ഇമാം മുസ്‌ലിം (റ)

ഹാഫിള് അബൂബക്കർ സിദ്ധീഖ് ടി.പി

0
1208

ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിൽ ഹിജ്റ 206 ലാണ് (ക്രിസ്തു വർഷം: 821) ഇമാം മുസ്ലിം (റ) ജനിക്കുന്നത്.ഇമാം അബുല്‍ ഹുസൈന്‍ മുസ്ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി എന്നാണ് പൂർണ നാമം.ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് അദ്ദേഹം.

വിജ്ഞാനദാഹിയായിരുന്ന പിതാവിന്‍റെ വഴിയേ ചെറുപ്പത്തില്‍ തന്നെ മുസ്ലിം ഇമാമും പണ്ഡിതസദസ്സുകളിലും വൈജ്ഞാനിക ചര്‍ച്ചകളിലും താല്‍പര്യം കണ്ടെത്തി.പതിനാല് വയസ്സായപ്പോഴേക്കും ഹദീസ് മേഖലയിലെ പ്രസിദ്ധരായ അഹ്മദ് ബിന്‍ ഹന്‍ബല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, അബൂ ബക്ര്‍ ബിന്‍ അബീ ശൈബ, ഇമാം അബൂ ഖുസൈമ, യഹ് യ ബ്നു യഹ്യന്നൈസാബൂരി, മുഹമ്മദ് ബിന്‍ മുസ്നി തുടങ്ങിയവരില്‍ നിന്നും പതിനായിരത്തോളം തിരുവാക്യങ്ങള്‍ ഹൃദിസ്ഥമാക്കി.

അദ്ദേഹം തന്റെ യൗവ്വനം മുഴുവൻ, ഗുരുനാഥരെ തേടിയുള്ള യാത്രയിലായിരുന്നു. ഹദീസ് ശേഖരണം മുഖ്യ അജണ്ടയാക്കിയ ഈ പഠന പര്യടനങ്ങളില്‍ ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങള്‍ സഞ്ചരിച്ച അദ്ദേഹം ഹദീസ് ശേഖരണാര്‍ഥം അനവധി ഗുരുവര്യരെ തേടിപ്പിടിക്കുകയും അവരില്‍ നിന്നുമായി വിവിധ വിഷയങ്ങളിലുള്ള ഹദീസുകള്‍ സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച ഈ രിഹ്ലലകൾക്ക് ശേഷം തന്‍റെ സ്വദേശമായ നൈസാപൂരില്‍ സ്ഥിരതാമസമാക്കിയവസരത്തിലാണ് ഇമാം ബുഖാരിയുമായി സംഗമിക്കുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അധ്യാപനത്തിലും രചനയിലുമായി ശിഷ്ടജീവിതം ചെലവഴിച്ച മുസ്ലിം ഇമാമിന്‍റെ സംഭാവനകള്‍ കാലാതീതമായി മാറിയതില്‍ ബുഖാരി ഇമാമിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു.

സത്യസന്ധത, നീതിനിഷ്ഠ, സ്വഭാവശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്‍പരത, കുശാഗ്രബുദ്ധി, ചരിത്രപാടവം, അന്വേഷണോൽമുഖത തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഇമാം മുസ്ലിമിന്‍റെ ജീവിതത്തിൽ ദൃശ്യമായിരുന്നു.രചനയിലും ക്രോഡീകരണത്തിലും ഗഹന ഭാവം വെച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ പതിനഞ്ചു വർഷത്തെ ഗദീസ് ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു സ്വഹീഹ് മുസ്ലിം എന്ന വിശ്വവിഖ്യാത ഹദീസ് ഗ്രത്ഥം. സ്വഹീഹുല്‍ ബുഖാരിക്കു ശേഷം വിശ്വാസ്യതയിലും പ്രാബല്യത്തിലും തൊട്ടടുത്തു നില്‍ക്കുന്ന അല്‍ജാമിഉല്‍ മുസ്നദുസ്വഹീഹ് എന്നു പൂര്‍ണനാമമുള്ള ഈ വിശുദ്ധ ഗ്രന്ഥത്തിൽ മൂന്നു ലക്ഷം ഹദീസുകളില്‍ നിന്ന് കടഞ്ഞെടുത്ത അമൂല്യങ്ങളായ ഹദീസുകളാണുള്ളത്.

