ഇമാം ശാഫിഈ (റ)

ഹാഫിള് അബൂബക്കർ സിദ്ധീഖ് ടി.പി

0
1487

മദ്ഹബിന്റെ നാല് ഇമാമുമാരിൽ പ്രധാനിയാണ് ഇമാം ശാഫിഈ (റ).അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ എന്നാണ് പൂർണ്ണ നാമം. ബൈതുല്‍ മുഖദ്ദസില്‍ നിന്നും രണ്ട് മര്‍ഹല അകലെ സ്ഥിതിചെയ്യുന്ന ഫലസ്തീനിലെ ഗസ്സ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 റജബ് ഒടുവിലെ വെള്ളിയാഴ്ച്ച ഇമാം ശാഫിഈ(റ) ജനിക്കുന്നത്. മഹാനവര്‍കളുടെ മാതാപിതാക്കള്‍ അവിടെ കുടിയേറിയതായിരുന്നു.

കുടുംബം
ഇമാം ശാഫിഈ(റ)യുടെ പിതൃപരമ്പര
നബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിലും ഉമ്മയുടെ പിതൃ പരമ്പര അലി(റ)യിലും ചെന്നു ചേരുന്നു. അലി(റ)ന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഫാത്വിമ ബിന്‍തു അബ്ദില്ലയാണ് മാതാവ്.

ഇമാം ശാഫിഈ(റ) എല്ലാ ചരിത്ര രചയിതാക്കളുടെയും ഏകോപിത അഭിപ്രായമനുസരിച്ച് ഖുറൈശിയും മുത്തലിബിയുമാണ്.  മുഹമ്മദ് എന്ന് പേരുള്ള ഇമാം പിതാമഹന്‍മാരില്‍പ്പെട്ട ശാഫിഅ് എന്നവരിലേക്ക് ചേര്‍ത്തിയാണ് ശാഫിഈ എന്നറിയപ്പെടുന്നത്.

നബി(സ്വ) പറഞ്ഞു: “നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.അല്ലാഹുവേ നീ ഖുറൈശിന് സന്‍മാര്‍ഗ പ്രാപ്തി നല്‍കേണമേ, നിശ്ചയം അവരിലൊരു പണ്ഡിതന്‍ ഭൂവിഭാഗങ്ങളെ വിജ്ഞാനത്താല്‍ നിറക്കുന്നതാണ്. നിശ്ചയം ഒരു ഖുറൈശി പണ്ഡിതന്‍റെ വിജ്ഞാനം ഭൂതലമാകെ പരക്കുന്നതാണ്”.

ഈ ഹദീസുകളിലും സമാനമായ മറ്റു ഹദീസുകളിലും ഒരു ഖുറൈശീ പണ്ഡിതന്‍റെ ആഗമനത്തെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞത്, അത് ഇമാം ശാഫിഈ(റ) ആയിരുന്നുവെന്നാണ്. ദീനില്‍ പ്രധാനികള്‍, മഹാന്‍മാരായ സ്വഹാബിവര്യന്‍മാരാണ്. സ്വഹാബികളെ തുടര്‍ന്ന് വന്നവരില്‍ ഇമാം ശാഫിഈ(റ)ന് മുമ്പ് ഒരു ഖുറൈശി പണ്ഡിതനുണ്ടായിരുന്നില്ല. ശാഫിഈ ഇമാമിലുള്ള വിശേഷണങ്ങളൊത്ത ഒരാള്‍ ഇമാമവര്‍കള്‍ക്ക് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗാമികളും അല്ലാത്തവരും-ശാഫിഈ മദ്ഹബുകാരല്ലാത്ത പണ്ഡിതരടക്കം-ഹദീസിലെ പരാമർശം ഇമാം ശാഫിഈ(റ)ക്കുറിച്ചായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

പഠനാരംഭം
പിതാവ് ഇദ്രീസ്(റ)ന്‍റെ മരണാനന്തരം ഗസ്സയില്‍ നിന്നും അസ്ഖലാനിലെത്തിയെങ്കിലും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട ജീവിതം വിധവയായ ഫാത്വിമ(റ)ക്ക് പ്രയാസകരമായി. അതിനാൽ,മഹതി കുട്ടിയുമായി മക്കയിലേക്ക് വന്നു. ശാഫിഈ(റ)ക്ക് രണ്ടു വയസ്സായിരുന്നു അന്ന് പ്രായം. മക്കയില്‍ മിനാക്കടുത്ത ഖൈഫ് മലഞ്ചെരുവിൽ താമസമാക്കി

സമ്പാദ്യങ്ങളൊന്നുമില്ലാത്ത ഉമ്മക്ക് ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ ഗുരുവിന് ആദ്യമാദ്യം ശാഫിഈ(റ)യുടെ കാര്യത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ക്രമേണ ശിഷ്യന്‍റെ ധിഷണ അദ്ദേഹം മനസ്സിലാക്കുകയും മനോഭാവം മാറുകയും ചെയ്തു.

