ഇമാം ഗസ്സാലി (റ)

മുഹമ്മദ് റംഷാദ് പടപ്പോങ്ങാട്

0
1036

ലോകചരിത്രത്തിലെ ഇന്നലെകളിൽ പരിഷ്കാരങ്ങളുടെ വിരേതിഹാസം രചിച്ച് വ്യക്തിപ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീർത്ത ചുരുക്കും ചില നിസ്വാർത്ഥ പണ്ഡിതവരേണ്യരിൽ പ്രധാനിയും ജനമനസ്സുകളിൽ ഏറെ വ്യതിരക്തത പുലർത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി(റ). ഹിജ്റ 450 ത്വഹിറാൻ പട്ടണത്തിൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷ നാമത്തിൽ അറിയപ്പെട്ടു. പിന്നീട് ഗസ്സാലി എന്നുമാത്രം വിളിച്ചു വന്നു. ഇമാമിൻറെ കുടുംബാംഗങ്ങൾ പരുത്തിനൂൽ  ഉത്പാദിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ആ കുടുംബം ഗസ്സാലി എന്ന പേരിൽ അറിയപ്പെട്ടത്.
ഇസ്ലാമിക ലോകത്ത് ധിഷണ കൊണ്ടും കർമ്മം കൊണ്ടും വിപ്ലവ രചിച്ച പണ്ഡിതന്മാരിൽ ശ്രദ്ധേയ സാന്നിധ്യമാണ് ഇമാം ഗസാലിയുടെത്. ഇസ്ലാമിലെ ഏതു ജ്ഞാന ശാഖയിലും ഗസ്സാലി ചിന്തകളുടെ തീക്ഷണത അനുഭവിക്കാൻ സാധിക്കും. ആരാധനകൾ പോലെ തന്നെ രചനയും അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കാനുള്ള മാധ്യമവും അതിലേറെ വലിയ ദൗത്യവുമായി കണ്ടവരാണ് മുൻകാല പണ്ഡിന്മാർ എന്നതിന് ഇമാം ഗസ്സാലി (റ)ന്റെ ഗ്രന്ഥലോകം സാക്ഷിയാണ്.
ആത്മീയ ലോകത്ത് വലിയ സ്ഥാനങ്ങളിൽ വിരാചിച്ചപ്പോഴും ജീവിതം മുഴുവൻ ഗ്രന്ഥരചനകൾ നടത്താനും ജ്ഞാനത്തിന്റെ മഹിമകൾ തേടി ലോക സഞ്ചാരത്തിനിറങ്ങാനും ആ മഹാപ്രതിഭാശാലി ജീവിതത്തിൽ സമയം കണ്ടു.

ഗസ്സാലിയൻ സ്വാധീനങ്ങൾ

ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വികാസത്തിലും വ്യാപനത്തിലും മുസ്‌ലിം ലോകം ഇമാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. മഹാന്റെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി നിരവധി രചനകള്‍ കാലാന്തരങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇമാം റാഫിഈ, ഇമാം നവവി, സകരിയ്യല്‍ അൻസ്വാകരി, ഇബ്‌നു ഹജരിനില്‍ ഹൈതമി, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ഒട്ടേറെ ലോകപ്രശസ്ത പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യുടെ രചനകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കർമ ശാസ്ത്ര ഗ്രന്ഥങ്ങള്‍ രൂപകല്പം നടത്തിയിട്ടുള്ളത്.
മുസ്ലിം ലോകത്ത് എന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും വളയധികം സ്വീകാര്യനായ അദ്ധേഹത്തിന്റെ കനപ്പെട്ട ധാരാളം ഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം മികച്ചു നില്‍ക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്‍ ‘ഇഹ് യാ ഉലൂമുദ്ധീന്‍ (മതവിജ്ഞാന സഞീവനം)’.

ഇമാം ഗസ്സാലി(റ)യെ പോലെത്തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കൃതിയായ ഇഹ്‌യാ ഉലൂമുദ്ധീനും. തൗഹീദ്, ഫിഖിഹ് , ഹദീസ്, തസവ്വുഫ്‌, മനഃശാസ്ത്രം , സാമൂഹ്യ ശാസ്ത്രം , സ്വഭാവ സംസ്കരണ ശാസ്ത്രം, പെരുമാറ്റച്ചട്ടങ്ങൾ, ഇവയെല്ലാം ഒത്തിണങ്ങിയ ഒരു ഉത്കൃഷ്ട ഗ്രന്ഥമാണിത്. ഇവക്ക് പുറമെ നിദാന ശാസ്ത്രങ്ങളുടെ തത്ത്വങ്ങൾ, ഇസ്‌ലാമിക നിയമങ്ങളുടെ മൂല തത്ത്വങ്ങൾ, അവയുടെ യുക്തി, അന്തസത്ത എന്നിവയെക്കുറിച്ചും ചർച്ചയുണ്ട് .ഇമാം ഗസ്സാലി തസവ്വുഫിൽ എഴുതിയ ഏറ്റവും പ്രധാന കൃതിയായും സദുപദേശങ്ങളുടെ മഹത്തായ സമാഹരണമായും ഈ ഗ്രന്ഥം പരിചയപ്പെടുത്താറുണ്ട് .

