ഇമാം നവവി അറിവിനെ ആയുധമാക്കിയ അനുപമ വ്യക്തിത്വം

0
59

മിദ്‌ലാജ് സി കെ പരുത്തിക്കോട്


ശാഫിഈ മദ്ഹബിന് തുല്യതയില്ലാത്ത സംഭാവന നല്കിയവരാണ് യഹിയ ബ്ന് ശറഫുന്നവവി (റ). നാല്പത്തിഅഞ്ചു വർഷത്തെ ചെറിയ ജീവിതം കൊണ്ട് വൈജ്ഞാനിക ലോകത്ത് തൻറെ നാമത്തെ അനശ്വരമാക്കി.ലളിതമായ ഭാഷയിൽ പത്തിലധികം കിതാബുകൾ ശാഫി ഫിഖ്ഹിൽ അറിവന്വേഷകർക്കായി അവർ സമർപ്പിച്ചിട്ടുണ്ട്. ഹിജ്റ 631ൽ സിറിയയിലെ നവ എന്ന പ്രദേശത്ത് ജനിച്ചു. ഷറഫ് ബ്നു മുറി ആണ് പിതാവ്. കച്ചവടക്കാരനായ പിതാവിനെ സഹായിക്കുന്നതിനിടയിലും ഇമാം ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് എന്ന് സഖാവി (റ) രേഖപ്പെടുത്തുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ തൻറെ ജീവിതത്തിൽ ധാരാളം അസാധാരണ സംഭവങ്ങൾ ഉണ്ടായി.ഏഴാം വയസ്സിൽ പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന നവവി (റ) അർദ്ധരാത്രിയിൽ പിതാവിനെ വിളിച്ചുണർത്തി ചോദിച്ചു. എന്താണ് വീട്ടിൽ ഇത്ര പ്രകാശം..വീട്ടുകാരെയെല്ലാം വിളിച്ചുണർത്തി കുട്ടി കാണിച്ചു കൊടുത്തെങ്കിലും അവരാരും പ്രകാശം കണ്ടില്ല . റമളാൻ ഇരുപത്തിയേഴാം രാവിൽ ആയിരുന്നു ഈ സംഭവം . പിതാവ് പറയുന്നു ലൈലത്തുൽ ഖദ്റിന്റെ പ്രകാശമാണ് മകൻ കണ്ടത്. കുഞ്ഞുനാളിൽ തന്നെ അനാവശ്യ കൂട്ടു കൂടലും കളികളും വെടിഞ്ഞു ഖുർആൻ പാരായണത്തിൽ വ്യാപൃതനായി. പ്രമുഖ പണ്ഡിതൻ യാസീന് ബിനു യൂസഫ് മറാക്കിശി (റ) പറയുന്നു.കളിക്കാൻ വേണ്ടി ക്ഷണിച്ച കൂട്ടുകാരിൽ നിന്നു രക്ഷപ്പെട്ട ഒരു ബാലൻ എൻറെ ശ്രദ്ധയിൽപ്പെട്ടു.കൂട്ടുകാർ നിർബന്ധിച്ചപ്പോൾ സമയം നഷ്ടമാകുമെന്ന് പറഞ്ഞ് ഖുർആൻ ഓതി അവിടം വിട്ടു ഓടുന്ന ആ ബാലൻ എന്നിൽ ആശ്ചര്യം ഉണ്ടാക്കി. ഞാൻ കുട്ടിയുടെ ഉസ്താദിനെ കണ്ടെത്തി പറഞ്ഞു. ഈ കുട്ടി വലിയ പണ്ഡിതനും പരിത്യാഗി യും ആകും. മാത്രമല്ല ഈ ഉമ്മത്തിന് തുല്യതയില്ലാത്ത സംഭാവനകൾ നൽകും. ഗുരു ചോദിച്ചു നിങ്ങൾ ജോത്സ്യനാണോ. അദ്ദേഹം പറഞ്ഞു അല്ല അല്ലാഹു എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ്. ശേഷം ശൈഖ് പിതാവിൻറെ അടുത്തെത്തി കുട്ടിയെ അറിവ് പഠിപ്പിക്കാൻ ഉപദേശിച്ചു. പത്തൊമ്പതാം വയസ്സിൽ നവവി ഇമാമിനെ പിതാവ് മദ്രസത്തുൽ റവാഹിയയിൽ ചേർത്തു. രണ്ടുവർഷം നീണ്ട പഠനത്തിൽ അബൂ ഇസ്ഹാഖ് ശീറാസി (റ) യുടെ തൻബീഹും മുഹദ്ധബിലെ നാലിൽ ഒരു ഭാഗവും ഹൃദിസ്ഥമാക്കി.