ഇമാം ജലാലുദ്ദീൻ മഹല്ലി (റ)

ശബീർ ഓ.കെ കുഴിപ്പുറം

0
1121

ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യവിഷയങ്ങളായ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗങ്ങളിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ ഇമാം മഹല്ലി(റ)1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിലാണ് ജനിച്ചത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം എന്നി വിഷയങ്ങളിലാണ് മഹാനവർകൾ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ് ജം ഉൽ ജവാമിഅ, ശറഹുൽ വറഖാത്ത് എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റെ സൃഷ്ടികളിൽ കൂടുതൽ പ്രചാരമുളളവയാണ്.
ഇമാം മഹല്ലി(റ)ൻ്റെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിൻ്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്ത് പറഞ്ഞിട്ടുണ്ട്. മഹല്ലി(റ)യെ അറബികളിലെ തഫ്താസാനിഎന്നാണ് ഇബ്നുൽ ഇമാദ് വിശേഷിപ്പിക്കുന്നത്. വിത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം കഴിവാർജിച്ച മഹാനാണദ്ദേഹം.ഫിഖ്ഹ്, ആദർശം, നിദാനം, വ്യാകരണം, തർക്കശാസ്ത്രം തുടങ്ങിയവയിൽ പ്രതേകിച്ചും. പഠന ജീവിതത്തിൻ്റെ ആദ്യത്തിൽ ഗ്രാഹി ശേഷി ക്കുറവായിരുന്നെങ്കിലും കഠിനശ്രമത്തിലൂടെ മുന്നേറിയപ്പോൾ അതുല്യമായ കഴിവ് ആർജിക്കാനദ്ദേഹത്തിനായി. പിന്നീട് അഗാധമായ ബുദ്ധിശക്തിയും ഓർമശക്തിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു. അതിനെകുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: ”ഞാൻ മനസ്സിലാക്കയത് തെറ്റാറില്ല”.
സമകാലത്തെ പ്രഗല്ഭരായ പണ്ഡിതരിൽ നിന്നാണദ്ദേഹം വിദ്യ അഭ്യസിച്ചത്. ഒരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരിൽ നിന്ന് പിഷയങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും, ഉസൂലുൽ ഫിഖ്ഹും, ശംസുൽ ബിർമാവി(റ) എന്നറിയപ്പെടുന്ന ഇമാം ശംസുദീൻ അബു അബ്ദില്ല മുഹമ്മദ് അൽ അസ്ഖലാനിയിൽ നിന്നാണ് പഠിച്ചത്. ശൈഖ് ബിർമാവിക്ക് പുറമെ ഇമാം ബുർഹാനു ബൈജുരി(റ)വിൽ നിന്ന് ഫിഖ്ഹും, ഇൽമുൽ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅ(റ)വിൽ നിന്ന് ഹദീസും, ഉസൂലുൽ ഫിഖ്ഹും, ശിഹാബുദ്ധീൻ അജീമിയ(റ)യിൽ നിന്ന് നഹ്‌വും, ഭാഷാശാസ്ത്രവും പഠിച്ചു. ഇതിന് പുറമെ ഇമാം ബദ്റുദ്ധീനിൽ അഖ്സറാഇ(റ) വിൽ നിന്ന് മൻത്വിഖും, ഇൽമുൽ ജദ്ലും, ഇൽമുൽ മആനിയും, ഇൽമുൽ ബയാനും, ഇൽമുൽ അദബും ഇമാം ശംസുദ്ദീനിൽ ബിസ്വാതി അൽ മാലികി(റ) വിൽ നിന്ന് തഫ്സീറും, ശംസുദ്ധീനിൽ ജസ്രി (റ) വിൽ നിന്ന് ഖുർആൻ പാരായണ ശാസ്ത്രവുമെല്ലാം ആർജിച്ചു.
ഹനഫികർമശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീൻ മുഹമ്മദ് അൽ ബുഖാരി(റ) ഇമാം മഹല്ലി (റ)ൻ്റെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. ഒരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ ഗുരുനാഥൻമാരിൽ നിന്നുമാണ് അദ്ദേഹം വിജ്ഞാനം നേടിയത്.
ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അൽമദ്റസതുൽബർഖൂഖിയ്യ, അൽ മദ്റസതുൽ മുഅയ്യദിയ്യ തുsങ്ങിയവയിൽ അധ്യാപകനായി സേവനം ചെയ്തു. മദ് റസതുൽ മുഅയ്യിദിയ്യയിൽ മുദരിസായിരുന്ന ഇബ്നു ഹജറിൽ അസ്ഖലാനി (റ)യുടെ മരണശേഷമാണ് അവിടെ അധ്യപകനായത്. സമകാലികർക്കിടയിൽ വിജ്ഞാനം കൊണ്ടും, വൈജ്ഞാനിക സേവനം കൊണ്ടും പ്രസിദ്ധിയും, സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങൾ മതവിധികൾക്കായി ആശ്രയിച്ചു. നാടിൻ്റെ വിവിധ ദിക്കുകളിൽ നിന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തിൻ്റെ പാഠശാലയിലേക്ക് ഒഴുകിയെത്തി.
അധ്യാപനത്തോടൊപ്പം തന്നെ ജനസേവനത്തിനും മഹാൻ അവസരം കണ്ടെത്തിയിരുന്നു. ഇമാമിൻ്റെ രചനകളിൽ ഏറ്റവും പ്രചാരം നേടിയവയാണ് തഫ്സീർ ജലാലൈനി, ശറഹുൽ മിൻഹാജ്, ശറഹ് ജംഉൽ ജവാമി ഹ് എന്നിവ.
146O ജൂലൈ 5/ഹ്ജ്റ 864 മുഹറം ഒന്നിന് 71 മത്തെ വയസ്സിൽ ഈജ്പ്തിലെ കെയ്റോയിലാണ് മഹാൻ വഫാതായത്.

LEAVE A REPLY

Please enter your comment!
Please enter your name here