ഇസ്ലാമിക സൂഫിസത്തിലെ പണ്ഡിത കേസരി

0
70

സയ്യിദ് അബുൽ ഹസൻ അലിയ്യുബ്നു അബ്ദില്ലാഹി ബ്നു അബ്ദിൽ ജബ്ബാറുശ്ശാദുലി (റ) ഹിജ്റ 593 ൽ ദുൽഹിജ്ജ 9 ന് ആഫ്രിക്കയിലെ സിബ്തക്കടുത്തുള്ള ഗുമാറയിൽ ജനിച്ചു. ബനൂസർവീൽ പ്രദേശത്താണ് വളർന്നത് പിതാവിന്റെ പരമ്പര ഹസൻ (റ)ലൂടെ തിരുനബിയിലെത്തുന്നു. ഹുജ്ജതുസ്സൂഫിയ്യ, അലമുൽ മുഹ്തദീൻ, ഉസ്താദുൽ അകാബിർ , ഖുതുബുസ്സമാൻ, മഅ്ദിനുൽ അൻവാർ എന്നീ സ്ഥാനപേരുകളിൽ മഹാൻ അറിയപ്പെടുന്നു. നാട്ടിൽ വെച്ച് തന്നെ ഖുർആനും ഹദീസും പഠിച്ചു. ശേഷം ഫാസ് പട്ടണത്തിലെ പ്രമുഖ സൂഫിയായിരുന്ന അബ്ദുള്ളാഹിബ്നു അബുൽ ഹസനു ബ്നു ഹറാസിം (റ) വിൽ നിന്ന് തസ്വവ്വുഫിൽ അവഗാഹം നേടി. ശേഷം ടുണീഷ്യയിൽ എത്തി മാലികി മദ്ഹബിൽ പ്രാവീണ്യം നേടി .

പിന്നീട് ഇറാഖിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തിയ ശേഷം ശൈഖ് സ്വാലിഹ് അബുൽ ഫത്ഹുൽ വാസ്വിത്വിയുടെ നിർദേശപ്രകാരം മൊറോക്കോയിലെ സയ്യിദ് അബൂ മുഹമ്മദ് അബ്ദുസ്സലാമുബ്നു മശീശ് (റ) ന്റെ ശിഷ്യത്വം സ്വീകരിച്ചു. പ്രസിദ്ധമായ സ്വാലാതുൽ മശീശിയ്യയുടെ രചയിതാവാണദ്ദേഹം. ശാദുലി (റ) പറയുന്നു: എനിക്ക് അല്ലാഹു ആത്മജ്ഞാനം നൽകുന്നത് വരെ അദ്ദേഹത്തിന്റെ കൂടെ വസിച്ചു.
ഇമാം ശാദുലി (റ) പറയുന്നു: ഇമാം മശീശിയുടെ മടിയിൽ ഒരു ചെറിയ കുട്ടിയെ ഞാൻ കണ്ടു. ആ സമയത്ത് ഇസ്മുൽ അഅ്ളമിനെ കുറിച്ച് ചോദിച്ചാലോ എന്ന് മനസ്സിൽ തോന്നി. ഉടനെ ആ കുട്ടി എഴുന്നേറ്റ് വന്ന് എന്റെ കഴുത്തിൽ അടിച്ച് പറഞ്ഞു: യാ അബൽ ഹസൻ , ഇസ്മുൽ അഅ്ളമിനെ പറ്റി ചോദിക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് ? നിങ്ങൾക്ക് തന്നെ അതിന്റെ സിറുകൾ മനസിലാക്കാവുന്ന പദവിയിലേക്ക് നിങ്ങൾ എത്തിയിരിക്കുന്നു. ഇത് കേട്ട ഇമാം മശീശി പുഞ്ചിരിക്കുകയും ശേഷം ഇങ്ങനെ പറയുകയും ചെയ്തു: “ഓ ..അലി, നിങ്ങൾ ആഫ്രിക്കയിലേക്ക് പോവുകയും അവിടെ ശാദില എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങൾക്ക് ശാദുലി എന്ന് പേര് വെച്ചിരിക്കുന്നു. പിന്നീട് നിങ്ങൾ ടുണീഷ്യ പട്ടണത്തിലെത്തും. അവിടുത്തെ രാജാവിൽ നിന്ന് പ്രയാസങ്ങൾ നേരിടേണ്ടിവരും. ശേഷം കിഴക്കൻ നാടുകളിൽ നിങ്ങളെത്തും അവിടെ ഖുത്‌ബായി നിങ്ങൾ വാഴും” . ഇത് കേട്ട ശാദുലി (റ) പറഞ്ഞു:
“അങ്ങ് എന്നോട് വസ്വിയ്യത്ത് ചെയ്യണം” മശീശി (റ) ന്റെ മറുപടി : “അല്ലാഹുവിനേയും ജനങ്ങളേയും സൂക്ഷിക്കുക . മറ്റുള്ളവരെ പറ്റി സംസാരിക്കുന്നതിൽ നിന്നും നാവിനെ തടുക്കുക. അവരിൽ നിന്ന് ലഭ്യമാകുന്ന ഭൗതിക സൗകര്യങ്ങളിൽ വീണുപോവാതിരിക്കുക. അവയവങ്ങളെ സൂക്ഷിക്കുകയും, ഫർളുകൾ വീട്ടുകയും ചെയ്യുക തീർച്ചയായും അല്ലാഹുവിന്റെ വിലായത്ത് നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ ഹയിൽ നിങ്ങൾക്ക് നിർബന്ധമായ കാര്യങ്ങളിൽ മാത്രമല്ലാതെ സൃഷ്ടികളെ നിങ്ങൾ ഓർക്കരുത്”