അവിടെ നിന്ന് ലഭിക്കുന്ന ഭക്ഷണം മാത്രം കഴിച്ച ഇമാം ഒരിക്കൽപോലും കിടന്നു ഉറങ്ങിയിട്ടില്ല. ഉറക്കം ഗ്രന്ഥപാരായണത്തിനിടെ ഇരുന്നു കൊണ്ട് മാത്രം. സമയത്തിൻറെ മൂല്യത്തെ തിരിച്ചറിഞ്ഞ നവവി ഇമാം ഒരു ദിവസത്തിലെ പ്രധാന സമയത്തെ അധ്യാപനം, രചന, നന്മ കൽപ്പിക്കൽ, നിസ്കാരം എന്നിങ്ങനെ നാലായി ഭാഗിച്ചു. ഒരു ദിവസം ഒരു തവണ മാത്രം ഭക്ഷണം കഴിച്ചു. ഉറക്കത്തെ വിളിച്ചുവരുത്തുന്ന വിഭവങ്ങളെ അവഗണിച്ചു. ഒരിക്കൽ തൻറെ പ്രധാന ശിഷ്യൻ ഭക്ഷിക്കാനായി തോൽ ചെത്തി കഷ്ണമാക്കിയ കക്കരി നൽകി.അത് നിരസിച്ചുകൊണ്ട് ഇമാം പറഞ്ഞു അതിൻറെ നനവ് വയറ്റിൽ എത്തുമ്പോൾ ഉറക്കം വരുമോ എന്ന് ഞാൻ ഭയക്കുന്നു. ഇമാം നവവി (റ) തന്നെ ഒരിക്കൽ പറഞ്ഞു അല്ലാഹു എനിക്ക് സമയം വിശാലമാക്കി തന്നു. ഞാൻ വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു.അങ്ങനെ ഇബ്നുസീനയുടെ ഖാനൂൻ പഠിക്കാൻ ശ്രമിക്കവേ ഹൃദയത്തിന് ഇരുൾ ബാധിച്ചു. കുറച്ചുദിവസം പഠനത്തിൽ തീരെ ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. ഞാൻ ഒരുപാട് സമയം ചിന്തിച്ചു. അപ്പോൾ അല്ലാഹു എനിക്ക് തോന്നിപ്പിച്ചു ഖാനൂന് പഠിപ്പിച്ചത് കൊണ്ടാണ് ഈ അവസ്ഥ സംജാതമായത്. തന്മൂലം ആ കിതാബും അതുമായി ബന്ധപ്പെട്ടവയും ഞാൻ വിറ്റു. അങ്ങനെ എൻറെ ഹൃദയം പ്രകാശിച്ചു. ഇമാം നവവി (റ)യുടെ അറിവിൻറെ ആഴം അവിതർക്കിതമാണ്.ഒരിക്കൽ നവവി (റ) ഇമാം ഗസാലി (റ)യുടെ വസീതിലെ ഒരു വാചകം ഉദ്ധരിച്ചപ്പോൾ ഒരാൾ അതിൽ സംശയം പ്രകടിപ്പിച്ച് പ്രതികരിച്ചു. അപ്പോൾ നവവി ഇമാം പറഞ്ഞു 400 തവണ ഞാനത് വായിച്ചിട്ടുണ്ട് എന്നോടാണോ തർക്കിക്കുന്നത്. സമകാലികര്‍ക്കിടയിലും പിൽക്കാലത്ത് ഉള്ളവർക്ക് ഇടയിലും നവവി ഇമാമിന് അതുല്യമായ ആദരവ് ലഭിച്ചു. താജുദ്ദീൻ സുബ്‌കി (റ) പറയുന്നു. തൻറെ പിതാവ് തക്‌യുദ്ധീൻ സുബ്‌കി(റ) ഒരിക്കൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധൻ നടക്കുന്നതായി കണ്ടു. സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു ഞാൻ നവവി ഇമാമിനെ കണ്ടിട്ടുണ്ട്. പെട്ടെന്ന് പിതാവ് വാഹനത്തിൽ നിന്നിറങ്ങി വൃദ്ധന്റെ കൈ ചുംബിച്ചു. ദുആ വസിയത് ചെയ്തു. അദ്ദേഹത്തെ വാഹനത്തിൽ കയറ്റി പറഞ്ഞു ഇമാം നവവി(റ) യെ കണ്ടവർ നടക്കുകയോ…16 വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ അലാഉദ്ദീൻ ബിനു അത്താർ (റ) അബുൽ അബ്ബാസ് ഇബ്നു ഫർഹ്‌ (റ) ശംസുദ്ദീൻ ഇബ്നു നഖീദ് (റ) തുടങ്ങി പ്രമുഖരായ നിരവധി ശിഷ്യരെ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. ആരും ഇല്ലാത്തവർക്ക് കൂട്ടാകുവാനും രോഗ സന്ദർശനത്തിനും ഇമാം നവവി (റ) സമയം കണ്ടെത്തി.ഒരിക്കൽ വലിയുദ്ധീൻ അബുൽഹസൻ എന്നിവർ രോഗിയായപ്പോൾ ഇമാം സന്ദർശിച്ചുകൊണ്ട് ക്ഷമയെ കുറിച്ചു ഒരുപാട് നേരം സംസാരിച്ചു. അബുൽ ഹസൻ പറയുന്നു.ഇമാം ഓരോതവണ സംസാരിക്കുമ്പോഴും വേദന കുറഞ്ഞു വന്നു. അവസാനം രോഗം പൂർണമായും സുഖമായി. ഇമാം നവവി(റ) യുടെ ബറകത്താണിതെന്ന്എനിക്ക് ബോധ്യപ്പെട്ടു.
*ഇമാം നവവി(റ)യുടെ രചനാലോകം* ഇമാം നവവി രചിച്ച കനപ്പെട്ട ഗ്രന്ഥങ്ങളാണ് ആണ് അവരെ പണ്ഡിത ലോകത്ത് അനശ്വരനാക്കിയത്. നൂറിലധികം വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ട മിന്ഹാജു ത്വാലിബീൻ അടക്കം നിരവധി കിതാബുകൾ ചെറിയ ജീവിതത്തിനിടെ എഴുതിയിട്ടുണ്ട്. ശാഫിഈ ഫിഖ്ഹിലെ അവസാനവാക്കായ തുഹ്‌ഫയും നിഹായയും ജലാലുദ്ദീൻ മഹല്ലി (റ)രചിച്ച കൻസുറാഗിബീൻ, ഖത്തീബ് ശിർബീനി (റ)രചിച്ച മു ഗ്‌നിൽ മുഹ്‌താജ്, കമാലുദ്ദീൻ ദമീരി (റ) രചിച്ച നജ്മുൽ വഹ്ഹാജും മിന്ഹാജിന്റെ പ്രധാന വ്യാഖ്യാനങ്ങളാണ്.കൂടാതെ അൽവഹഹാജ് ഫി ഇഖ്തിസാരിൽ മിൻഹാജ് എന്ന പേരിൽ അബൂഹയ്യാൻ (റ), മൻഹജു ത്വുല്ലാബ് എന്ന പേരിൽ സകരിയ്യല്‌ അൻസാരി (റ) വും മിൻഹാജിനെ ചുരുക്കിയുട്ടുണ്ട്. പിന്നീട് മൻഹജ് ത്വുല്ലാബിനെ ചുരുക്കി അല്ലാമ ജൗഹരി (റ) നഹ്ജു ത്വുല്ലാബ് എന്ന കിത്താബ് രചിച്ചു. കിതാബിന്റെ ചുരുക്കം പേരിലും