മനഃപാഠമാക്കുന്നതിലുള്ള ഇമാമിന്‍റെ കഴിവിലും ബുദ്ധിയിലും മതിപ്പ് തോന്നിയ ഗുരുവര്യര്‍ സന്തുഷ്ടനായി. അങ്ങനെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥിയും അതേസമയം ഗുരുവുമായിത്തീർന്നു . ഏഴ് വയസ്സായപ്പോള്‍ ഖുര്‍ആന്‍ പൂർണമായും മനഃപാഠമാക്കി.

വിജ്ഞാന സമ്പാദനത്തില്‍ അതീവ തല്‍പരനായിരുന്നു ഇമാം ശാഫിഈ(റ). ഇമാം ശാഫിഈ(റ) പറയാറുണ്ടായിരുന്നു “ഞാന്‍ കേള്‍ക്കാത്ത വല്ലതും പുതുതായി കേള്‍ക്കുമ്പോള്‍, എന്‍റെ അവയവങ്ങള്‍ക്കും ചെവികളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കും. അങ്ങനെയായാല്‍ എന്‍റെ രണ്ട് കാതുകള്‍ക്കുണ്ടാകുന്ന ആസ്വാദ്യത അവയ്ക്കും ലഭിക്കുമല്ലോ” എന്ന്. ഇത് ഇമാമവറുകളുടെ വിജ്ഞാന സമ്പാദനത്തോടുള്ള ആഗ്രഹത്തെയാണ് ദൃശ്യമാക്കുന്നത്.വിജ്ഞാന സമ്പാദനത്തിന് അമ്പെയ്ത്തിലും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിരുന്നു.

അറബി സാഹിത്യം

ഇമാം ശാഫിഈ(റ) അറബി സാഹിത്യത്തിൽ അഗാതമായ പാണ്ഡിത്യം നേടിയിരുന്നു. മതപരമായ വിജ്ഞാന സമ്പാദത്തിനിടയിലും നീണ്ട ഇരുപത് വര്‍ഷത്തോളം അറബ്ഗ്രാമങ്ങളില്‍ താമസിച്ച് അറബി പഠിച്ചു. അവരുടെ കവിതകളും ഭാഷാപ്രയോഗങ്ങളും വശത്താക്കി.

ഹുദൈല്‍ ഗോത്രത്തിന്‍റെ കവിത പൂര്‍ണമായും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. ഇറാഖിലെ സുപ്രസിദ്ധ ഭാഷാ പണ്ഡിതനും അറബ് കവിതകളുടെ ക്രോഡീകര്‍ത്താവുമായ അബൂസഈദില്‍ ഇസ്വ്മഈ അടക്കമുള്ളവര്‍ ഇമാം ശാഫിഈ(റ)ല്‍ നിന്നും അറബികളുടെ കവിത ശേഖരിച്ചിട്ടുണ്ട്.കൂഫയിലെയും ബഗ്ദാദിലെയും ഭാഷാ വ്യാകരണ പണ്ഡിതനേതാക്കളായ സഅ്ലബും മുബര്‍റദും ഇമാം ശാഫിഈ(റ)യുടെ ഭാഷയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “ഇമാം ശാഫിഈ(റ)യുടെ വാക്കുകള്‍ അറ ബി ഭാഷയില്‍ തെളിവാക്കാനര്‍ഹതയുള്ളതാകുന്നു. അദ്ദേഹം അറബി ഭാഷയുടെ ഒരു കൊട്ടാരമാണ്. അദ്ദേഹത്തില്‍ നിന്നും ഭാഷ പഠിക്കേണ്ടിയിരിക്കുന്നു. മറിച്ച് അദ്ദേഹത്തിനെതിരെ ഭാഷയെ കൂട്ടുപിടിക്കാനാവില്ല.”

ഇമാം ശാഫിഈ(റ) പ്രാഥമിക ഖുര്‍ആന്‍ പഠനത്തിനു ശേഷമുള്ള ആദ്യകാലത്ത് മതവിജ്ഞാന സമ്പാദനത്തിലേക്ക് പൂര്‍ണമായി ശ്രദ്ധ തിരിച്ചിരുന്നില്ല. അറബികവിതകള്‍ പാടുന്നതിനും അറബ് ജീവിതത്തിലെ പൂര്‍വകാല സമരചരിത്രം പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും സമയം ചിലവഴിച്ചു. ഇതില്‍ നിന്ന് ഇമാം ശാഫിഈ(റ) ഫിഖ്ഹ് പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിന് പ്രേരകമായ ചില സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടു കാണാം.

അദ്ദേഹം പത്താം വയസ്സില്‍ ഇമാം മാലിക്ക്(റ)വിന്‍റെ മുവത്വ ഹൃദിസ്ഥമാക്കി. ഇത് ഇമാം മാലിക്കി(റ)നെ കണ്ട് ശിഷ്യത്വം സ്വീകരിക്കുന്നതിനും മുമ്പായിരുന്നു.

