ഇമാം ദസൂഖി ആത്മീയ സരണിയിലെ വഴികാട്ടി

0
80

ഇമാം അസ്സയ്യിദ് ഇബ്റാഹീം ഇബ്നു അബ്ദിൽ അസീസ് അബിൽ മജ്ദ് എന്ന ഇമാം ദസൂഖി (റ) ഇമാം ശാദുലി (റ) വിന്റെ ശിഷ്യനായ അബ്ദുൽ അസീസ് അബുൽ മജ്ദ് (റ) എന്നവരുടെയും ഇമാം രിഫാഇ (റ) ന്റെ ശിഷ്യനായ നജ്മുദ്ധീൻ മുഹമ്മദ് ബ്നുൽ വാസിതി(റ)ന്റെ മകൾ സയ്യിദ: ഫാത്വിമ (റ) യുടെയും മകനായി ജനിച്ചു . ഹുസൈൻ (റ)വിലൂടെ പരമ്പര തിരുനബി(സ്വ) യിലേക്കെത്തുന്നു. ശഅ്ബാൻ 29 ന്റെ പിറ്റെ ദിവസം രാത്രിയാണ് ശൈഖ് ദസൂഖി ജനിച്ചത്. റമളാനാണോ അല്ലയോ എന്ന് സംശയിക്കപ്പെട്ട ആരാത്രിയിൽ ഖാളിയായ ശൈഖ് മുഹമ്മദ് ബ്നു ഹാറൂൻ (റ) പറഞ്ഞു: “ഈ ദിവസം കുട്ടി മുലകുടിച്ചിരുന്നോ എന്നന്വോഷിക്കുക” മാതാവ് പറഞ്ഞു:” സുബ്ഹി ബാങ്ക് കൊടുത്തതു മുതൽ കുട്ടി മുല കുടിച്ചിട്ടില്ല”.
റമളാൻ സ്ഥിരപ്പെടാൻ മാസം കാണണമെന്നിരിക്കെ ഖാളി ഇങ്ങനെ പറഞ്ഞത് കുട്ടിയുടെ മഹത്വം ജനങ്ങൾക്ക് വേണ്ടിയാണ്. മുഹമ്മദ് ബ്നു ഹാറൂൻ (റ) വും ഇമാമവർകളുടെ പിതാവും കൂട്ടുകാരായിരുന്നു .പിതാവിനെ കാണുമ്പോഴെല്ലാം എഴുന്നേറ്റു നിൽക്കാറുള്ള ഹാറൂൻ (റ) വിനോട് ശിഷ്യന്മാർ ചോദിച്ചു : എന്തിനാണ് ഇങ്ങനെ എഴുന്നേറ്റു നിൽക്കുന്നത് ? മറുപടി : “നിശ്ചയമായും കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പ്രസിദ്ധനാകുന്ന ഒരു വലിയ്യിന്റെ ബീജത്തുള്ളി പേറിയാണ് അദ്ദേഹം വരുന്നത്”. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എഴുന്നേൽക്കുന്നതു കാണാത്ത ശിഷ്യന്മാർ അതേക്കുറിച്ചും ചോദിച്ചപ്പോൾ പറഞ്ഞു: “അദ്ദേഹത്തിന് വേണ്ടിയല്ല ഞാൻ എഴുന്നേറ്റു നിന്നിരുന്നത്. മുതുകിലുണ്ടായിരുന്ന ബഹ്റിന് വേണ്ടിയായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യയിലേക്ക് നീങ്ങിയിട്ടുണ്ട്”.

പിതാവിന്റെ ശിക്ഷണത്തിലായിരുന്നു മഹാന്റെ വളർച്ച . ചെറുപ്പത്തിൽ തന്നെ ഖുർആൻ മനപ്പാഠമാക്കി. ശേഷം ശാഫിഈ മദ്ഹബിൽ അവഗാഹം നേടി. ശേഷം ജനങ്ങളിൽ നിന്ന് അകന്ന് വർഷങ്ങളോളം ഒരു മുറിയിൽ അല്ലാഹുവിനെ ഓർത്ത് ഏകാന്തനായി കഴിഞ്ഞു. പിതാവ് വഫാത്തായതറിഞ്ഞ് മരണാനന്തര കർമ്മങ്ങൾ ചെയ്യാനായി മുറിവിട്ട് പുറത്തു വന്നു ഇത് 23 മത്തെ വയസ്സിലായിരുന്നു. വീണ്ടും ആ മുറിയിലേക്ക് മടങ്ങാൻ തുനിഞ്ഞ അവർ ചില മഹാന്മാരുടെ ആവശ്യപ്രകാരം അത് വേണ്ടെന്ന് വെക്കുകയും , മുറിക്ക് പുറത്തിരുന്ന് ആത്മീയ ഉപദേശങ്ങൾ നൽകി ജനങ്ങളെ സംസ്കരിക്കാൻ തുടങ്ങി.
ബുർഹാനുദ്ധീൻ, ശൈഖുൽ ഇസ്‌ലാം, സയ്യിദുസ്സാദാത്ത്, ഇമാമുദ്ധീൻ , ബുർഹാനുൽ മില്ലത്തി വദ്ദീൻ, അൽ ഇമാമുൽ ഔഹദ്, അൽഖുതുബുന്നൂറാനി, എന്നീ സ്ഥാനപ്പേരുകൾ ഇമാവർകൾക്കുണ്ട്.

