ആസൂത്രണം ആവാം. പക്ഷേ ലളിതമാവണം

കോടമ്പുഴ ബാവ ഉസ്താദ്

0
1315

അല്ലാഹു ഒരാളെ ഒരു ജീവിത മാർഗ്ഗത്തിൽ നിർത്തിയതോടു കൂടെ അയാൾ അതിൽ നിന്ന് മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽ പെട്ടതാണെന്ന് പറഞ്ഞു .ഇനി അതിന്റെ നേർവിപരീതമായ വശമാണ് പറയുന്നത്. എല്ലാവിധ ജോലികളിൽ നിന്നും ഭൗതിക വ്യാപാരങ്ങളിൽ നിന്നും അല്ലാഹു ഒരാളെ മാറ്റി നിർത്തിയിരിക്കുന്നു. എന്നാൽ ഇനി അയാൾ അത് വെടിഞ്ഞു കൊണ്ട് ,മറ്റു ജീവിത മാർഗങ്ങളിലേക്ക് പ്രവേശിക്കുകയെ ന്നത് ഉന്നതമായ ഇച്ഛാശക്തിയിൽ നിന്നുള്ള പതനമാണ് .ഇവിടെ ഓരോരുത്തർക്കും ഉചിതമായ ഇടങ്ങളിൽ അല്ലാഹു അവരെ പ്രതിഷ്ഠിക്കുന്നു . ആ മാർഗ്ഗം ഉപേക്ഷിക്കാതെ ആ വഴിയിൽ അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് മുന്നോട്ട് പോകുകയെന്നതാണ് വിശ്വാസിയുടെ കടമ .മേൽപ്പറഞ്ഞ ആശയം എത്ര മനോഹരമാണ്. കാരണം ഇവിടെ അല്ലാഹു മനുഷ്യനെ സർവ്വ ജോലികളിൽ നിന്നും മുക്തനാക്കി നിർത്തിയിരിക്കുന്നു. സദാസമയവും അല്ലാഹുവിനെ ആരാധിക്കാനുള്ള സൗകര്യം അയാൾക്ക് വന്നു ചേർന്നിട്ടുണ്ട്. അയാളുടെ ഉപജീവനമാണെങ്കിൽ അയാളറിയാത്ത മാർഗങ്ങളിലൂടെ നിറവേറ്റപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്രയും സൗകര്യം ലഭ്യമായ ഒരാൾ ഈ ഒരു മാർഗം വെടിഞ്ഞു കൊണ്ട് മറ്റ് ഉപജീവന മാർഗങ്ങൾ തേടി പോകുകയെന്നത് ഒട്ടും ശരിയല്ല. ഈയൊരു പാതയിൽ നിന്ന് വ്യതിചലിക്കുന്നയാൾ അത്തരം ഇച്ഛാശക്തിയില്ലാതെ പരാജയപ്പെടുകയാണ് .വിശ്വാസി തൻ്റെ ഉൽകൃഷ്ടമായ ഇച്ഛാശക്തി പുറത്തു കാണിക്കേണ്ട അനിവാര്യമായ അവസരമാണിത്. കാരണം സർവ്വ ഭൗതിക ബന്ധങ്ങളിൽ നിന്നും വ്യാപാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു കൊണ്ട് സദാസമയവും നാഥൻ്റെ ചിന്തയിലായി കഴിഞ്ഞുകൂടാൻ കഴിയുകയെന്നത് മഹാ സൗഭാഗ്യമാണ്. അല്ലാഹു നൽകിയ ആ മഹത്തായ അനുഗ്രഹത്തിൽ ഉറച്ചു നിൽക്കാൻ വിശ്വാസിക്കാകണം. ഇനി അയാൾക്ക് ഗുണകരമല്ലെങ്കിൽ അല്ലാഹു തന്നെ അയാളെ മറ്റൊരു ജോലിയിലേക്ക് പറിച്ചുനടും. അല്ലാഹുവല്ലാതെ നീ സ്വന്തമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ പാടില്ല. അതിനു മുതിരരുതെന്നാണ് സിക്കന്ദരി തങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തുന്നത്.
ഇനി മേൽ പറഞ്ഞ രണ്ട് കാര്യങ്ങൾക്കും നിമിത്തമായ ഒരു കാര്യമാണ് പറയുന്നത് .മുൻകടന്ന ഇച്ഛാശക്തികൾ അഥവാ വലിയ സ്വാധീന ശക്തിയുള്ള ഇച്ഛാശക്തികൾക്ക് പോലും വിധികളാകുന്ന അല്ലാഹുവിൻ്റെ ഭിത്തികളെ മറികടക്കാൻ സാധിക്കുകയില്ല. വിൽപവർ അഥവാ മനശക്തി കൊണ്ട് കാര്യങ്ങൾ സാധിക്കുന്നവരുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിൽ പെട്ട ഒരിനമാണിത്.ഈയൊരവസരത്തിൽ ഇവർക്ക് വായ കൊണ്ട് എന്തെങ്കിലും പറയേണ്ടതോ ശരീരം കൊണ്ട് പ്രവർത്തിക്കേണ്ടതോ ഇല്ല. അവരുടെ മന:ശക്തി കൊണ്ട് തന്നെ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. എന്നാൽ ഇത്തരം വ്യക്തികൾക്ക് പോലും അല്ലാഹുവിൻ്റെ വിധികളാക്കുന്ന ഭിത്തികളെ ഭേദിക്കാൻ സാധിക്കുകയില്ല. അല്ലാഹുവിന്റെ മുൻനിശ്ചയമെന്താണോ അത് മാത്രമാണ് സംഭവിക്കുന്നത്. അതുകൊണ്ട് അല്ലാഹു നിർത്തിയ ഇടത്ത് ഓരോരുത്തരും നിലകൊള്ളണം

