ഇമാം സുയൂത്വി

സഹൽ തോട്ടുപൊയിൽ

0
949

പത്താം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകനായാണ് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം സുയൂത്വി(റ) ലോകചരിത്രത്തിൽ വായിക്കപ്പെടുന്നത്. ഹിജ്റ 849 റജബ് മാസത്തിൽ ഈജിപ്തിലെ സുയൂത്വിലാണ് മഹാനവറുകളുടെ ജനനം. അതിലേക്ക് ചേർത്തിയാണ് സുയൂത്വി എന്ന പേരുവന്നത്. യഥാർത്ഥനാമം അബ്ദുറഹ്മാൻ എന്നാണ്. ജലാലുദ്ദീൻ, അബുൽ ഫള്ൽ എന്നീ സ്ഥാന പേരുകളിലാണ് മഹാൻ അറിയപ്പെട്ടിരുന്നത്.
അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു അബൂബക്കർ എന്നവരാണ് പിതാവ്. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടു. തുടർന്നങ്ങോട്ട് ത്യാഗോജ്ജലമായ ഒട്ടനേകം വഴികളിലൂടെ ഇമാമിന് നടന്നു പോകേണ്ടിവന്നു. എട്ട് വയസ്സാവുന്നതിനു മുമ്പേ വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഇമാം ഭാഷാ പഠനത്തിനും വലിയ പ്രാമുഖ്യം നൽകിയിരുന്നു.
ഇസ്ലാമിക ചരിത്രത്തിൽ രചന മേഖലയിൽ വലിയ സംഭാവന നൽകിയ മഹാനവർകൾ തൻറെ പതിനേഴാം വയസ്സിൽ തന്നെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. ശറഹുൽ ഇസ്തിആനത്തി വൽ ബസ്മല എന്ന പ്രഥമ ഗ്രന്ഥം ഉസ്താദുമാരുടെ പ്രശംസ പിടിച്ചു പറ്റാൻ ഇടയായി. തുടർന്നങ്ങോട്ടുള്ള മുന്നേറ്റത്തിന് ഇതൊരു പ്രചോദനം ആവുകയായിരുന്നു
ഏതെങ്കിലും ഒരു ഫന്നിൽ മാത്രം ഒതുങ്ങിക്കൂടാതിരുന്ന അപൂർവം പണ്ഡിതൻമാരിൽ ഒരാളായിരുന്നു മഹാനുഭാവൻ. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, സ്വർഫ്, നഹ് വ് ,അലങ്കാരശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, തുടങ്ങിയവയിലെല്ലാം അഗാധ പാണ്ഡിത്യം നേടിയിരുന്നു. അദ്ദുർറുൽ മൻസൂർ, അൽ ഇത്ഖാൻ, അൽ മിസ്ഹർ ഫില്ലുഗത്ത്, അൽ ജാമിഉ സ്വഗീർ, ലുബാബു നുഖൂൽ തുടങ്ങിയ ലോക പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇമാം സുയൂത്വി.
ഹിജ്റ 911 ജമാദുൽ അവ്വൽ 19ന് ഈ പണ്ഡിത പ്രഭു വഫാത്തായപ്പോൾ പ്രപഞ്ചത്തിന് നഷ്ടമായത് പ്രകാശിക്കുന്ന സൂര്യതേജസ്സിനെയായിരുന്നു. ആ പ്രകാശകിരണങ്ങൾ അറിവിൻ ഗോപുരങ്ങളായി ലോകത്തിന്നും വ്യാപിച്ചുകിടപ്പുണ്ട്. ഈജിപ്തിലെ ബാബു ഖുറാഫക്ക് പുറത്തുള്ള ഹൗശു ഖുർസ്വൂത്വിലാണ് മഹാൻ്റെ ഖബറിടം

LEAVE A REPLY

Please enter your comment!
Please enter your name here