ഇന്ത്യ എന്താണെന്ന് നിങ്ങൾ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ..

ശൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീർ

0
1195

കാശ്മീർ, ബാബരി ദൗത്യങ്ങൾ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് അതിന്റെ ആത്മവിശ്വാസത്തിലാണ് ഇവിടെ എന്തും ചെയ്തുകളയാം എന്ന ധാർഷ്ട്യത്തിലേക്ക് ആഭ്യന്തര മന്ത്രി എത്തിയതെന്ന് തോന്നുന്നു.

കാശ്മീരിന്റെ വിഷയം പറഞ്ഞാൽ അവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മാനസികമായി ഇന്ത്യയോടൊപ്പം നിൽക്കുന്നവർ തന്നെയായിരുന്നു. 370-ാം വകുപ്പ് തുടരണമെന്ന വാശിയൊന്നും അവർക്ക് പണ്ടേ ഉണ്ടായിട്ടില്ല.

വളരെ ന്യൂനാൽ ന്യൂനപക്ഷം വിഘടനവാദികൾ മാത്രമായിരുന്നു എന്നും പ്രശ്നക്കാർ. എന്നാൽ കാശ്മീരികളെ മൊത്തം വിഘടനവാദികളാക്കി അവതരിപ്പിച്ചു കൊണ്ടേയിരുന്നു പലരും.
370 എടുത്തു കളഞ്ഞപ്പോൾ ശരിക്കും ജനകീയ പ്രതിഷേധം ഉണ്ടായിട്ടില്ല. അതിന് ആ ജനതയിലെ ബഹുഭൂരിപക്ഷം ആഗ്രഹിച്ചിരുന്നുമില്ല.

ബാബരി വിധി വരും മുന്നേ മുസ്ലിം നേതൃത്വം മുഴുവനും സംയമനത്തിനും ക്ഷമക്കും ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതക്ക് പ്രാധാന്യം നൽകി അത്തരമൊരു നിലപാടെടുത്തത് രാജ്യത്തോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു.

പക്ഷേ, പുതിയ കളി തീക്കളിയാണ്. ഇന്ത്യയിലെ ഒരു ജനവിഭാഗത്തെയാകെ രാജ്യമില്ലാത്തവരോ രണ്ടാം തരം പൗരൻമാരോ ആക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അവിടെ സംയമനവും ക്ഷമയും പറയാൻ ആർക്കെങ്കിലും ആവുമോ? ഇന്ന് വരെ രാജ്യത്തോട് ഒരു ദ്രോഹവും ചെയ്യാത്ത, പലതും സഹിച്ചും ത്യജിച്ചും രാജ്യത്തോടൊപ്പം നിന്ന ഒരു സമുദായത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണിവിടെ. പോരാട്ടം നിർബന്ധമാവുകയാണിവിടെ. ഈ പോരാട്ടത്തിൽ ഈ സമുദായം ഒറ്റക്കല്ല. എല്ലാവരെയും ഉൾക്കൊള്ളാൻ പഠിപ്പിക്കുന്നതാണ് ഹൈന്ദവ ദർശനങ്ങൾ. അത് നെഞ്ചേറ്റിയ യഥാർത്ഥ ഹിന്ദു സഹോദരങ്ങൾ മുൻനിരയിലുണ്ട്.

ഈ രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ ശ്രമിക്കുന്ന മുഴുവൻ ജനങ്ങളും ഈ പോരാട്ടത്തിൽ ഒപ്പമുണ്ട്.

മിസ്റ്റർ അമിത് ഷാ,
ഈ രാജ്യം വികസിത രാജ്യങ്ങൾക്കൊപ്പം പേര് ചേർക്കപ്പെടാനാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. അതിന് കഴിയുന്നത്ര സംഭാവനകൾ നൽകാനാണ് എല്ലാ വിഭാഗങ്ങളും കൊതിക്കുന്നത്. 20 കോടിയിലധികം മുസ്ലിംകൾ ഉണ്ടായിട്ട് മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന എതെങ്കിലും ഭീകര പ്രസ്ഥാനങ്ങൾക്ക് വേരുറക്കാൻ ഇന്ത്യയിൽ ഇടം കൊടുക്കാത്തവരാണ് ഇവിടുത്തെ മുസ്ലിംകൾ.

ഭരണകൂടത്തിൽ നിന്ന് വിവേചനം അനുഭവിച്ചിട്ടുണ്ടെന്നും അർഹമായത് ലഭിച്ചിട്ടില്ലെന്നും സച്ചാർ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഒരു തെറ്റായ വഴി സ്വീകരിക്കാതെ സ്വന്തം നിലയിൽ പരിശ്രമിച്ച് വിദ്യാഭ്യാസപരമായും സാമൂഹികമായും സമുദായത്തെ ഉയർത്തി അവരെ രാഷ്ട്ര പുരോഗതിക്ക് സംഭാവനകൾ നൽകുന്നവരാക്കാൻ ശ്രമിക്കുകയായിരുന്നു ഇവിടുത്തെ മുസ്ലിം നേതൃത്വം.