തീവ്രമായ ആസൂത്രണത്തിൽ നിന്ന് നിന്റെ മനസ്സിനും ശരീരത്തിനും നീ വിശ്രമം നൽകുക. കാരണം നിനക്ക് വേണ്ടി മറ്റൊരാൾ നിർവഹിച്ചു കഴിഞ്ഞ കാര്യം നിനക്ക് വേണ്ടി നീ ചെയ്യേണ്ടതില്ല. ഇതാണ് ഹിക്മകളിൽ അഞ്ചാമത്തേത് . മനുഷ്യജീവിതത്തെ സ്വല്പം മാറിനിന്ന് വീക്ഷിച്ചാൽ ഇത് കൃത്യമായി മനസ്സിലാക്കാനാകും. മനുഷ്യൻ തൻ്റെ ഉപജീവനമാർഗങ്ങളെക്കുറിച്ച് ആലോചിക്കുകയും പ്ലാനിങ് നടത്തുകയും ചെയ്യുന്നു.ജീവിതത്തിൻ്റെ സിംഹഭാഗവും ഭൗതിക കാര്യങ്ങൾക്ക് വേണ്ടിയുള്ള അധ്വാനത്തിലാണവൻ. ഇതെല്ലാം ഉപേക്ഷിച്ച് മനസ്സിനും ശരീരത്തിനും വിശ്രമം നൽകി ശാന്തത കൈവരിക്കാനാണ് മഹാൻ പറയുന്നത് .കാരണം മനുഷ്യൻ്റെ മുഴുവൻ ഭൗതിക വിഭവങ്ങളും അല്ലാഹു നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ് .ലോകത്തെ മുഴുവൻ സൃഷ്ടികളുടെയും രിസ്ഖിൻ്റെ അഥവാ ഉപജീവനത്തിൻ്റെ കാര്യം അള്ളാഹു ഏറ്റെടുത്തതാണ് . ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതാണത്.ഇവകൾക്കെല്ലാം ലളിതമായ ആസൂത്രണം മതി. ഇതിനർത്ഥം പ്ലാനിങ് പാടെ അവഗണിക്കണം എന്നല്ല. അതു കരണീയം തന്നെ. മഹാന്മാർ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് . പ്ലാനിങ്ങിനെ പോലെ മറ്റൊരു ബുദ്ധിയില്ലെന്ന് പറഞ്ഞത് അലിയ്യ് ഇബ്നു അബീത്വാലിബ് (റ) വാണ് . അതിനാൽ ചെറിയൊരു ആസൂത്രണവും ശ്രമവും വേണം. എന്നാൽ മുഴുവൻ സമയവും അതിൽ മുഴുകിയിരിക്കരുത്. അല്ലാഹു ഏറ്റെടുത്ത കാര്യത്തിന് നാം എന്തിന് ഇത്ര യത്നിക്കണം . മുത്ത് റസൂൽ (സ)പറയുന്നത് കാണുക .നിങ്ങൾ അല്ലാഹുവിന്റെ മേൽ തവക്കുൽ അഥവാ അർപ്പണം ചെയ്യുകയാണെങ്കിൽ പക്ഷികൾക്ക് ആഹാരം നൽകുന്നതുപോലെ നിങ്ങൾക്കും അവൻ ആഹാരം നൽകിയേനെ,ഒട്ടിയ വയറുമായി പ്രഭാത സമയത്ത് ഇറങ്ങുന്ന അവർ നിറവയറുമായിട്ടാണ് വൈകുന്നേരം കുടിലുകളിലേക്ക് മടങ്ങിയെത്തുന്നത്. തലേദിവസം രാത്രി കിടന്നുറങ്ങുമ്പോൾ പിറ്റേ ദിവസത്തെ പറ്റി യാതൊരു ആസൂത്രണവും, മാനസിക വിഷമവും അവർക്കില്ല. സമാധാനത്തോടെ അന്തിയുറങ്ങുന്നു .എന്നാൽ നേരം പുലർന്നാൽ ഒരു ചെറിയ ആസൂത്രണവും ശ്രമവും ഉണ്ട് .അത് വേണ്ടത് തന്നെയാണ്. വീട്ടിലിരുന്നാൽ പോര കൂടുവിട്ടിറങ്ങണം, ആഹാരമന്വേഷിക്കണം. ലളിതമായ ആസൂത്രണവും ശ്രമവും മാത്രം. ഇതുപോലെ നാം തവക്കു ലാക്കിയിരുന്നെങ്കിൽ ഇവക്ക് ആഹാരം നൽകുന്നത് പോലെ നമുക്കും നൽകുമായിരുന്നു.മറ്റൊരിക്കൽ റസൂൽ (സ) പറഞ്ഞു :നിങ്ങൾ നോക്കൂ, ആകാശത്തിൻ്റെ അന്തരീക്ഷത്തിലുള്ള ലക്ഷോപലക്ഷം പക്ഷികൾ,ആഴിയുടെ ആഴത്തിലുള്ള മത്സ്യങ്ങൾ ഇവകൾക്കെല്ലാം ഭക്ഷണം നൽകിക്കൊണ്ടിരുന്നത് അവരുടെ സൃഷ്ടാവായ അല്ലാഹുവല്ലാതെ മറ്റാരാണ്.