കറാമത്ത്
ഇമാം മശീശിയുടെ നിർദേശപ്രകാരം ശാദിലയിലേക്ക് പോകുന്ന വഴിയിൽ ഒരു വിറകുവിൽപ്പനക്കാരനെ കണ്ടുമുട്ടുന്നു. അയാളോടൊപ്പം യാത്ര തുടരുകയും കുറച്ചു ദൂരം പിന്നിട്ട ശേഷം മറന്നു പോയതെന്തോ വാങ്ങാൻ വേണ്ടി ആയാൾ തിരിച്ചു നടന്നു . കഴുതയെ കൊണ്ടുപോയില്ല .ആ സമയത്ത് അയാൾ ചിന്തിച്ചു .തന്റെ കൂടെയുള്ളത് ഒരപരിചിതനാണ് അയാൾ കഴുതയുമായി കടന്നു കളയുമോ? ഇത് ഇമാം ശാശുലി മനസിലാക്കുകയും അയാളെ വിളിച്ചു പറയുകയും ചെയ്തു:” കഴുതയുമായി ഞാൻ രക്ഷപ്പെടാതിരിക്കാൻ കഴുതയുമായി നിങ്ങൾ പോയി തിരിച്ചു വരൂ . ഞാൻ കാത്തിരിക്കാം”. തന്റെ ഉള്ളറിഞ്ഞ മഹാനവരുകളുടെ മഹത്വം മനസിലാക്കുകയും ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. ശേഷം അങ്ങാടിയിൽ പോയി തിരിച്ചു വരുകയും തന്റെ കഴുതപ്പുറത്ത് ഇമാം ശാദുലിയെ കയറ്റുകയും ചെയ്തു ഒരു മൈൽ മാത്രം സഞ്ചരിച്ചപ്പോഴേക്കും . ശൈഖവറുകൾ ഇറങ്ങി ഞങ്ങളപ്പോഴേക്കും സായിയയിൽ എത്തിയിരുന്നു . അവിടെ നിന്ന് നോക്കിയപ്പൊൾ ശാദില ഞാൻ കണ്ട് അത്ഭുതപ്പെട്ടു. ഇമാം ശാദുലി (റ) ന്റെ മഹത്വം മനസിലാക്കിയ വിറകുവെട്ടുകാരൻ തന്റെ ഭാരിദ്ര്യം ബോധ്യപ്പെടുത്തി. ശൈഖവറുകൾ അയാളുടെ അടുക്കലുള്ള അൽപം ബാർളി കൈയ്യിലെടുത്ത് പറഞ്ഞു ” ഇത് ഒരു പാത്രത്തിലിട്ടു അടച്ചു വെക്കുക .ആവശ്യം വരുമ്പോഴെല്ലാം അതിൽ നിന്ന് എടുത്തു കൊള്ളുക ഭാരിദ്ര്യം ഒരിക്കലും നിങ്ങളെ പ്രയാസത്തിലാക്കില്ല നിങ്ങൾക്കും നിങ്ങളുടെ സന്താന പരമ്പരയുടെയും ഐശ്വര്യത്തിനായി ഞാൻ ദുആ ചെയ്യാം” . പിന്നീട് അയാളുടെ സന്താന പരമ്പരയിൽ ഒരാളും ദരിദ്രനായിരുന്നില്ല !
മറ്റൊരിക്കൽ ശൈഖവറുകൾനല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചു സുഹ്ദിനെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സദസിലെ ഒരു ഫഖീർ ചിന്തിച്ചു. ഈ മുന്തിയ വസ്ത്രം ധരിച്ചയാൾ എങ്ങനെ സാഹിദാകും ? എങ്ങനെയാണ് സുഹ്ദിനെ പറ്റി സംസാരിക്കുക ? ഇത് മനസിലാക്കിയ ഇമാം ശാദുലി (റ) അദ്ദേഹത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പറഞ്ഞു.” നിങ്ങളുടെ ഈ വസ്ത്രം ദുൻയാവിൽ താൽപര്യം ഉണ്ടാക്കുന്ന വസ്ത്രമാണ്. കാരണം ഇത് ദാരിദ്ര്യം വിളിച്ചു പറയുന്ന വസ്ത്രമാണ്. എന്നാൽ എന്റെ വസ്ത്രം ഐശ്വര്യവും പരിശുദ്ധിയും വിളിച്ചു പറയുന്ന വസ്ത്രമാണ് ( ആളുകളെ കാണിക്കാൻ വേണ്ടി വസ്ത്രം ധരിക്കരുത് ധരിക്കുമ്പോൾ നിയ്യത്ത് നന്നാക്കണം) .ഇത് കേട്ട ഫഖീർ ഇമാമിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അല്ലാഹു തന്നെ സത്യം , ഞാനിത് മനസ്സിൽ വിചാരിച്ച കാര്യമായിരുന്നു. ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു.”
ശൈഖവർകൾ അദ്ദേഹത്തോട് നല്ല വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയും പ്രാർത്ഥന നടത്തിക്കൊടുക്കുകയും ചെയ്തു.

