ഇമാം ഇബ്നു ഹജറുൽ ഹൈതമി

മുഹമ്മദ് ഖാസിം കുറ്റൂർ

0
1355

ഹിജ്റ വർഷം 909 റജബിൽ മിസ്വറിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അബൂ ഹൈത്തമിലാണ് ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ)  ജനിക്കുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യ്ബ്നു ഹജർ അൽ ഹൈതമി അൽ മിസ്വ്രി അൽ മക്കി എന്നാണ് പൂർണ്ണനാമം. ശിഹാബുദ്ദീൻ എന്ന അപരനാമത്തിലും മഹാനവർകൾ അറിയപ്പെടുന്നു. അവിടുത്തെ പിതാമഹൻ ആവശ്യത്തിനുമാത്രം സംസാരം ശീലിച്ച വ്യക്തിയായിരുന്നു. കല്ലിനു സമാനം മൂഖത പിന്തുടർന്ന ഇദ്ദേഹത്തെ ജനങ്ങൾ ഹജർ എന്ന് വിളിച്ചു തുടങ്ങി. ഇദ്ദേഹത്തോട് ചേർത്തുകൊണ്ടാണ് മഹാനവർകളുടെ ‘ഇബ്നുഹജർ’ എന്ന നാമം പിറവിയെടുക്കുന്നത്.
ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ട മഹാനവർകൾ ശംസുദ്ദീൻ ഇബ്നു അബൂ ഹമായിൽ, ശംസുദ്ധീനുശ്ശന്നാവി തുടങ്ങിയവരുടെ കീഴിലാണ് വളർന്നത്. അവരുടെ നിർദ്ദേശപ്രകാരം അഹ്മദുൽ ബദവിയിൽ നിന്ന് ബാലപാഠം അഭ്യസിച്ച ശേഷം ഈജിപ്തിലെ വിശ്വപ്രസിദ്ധ വിജ്ഞാന കേന്ദ്രമായ ജാമിഅ അൽ അസ്ഹറിൽ തുടർ പഠനത്തിനു ചേർന്നു. ഖുർആൻ മനപ്പാഠമാക്കിയ മഹാൻ 20 വയസ്സ് തികയും മുമ്പ് ഫത്‌വ നൽകാൻ പ്രാപ്തിയുള്ള പണ്ഡിതനായി മാറിയിരുന്നു.
ഇമാം സകരിയ അൽ-അൻസാരി, ശംസുദ്ദീനുൽ ഹത്വാബി, ശൈഖ് അബ്ദുൽ ഹഖ് ആസ്സിൻബാത്വി, അബുൽ ഹസനുൽ ബകരി തുടങ്ങിയ പ്രസിദ്ധരായ ഗുരുനാഥന്മാരിൽ നിന്ന വിദ്യ അഭ്യസിച്ച     മഹാൻ തഫ്സീർ, ഹദീസ്, തർക്കശാസ്ത്രം, കർമശാസ്ത്രം, ഗണിതശാസ്ത്രം, സൂഫിസം തുടങ്ങി ഒട്ടനവധി വിജ്ഞാനശാഖകളിൽ കൃത്യമായ പാണ്ഡിത്യം നേടിയിരുന്നു.
1527 ലാണ് ഗുരുനാഥൻ അബുൽ ഹസനുൽ ബകരിക്കൊപ്പം തീർഥാടനത്തിനായി  മക്കയിൽ എത്തുന്നത്. കർമശാസ്ത്രത്തിൽ ഗ്രന്ഥരചനയ്ക്ക് തുടക്കമിടുന്നത് ഈ യാത്രാവേളയിൽ ആണ്. ഹിജ്റ 940ൽ (1533 ക്രി) കുടുംബസമേതം വീണ്ടും മക്കയിലെത്തി. അവിടെ സ്ഥിരതാമസമാക്കുകയും ഗ്രന്ഥരചന, ഫത്‌വാ നിർവഹണം, അധ്യാപനം തുടങ്ങിയവയുമായി ജീവിതം കഴിച്ചു കൂട്ടുകയും ചെയ്തു. ശാഫിഈ കർമശാസ്ത്രത്തിലെ വിശ്വവിഖ്യാത ഗ്രന്ഥമായ ‘തുഹ്ഫത്തുൽ മുഹ്താജ് ബി ശർഹിൽ മിൻഹാജ്’ രചിക്കപ്പെടുന്നത് ഈ അവസരത്തിലാണ്.
ഹദീസ്, ഹദീസ് വ്യാഖ്യാനം, ഖവാഇദുൽ അഖാഇദ് തുടങ്ങിയ വിജ്ഞാനശാഖക ളിലും മഹാനവർകൾ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അൽ ഫതാവാ അൽ ഹദീസിയ്യ, ഫത്ഹുൽ ഇലാഹ് ബി ശർഹിൽ മിഷ്‌കാത്, ഫത്ഹുൽ ജവാദ് തുടങ്ങിയവ പ്രസിദ്ധമായ മറ്റു ഗ്രന്ഥങ്ങളാണ്.
ഇസ്ലാമിക വിശ്വാസങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയും ശാഫിഈ കർമശാസ്ത്ര വളർച്ചയിൽ നിസ്തുലമായ പങ്കു വഹിക്കുകയും ചെയ്ത മഹാനവർകൾക്ക് നൂറുകണക്കിന് പ്രഗൽഭരായ ശിഷ്യഗണങ്ങൾ ഉണ്ട്. അഹ്മദ് ബ്നു ഖാസിമുൽ അബ്ബാദി, അബ്ദുൽ ഖാദിറുൽ ഫാകിഹി, മുഹമ്മദ് ത്വാഹിറുൽ ഹിന്ദി, അബ്ദുറഊഫ് അൽ വാഇള്, ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ രചയിതാവായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ തുടങ്ങിയവർ ഇവരിൽ പ്രസിദ്ധരാണ്.
മംലൂക്ക് രാജവംശം, ഉസ്മാനിയ്യ ഖിലാഫത്ത് തുടങ്ങിയവ മഹാൻ അഭിമുഖീകരിച്ച രാഷ്ട്രീയ കക്ഷികളാണ്. ജീവിതകാലം സൂഫി പ്രസ്ഥാനങ്ങൾക്കും സൂഫി സംഗീതസദസ്സുകൾക്കും കൂടുതൽ പ്രചാരം നേടിയ കാലമായതിനാൽ തന്നെ ഈ വിഷയങ്ങളെല്ലാം തന്റെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ഹിജ്റ 974 മക്കയിൽ വച്ചായിരുന്നു വഫാത്ത്.ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം കൊള്ളുന്നു.            

റഫറൻസ്

1- ആറാഉ ഇബ്നി ഹജർ അൽ ഹൈതമി:- മുഹമ്മദുബ്നു അബ്ദിൽ അസീസ് ശാഇഅ്.

2- നഫാഇസുദ്ദുറർ ഫീ മനാഖിബി ഇബ്നി ഹജർ :-അബൂബക്ർ ഇബ്നു മുഹമ്മദ് സൈഫി.
      ,,____________„

LEAVE A REPLY

Please enter your comment!
Please enter your name here