ആലോചിച്ചാൽ ആശ്ചര്യമേറുന്ന കാര്യങ്ങളാണിവ.ആ പക്ഷികൾക്കും മത്സ്യങ്ങൾക്കും ഒരു ഭക്ഷ്യ മന്ത്രിയില്ല. ഒരു പദ്ധതിയോ പ്ലാനിങ്ങോ ഇല്ല. അതൊന്നുമില്ലാതെ തന്നെ നാഥൻ വേണ്ടതെല്ലാം ഇവർക്ക് കനിഞ്ഞേകുന്നു . ഈയൊരു ദൃഢവിശ്വാസം നിനക്കുണ്ടെങ്കിൽ തീവ്രയത്നവും തലപുകഞ്ഞ ആസൂത്രണവുമില്ലാതെ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നത് നിനക്ക് കാണാനാകും.

മഹാനായ ശൈഖ് സാഇദ് എന്നവരിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ചരിത്രം ഇതോട് ചേർത്തുവായിക്കേണ്ടതാണ് .വിശുദ്ധ ഖുർആൻ ഓതികൊണ്ടിരിക്കുമ്പോൾ ഒരു ആയത്ത് അദ്ദേഹത്തിൻ്റെ ചിന്തയിൽ പിണഞ്ഞു . ഭൂമിയിലുള്ള സർവ്വ ജീവികളുടെയും ആഹാരം അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്ന ആശയം വരുന്ന ആയത്തിൽ മഹാൻ ചിന്താമഗ്നനായി .എങ്ങനെയാണ് അല്ലാഹു എല്ലാവർക്കും ആഹാരം നൽകുക .ഇതെന്ന് പരിശോധിക്കണമെന്നുകരുതി അയാൾ ഒരു വിജനമായ പ്രദേശത്ത് പോയി. ഒരു മലയുടെ അടുത്തുള്ള ഗുഹയിൽ പോയി അവിടെ താമസിച്ചു .കുറെ കഴിഞ്ഞപ്പോൾ വയറ്റിൽ വിശപ്പ് തുടങ്ങി. പരിസരത്തൊന്നും മനുഷ്യ പെരുമാറ്റം പോലുമില്ല, അങ്ങനെയിരിക്കുമ്പോഴാണ് വലിയ കൊടുങ്കാറ്റും പേമാരിയും വരുന്നത് . കാറ്റും കോളും മഴയും വന്നു. വഴിതെറ്റിയ യാത്രാസംഘം അലഞ്ഞുതിരിഞ്ഞ് അതിലൂടെയാണ് വന്നത്. അവിടെ എത്തിയപ്പോൾ അവർ പറഞ്ഞു: ” കനത്ത മഴയാണ് വരുന്നത് നമുക്ക് ഈ ഗുഹയിൽ കയറി അഭയം പ്രാപിക്കാം “അങ്ങനെ അവർ ഗുഹക്കകത്തേക്ക് വന്നു. അപ്പോൾ അതിനുള്ളിൽ നിന്ന് ഒരാൾ തങ്ങളെ തുറിച്ചുനോക്കുന്നതായി കണ്ടു.