1857 ലെ ഒന്നാം സ്വാതന്ത്രസമരം എന്ത് പിഴച്ചു?

സ്വാദിഖ് വി പി അരീക്കോട്

0
2842
http://www.timesofmalwa.in/

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യഥാര്‍ത്ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗ്ഗീയ ഫാഷിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

2014 ല്‍ ബിജെപി കേന്ദ്രഭരണം ഏറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ ചരിത്രസംബന്ധമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനും ചരിത്രത്തെ വികലമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അധ്യായമാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി ഇന്ത്യയൊട്ടുക്കും അംഗീകരിച്ചു പോന്നിരുന്ന 1857 ലെ ശിപായി ലഹളക്കു പകരം 1817ല്‍ ഒഡീഷയില്‍ നടന്ന പൈക ലഹളയെ അംഗീകരിക്കണമെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഖ്യാപനം. പൈക ബിദ്രോഹ (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളെജുകളിലും പഠിപ്പിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വെച്ചുളള ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഡ്‌നായിക് ഈയൊരു തീരുമാനം മുന്നോട്ടുവെച്ചതും കേന്ദ്രം അതിന് അംഗീകാരം നല്‍കിയതും.1857 ന് നാല് പതിറ്റാണ്ട് മുമ്പ് നടന്ന ചെറിയൊരു ലഹള എന്നതിനപ്പുറം മറ്റൊരു തരത്തിലും ശിപായി ലഹളയേക്കാള്‍ പൈക കലാപത്തിന് പ്രാധാന്യമില്ല.

”ഡെല്‍ഹി, മീററ്റ്, കാണ്‍പൂര്‍, ലക്‌നൗ, ഗ്വാളിയോര്‍ തുടങ്ങി ഉത്തരേന്ത്യയില്‍ ഒരു വലിയ ഭൂ മേഖലയില്‍ വ്യാപിച്ച ജനമുന്നേറ്റമായിരുന്നു പൈക ലഹള. ഏഷ്യയിലെ അന്നത്തെ ഏറ്റവും വലിയ ആധുനിക സേനയായിരുന്ന ബംഗാള്‍സേനയിലെ 139000 ശിപായിമാരില്‍ 7796 പേരൊഴികെയുളളവരെല്ലാം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരുന്നു . അവധ് പോലെയുളള വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സാധാരണ ജനങ്ങളും വന്‍തോതില്‍ ശിപായിമാരോടൊപ്പം ചേര്‍ന്നു” ( ദെ ലാസ്റ്റ് മുഗള്‍ – വില്യം ഡാല്‍ റിംപല്‍ ). ബഹദൂര്‍ശ, നാനാ സാഹിബ്, മീര്‍സാമുഗള്‍, ബഗത്ഗാന്‍, താന്‍ത്യാ തോപ്പി, റാണി ലക്ഷ്മിഭായ് എന്നിങ്ങനെയുളള സമര്‍ത്ഥരായ നേതൃത്വത്തിന് കീഴില്‍ ബ്രിട്ടീഷ് അധിനിവേഷത്തിനെതിരെയുളള ആദ്യ ബഹുസ്വര മുന്നേറ്റമായി ശിപായി ലഹള വിലയിരുത്തപ്പെടുന്നു. 1857 മെയ് 10ന് മീററ്റില്‍ തുടങ്ങി 1858 ജൂണ്‍ 20 ന് ഗ്വാളിയോറിലാണ് ശിപായി ലഹള അവസാനിക്കുന്നത്.

വൈദേശിക ആധിപത്യത്തില്‍ സ്വന്തം അധികാരവും പ്രതാപവും നഷ്ടപ്പെട്ട നാട്ടുരാജാക്കന്മാരും തങ്ങള്‍ നേടിയിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രകോപിതരായ സമീന്ദാര്‍മാരും ഇന്ത്യയില്‍ നിരവധി കലാപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തികമോ അധികാര സംബന്ധിയായതോ ആയ കാരണങ്ങള്‍ ഇവയില്‍ നിന്നെല്ലാം നമുക്ക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ആന്ധ്രയിലെ വൈശ്യ നഗരന്‍ രാജാക്കന്മാര്‍ (1794), മൈസൂരില്‍ ധോണ്ട് ജീവാംഗ് എന്ന ഭരണാധികാരി (1800 ), മലബാറില്‍ പഴശ്ശിരാജ (1800-1805 ), തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ ( 1809), തമിഴ്‌നാട്ടില്‍ പോളിഗറുകള്‍ ( 1801 – 1815), കച്ചില്‍ നാടുവാഴികള്‍ (1818-1832), അലിഗഡില്‍ താലൂക്ക്ദാര്‍മാര്‍, ഹരിയാനയില്‍ ജാട്ടു മുഖ്യന്മാര്‍ (1824) എന്നിവയെല്ലാം അത്തരം സമരങ്ങള്‍ക്ക് ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഇത്തരമൊരു ലഹളയുടെ പട്ടികയിലാണ് പൈക്ക കലാപവും ഉള്‍പ്പെടുന്നത്.

