ഇമാം അസ്ന വി (റ)

റാസിൽ അരീക്കോട്

0
819

ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രഗത്ഭനായ ശാഫിഈ പണ്ഡിതനാണ് ഇമാം അസ്നവി(റ). ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, അലങ്കാര ശാസ്ത്രം, ഹദീസ്, ഇൽമുൽ ഹദീസ്, വ്യാകരണം, ഉസൂലു ദീൻ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം അദ്ദേഹം തൻ്റെ പ്രതിഭാത്വം തെളിയിച്ചു. ഹിജ്‌റ 704 ൽ ഈജിപ്ത്തിലെ അസ്നാ എന്ന പ്രദേശത്തായിരുന്നു മഹാന്റെ ജനനം.
അബ്ദുറഹീം അബൂമുഹമ്മദ്‌ ജമാലുദ്ധീൻ എന്നാണ് അസ്നവി (റ)ന്റെ പൂർണ്ണ നാമം. ജന്മ നാട്ടിലേക്ക് ചേർത്തിയാണ് അസ്നവി എന്ന് അറിയപ്പെടുന്നത്. ഖുറൈശീ ഗോത്രത്തിൽ അമവി വംശ പരമ്പരയിൽപെട്ട ഹസനുബ്നു അലിയാണ് പിതാവ്.
ചെറുപ്പകാലത്തുതന്നെ വൈജ്ഞാനിക വിഷയങ്ങളോട് അദ്ദേഹം വളരെ യധികം താൽപര്യം കാണിച്ചിരുന്നു. പരിശുദ്ധ ഖുർആനും ഇമാം നവവി(റ)ന്റെ കിതാബു തൻബീഹും വളരെ ചെറുപ്പത്തിൽ തന്നെ മഹാൻ മനപ്പാഠമാക്കി. വിദ്യാഭ്യാസം ആരംഭിച്ചത് ജന്മനാട്ടിൽ തന്നെയായിരുന്നു. പതിനാലാം വയസ്സിൽ പിതാവ് മരണപ്പെട്ടതിനു ശേഷം മൂന്നു വർഷം കൂടി ‘അസ്ന’ യിൽ പഠനം തുടർന്നു. പിന്നീട് വിദ്യ അന്വോഷിച്ച് കൈറോ യിലേക്ക് പോയി. നിദാന ശാസ്ത്രത്തിൽ നിപുണനും പണ്ഡിത ശ്രേഷ്ഠരും ആയിരുന്ന ഖുതുബുദ്ധീൻ മുഹമ്മദ്‌ സുൻബാത്വി (റ)ന്റെ കീഴിൽ കൈറോയിലെ പ്രശസ്തമായ കാമിലിയ്യ മദ്രസയിൽ പഠനത്തിനായി ചേർന്നു. ആകർഷകമായ പഠന രീതിയും ഹൃദ്യമായ പെരുമാറ്റവും കാരണം അസ്നവി (റ)നോട്‌ ഉസ്താദിന് പ്രത്യേക താല്പര്യമായിരുന്നു.അതു പക്ഷെ അധിക കാലമുണ്ടായില്ല. ഹിജ്‌റ 722ൽ ഉസ്താദ് വഫാത്തായി. ഒരു വർഷമേ ആ തണൽ ലഭിച്ചുള്ളു എങ്കിലും നിദാന ശാസ്ത്രത്തിൽ ഇമാം അസ്നവി (റ)ന് ഒരു മുതൽകൂട്ടായിരുന്നു ആ സഹവാസ കാലം.
പിന്നീട് കർമശാസ്ത്ര പണ്ഡിതനായ ‘അൽ വജീസി ‘ എന്ന പേരിൽ പ്രസിദ്ധനായ ‘ശൈഖ് ജമാലുദ്ധീൻ അൽ വജീസി(റ) ന്റെ ശിഷ്വത്വം സ്വീകരിച്ചു. ഇമാം ഗസ്സാലി (റ)ന്റെ അൽ വജീസ് എന്ന ഗ്രന്ഥം മനപ്പാഠമാക്കിയ തിനാലാണ് അദ്ദേഹത്തിന് അൽ വജീസ് എന്ന വിശേഷണം ലഭിച്ചത്. സ്ഥിരോത്സാഹിയായ അസ്നവി(റ)നെ മഹാനവറുകൾക്ക് നന്നേ ബോധിച്ചിരുന്നു. ഭാഷാ പണ്ഡിതനും സാത്വികനും സൂക്ഷ്മ ശാലിയും ആയിരുന്ന ശൈഖ് അലാഉദ്ധീൻ അലിയ്യുൽ ഖൂനവി (റ)വുമായുള്ള ഗുരുശിഷ്യബന്ധം അസ്നവി(റ)വിൽ കാര്യമായ സ്വാധീനം ചെലുത്തി.
