ഇമാം തിർമിദി(റ)

ഹാഫിള് അബൂബക്കർ സിദ്ധീഖ് ടി.പി

0
1160

പുരാതന തീരപ്രദേശ പട്ടണമായ തിർമിദിൽ ഹിജ്റ 209ലാണ് ഇമാം തുർമുദി (റ) ജനിക്കുന്നത്.
അബൂ ഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ എന്നാണ് മഹാന്റെ പൂർണ നാമം.

‌കുട്ടിക്കാലത്ത് തന്നെ ഹദീസിനോട് വലിയ താല്‍പര്യമായിരുന്നു തുർമുദി ഇമാമിന്. അദ്ദേഹം പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്ലിം, ആലിബ്നു ഹുജുര്‍, ഖുതൈ്വബ, മുഹമ്മദുബ്നു ബശ്ശാര്‍, അബൂദാവൂദ് തുടങ്ങിയവരാണ് ഗുരുനാഥന്മാരിൽ പ്രമുഖർ .

‌ ഇമാം ബുഖാരി(റ)യുടെ അരുമ ശിഷ്യനായിരുന്നു തിര്‍മിദി. അവിടുത്തെ ജാമിഉത്തുര്‍മുദി ആറ് സ്വഹീഹുകളില്‍ ഇടംനേടി. ഇമാം ബുഖാരി (റ) അദ്ദേഹത്തില്‍നിന്ന് രണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ ഒട്ടേറെ ശിഷ്യഗണങ്ങളുടെ പരമ്പരതന്നെ തിര്‍മിദിക്കുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ചരിത്രങ്ങളിൽ കാണാൻ സാധിക്കും. ഫിഖ്ഹ്, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. നിരവധി വിഷയങ്ങളിൽ അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

എട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളെയാണ് ‘ജാമിഅ്’ എന്ന് വിളിക്കുന്നത്. തിര്‍മിദിയുടെ സമാഹാരം ഈ വിശേഷണത്തിന് അര്‍ഹമാണ്. എന്നാല്‍ കര്‍മശാസ്ത്ര വിഷയങ്ങളുടെ ക്രോഡീകരണം പോലെ ശുചിത്വം, നമസ്‌കാരം, സകാത്ത്, നോമ്പ് എന്നീ ക്രമമനുസരിച്ച് രചിക്കപ്പെട്ട ഗ്രന്ഥമായതുകൊണ്ട് ഇതിന് ‘സുനന്‍’ എന്നും വിളിക്കാറുണ്ട്.

ഇമാം തുർമുദി (റ)യുടെ സുനനിന്റെ പ്രത്യേകതകള്‍
സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ ഈ സുനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആവര്‍ത്തന വിരസതയില്ല. കര്‍മശാസ്ത്ര പണ്ഡിതന്മാരെക്കുറിച്ചും അവരുടെ വീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിരത്തുന്ന തെളിവുകളെക്കുറിച്ചും വിവരണങ്ങള്‍ തുർമുദി ഇമാം സുനനിൽ നൽകിയിട്ടുണ്ട് . ഹദീസുകളുടെ ഇനങ്ങള്‍ (സ്വഹീഹ്, ഹസന്‍, ളഈഫ്, ഗരീബ്, മുഅല്ലല്‍ മുതലായവ) വിശദീകരിക്കുന്നു. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, സ്ഥാനപ്പേരുകള്‍, ഓമനപ്പേരുകള്‍ എന്നിവ സംബന്ധിച്ച പ്രത്യേക നിരൂപണങ്ങളും തിര്‍മിദി ഇമാം നടത്തിയിട്ടുണ്ട്.
ഹദീസുകളില്‍ ഹസന്‍ എന്ന ഒരിനത്തിന്റെ ഉപജ്ഞാതാവ് തിര്‍മിദിയാണെന്ന് ഇബ്‌നുസ്സ്വലാഹ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുക തിര്‍മിദിയുടെ സമാഹാരമാണെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്.

ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ മുതലായവരുടെ നിലവാരത്തെ അപേക്ഷിച്ച് തിര്‍മിദി പിന്നിലാണെങ്കിലും ഗരീബായ ഹദീസുകള്‍ കൊടുത്തശേഷം പ്രസ്തുത വിഷയത്തിലുള്ള സ്വഹീഹായ മറ്റു ഹദീസുകളിലേക്ക് വിരല്‍ ചൂണ്ടി സനദിലെ ശരികേടുകളെക്കുറിച്ച് ഉണര്‍ത്തുന്നു എന്നതിനാല്‍ തിര്‍മിദിയുടെ സ്ഥാനവും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

ഇമാം തുർമുദി (റ)ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. നബി(സ)യുടെ വ്യക്തിത്വ വിവരണം മാത്രം അടങ്ങിയ  ‘ശമാഇലുത്തുര്‍മിദി’ എന്ന ഗ്രന്ഥം ഒരു കിടയറ്റ  രചനയാണ്. ഹിജ്‌റ 279-ല്‍ തിര്‍മിദില്‍ തന്നെ മഹാനവറുകൾ വഫാത്തായി. എഴുപത് വയസ്സായിരുന്നു പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here