റുകൂഇല്‍ നിന്ന് അതിനു മുമ്പുണ്ടായ അവസ്ഥയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാല് എന്ന് പറയുന്നത്. പ്രസ്തുത അവസ്ഥയില്‍ എത്തി അനക്കം അടങ്ങിയാല്‍ നിര്‍ബന്ധ ബാധ്യത തീരും. കുറേയേറെ സുന്നത്തുകള്‍ അവിടെയും കണക്കിലെടുക്കണം. അവ താഴെ വിവരിക്കാം.
തക്ബീറില്‍ കൈകള്‍ ഉയര്‍ത്തിയ അതേപ്രകാരം റുകൂഇല്‍ നിന്ന് ഉയരുന്ന സമയത്ത് കൈകള്‍ ഉയര്‍ത്തുക. ഉയരുമ്പോള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കരുത്. ഹദീസുകളില്‍ കര്‍ക്കശമായി നിരോധിച്ചിട്ടുള്ളതാണിത്. അങ്ങനെ ചെയ്യുന്നവന്റെ കാഴ്ചശക്തി വരേ നശിക്കുമെന്ന് ഹദീസുകളില്‍ ഗൗരവ പൂര്‍വ്വം താക്കീത് നല്‍കിയിട്ടുണ്ട്.
ഉയരുന്ന സമയത്ത് സമിഅല്ലാഹു ലിമന് ഹമിദ: എന്ന് പറയല്‍ സുന്നത്താണ്. ഈ ദിക്റിന്റെ അവസാനത്തില്‍ ളമ്മ് ഉള്ള ഹു എന്ന അക്ഷരമാണുള്ളത്. വഖ്ഫ് ചെയ്യുമ്പോള്‍ അത് സുകൂനുള്ളതായി മാറും. അതിനാല്‍ സമിഅല്ലാഹു ലിമന് ഹമിദാാാ എന്ന് നീട്ടി ഉച്ചരിച്ചക്കല് പിഴവാണ്.
അല്ലാഹുവിനെ സ്തുതിച്ചവരുടെ സ്തുതി അവന് സ്വീകരിക്കട്ടെ എന്നാണ് ഇതിന്റെ ഉള്ളടക്കം. ഇതിന്റെ ഉള്ളടക്കത്തോട് യോജിച്ച് കൊണ്ടാണ് റബ്ബനാ ലക എന്ന് തുടങ്ങുന്ന സ്തുതി വചനങ്ങള്‍ ഇതിനു ശേഷം കൊണ്ടുവരുന്നത്.
റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ അനക്കം അടങ്ങുന്നത് വരെ നില്ക്കല് നിര്‍ബന്ധമാണ്. നിവര്‍ന്ന് നില്‍ക്കുന്നതോട് കൂടിത്തന്നെ ഉയരുമ്പോഴുള്ള അനക്കം അവസാനിക്കുന്നതിന് മുമ്പ് സുജൂദിലേക്ക് കുനിഞ്ഞാല്‍ നിസ്കാരം സ്വഹീഹാകുകയില്ല.
ഈ നിര്‍ത്തത്തില്‍ (ഇഅ്തിദാല്) നേരത്തെ സൂചിപ്പിച്ച ദിക്റ് പോലെ വേറെയും ദിക്റും സുന്നത്തുണ്ട്.
സുബ്ഹി നിസ്കാരത്തിലെയും റമളാനിലെ അവസാന പകുതിയിലെ വിത്റ് നിസ്കാരത്തിലെയും അവസാനത്തെ ഇഅ്തിദാലില്‍ ഖുനൂത് സുന്നത്തുണ്ടല്ലോ. ഇമാമാണെങ്കില്‍ ഖുനൂത്ത് മുഴുവന്‍ ഉറക്കെയും അല്ലാത്തവര്‍ മുഴുവനും പതുക്കയും ഓതലാണ് സുന്നത്ത്. ഇങ്ങനെയല്ലാതെ ചെയ്യല്‍ സുന്നത്തിനെതിരാണ്. ഇമാം ഖുനൂതില്‍ ബഹുവചനം (ഉദാ: ഇഹ്ദിനാ) ഉപയോഗിക്കണം. തുടക്കം മുതല്‍ വഖിനാ ശര്റമാ ഖളയ്ത വരെ മഅ്മൂം ആമീന്‍ പറയുകയും ശേഷമുള്ള സ്തുതി വചനങ്ങള്‍ മുതല്‍ മഅ്മൂം കൂടെ പറയുകയും ചെയ്യണം.
മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന വല്ല അപകടങ്ങളും സംഭവിച്ചാല്‍ അഞ്ച്നേരത്തെ നിസ്കാരങ്ങളിലും ഖുനൂത് സുന്നത്തുണ്ട്. സുബഹിയിലെ സാധാരണ ഖുനൂത്ത് ഓതുകയും അതിന് ശേഷം നിലവിലുള്ള അപകടം നീങ്ങിക്കിട്ടാന്‍ ദുആചെയ്യുകയുമാണ് വേണ്ടത്. മെല്ലെ ഓതുന്ന നിസ്കാരത്തിലും ഇമാം ഈ ഖുനൂത്ത് ഉറക്കേ ഓതലാണ് സുന്നത്ത്.
സാധാരണ എല്ലാ ദുആകളും ഹംദ് സ്വലാത്ത് എന്നിവയോട് കൂടി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഖുനൂത്തിന്റെ തുടക്കത്തില്‍ ഇത് സുന്നത്തില്ല. അത്പോലെ ദുആ അവസാനിപ്പിച്ച ശേഷം രണ്ട് കൈകള്‍കൊണ്ടും മുഖം തടവല്‍ സുന്നത്തുണ്ട്. എന്നാല്‍ ഖുനൂത്തില്‍ അതും സുന്നത്തില്ല.
9747393562