അസ്നവി(റ)ന്റെ ഗുരുനാഥൻമാർ ഇല്മുൽ ഹദീസിലും ഭാഷാശാസ്ത്രത്തിലും ശാഫിഈ കർമ്മശാസ്ത്രത്തിലും ഇൽമുൽ കലാമിലും അവഗാഹം നേടിയ മഹാപണ്ഡിതന്മാരായിരുന്നു. ശൈഖ് മജ്‌ദുദ്ധീൻ അബൂബക്കറിസ്സങ്കലൂനി, ഇമാം തഖ്‌യുദ്ധീൻ സുബ്കി, ശൈഖ് അബുൽ ഹസൻ അലിയ്യുൽ അൻസാരി, ശൈഖ് അസീറുദ്ധീൻ അബൂ ഹയ്യാനിൽ ഉൻദുലുസി, തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.
ശൈഖ് അബുന്നൂർ യൂനുസ് അസ്ഖലാനി, ശൈഖ് നജ്മുദ്ധീൻ ഹുസൈനിൽ അസ്വാനി, അല്ലാമാ ശംസുദ്ധീൻ അബ്ദുല്ലാഹി മുഹമ്മദ് (റ) എന്നിവരിൽ നിന്നും ഇമാം അസ്നവി (റ) ഹദീസിൻ്റെ മധുരം നുകർന്നു. ജ്ഞാനപ്പകർച്ചയിലും വിദ്യാർത്ഥി സ്നേഹത്തിലും ജീവിത ലാളിത്യത്തിലും സ്വഭാവ മഹിമയിലും സമീപന രീതികളിലും അസ്നവി (റ) മാതൃകയായി തീർന്നു. തന്റെ അറിവിൽപെട്ട കാര്യങ്ങൾ ആരെങ്കിലും പറയുകയാണെങ്കിൽ മഹാനവർകൾ അത് സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. ഒരിക്കലും തന്നെ അവതാരകനെ നിരാശനാക്കിയിരുന്നില്ല. ആവശ്യക്കാർക്ക് ഗുണവും നന്മയും എത്തിക്കുന്നതിൽ ഇമാം അസ്നവി അതീവ താല്പര്യം കാണിച്ചിരുന്നു.(അദ്ദുററുല്‍ കാമിന ഫീഅഅ്യാനില്‍ മിഅതിസ്സ്വാമിന 1/307). ഈജിപ്തിലെ സമകാല പണ്ഡിതരിൽ അധികവും അസ്നവി(റ)ന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു.(ശദറാതുദ്ദഹബ് ഫീ അഖ്ബാറി മന്‍ദഹബ 6/623, 624).
ത്വബകാത്തു ശാഫിഇയ്യ, നിഹായതു സുവലി ഷറഫി മിൻഹാജിൽ വുസൂലി ഇലാ ഇൽമിൽ ഉസൂലി, അൽ മുഹിമ്മാത്തു ഇലാ റൗള, ഷറഫു റാഫിഈ, ഷറഫു മിൻഹാജുൽ ബൈളാവി, അൽ ഫതാവാ അൽ ഹജ്വിയ്യ, തംഹീദു ഫീ തൻസീലുൽ ഫുറൂഇ അലൽ ഉസൂലി. തുടങ്ങിയവ അദ്ദേഹത്തിന്റെ അമൂല്യ മായ ഗ്രന്ഥങ്ങളിൽ ചിലതാണ്.
ഹിജ്റ 772ൽ, തന്റെ അറുപത്തി എട്ടാം വയസ്സിൽ കൈറോയിൽ വെച്ചാണ് മഹാനവറുകൾ വഫാത്തായത്. കൈറോയിലെ സൂഫി മഖ്ബറയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ മഖ്ബറ ഇന്ന് വളരെയധികം പ്രസിദ്ധമാണ്.

അവലംബം
1-അദ്ദുററുല്‍ കാമിന ഫീഅഅ്യാനില്‍ മിഅതിസ്സ്വാമിന 1/307
2-ശദറാതുദ്ദഹബ് ഫീ അഖ്ബാറി മന്‍ദഹബ 6/623, 624
3-അൽ അസ്നവി അൽ മൗഖിഉ റസ്മിയ്യി ലിൽ മക്ക്തബതി ഷാമിലതി
4.അൽ ഇഹ്ലാം

LEAVE A REPLY

Please enter your comment!
Please enter your name here