നിട്ട് അതേ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “നിങ്ങളുടെ പിതാവ്” (അൽ-ബുഖാരി)എന്നായിരുന്നു റസൂൽ പ്രതവചിച്ചത്. ഈ ഹദീസ് ഒരാളുടെ ജീവിതത്തിൽ മാതാവിന്റെ മഹത്തായ പങ്കിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. മാതാപിതാക്കളോട്, പ്രത്യേകിച്ച് മാതാവിനോട് നന്മ കാണിക്കേണ്ടത് ഒരു മുസ്ലീമിന്റെ കടമയാണ്.

ഡ്രസ് കോഡ്
ഒരു മുസ്ലീം സ്ത്രീയുടെ വസ്ത്രധാരണത്തിന്റെയും പെരുമാറ്റത്തിന്റെയും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിക്കുന്നത് പുരുഷ ബന്ധുക്കളുടെയോ ഭർത്താവിന്റെയോ സമൂഹത്തിന്റെ സാമൂഹിക മാനദണ്ഡങ്ങളുടെയോ സമ്മർദ്ദത്തിൽ നിന്നല്ല, മറിച്ച് അല്ലാഹുവിനെ അനുസരിക്കാനും അവന്റെ തൃപ്തി സാമ്പാദിക്കാനുമുള്ള  യഥാർത്ഥവും ആത്മാർത്ഥവുമായ ആഗ്രഹത്തിൽ നിന്നാണ്.  വാസ്തവത്തിൽ, പല മുസ്ലീം സ്ത്രീകളും ഭർത്താക്കന്മാരുടെ എതിർപ്പ് അവഗണിച്ച് ഇസ്ലാമിക വസ്ത്രധാരണരീതി ധരിക്കുന്നുണ്ട്. കൂടാതെ, ഇസ്‌ലാമിക വസ്ത്രധാരണരീതി സ്ത്രീകളെ ഒരു പ്രത്യേക തരം വസ്ത്രം ധരിക്കാൻ പരിമിതപ്പെടുത്തുകയും എന്നാൽ പുരുഷന്മാർക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് പറയുന്നത് ശരിയല്ല. പുരുഷന്മാരും സ്ത്രീകളും അവരുടെ ശരീരത്തിന്റെ ചില നിർദ്ദിഷ്ട ഭാഗങ്ങൾ ഉചിതമായ രീതിയിൽ മറയ്ക്കേണ്ടതുണ്ട്. അത്തരത്തിലുള്ള മറയ്ക്കലിന് കൃത്യമായി എന്ത് വസ്ത്രമാണ് ധരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല.  ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് വ്യക്തിക്ക് വിട്ടുകൊടുക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

  മുസ്‌ലിം സ്ത്രീകൾ വീട്ടിൽ ഒതുങ്ങുന്നുവെന്ന ആരോപണം എതിർക്കപ്പെടേണ്ടതാണ്. സ്ത്രീ ആപേക്ഷികമായി ശാരീരികമായും മാനസികമായും ദുർബലതയുള്ളവരാണെന്നത് കൊണ്ട് തന്നെ അവൾ സദാ പുറത്തിറങ്ങി കഠിനമായജോലികൾ ചെയ്യുന്നതിന് പകരം വീട്ടിൽ തന്നെ സ്ഥിരമായി അവിടെയുള്ള ജോലികളിലും കാര്യങ്ങളിലും വ്യാപ്രതയാവാനാണ് ഇസ്‌ലാമിന്റെ നിർദ്ദേശം.അതേസമയം, അനിവാര്യമായ ഘട്ടങ്ങളിൽ അവൾ പുറത്ത് പോവുകയും അത്തരം കാര്യങ്ങളിൽ ഇടപെടുകയും ചെയ്യാൻ ഇസ്‌ലാം അനുവാദം നൽകുന്നുണ്ട്. ഖുർആനിലെ ഒരു വാക്യം തെറ്റായി മനസ്സിലാക്കിയതിൽ നിന്നാണ് ഈ വിഷയത്തിൽ തെറ്റിദ്ധാരണകൾ ഉടലെടുത്തത്. [അജ്ഞതയുടെ കാലത്തെപ്പോലെ നിങ്ങളുടെ വീടുകളിൽ തന്നെ നിങ്ങൾ  കഴിയുക, നിങ്ങൾ നിങ്ങളെത്തന്നേ ശല്യപ്പെടുത്തരുത്] (അൽ-അഹ്സാബ് 33:33) പ്രത്യേകിച്ച് പ്രവാചക പത്നിമാരെയും മറ്റെല്ലാ ഭക്ത സ്ത്രീകളെയും അഭിസംബോധന ചെയ്യുന്ന ഈ സൂക്തം, സ്ത്രീകൾക്ക് പുറത്ത് പോകാൻ മതിയായ കാരണമില്ലെങ്കിൽ വീട്ടിൽ തന്നെ തുടരാൻ ഉപദേശിക്കുന്നതാണ്.പ്രത്യേക ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നതിനേക്കാൾ വീടിനുള്ളിൽ തന്നെ തുടരുന്നതും അതുവഴി ഊഷ്മളവും സന്തുഷ്ടവുമായ ഒരു കുടുംബം ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന സാമൂഹിക നന്മയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

മുജ്തബ സി.ടി

LEAVE A REPLY

Please enter your comment!
Please enter your name here