കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം അബൂ ഹനീഫ(റ). നുഅ്മാനുബ്നു സാബിത് എന്നാണ് യഥാർഥ നാമം. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം.
ഹിജ്റ 80ല്‍ ഇറാഖിന്റെ ആസ്ഥാനമായ കൂഫയിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലത്തു തന്നെ വൈജ്ഞാനിക വിഷയങ്ങളോട് അദ്ദേഹം വല്ലാത്ത താല്പര്യം പ്രകടിപ്പിച്ചു. ഇമാം ശഅ്ബിയുമായിട്ടുള്ള കൂടിക്കാഴ്ചയാണ് അബൂഹനീഫ(റ)യെ വൈജ്ഞാനിക ലോകത്തേക്ക്, പ്രത്യേകിച്ച് കര്‍മ്മശാസ്ത്ര മേഖലയിലേക്ക് തിരിച്ചു വിട്ടത്.
ഇല്‍മുല്‍ കലാമില്‍ അദ്ദേഹം നേടിയ പ്രാവീണ്യം കൊണ്ട് ഇസ്ലാമിനെതിരെ ഇല്‍മുല്‍കലാമിന്റെ ആളുകള്‍ ഉന്നയിച്ചിരുന്ന വാദങ്ങളുടെ മുനയൊടിച്ചു. കച്ചവടത്തിലും വ്യക്തി ജീവിതത്തിലും അതീവ സൂക്ഷ്മത പാലിച്ച അദ്ദേഹം തന്റെ സമ്പത്ത് കൊണ്ട് ധാരാളം ദാനധര്‍മങ്ങള്‍ നിര്‍വ്വഹിക്കുകയും പാവങ്ങളായ ശിഷ്യഗണങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു.
മനക്കരുത്തും അസാമാന്യ ധൈര്യമുള്ള അദ്ദേഹം 52 വര്‍ഷം ഉമവികാലഘട്ടത്തിലും 18 കൊല്ലം അബ്ബാസികാലത്തും ജീവിച്ചിട്ടും അധികാരക്കസേര എത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നില്ല. മാത്രവുമല്ല, അബ്ബാസിഖലീഫയായിരുന്ന മന്‍സൂര്‍ അദ്ദേഹത്തെ ഖാളിയാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന് കീഴ്പെട്ടില്ല. അത് കാരണം ചാട്ടവാറിന്റെ പ്രഹരം ഏല്ക്കുകയും ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. അദ്ദേഹം 70,000 ത്തോളം തവണ ഖുര്‍ആന്‍ ഖത്മ് തീര്‍ത്തിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
അബൂ ഹനീഫുടെ പ്രധാനഗുരു ഹമ്മാദ് ബ്നു സുലൈം (റ) ആണ്. തന്റെ പ്രധാന ശിഷ്യരായ അബൂയൂസുഫും മുഹമ്മദുമാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക ലോകത്തെ പിന്‍തലമുറക്ക് പരിചയപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ഫത്വകള് അവര്‍ ക്രോഡീകരിച്ചു. ഖാദില് ഖുദാത്ത്എന്നറിയപ്പെടുന്ന അബൂയൂസുഫ് (റ)ന്റെ കിതാബുല്ആഥാര്, അര്റുദ്ദആലാസിയറില് ഔസാഇ, കിതാബുല്‍ഖറാജ് എന്നിവയില്‍ തന്റെ ഗുരുവിന്റെ ധാരാളം ഫത്വകള് ക്രോഡീരിച്ചിട്ടുണ്ട്. അല്‍ജാമിഉസ്സഗീര്‍, അല്‍ജാമിഉല്‍ കബീര്‍, അസ്സിയറുസ്സഗീര്, വല്കബീര് എന്നിവയാണ് മുഹമ്മദ് രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.
അത്വാഉബ്നു അബീറബാഹ്, ശഅ്ബി, അബ്ദുറഹ്മാന്ബ്നു ഹിര്മിസ്, അദിയ്യുബ്നു ഥാബിത്, അംറുബ്നു ദീനാര്‍, ഇബ്നു ഉമര്‍, അലിയ്യുബ്നു അര്‍ഖം എന്നിവരായിരുന്നു പ്രമുഖരായ മറ്റു ഗുരുനാഥന്മാര്. കൂഫയില്‍ അദ്വിതീയനായിത്തീര്‍ന്ന ശേഷം അബൂഹനീഫഃ (റ), ഗുരു ഹമ്മാദ്ബ്നു അബീസുലൈമാനു ശേഷം ഹിജ്റ 120 ല്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തു. അവിടുന്നായിരുന്നു ഹനഫീ മദ്ഹബിന്റെ രൂപീകരണത്തിന് അബൂഹനീഫ തിരികൊളുത്തിയത്.
അബൂഹനീഫ (റ)ന്റെ കാലത്ത് ദൈവശാസ്ത്രപരമായ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ശീഅഃ, ഖവാരിജ്, മുഅ്തസില, മുര്‍ജിഅ തുടങ്ങിയവരുടെ തീവ്ര നിലപാടുകള്‍ക്കെതിരെ സന്തുലിതമായ നിലപാടുകള്‍ സ്വീകരിച്ച് മുസ്ലിം സമൂഹത്തെ അതില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അക്കാലത്തുണ്ടായിരുന്ന ഖല്ഖുല് ഖുര്‍ആന്‍ (ഖുര്‍ആന്‍ സൃഷ്ടിവാദം) ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നു.
കർമ്മ ശാസ്ത്രത്തിൽ അബൂ ഹനീഫ (റ) ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മുസ്നദ്, ഫിഖ്ഹുല്‍ അക്ബര്‍, അല്‍ മഖാരിജ് തുടങ്ങിയ അദ്ദേഹത്തിന്റെ അമൂല്യമായ ഗ്രന്ഥങ്ങളാണ്.
ഹിജ്റ 150 ൽ ,തന്റെ എഴുപതാം വയസ്സിൽ ബാഗ്ദാദിൽ അദ്ദേഹം വഫാത്തായി. അദ്ദേഹത്തിന്റെ പേരില്‍ 6 തവണയായി ആയിരക്കണക്കിനാളുകള്‍ നിസ്കാരം നിർവഹിച്ചു. ബഗ്ദാദില്‍ ഖബറടക്കപ്പെട്ടഅദ്ദേഹത്തിന്റെ മഖ്ബറ ഇന്ന് വളരെ പ്രസിദ്ധമാണ്.