ആര്‍ത്തവം, ഇസ്തിഹാളത്, നിഫാസ്

0
9430

ആര്‍ത്തവം
* എന്താണ് ആര്‍ത്തവം ?
സ്ത്രീയുടെ ഗര്‍ഭ പാത്രത്തിന്റെ അകത്ത് നിന്ന് പ്രത്യേക സമയങ്ങളില്‍ പുറത്ത് വരുന്ന രക്തമാണ് ആര്‍ത്തവം

* ആര്‍ത്തവം ഉണ്ടാകാന്‍ ചുരുങ്ങിയ പ്രായം എത്ര?
ചന്ദ്രവര്‍ഷ (അറബി മാസം) പ്രകാരം ഒന്‍പത് വയസ്സ് പൂര്‍ത്തിയാകലാണ് അതിന്റെ ചുരുങ്ങിയ പ്രായം. എങ്കിലും ഒന്‍പത് വയസ്സ് പൂര്‍ത്തിയാകാന്‍ 16 ദിവസത്തിന് താഴെയുള്ള സമയങ്ങളില്‍ കാണുന്ന രക്തം ആര്‍ത്തവമായിട്ടാണ് പരിഗണിക്കുന്നത്.

* ആര്‍ത്തവ രക്തത്തിന്റെ ചുരുങ്ങിയ സമയം, സാധാരണ സമയം, അധികരിച്ച സമയം ഇവ വിശദീകരിക്കുക?
ആര്‍ത്തവിത്തിന്റെ ചുരുങ്ങിയ സമയം 24 മണിക്കൂറും സാധാരണ ഗതിയില്‍ ആറോ ഏഴോ ദിവസവും വര്‍ദ്ധിച്ചാല്‍ 15 ദിവസവുമാണ്. ഒരു ദിവസം മാത്രമാണ് രക്തം കാണുന്നതെങ്കില്‍ 24 മണിക്കൂര്‍ പൂര്‍ണ്ണമായും ഉണ്ടായെങ്കില്‍ മാത്രമെ അത് ആര്‍ത്തവമായി പരിഗണിക്കുകയുള്ളു. അധികരിച്ച സമയമായ 15 ദിവസത്തിനുള്ളിലോ സാധാരണയായി കണക്കാക്കുന്ന ആറ് ഏഴ് ദിവസങ്ങളിലോ വിത്യസ്ത സമയങ്ങളിലായി രക്തം സ്രവിക്കുന്നതായും നിലക്കുന്നതായും കണപ്പെടാറുണ്ട്.ഇത്തരം ഘട്ടത്തില്‍ രക്ത സ്രാവം ഉണ്ടായ സമയങ്ങള്‍ ഒരുമിച്ച് കൂടിയാല്‍ 24 മണിക്കൂര്‍ പൂര്‍ണ്ണമായും ഉണ്ടായെങ്കില്‍ മാത്രമാണ് അവയെല്ലാം ഹൈളുകളാവുകയുള്ളു. 24 മണിക്കൂര്‍ തികയുന്നില്ലെങ്കില്‍ അവ ആര്‍ത്തവമായി കണക്കാക്കുകയില്ല.

* 15 ദിവസം ആര്‍ത്തവമുണ്ടാകുന്ന സ്ത്രി ചില ദിവസം പൂര്‍ണ്ണമായും രക്തത്തില്‍ നിന്ന് ശുദ്ധിയുള്ളതായി കാണപ്പെടുന്നു. ഇത്തരം ശുദ്ധി ദിവസങ്ങളില്‍ നിസ്‌കാര-നോമ്പാദി കര്‍മ്മങ്ങള്‍ എടുക്കേണ്ടതുണ്ടോ?
ഇല്ല, വിവിധ സമയങ്ങളില്‍ വന്ന രക്തം 24 മണിക്കൂര്‍ ഉണ്ടായാല്‍ അതിന്റെ ഇടയില്‍ വരുന്ന സമയത്തിന് ആര്‍ത്തവത്തിന്റെ വിധിയാണ്. അതിനാല്‍ നിസ്‌കാര – നോമ്പാദി കര്‍മ്മങ്ങള്‍ ഹറാമാണ്.

* ഹൈള് രക്തം നിലച്ച ശേഷം കുളിക്കുന്നതിന് മുമ്പ് ഭാര്യഭര്‍ത്തൃ ബന്ധം അനുവദനീയമാകുമോ?
ഒരിക്കലും അനുവദനീയമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീയുടെ മുട്ട് പൊക്കിളിനിടയിലുള്ള ഭാഗങ്ങളില്‍ സുഖമെടുക്കുക, സ്പര്‍ശിക്കുക എന്നിവ ഹറാമാണ്.വന്‍ പാതകവുമാണ്. ഹൈള് രക്തം നിലച്ചുവെങ്കിലും കുളിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുന്നതിന്റെ വിധിയും അത് തന്നെ.

* രാത്രി ഹൈള് നിലച്ചാല്‍ കുളിക്കുന്നതിന്ന് മുമ്പ് വ്രതമനുഷ്ടിക്കല്‍ അനുവദനീയമാണോ?
അതെ, ഹൈള് രക്തം നിലച്ചാല്‍ കുളിക്കുന്നതിന് മുമ്പ് ആണെങ്കിലും നോമ്പെടുക്കല്‍ ജാഇസാണ്.