പൈകലഹള – 1817

ഒഡീഷയിലെ പരമ്പരാഗത പട്ടാള വിഭാഗമായിരുന്നു പൈകകള്‍ . നാടിന്റെ ക്രമസമാധാനപാലനമായിരുന്നു അവരുടെ ചുമതല. ജോലിയുടെയും അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്തമായ മൂന്ന് പദവികളിലായിട്ടായിരുന്നു പൈകകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇരുതലമൂര്‍ച്ചയുളള വാള്‍ ഉപയോഗിക്കുന്ന സൈനിക വിഭാഗം പഹാരികളെന്നും തോക്കിന്റെ ആദ്യ രൂപമായ മാച്ച് ലോക്കുകള്‍ ഉപയോഗിക്കുന്നവര്‍ ബഹുഅകള്‍ എന്നും അമ്പെയ്തു വിദഗ്ദര്‍ ഡെന്‍കിയകള്‍ എന്നും അറിയപ്പെട്ടു. സൈനിക സേവനത്തിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും ഇവര്‍ കൈപറ്റിയിരുന്നു. 1803 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒഡീഷയിലെ കോര്‍ദ ഭരണ മേഖല കീഴടക്കുകയും അവിടുത്തെ ഭരണം പിടിച്ചടക്കുകയും ചെയതതോടെ പൈകകളുടെ പ്രതാപം ക്രമേണ നശിക്കാന്‍ തുടങ്ങി. പൈകകളുടെ സൈനിക സേവനം നിരസിച്ച ബ്രിട്ടീഷുകാര്‍ സൈനിക സേവനത്തിന് അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ആനുകൂല്യങ്ങള്‍ പാടേ നിഷേധിച്ചു.സാധരണകാരെപ്പോലെ ഭൂനികുതിയടക്കം മുഴുവന്‍ നികുതികളും അടക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ജാഗിര്‍ദാര്‍ സംവിധാനത്തിന്റെ ഭാഗമായി അവര്‍ക്ക് നല്‍കിയിരുന്ന ഭൂമി ഗവണ്‍മെന്റിലേക്ക് തിരിച്ചടക്കാന്‍ കല്‍പ്പിച്ചു. ഈയൊരു സാഹചര്യത്തിലാണ് ബഗ്‌സി ജഗബന്ധുവിന്റെ കീഴില്‍ പൈകലഹള അരങ്ങേറുന്നത്. ജാഗിര്‍ദാര്‍ സംവിധാനത്തിന്റെ ഭാഗമായി പരമ്പരാഗതമായി തങ്ങളുടെ അധീനതയിലായിരുന്ന കുടുംബ ഭൂസ്വത്ത് 1914 ല്‍ ഗവണ്‍മെന്റ് പിടിച്ചെടുത്തതോടെ വലിയ പ്രതിസന്ധിക്ക് നടുവിലായിരുന്നു ജഗബന്ധുവിന്റെ ജീവിതം .ഒരു നാട്ടുരാജാവല്ലാതിരുന്നിട്ട് പോലും ബഗ്‌സി ജഗബന്ധുവിനെ പോരാട്ട രംഗത്തേക്ക് തളളിവിടുന്നതില്‍ ഈ സംഭവം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1817 ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഒറീസയിലെ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ , സമീന്ദാര്‍മാര്‍ എന്നിവര്‍ക്കു പുറമെ സമീന്ദാര്‍മാരുടെ പണിയാളുകളും ജഗ ബന്ധുവിന്റെ കീഴില്‍ അണിനിരന്നു. പോലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കിയും ട്രഷറികള്‍ നഷിപ്പിച്ചും മുന്നേറിയ ഇവര്‍ ബ്രിട്ടീഷ് സേനാ വിഭാഗത്തില്‍ നിന്ന് ചിലര്‍ക്ക് ജീവഹാനി വരുത്തിവെക്കുകയും ചെയ്തു. 1817 മാര്‍ച്ചില്‍ ആരംഭിച്ച സമരത്തിന് മൂന്ന് മാസം മാത്രമേ ആയുസ്സുണ്ടായിരുന്നുളളൂ. 1817 ല്‍ ലഹള അടിച്ചമര്‍ത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം പിടിച്ചെടുത്തു.
പൈകലഹള: വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ ആയുധം