സലാം പറഞ്ഞുവെങ്കിലും മടക്കിയില്ല. അദ്ദേഹം ഒരു പക്ഷെ ഈ വിജനമായ മനുഷ്യ പെരുമാറ്റം പോലുമില്ലാത്ത സ്ഥലത്ത് വന്നുപെട്ട് ആഹാരവും വെള്ളവും കിട്ടാതെ ക്ഷീണിച്ച് സംസാരശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്ന് ഞങ്ങൾ കരുതി. ഞങ്ങൾ റൊട്ടിയും സാധനവുമെടുത്ത് അയാൾക്ക് കൊടുത്തു. പക്ഷേ അദ്ദേഹം കഴിച്ചില്ല .കട്ടിയുള്ള ഭക്ഷണമായതു കൊണ്ടായിരിക്കാം കഴിക്കാതിരുന്നതെന്ന് കരുതി ഞങ്ങൾ പാത്രത്തിൽ നിന്ന് പായസമെടുത്ത് നൽകി.അതും കുടിച്ചില്ല.തണുപ്പ് കാരണത്താൽ പൽകടി വീണതു കൊണ്ടാകാമെന്നു കരുതി ഞങ്ങൾ പല്ലും വായയുമൊക്കെ വിടർത്തി അദ്ദേഹത്തിൻ്റെ വായിലേക്ക് ഒഴിച്ചു കൊടുക്കാൻ തീരുമാനിച്ചു .ഒന്നു രണ്ടു പേർ പായസം വായിലേക്കൊഴിക്കുമ്പോൾ അദ്ദേഹമതാ പൊട്ടിച്ചിരിക്കുന്നു .”അല്ല, നിങ്ങൾക്ക് ഭ്രാന്തുണ്ടോ” അവർ ചോദിച്ചു. “എനിക്ക് ഭ്രാന്തൊന്നുമില്ല മക്കളേ, ഞാനിവിടെ ഇതിനുള്ളിൽ വന്നതിൽ ഒരു പ്രധാന രഹസ്യമുണ്ട്.ഞാൻ ഖുർ ആൻ ഓതികൊണ്ടിരിക്കുമ്പോൾ, ഭൂമിയിലുള്ള സർവ്വ ജീവികൾക്കും അള്ളാഹു ആഹാരം നൽകുമെന്ന ആശയമുള്ള ആയത്തിലെത്തി. ആഹാരം എത്തിപ്പിടിക്കാൻ പറ്റാത്ത ഒരിടത്ത് ഒരാൾ എത്തിപ്പെട്ടാൽ അയാൾക്കെങ്ങനെ ആഹാരം നൽകും. എല്ലാം മുക്കിലും മൂലയിലുമുള്ളവർക്ക് അള്ളാഹു എങ്ങനെയാണ് ആഹാരം നൽകുക.ഇതിൻ്റെ ഉൾപ്പൊരുൾ മനസ്സിലാക്കാനാണ് ഞാനിവിടെ വന്ന് താമസിച്ചത്.ഒരു ജീവി എവിടെയായിരുന്നാലും അള്ളാഹു തആല അവന് ആഹാരം നൽകുമെന്ന് എനിക്കിപ്പോൾ ബോധ്യപ്പെട്ടു.മനുഷ്യൻ്റെ ഭൗതിക വിഭവങ്ങളെല്ലാം നാഥൻ തീരുമാനിച്ചുകഴിഞ്ഞതാണ്. അതിനു വേണ്ടി ഭയങ്കരമായ ആസൂത്രണങ്ങൾ ആവശ്യമില്ല എന്നതാണ് ഈ തത്വോപദേശത്തിലൂടെ മഹാൻ നമ്മെ പഠിപ്പിക്കുന്നത്.

