ഇബ്നുൽ ഹൈസം: ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്.

മുജ്തബ സി.ടി

0
272


ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ നമുക്ക് പരിചയപ്പെടാം.

ലോക ചരിത്രത്തിൽ അറിയപ്പെടുന്ന മുസ്ലിം ശാസ്ത്രജ്ഞരിൽ പ്രധാനിയാണ് ഇബ്നു ഹൈസം. വിവിധ ശാസ്ത്ര മേഖലകളിലായി വ്യത്യസ്തങ്ങളായ കണ്ടുപിടുത്തങ്ങൾ നടത്തിയ ഇബ്നു ഹൈസം ആധുനിക ‘പ്രകാശശാസ്ത്രത്തിന്റെ പിതാവ്’, ‘രണ്ടാം ടോളമി’ എന്ന പേരിലെല്ലാം അറിയപ്പെടുന്നു.അബൂ അലി അൽഹസൻ ഇബ്നു ഹൈസം എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം.

ജനനം,പഠനം

പ്രകാശശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം,ദർശന ശാസ്ത്രം, ഭൗതിക ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം വലിയ സംഭാവനകൾ നൽകിയ ഇബ്നു ഹൈസം എ.ഡി 965 ഇറാഖിലെ ബസ്വറയിലാണ് ജനിച്ചത്. ബസ്വറയിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷം അക്കാലത്തെ പ്രധാന വൈജ്ഞാനിക നഗരമായിരുന്നു ബാഗ്ദാദിലേക്ക് പോവുകയും ബൈത്തുൽ ഹിക്മയിൽ (സ്കൂൾ ഓഫ് വിസ്ഡം) പഠിക്കുകയും പിന്നീട് ഉപരിപഠനാർത്ഥം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുകയും ചെയ്തു.

കണ്ടുപിടുത്തങ്ങൾ

പഠനത്തിനുശേഷം ഇബ്നു ഹൈസം തന്നെ പരീക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബൈനോക്കുലർ വിഷൻ,ചന്ദ്രൻ ചക്രവാളത്തിന്റെ അടുത്തെത്തുമ്പോൾ കൂടുതൽ വലുതായി കാണപ്പെടുന്ന പ്രതിഭാസം തുടങ്ങിയവയെക്കുറിച്ച് എല്ലാം ഇബ്നു ഹൈസം നിരീക്ഷിച്ചു. ശാസ്ത്രത്തിൽ, പ്രത്യേകിച്ച് ഭൗതികശാസ്ത്രത്തിൽ പ്രാധാന്യം നൽകിയ അദ്ദേഹം ആധുനിക ശാസ്ത്രീയ രീതിയുടെയും പരീക്ഷണാത്മക ഭൗതിക ശാസ്ത്രജ്ഞരുടെയും ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. ലോകത്ത് ആദ്യമായി ക്യാമറ ഒബ്സ്ക്യൂറയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചത് ഇബ്നു ഹൈസമായിരുന്നു. പ്രകാശശാസ്ത്രം, ഭൗതിക ശാസ്ത്രങ്ങൾ, ശാസ്ത്രീയരീതി എന്നിവക്ക് അദ്ദേഹം വലിയ സംഭാവനകൾ നൽകുകയുണ്ടായി. കാഴ്ചയെക്കുറിച്ച് പ്രാചീന കാലത്ത് നിലവിലുണ്ടായിരുന്ന ഉത്സർജനസിദ്ധാന്തം,Intromission theory തുടങ്ങിയ തെറ്റായ വാദങ്ങളെ ഇബ്നു ഹൈസം തന്റെ നിരീക്ഷണങ്ങളിലൂടെ ഖണ്ഡിക്കുകയുണ്ടായി.

കൃതികൾ

ഇബ്നു ഹൈസം വ്യത്യസ്ത വിഷയങ്ങളിലായി ഇരുന്നൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും 55 എണ്ണം മാത്രമാണ് സംരക്ഷിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയി ഗണിക്കപ്പെടുന്ന കിതാബുൽ മനാളിർ(Book of optics)
ശാസ്ത്രലോകത്ത് ഇന്നും വിസ്മയാവഹമായ ഒന്നാണ്.ദർശന ശാസ്ത്രവും പ്രകാശശാസ്ത്രവും വിശദീകരിക്കുന്ന ഈ ഗ്രന്ഥം കാഴ്ചയുടെ ആധുനിക വിശദീകരണങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഏറെ സഹായകമായിട്ടുണ്ട്.ലെൻസുകൾ,ദർപ്പണങ്ങൾ,അപവർത്തനം,പ്രതിഫലനം, പ്രകീർണ്ണനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അദ്ദേഹം മൂല്യമേറിയ നിരവധി നിരീക്ഷണങ്ങൾ നൽകി.കിതാബുൽ മനാളിരിനു പുറമെ വൈദ്യശാസ്ത്രം,നേത്രരോഗ ശാസ്ത്രം, ശരീരശാസ്ത്രം തുടങ്ങിയവയിലെല്ലാം അദ്ദേഹം കനപ്പെട്ട രചനകൾ നടത്തിയിട്ടുണ്ട്. ഇബ്നു ഹൈസമിനോടുള്ള ബഹുമാനസൂചകമായി ചന്ദ്രനിലെ ഒരു ഗർത്തത്തിന് അൽ ഹസൻ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. അറബ് ലോകത്ത് അൽ ബസ്വരി എന്നും പാശ്ചാത്യലോകത്ത് അൽഹസൻ എന്നും അറിയപ്പെട്ട ഇബ്നു ഹൈസം 1039ൽ കെയ്‌റോയിൽ വെച്ചാണ് മരണപ്പെട്ടത്.

അന്താരാഷ്ട്ര പ്രകാശവർഷം

എ.ഡി 1015ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇബ്നു ഹൈസമിന്റെ കിതാബുൽ മനാളിറിനു 2015 ൽ ആയിരം വർഷം പിന്നിടുകയായിരുന്നു. അതിന്റെ ആദരസൂചകമായിട്ടായിരുന്നു 2015ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര പ്രകാശവർഷമായി (International year of Light) ആചരിച്ചത്.’1001 കണ്ടെത്തലുകൾ: ഇബ്നു ഹൈസമിന്റെ ലോകം'(1001 Invention and the world of Ibnul haitham)എന്നാ തലക്കെട്ടിലാണ് ഈ കാമ്പയിൻ അരങ്ങേറിയത്.

മുജ്തബ സി.ടി

LEAVE A REPLY

Please enter your comment!
Please enter your name here