ശാദിലയിലെത്തിയ മഹാൻ കുറെ കാലം അവിടെ താമസിച്ചു. അബൂ മുഹമ്മദ് അബ്ദില്ലാഹിബ്നു സുലാമതുൽ ഹബീബി (റ) ഈ കാലഘട്ടത്തിലെ പ്രാധാന ശിഷ്യനാണ്. ശിഷ്യൻ പറയുന്നു: ഞങ്ങൾ രണ്ടു പേരും സഅ്ഫറാൻ പർവ്വതത്തിൽ ഇബാദത്തിൽ കഴിഞ്ഞിരുന്നു . അവിടെ അല്ലാഹു ഞങ്ങൾക്ക് ശുദ്ധമായ ഒരു അരുവി ഒഴുക്കിത്തന്നു . ഒരിക്കൽ പർവ്വതത്തിൽ വെച്ച് സൂറതുൽ അൻആം പാരായണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . എഴുപതാമത്തെ ആയത് എത്തിയപ്പോൾ (وان تعدل كل عدل لا يؤكد منها ജീവിതത്തിലെ വിനോദങ്ങളിൽ വഞ്ചിക്കപ്പെട്ടവർ അവരുടെ പ്രവർത്തന ഫലമായി നശിക്കും അവർക്ക് രക്ഷപ്പെടാൻ വേണ്ടി ശുപാർശകനെയോ സഹായിയേയോ ലഭിക്കുകയില്ല. അവരുടെ പ്രായശ്ചിത്തങ്ങൾ സ്വീകരിക്കുകയുമില്ല) മഹാനവറുകൾ വിറക്കുകയും അവർ ചായുന്ന ഭാഗത്തേക്ക് പർവ്വതം ചായാൻ തുടങ്ങുകയു ചെയ്തു. അവർ ശാന്തരായതോടെയാണ് പർവ്വതം അടങ്ങിയത്.
പിന്നീട് ടുണീഷ്യയിലെത്തി. അവിടുത്തെ ഖാളിയായ ഖാസിമുബ്നു ബറാഅ് അസൂയ കാരണം ഇമാമിനെതിരെ കുപ്രചരണങ്ങൾ ഉണ്ടാക്കുകയും . അയാൾ മഹാനാണെന്നും നബി കുടുംബമാണെന്നുമാണയാളുടെ വാദമെന്നും നിങ്ങൾക്കെതിരെ കുഴപ്പമുണ്ടാക്കാനാണ് അയാളെത്തിയതെന്നും രാജാവിനെ തെറ്റിദ്ധരിപ്പിച്ചു. വിവരമറിഞ്ഞ രാജാവ് ഇരുവരെയും വിളിക്കുകയും സംവാദം നടക്കുകയും ചെയ്തു. ഇമാം ശാദുലി (റ)യുടെ അറിവിനു മുന്നിൽ അവർ മുട്ടുമടക്കി .ടുണീഷ്യയിൽ നിന്ന് ഇസ്കന്ദറിലേക്ക് യാത്ര തിരിച്ചു അവിടെയും പ്രതിസന്ദികൾ നേരിട്ടു . ഇബ്നു ബറാഅ് അവിടുത്തെ രാജാവിന് കത്തെഴുതി ഇമാമവർകളെ ബുദ്ധി മുടിക്കാൻ ശ്രമിച്ചു. അതെല്ലാം മഹാൻ തരണം ചെയ്തു. ഇതിന്റെ പേരിൽ ഇബ്നുൽ ബറാഇന് ധാരാളം പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വന്നു. സ്വന്തം മകൻ മദ്യപാനിയും സംഗതജ്ഞനുമായി ജീവിച്ചു. സമൂഹത്തിൽ അപമാനിതനായി . വീണ്ടും ടുണീഷ്യയിലെത്തി. നബിസ്വയുടെ നിർദ്ദേശപ്രകാരം മിസ്റിലേക്ക് പോവുകയും ഖുത്വുബിന്റെ പദവിയിലെത്തുകയും ചെയ്തു.