നിനക്ക് വേണ്ടി അള്ളാഹു ഉത്തരവാദിത്വമേറ്റെടുത്ത് ഒരു കാര്യത്തിൽ നീ കഠിനാധ്വാനം ചെയ്യുകയും നിന്നോട് അല്ലാഹു ആവശ്യപ്പെട്ട് കാര്യത്തിൽ നീ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്നത് നിന്നിൽ നിന്ന് ഉൾകാഴ്ച നഷ്ടപ്പെട്ടു പോയതിൻ്റെ തെളിവാണ്. ഇതാണ് ഹിക്മയിൽ അഞ്ചാമത്തേത്.മനുഷ്യൻ പുറത്തുകാണുന്ന കണ്ണിനേക്കാൾ പ്രധാനമാണ് അകകണ്ണ് അഥവാ ഉൾക്കാഴ്ച എന്ന് പറയുന്നത് .അത് നഷ്ടപ്പെട്ടാൽ സർവ്വതും നഷ്ടപ്പെട്ടു.ബാഹ്യമായ കണ്ണു നഷ്ടപ്പെട്ട അന്ധരായ ആളുകൾ കാര്യങ്ങളെ എത്ര കൃത്യമായാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്.അപ്പോൾ അകക്കണ്ണാണ് പ്രധാനം. ഇതാണ് സൂറത്തുൽ ഹിജ്റിൻ്റെ നാൽപത്തി ആറാമത്തെ ആയത്തിലൂടെ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യ ദൃഷ്ടിക്കല്ല,മറിച്ച് അവൻ്റെ ഹൃദയങ്ങൾക്കാണ് യഥാർത്ഥത്തിൽ അന്ധത ബാധിച്ചിരിക്കുന്നത്.. അകക്കണ്ണ് എപ്പോഴും കത്തിജ്വലിച്ചു കൊണ്ടിരിക്കണം. അതിന് തേയ്മാനം സംഭവിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് മഹാൻ വിരൽചൂണ്ടുന്നത്