കാണുന്നത് ഇവയുടെ മാറ്റ് കൂട്ടുന്നു. ഉമാം റാഫിഈ (റ) രചിച്ച ശറഹുൽ കബീറിന്റെ സംക്ഷിപ്തമായ റൗളതുത്വാലിബീൻ വ ഉംദത്തുൽത്തുൽ മുഫ്തീൻ അറിവന്വേഷിക്കുന്നവർക്കിടയിൽ പ്രസിദ്ധമാണ്. ഹിജ്റ അറന്നൂറ്റി അറുപത്തി ആർ റമളാനിൽ ആരംഭിച്ച് അറന്നൂറ്റി അറുപത്തി ഒമ്പത് റബീഉൽ അവ്വൽ ഇരുപത്തിയഞ്ച് ന് പൂർത്തിയായ പ്രസ്തുത ഗ്രന്ഥ ത്തിന് നിരവധി അനുബന്ധ രചനകൾ നിർവഹിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുൽ മുഖ് രി (റ) രചിച്ച റൗള് ത്വാലിബ്‌ പ്രധാന സംക്ഷിപ്തമാണ് . റൗള യുമായി ബന്ധപ്പെട്ട് താഹ്ദീബുൽഅസ്മാഇ വല്ലുഗാത് എന്ന ഗ്രന്ഥം നവവിഇമാം തന്നെ രചിച്ചിട്ടുണ്ട്. ഗ്രന്ഥരചന സാമ്പത്തികമായും ശാരീരികമായും ക്ലേശം നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെറിയ വിലക്ക് ഉപയോഗിച്ച പഴയ പേപ്പറുകൾ ഉപയോഗപ്പെടുത്തി . റൂം ഇരുട്ടായതിനാൽ ഉമ്മറപ്പടിയിൽ വെച്ചായിരുന്നു തൻറെ റൗള രചിച്ചിരുന്നത്. റൂമിന്റെ വാതിൽ അടയാൻ തുടങ്ങിയപ്പോൾ അരികിലുണ്ടായിരുന്ന കത്തിയെടുത്ത് മുനയുള്ള ഭാഗം തൻറെ മുട്ടി ലേക്കും മറുഭാഗം വാതിലിലും വെച്ച് രചന പൂർത്തിയാക്കി.അവസാനം ശരീരത്തിൽ നിന്ന് രക്തം വാർന്ന്പ്പോൾ ഒരാൾ ചോദിച്ചു എന്തിനാണ് ഇത്രയും പ്രയാസം സഹിക്കുന്നത്. നവവി ഇമാം പറഞ്ഞു. മൂല ഗ്രന്ഥത്തെ വഖഫ് ചെയ്ത വ്യക്തി അതിനെ പുറത്തേക്ക് കൊണ്ടുപോകൽ വിലക്കിയിട്ടുണ്ട്.അകത്ത് ഇരുട്ടാണ് കത്തിയുടെ മുനയുള്ള ഭാഗം വാതിലിന് നേരെ വച്ചാൽ വാതിലിനു കേടുപാട് സംഭവിക്കും അതുകൊണ്ടാണ് ഈ ശ്രമകരമായ കാര്യം ചെയ്തത്. ഇമാം മുസ്ലിമി(റ)ൻറെ സ്വഹീഹിന് എഴുതിയ ശറഹും അബു ഇസ്ഹാഖ് ശീറാസി (റ) വിന്റെ മുഹദ്ദബിന് എഴുതിയ ശറഹും (മജ്മൂഅ) പണ്ഡിത ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. മജ്മൂഅ പൂർത്തീകരിച്ചിട്ടില്ല. ബാബുൽ ഹയ്ള് എത്തിയപ്പോൾ അവർ വഫാത്തായി.തനിക്കിത് പൂർത്തീകരിക്കാൻ ആകില്ല എന്ന് പല വരികളിലും ഇമാം സൂചന നൽകുന്നുണ്ട്. രണ്ട് സാദൃശ്യമുള്ള മസ്അലകൾ ഒരുമിച്ചു പറഞ്ഞതിനുശേഷം പറയും ഇതിൻറെ യഥാർത്ഥ സ്ഥലത്ത് എത്താൻ കഴിയില്ല. റുകൂഇലേക്ക് പോകുമ്പോൾ കൈ ഉയർത്തുന്ന മസ്അല വിശദീകരിക്കുന്നതിനിടെ ഇമാം പറയുന്നു.