ഇമാം തഖിയുദ്ധീൻ ഇബ്നു ദഖീഖുൽ ഈദ് (റ) പറയുന്നു:” ശൈഖ് അബുൽ ഹസൻ ശാദുലിയേക്കാൾ അല്ലാഹുവിനെ അറിഞ്ഞ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല”

അബുൽ അബ്ബാസുൽ മുർസി (റ) , അശ്ശൈഖ് ഇബ്ൻ ദഖീഖുൽ ഈദ് (റ) , ജമാലുദ്ധീൻ ഉസ്ഫൂർ (റ) , ഇബ്നുൽ ഹാജിബ് (റ) , ഇസ്സു ബ്നു അബ്ദിസ്സലാം (റ) തുടങ്ങി ധാരാളം ശിഷ്യ സമ്പത്തിനുടമയാണ് മഹാൻ.

വഫാത്ത്
ഹിജ്റ 656 ശവ്വാലിൽ ഹജ്ജ് യാത്രക്കിടെ മിസ്റിലെ ഹുമൈസറയിൽ വെച്ച് വഫാത്തായി. അവിടെ തന്നെ മറവ് ചെയ്യപ്പെട്ടു. 63 വയസ്സുണ്ടായിരുന്നു.

അവലംബം: അൽ മഫാഖിറുൽ അലിയ്യ

LEAVE A REPLY

Please enter your comment!
Please enter your name here