അങ്ങനെ എല്ലാവരും ഒന്നുചേർന്ന് ഈ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്നതിന് പകരം അധികാരം കൊണ്ട് മതഭ്രാന്ത് കളിച്ച് ഇന്ത്യയെ നാലാം കിട രാജ്യമാക്കി മാറ്റാനാണോ നിങ്ങളുടെ ശ്രമം?

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന മുസ്ലിം ഇതര അഭയാർത്ഥികളെ ഇന്ത്യ സ്വീകരിക്കുന്നതിന് ഞങ്ങൾ എതിരല്ല. (അവിടെല്ലാം ഹൈന്ദവ ന്യൂനപക്ഷങ്ങൾ പീഢനം അനുഭവിക്കുന്നു എന്നത് എത്രമാത്രം സത്യമാണെന്നത് വേറെ വിഷയം. സത്യം അതല്ല എന്ന് സമർത്ഥിക്കുന്ന പല അനുഭവസാക്ഷ്യങ്ങളും പലരുടേതും ഉണ്ട്.) ഇപ്പോൾ വരുന്നവരിൽ മുസ്ലിംകളെ മാത്രം സ്വീകരിക്കാത്തതിനോടും നമുക്ക് എതിർപ്പില്ല. (ഇന്ത്യയുടെ വിശാലത നിറഞ്ഞ പാരമ്പര്യത്തിനും ഇവിടുത്തെ ഭൂരിപക്ഷ മതമായ ഹൈന്ദവതയുടെ ദർശനങ്ങൾക്കും അത് യോജിക്കുന്നുണ്ടോ എന്ന് മുസ്ലിംകളല്ലാത്ത എല്ലാവരും ആലോചിക്കുക) ഏതായാലും അവിടുന്നൊന്നും ഒരു മുസ്ലിമും ഇങ്ങോട്ട് വരേണ്ടെന്ന് തന്നെ നമുക്ക് പറയാം.

വിഷയം അതൊന്നുമല്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോട് കൂടി ഇവിടെ ജീവിക്കുന്ന ജനതയോട് അവരുടെ പാസ്പോർട്ടും പാൻകാർഡും ആധാറും വോട്ടർകാർഡും ലൈസൻസും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും ഒന്നും പൗരത്വം തെളിയിക്കാൻ മതിയായ രേഖകളല്ലെന്നും 90 ശതമാനം ഇന്ത്യൻ ജനതക്കും സമർപ്പിക്കാൻ സാധിക്കാത്ത വിധമുള്ള രേഖകൾ കൊണ്ട് പൗരത്വം തെളിയിക്കണമെന്നും പറയുമ്പോൾ എല്ലാ മതത്തിൽ പെട്ടവരും പുറത്താവും. അവരിൽ നിന്ന് പുതിയ CAA പ്രകാരം മുസ്ലിംകളല്ലാത്തവരെല്ലാം പൗരത്വം നേടും. ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളും യഥാർത്ഥ പൗരൻമാരല്ലാതാവും. അവരെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്കോ അതിർത്തിക്കപ്പുറത്തേക്കോ അയച്ച് ഇവിടം മുസ്ലിംകളില്ലാത്ത ഒരു രാജ്യമാക്കി മാറ്റാമെന്നല്ലേ നിങ്ങളുടെ ആഗ്രഹം. അതിന് മുസ്ലിംകൾ എങ്ങനെ പ്രതികരിക്കുമെന്നത് അവിടെ നിൽക്കട്ടെ, ഇവിടുത്തെ ഹിന്ദുക്കൾ സമ്മതിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

മിസ്റ്റർ അമിത് ഷാ,
ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹമാണത്. അതിനു വേണ്ടിയുള്ള നിങ്ങളുടെ വൃഥാ ശ്രമം തന്നെ ഈ രാജ്യത്തെ ഒരു പാട് വർഷം പിന്നോട്ട് വലിച്ച് കൊണ്ടു പോകും. അതു വേണോ എന്ന് നിങ്ങൾ തന്നെ ആലോചിച്ചോളൂ.

നല്ല ബുദ്ധി തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് CAA യിൽ മാറ്റം വരുത്തി രാജ്യത്തെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഏതെങ്കിലും അഭയാർത്ഥി പ്രശ്നമുണ്ടെങ്കിൽ അതിന് പരിഹാരമാവുന്ന വിധത്തിലേക്ക് മാത്രം അതിനെ പരുവപ്പെടുത്തി മുന്നോട്ട് പോവുക. രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും മുൻതൂക്കം കൊടുത്തുകൊണ്ടുള്ള എല്ലാ തീരുമാനങ്ങളിലും മുസ്ലിംകളടക്കം എല്ലാ ജനതയുടെയും പിന്തുണ ഉണ്ടാവും.

അതല്ല, ഇത്തരം ഭിന്നതയുടെ പ്രത്യയശാസ്ത്രവും പേറി രാജ്യത്തെ മുന്നോട്ട് നയിക്കാനാണ് ശ്രമമെങ്കിൽ ഈ രാജ്യം എന്താണെന്ന് നിങ്ങൾ തിരിച്ചറിയാൻ പോകുന്നതേ ഉള്ളൂ.

Shoukath Naeemi Al-bukhari

LEAVE A REPLY

Please enter your comment!
Please enter your name here