സമര്‍ഥരായ ഹദീസ്ജ്ഞാനികള്‍ സൂക്ഷ്മ നിരീക്ഷണം നടത്തി, സ്വഹീഹാണെന്ന് ഉറപ്പുവരുത്തിയവ മാത്രമേ താന്‍ ഇതിലുള്‍പെടുത്തിയിട്ടുള്ളൂവെന്നും വ്യക്തമായ ധാരണ കൂടാതെ ഒന്നും ചേര്‍ത്തിട്ടില്ലെന്നും രചന പൂര്‍ത്തിയായ ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി. ആധികാരികതയിലും വിശ്വാസ്യതയിലും നിസ്തര്‍ക്കം പരിഗണിക്കപ്പെടുന്ന ബുഖാരി, മുസ്ലിം ഇമാമുമാരൊന്നിച്ച് അംഗീകരിച്ച ഹദീസുകളെ മുത്തഫഖുന്‍ അലൈഹി (ഇരുവരും യോജിച്ചത്) എന്ന പേരില്‍ ആധികാരിക സ്ഥാനമലങ്കരിക്കുന്നവയാണ്.

ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം ബുഖാരിയില്‍ നിന്നും വ്യത്യസ്മായ പുതിയൊരു കാഴ്ചപ്പാടു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളും പുനരാവിഷ്കരിച്ചു കൊണ്ടാണിത് വികസിപ്പിച്ചെടുത്തത്. പരസ്പരം കണ്ടുവെന്ന് ചരിത്രം വാസ്തവീകരിച്ചവരില്‍ നിന്ന് മാത്രം ഹദീസ് സ്വീകരിക്കുന്ന ഗുരുവിന്‍റെ ശൈലിയോടുള്ള വിയോജിപ്പ് തുറന്ന്ന്ന് പറഞ്ഞ് കൊണ്ട് സമകാലികരില്‍ നിന്നതാവുന്നതില്‍ വിരോധമില്ലെന്നദ്ദേഹം വിശകലനം ചെയ്തു.

ഒരുപാട് വ്യഖ്യാനങ്ങളുള്ള (ശറഹ്) സ്വഹീഹ് മുസ്ലിമിന് ഇമാം നവവിയുടെ അല്‍ മിന്‍ഹാജ് ഫീ ശറഹ് മുസ്ലിമാണ് പ്രഥമ സ്ഥാഥാനീയൻ.ഹദീസ് ഗ്രന്ഥരചയിതാക്കളായ ഇമാം തിര്‍മിദി, ഇബ്നു അബിഹാതിമുറാസി, ഇബ്നു ഖുസൈമ എന്നിവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തില്‍ പ്രമുഖരാണ്. സ്വഹീഹ് മുസ്ലിമിനു പുറമെ അല്‍ മുസ്നദുല്‍ കബീര്‍, കിതാബുല്‍ അസ്മാഅ്, ഔഹാമുല്‍ മുഹദ്ദിസീന്‍, കിതാബുല്‍ അഖ്റാന്‍, കിതാബുല്‍ അഫ്റാദ് തുടങ്ങി ഇരുപത്തഞ്ചോളം ഗഹനമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹദീസിനു പുറമെ ചരിത്രത്തിലും അഗാധ ജ്ഞാനിയായിരുന്നു അദ്ദേഹം. ഹിജ്റ 261 (ക്രി.വ: 874) റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞു. നൈസാപൂരിൽ തന്നെയാണ് അദ്ദേഹത്തിന്‍റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here