തത്വചിന്തയോട് ഇമാം ഗസ്സാലി പ്രകടിപ്പിച്ച താൽപര്യം ശ്രദ്ധേയമാണ്. ശരീരവും മനസ്സുമായി ബദ്ധപ്പെട്ട ഒരു വ്യവഹാരമായാണ് ഇമാം തത്വചിന്തയെ കണ്ടത്. നൈതികതയെയും ആത്മീയതയെയും കുറിച്ച് ഇമാമിന്റെ സമീപനങ്ങളൽ നിന്ന് ഒരു തത്വചിന്തകൻ കൂടിയായിരുന്നു അദ്ദേഹം എന്ന് മനസ്സിലാവുന്നതാണ്.നിർമാണാത്മകമായ തത്വചിന്തകളാണ് അദ്ദേഹം നടത്തിയത്. നൈതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകൾ അത് വ്യക്തമാക്കുന്നുമുണ്ട്.
ഇഹ് യയിലെ നൈതികതയെക്കുറിച്ച ഇമാമിന്റെ അധ്യാപനങ്ങള്‍ തത്വചിന്താപരമായ ഉള്ളടക്കങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ഇമാമവര്‍കള്‍ക്ക് ഒരുപാട് മുമ്പ് ജീവിച്ച അരിസ്റ്റോട്ടീലിയന്‍ തത്വചിന്തകനായ അല്‍-മിസ്‌കവായുടെ തഹ്ദീബുല്‍ അഖ്‌ലാഖ് എന്ന പുസ്തകം ഇമാമിന്റെ ആദ്യകാല രചനകളിലൊന്നായ മീസാനുല്‍ അമലിനെ ഏറെ സ്വാധീനിച്ചതായി അര്‍ക്കൂന്‍ എഴുതുന്നുണ്ട്. മറ്റൊരു പെരിപ്പാറ്റെറ്റിക്ക് തത്വചിന്തകനായ അല്‍-റഗീബ് അല്‍-ഇസ്ഫഹാനിയുടെ കിതാബുല്‍ ദാരിയ ഇലാ മകാരിം അല്‍-ശരീഅയും മീസാനുല്‍ അമലിന്റെ രചനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രണ്ട് കിതാബുകളിലും ഒരു വിദ്യാര്‍ത്ഥിയുടെ ധര്‍മ്മങ്ങളെക്കുറിച്ചാണ് പറയുന്നത്.
വഫാത്ത്
കുളിച്ച് വുളൂ ചെയ്ത് സുഗന്ധം പൂശിയ വസ്ത്രങ്ങളണിഞ്ഞ് മരണത്തിന് സ്വാഗതമോതി സ്വഹീഹുല്‍ ബുഖാരി നെഞ്ചോട് ചേര്ത്തു വെച്ച് സസന്തോഷം ഈ ലോകത്തോട് യാത്ര പറഞ്ഞ അത്യപൂർവ്വ വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). 55 വര്‍ഷത്തെ ജീവിതത്തിന്‍റെ തിരശ്ശീലയെന്നോണം ഹിജ്റ 505 ജമാദുല്‍ ഉഖ്റ 14 ന് തിങ്കളാഴ്ച ആ സ്മര്യ പുരുഷന്‍ വഫാത്തായി. ഭൗതികമായ അസാന്നിധ്യത്തിലും കാലദേശാതിര്‍ വരമ്പുകള്‍ക്കതീതമായി മുസ്ലിം ഉമ്മത്തിന്‍റെ ആത്മീയ നിയന്ത്രണത്തിന് ചുക്കാന്‍ പിടിക്കുന്ന മഹാന്‍റെ ജീവിതവും സന്ദേശങ്ങളും നമ്മുടെ ജീവിതത്തിന്‍റെ വഴിയടയാളമാകാന്‍ നമുക്ക് സാധിക്കണം’

റഫറൻസ്

ഇത്ഹാഫുസ്സുന്നത്തുൽ മുത്തഖീൻ, തബഖാത്ത്

LEAVE A REPLY

Please enter your comment!
Please enter your name here