വാസ്തവത്തിൽ മനുഷ്യൻ അവൻറെ ജീവിതലക്ഷ്യം പലപ്പോഴും തിരിച്ചറിയുന്നില്ല .മനുഷ്യ ജീവിത നിയോഗം അല്ലാഹുവിന് ആരാധന ചെയ്യുകയെന്നതാണ്. ഇന്ന് മനുഷ്യൻ ഇബാദത്തിനുവേണ്ടി തുച്ഛമായ സമയവും സിംഹഭാഗം ഭൗതിക കാര്യത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയാണ് . ഭൗതിക കാര്യമാകട്ടെ അള്ളാഹു നേരത്തെ ഏറ്റെടുത്തതാണ് .പല ആളുകളും ദുൻയാവിൻ്റെ കാര്യത്തിനുവേണ്ടി ദീനിൻ്റെ കാര്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു .ദീനീ കാര്യത്തിനു വേണ്ടി അവരുടെ ഭൗതിക കാര്യങ്ങൾ വെട്ടിക്കുറയ്ക്കാൻ അവർ തയ്യാറല്ല. അങ്ങനെയുള്ള ആളുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് .ബഹുമാനപ്പെട്ട അബ്ദുല്ലാഹിബിനു മുബാറക് തങ്ങളുടെ വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാണ്. നമ്മുടെ ഭൗതിക ജീവിതത്തിനായി നാം ദീനിനെ കീറിമുറിച്ചുകൊണ്ട് ദുനിയാവിന് കഷ്ണം വെച്ച് അതിനെ സമ്പൂർണ്ണമാക്കുന്നു .അപ്പോൾ നമ്മുടെ ദീനും ദുനിയാവും അവശേഷിക്കുന്നില്ല. രണ്ടും മനുഷ്യനിവിടെ നഷ്ടമാകുന്നു. ഏതു കോടീശ്വരനും ശൂന്യഹസ്തനായിട്ടാണ് ദുനിയാവിൽ നിന്ന് പോകുന്നത്. മേൽപ്പറഞ്ഞതുപോലെ ദുൻയാവി നായി ദീനിനെ കീറിമുറിച്ചുകൊണ്ട് നഷ്ടം വരുത്തി ദുൻയാവിനെ സമ്പൂർണമാക്കാൻ ശ്രമിക്കുന്നവൻ, അവന് അന്ത്യത്തിൽ ദീനും ദുനിയാവും നഷ്ടമാകുന്നു .മരിച്ചു പോകുമ്പോൾ മനുഷ്യൻറെ കൂടെ ഉണ്ടാകേണ്ടത് അവൻ്റെ ദീനാണ്. അതില്ലെങ്കിൽ പിന്നെ എന്ത് നേട്ടമാണുള്ളത്. ആയതിനാൽ മുഖ്യമായ സ്ഥാനം നൽകേണ്ടത് ദീനിനാണ് .അതിനുവേണ്ടിയാണ് തീവ്രയത്നവും ശക്തമായ പ്ലാനിങ്ങും നടത്തേണ്ടത് .മറ്റുള്ളവയെല്ലാം നേരിയ രീതിയിലുഉള്ള ചുവടുവെപ്പുകൾ കൊണ്ട് കരസ്ഥമാക്കാനാകും

കേട്ടെഴുത്ത്: അബ്ദുല്ല ചെമ്പ്ര

LEAVE A REPLY

Please enter your comment!
Please enter your name here