ഈ വിഷയത്തിൽ ഗ്രന്ഥരചനയ്ക്ക് താല്പര്യമുണ്ട് പൂർത്തീകരിക്കാൻ സാധിക്കുമോ എന്നറിയില്ല.മറ്റു പ്രധാന രചനകൾ: രിയാളുസ്വാലിഹീൻ, അദ്‌കാർ, നുകത്തു തൻബീഹ്, ഈളാഹ്‌ ഫി മസാലിക്കിൽ ഹജ്ജ്, തിബിയാൻ ഫീആദാബി ഹമലത്തിൽ ഖുർആൻ, ഷറഹു തൻബീഹ്, മുഹിമ്മാത്തുൽ അഹ്‌കാം അല് അർബഊൻ. എന്നാൽ അന്നിഹായ ഫി ഇക്തിസാരിൽ ഗായ , അഗാലീത് അലൽ വസീത് എന്നീ ഗ്രന്ഥങ്ങൾ അവരിലേക്ക് ചേർത്തതായി ചില കിതാബുകളിൽ കാണാം. പക്ഷേ പ്രസ്തുത കിതാബുകൾ നവവി ഇമാം രചിച്ചിട്ടില്ല. വിശ്രുത ഹദീസ് ഗ്രന്ഥം സ്വഹീഹുൽ ബുഖാരിക്ക്‌ ഇമാം ഷറഹ് എഴുതി തുടങ്ങിയിരുന്നെങ്കിലും പൂർത്തീകരിക്കാനായില്ല. അതിൻറെ തുടക്കത്തിൽ അവർ പറയുന്നു വിദ്യാർത്ഥികളുടെ താല്പര്യം കുറഞ്ഞില്ലായിരുന്നെങ്കിൽ ആവർത്തനം ഇല്ലാതെ നൂറ് വാള്യം രചിക്കുമായിരുന്നു. ഓരോ നൂറ്റാണ്ടിലും ദീനിൽ ഓരോ പരിഷ്കർത്താവ് നിയോഗിക്കപ്പെടും എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് സൈനുദ്ദീൻ ഇറാഖി (റ)പറയുന്നു. ഏഴാം നൂറ്റാണ്ടിലെ പരിഷ്കർത്താവ് ഇമാം നവവി (റ)ആണ്. ഹിജ്റ 676 റജബ് 24-നാണ് ഇമാം വഫാത്താകുന്നത്. മരണാസന്ന സമയത്ത് ആപ്പിൾ തിന്നാൻ കൊതിക്കുകയും പക്ഷേ കഴിക്കും മുമ്പ് വിടപറയുകയും ചെയ്തു. മരണശേഷം അനുജരിൽ ഒരാളുടെ സ്വപ്നത്തിൽ വന്നു പറഞ്ഞു. എൻറെ പ്രവർത്തനങ്ങൾ റബ്ബ് സ്വീകരിച്ചിരിക്കുന്നു . ആദ്യ സൽക്കാരം ആപ്പിൾ കൊണ്ടായിരുന്നു. ഒരിക്കൽ ബന്ധുക്കളിൽ ചിലർ പറഞ്ഞു പരലോകത്ത് വെച്ച് ഞങ്ങളെ മറക്കരുത് .ഇമാം മറുപടി പറഞ്ഞു. എനിക്കന്ന് വല്ല സ്ഥാനമുണ്ടെങ്കിൽ നിങ്ങളെ സ്വർഗത്തിൽ കടത്തി യിട്ടല്ലാതെ ഞാൻ പ്രവേശിക്കില്ല. അവരോടൊന്നിച്ച് സ്വർഗ്ഗത്തിൽ കടക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

അവലംബം: അൽ മിൻഹാജുസ്സവിയ്‌ ഫീ തർജുമത്തിൽ ഉമാം അന്നവവി (ജലാലുദ്ധീൻ സൂയൂതി), ത്വാബകാതു ശാഫിഇയ്യത്തിൽ കുബ് റ ( താജുദ്ദീൻ സുബ്കി)

LEAVE A REPLY

Please enter your comment!
Please enter your name here