കറാമത്തുകൾ
ഒരിക്കൽ ഇമാം ദസൂഖിയുടെ ഒരു മുരീദിനോട് അക്രമിയായ മുതലാളി കൂലി നൽകാതെ ധാരാളം പരുത്തി കടഞ്ഞെടുക്കാൻ കൽപിച്ചു. തനിക്ക് സാധ്യമല്ലെന്ന് പറഞ്ഞിട്ടും മുതലാളി സമ്മതിച്ചില്ല. താൻ ദസൂഖി (റ) ന്റെ മുരീദാണെന്ന് പറഞ്ഞാൽ വല്ല കിട്ടിയേക്കാം എന്ന് കരുതി പറഞ്ഞപ്പോൾ അയാൾ പരുത്തിയുടെ എണ്ണം കൂട്ടുകയാണ് ചെയ്തത്. അയാൾ കളിയാക്കി പറഞ്ഞു: നീ നിന്റെ ശൈഖിനെ വിളിച്ച് സഹായിക്കാൻ പറയൂ .. ഇത് കേട്ട് മുരീദ് വിഷമത്തിലായി. ഉറക്കത്തിൽ ഇമാം സ്വപ്നത്തിൽ വന്നു പറഞ്ഞു: ആ ജോലി ഞാൻ ഏറ്റെടുത്തു ചെയ്തു കഴിഞ്ഞു. നിങളിൽ ആരെങ്കിലും വല്ല പ്രയാസത്തിലകപ്പെടുകയും എന്നെ വിളിക്കുകയും ചെയ്താൽ എനിക്കും അവനുമിടയിൽ ഒരു പിടി മണ്ണ് പോലും മറയിടുകയില്ല. ഉണർന്നു നോക്കുമ്പോൾ പരുത്തിയെല്ലാം കടഞ്ഞെടുക്കപ്പെട്ടിരുന്നു
മറ്റൊരിക്കൽ ഒരു മുതല ഒരു കുഞ്ഞിനെ വിഴുങ്ങി . മാതാപിതാക്കൾ ഇമാമിന്റെ അടുത്തുവന്നു പ്രയാസം പറഞ്ഞു: ഇമാം തന്റെ ശിഷ്യനെ കടൽ തീരത്തേക്കയച്ചു ഇങ്ങനെ പറയാൻ പറഞ്ഞു:” മുതലക്കൂട്ടമേ ….നിങ്ങളിൽ കുട്ടിയെ വിഴുങ്ങിയവൻ ശൈഖവറുകളുടെ അടുത്തേക്ക് വരുക” ഒരു മുതല കയറി വന്നു ശൈഖിന്റെ അടുത്തെത്തി. മുതലയോട് ഇമാം കുട്ടിയെ തുപ്പാൻ ആവശ്യപ്പെടുകയും ശേഷം അല്ലാഹുവിന്റെ സമ്മതപ്രകാരം മരിക്കാനും ആവശ്യപ്പെട്ടു .മുതല കുഞ്ഞിനെ ജീവനൊടെ തുപ്പുകയും ശേഷം മുതല ചാവുകയും ചെയ്തു.

വഫാത്
ഹിജ്റ 696 ൽ സൂജൂദിൽ കിടന്നാണ് വഫാതായത്. ദുസൂഖിൽ വെച്ചായിരുന്നു . താൻ ഏകാന്തവാസത്തിലിരുന്ന അതേ മുറിയിലാണ് മറമാടിയത്. മസ്ജിദു ഇബ്റാഹീമുദ്ദുസൂഖ് എന്ന പേരിൽ ഒരു പള്ളി അവിടെയുണ്ട്

അവലംബം
▪️തുഹ്ഫതുൽ അഹ്ബാബ്
▪️നൂറുൽ അബ്സ്വാർ
▪️അസ്സയ്യിദ് ഇബ്റാഹീമുദ്ദുസൂഖി

LEAVE A REPLY

Please enter your comment!
Please enter your name here