*വിജ്ഞാന സമ്പാദനവും പകർന്ന് നൽകലും*
മക്കയിലെ പഠനം തുടര്‍ന്നു കൊണ്ടിരിക്കെയാണ് മദീനയില്‍ ചെന്ന് ഇമാം മാലിക്(റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. മുവത്വ മനഃപാഠമുണ്ടായിരുന്നെങ്കിലും ഇമാം മാലിക്(റ)യെ സമീപിക്കുമ്പോള്‍ അത് നല്ല നിലയില്‍ തന്നെ മാനഃപാഠമായിട്ടുണ്ടെന്നുറപ്പ് വരുത്താന്‍ മഹാന്‍ തീരുമാനിച്ചു. ഒരു മുവത്വ സംഘടിപ്പിച്ച് മനഃപാഠത്തിന് കൃത്യത വരുത്തി. നേരത്തെ ഒമ്പത്ദിവസം കൊണ്ടാണ് മഹാൻ മുവത്വ മനഃപാഠമാക്കിയിരുന്നത്.

പതിനഞ്ച് വയസ്സായപ്പോള്‍ ഫത്വ നല്‍കാനുള്ള യോഗ്യത നേടുകയും ഉസ്താദ് മുസ്‌ലിമുബ്നു ഖാലിദുസ്സന്‍ജി(റ) ,ഫത്വക്കനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മദീനയില്‍ നിന്നു മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

തുടർന്ന്,ബാഗ്ദാദിലെത്തിയ മഹാനവര്‍കള്‍ അവിടത്തെ വാസം വിജ്ഞാനസമ്പാദനത്തിനായി ഉപയോഗപ്പെടുത്തി. ഹാറൂന്‍ റഷീദിന്‍റെ ദര്‍ബാറിലെ സുപ്രസിദ്ധ ഹനഫീ പണ്ഡിതന്‍ മുഹമ്മദുബ്നുല്‍ ഹസനിൽ നിന്നും മറ്റുള്ള പണ്ഡിതന്മാരിൽ നിന്നും ധാരാളം ഹദീസുകളും ഫിഖ്ഹ്വിജ്ഞാനങ്ങളും നേടി. പണ്ഡിതരുമായി സംവദിച്ചും ചര്‍ച്ച ചെയ്തും തന്‍റെ വിജ്ഞാന ഭണ്ഡാരം കൂടുതല്‍ സമ്പന്നമാക്കി.

മക്കയില്‍ തിരിച്ചെത്തിയ ഇമാം ശാഫിഈ(റ)ക്ക് വിശ്രമമില്ലാത്ത നാളുകളായിയിരുന്നു. ഹിജ്റ 195-ല്‍ ഇറാഖിലേക്കുള്ള രണ്ടാം യാത്രവരെയുള്ള നീണ്ടകാലയളവ് വൈജ്ഞാനിക സേവനത്തിലും ക്രോഡീകരണത്തിലും വിനിയോഗിച്ചു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) ഇമാം ശാഫിഈ(റ)യുടെ ശിഷ്യത്വം സ്വീകരിക്കുന്നത് ഇക്കാലത്താണ്.

വിജ്ഞാന സമ്പാദനത്തിനും വിതരണത്തിനും ഉന്നത ശീർഷകങ്ങളെ നേരില്‍ സന്ധിക്കുന്നതിനുമായി നടത്തിയ യാത്രകള്‍ ത്യാഗോജ്ജ്വലമായിരുന്നു. എത്തിയ സ്ഥലങ്ങളിലെല്ലാം പണ്ഡിതന്മാരെ കണ്ടെത്തി ശിഷ്യത്വവും അംഗീകാരവും നേടുക പതിവായിരുന്നു. എല്ലാ സ്ഥലത്തും അദ്ദേഹത്തിന്‍റെ ദര്‍സുകള്‍ ശ്രവിക്കാനും ധാരാളം വിജ്ഞാനകുതുകികളെത്തി.

ഇമാമുദാറില്‍ ഹിജ്റ ഇമാം മാലിക്(റ), മുസ്‌ലിമുസ്സിന്‍ജി, സുഫ്യാനുബ്നു ഉയൈയ്ന, മുഹമ്മദ്ബ്നു ഹസന്‍(റ) തുടങ്ങിയവർ ശാഫിഈ ഇമാമിന്റെ പ്രധാനപ്പെട്ട ഗുരുനാഥന്മാരായിരുന്നു.

തന്റെ ജീവിത യാത്രക്കിടയിൽ ഹിജ്റ 204ൽ മഹാനവറുകൾ ഈ ലോകത്തോട് വിട പറഞ്ഞു. വഫാത്താകുമ്പോൾ 54 വയസ്സായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here