പൈകലഹള എന്ന ആയുധത്തെ വോട്ടുബേങ്ക് രാഷ്ട്രീയത്തിന് വേണ്ടി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് നവീന്‍ പട്‌നായികും ഒഡീഷ സര്‍ക്കാരും. ഒഡീഷയില്‍ സംസ്ഥാന ജനസംഖ്യയുടെ 93.63 % വും ഹിന്ദു മത വിശ്വാസികളാണ്. 21 ലോക്‌സഭാ മണ്ഡലങ്ങളും 10 രാജ്യസഭാ സീറ്റുകളും 147 നിയമസഭാ മണ്ഡലങ്ങളുമുളള ഒഡീഷയില്‍ ഹൈന്ദവരിലെ ക്ഷത്രിയര്‍, ചാസര്‍ എന്നീ ജാതി വിഭാഗങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമാണ്.ഈ രണ്ടു വിഭാഗങ്ങളിലായാണ് പരമ്പരാഗത സൈനിക വിഭാഗങ്ങളായ പൈകകള്‍ ഉള്‍ക്കൊളളുന്നത്. ഒഡീഷയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മനസ്സില്‍ ബിംബവല്‍ക്കരിക്കപ്പെട്ട താരോദയമാണ് പൈകലഹളക്ക് സൈനിക നേതൃത്വം നല്‍കിയ ബക്‌സി ജഗബന്ധു. വിഷ്ണുവിന്റെ അവതാരമായി ഗണിക്കപ്പെടുന്ന ജഗനാഥസ്വാമിയുടെ മനുഷ്യാവതാരമായി വരെ ജഗബന്ധുവിനെ ഗണിക്കുന്നവര്‍ ഒറീസയില്‍ ജീവിക്കുന്നു. പൈകലഹളക്കും അതിന്റെ സമര നായകനും വീരപരിവേഷം നല്‍കുന്നതിലൂടെ ഒഡീഷയിലും മറ്റു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഹൈന്ദവരുടെയും പ്രത്യേഗിച്ച് ക്ഷത്രിയരുടെയും വോട്ട് സ്വന്തം കീശയിലാക്കാമെന്നാണ് സംഘപരിവാര്‍ രാഷ്ട്രീയ ചാണക്യന്മാര്‍ കണക്കുകൂട്ടുന്നത്. പൈകലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചതിലൂടെ ഒഡീഷയിലെ BJD – BJP സഖ്യവും ദേശീയ തലത്തില്‍ NDA സര്‍ക്കാരും തങ്ങളുടെ അടിത്തറ ശക്തമാക്കി വലിയൊരു വോട്ടു ബാങ്ക് ഉറപ്പാക്കുകയാണ് ചെയ്തത്. വൈകലഹളയുടെ ഇരുന്നൂറാം വാര്‍ഷികം ഡല്‍ഹിയില്‍ വെച്ച് ആസൂത്രണം ചെയ്യുകയും പൈക രക്തസാക്ഷികളുടെ നൂറ്റമ്പതോളം വരുന്ന പിന്‍ഗാമികളെ NDA സര്‍ക്കാര്‍ അവിടേക്ക് പ്രത്യേഗം ക്ഷണിച്ചതും പൈകലഹളയുടെ സ്മാരകങ്ങള്‍ ദേശിയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന് 200 കോടി കേന്ദ്ര ഖജനാവില്‍ നിന്ന് അനുവദിച്ചതും ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല.

നഷ്ടപ്പെട്ട അധികാരവും സുഖാഡംബരങ്ങളും തിരിച്ചുപിടിക്കാന്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കൈമുതലാക്കി നടന്ന കലാപങ്ങളും ലഹളകളും മഹത്വവല്‍ക്കരിക്കുകയും അധിനിവേശ വിരുദ്ധ പോരാട്ടരംഗത്ത് ആത്മാര്‍ത്ഥമായി നിലനിയുറപ്പിച്ചിരുന്ന ടിപ്പു സുല്‍ത്താനും സാമൂതിരിയുടെ മുസ്ലിം പടനായകരും നിരവധി പണ്ഡിതതേജസ്വികളും മുസ്ലിം നാമധാരികളായി എന്നതിന്റെ പേരില്‍ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എക്കാലവും ചരിത്രത്തെ വികലമായി അവതരിപ്പിച്ച് അതിലൂടെ രൂപപ്പെട്ട തീവ്ര ദേശീയതയില്‍ വളര്‍ന്ന് പന്തലിച്ച പ്രസ്ഥാനമാണ് ഫാസിസം. മതേതരത്വത്തിലധിഷ്ടിതമായ ഇന്ത്യന്‍ ചരിത്രത്തെയും ചില വിഭാഗങ്ങളെയും അപരവല്‍ക്കരിക്കാനുളള സംഘപരിവാര്‍ ശ്രമത്തെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ വലിയ അപകടങ്ങളായിരിക്കും ഭാവിയില്‍ ഭാരതത്തിന് നേരിടേണ്ടി വരിക.

LEAVE A REPLY

Please enter your comment!
Please enter your name here