* ആര്‍ത്തവത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ വിധി എന്ത്?
ആര്‍ത്തവ നിയന്ത്രണവും നിര്‍മ്മാണവും ശരീരത്തിന് പ്രയാസമില്ലെങ്കില്‍ അനുവദനീയമാണ്. മരുന്നോ മറ്റോ ഉപയോഗിച്ച് ആര്‍ത്തവം നിര്‍ത്തിയാല്‍ അവള്‍ ശുദ്ധിയുള്ളവളായും ആര്‍ത്തവം ഉണ്ടാക്കിയാല്‍ ആര്‍ത്തവം ഉള്ളവളായും പരിഗണിക്കും. എന്നാല്‍ ആരോഗ്യത്തിന് വല്ലവിധവും ഹാനീകരമാണെങ്കില്‍ നിര്‍ത്തലും നിര്‍മ്മാണവും ഹറാമാണ്.

* ആര്‍ത്തവം ഉള്ളവള്‍ കുളിച്ച് ശുദ്ധിയാകുന്നതിന് മുമ്പ് മുടി നഖം തുടങ്ങിയവ നീക്കാന്‍ പറ്റുമോ?
ആര്‍ത്തവക്കാരിയും വലിയ അശുദ്ധിക്കാരനും കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍നിന്ന് ഒന്നും നീക്കാതിരിക്കല്‍ സുന്നത്താണ്.

* ഹൈള്കാരിക്ക് നിഷിദ്ധമായ കാര്യങ്ങള്‍ എന്തല്ലാം?
നിസ്‌കാരം, ത്വവാഫ്, സുജൂദ്, മുസ്ഹഫ് ചുമക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യല്‍, പള്ളിയില്‍ നില്‍ക്കല്‍, ഖുര്‍ആന്‍ പാരായണം ചെയ്യല്‍ എന്നിവ ഹറാമാണ്.
എങ്കിലും ഖുര്‍ആന്‍ എന്ന ഉദ്ധേശ്യം കൂടാതെ ഖുര്‍ആനിലെ ചില ആയത്തുകള്‍ ദിക്‌റുകളായി (ബിസ്മി) ചൊല്ലുന്നതിന് കുഴപ്പമില്ല.

* ആര്‍ത്തവ ശേഷം കുളിച്ച് ശുദ്ധിയായ സ്ത്രീക്ക് സുഗന്ധം പൂശല്‍ പ്രത്യേകം പുണ്യമാണോ?
ആര്‍ത്തവത്തില്‍ നിന്നും ശുദ്ധിയായാല്‍ സുഗന്ധം പുരട്ടല്‍ സുന്നത്താണ്. പഞ്ഞിയിലോ മറ്റു തുണിക്കഷ്ണത്തിലോ കസ്തൂരിയോ അതുപോലുള്ള മറ്റ് സുഗന്ധ വസ്തുക്കളോ പുരട്ടി ഗുഹ്യഭാഗത്ത് വെക്കല്‍ പ്രത്യേകം സുന്നത്താണ്. വിവാഹിത, അവിവാഹിത എന്ന തരം തിരിവ് ഇവിടെയില്ല. പ്രായ വിത്യാസവുമില്ല. ഇത് ഉപേക്ഷിക്കുന്നത് കറാഹത്താണ്.

* ആര്‍ത്തവകാരി നിഫാസുകാരി എന്നിവര്‍ വുളൂഅ് എടുക്കുന്നതിന്റെ വിധി എന്ത്?
ആര്‍ത്തവകാരി നിഫാസുകാരി എന്നിവര്‍ രക്തം മുറിയുന്നതിന്ന് മുമ്പ് അശുദ്ധിയെ ശുദ്ധീകരിക്കുന്നു എന്ന നിയ്യത്തോടെ വുളൂ എടുക്കലും കുളിക്കലും ഹറാമാണ്.

* ആര്‍ത്തവ സമയത്ത് വാങ്കിന് ഉത്തരം നല്‍കാമോ?
നല്‍കാം.

* ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയായവള്‍ നിലവിലുള്ള വഖ്തിന്റെ കൂടെ തൊട്ട് മുമ്പുള്ള നിസ്‌കാരം മടക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും മടക്കേണ്ടതാണ്. ശുദ്ധിയായ വഖ്തിലുള്ള നിസ്‌കാരം തൊട്ടുമുമ്പുള്ള വഖ്തുമായി യാത്രകളിലും മറ്റും ജംആക്കി നിസ്‌കരിക്കുന്നതാണെങ്കില്‍ വഖ്തിലുള്ള നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം മുമ്പുള്ള വഖ്തിലുള്ള നിസ്‌കാരവും മടക്കല്‍ നിര്‍ബന്ധമാണ്. വിശദമായി പറഞ്ഞാല്‍ അസ്വര്‍ സമയത്ത് ആര്‍ത്തവം നിലച്ച് കുളിച്ച് ശുദ്ധിയായ സ്ത്രി അസ്വര്‍ നിസ്‌കരിക്കുന്നതോടൊപ്പം ളുഹ്‌റ് നിസ്‌കാരവും, ഇശാഇന്റെ വഖ്തില്‍ നിലച്ചവളാണെങ്കില്‍ രാത്രി തന്നെ കുളിച്ച് ഇശാഅ് നിസ്‌കരിക്കുന്നതോടൊപ്പം മഗ്‌രിബ് മടക്കല്‍ നിര്‍ബന്ധമാണ്. കാരണം ഈ നാലു വഖ്തുകള്‍ യാത്രകളിലും മറ്റും പരസ്പരം പിന്തിച്ചും മുന്തിച്ചും ജംഅ് ആക്കുന്നവയാണ്.

* ഗര്‍ഭകാലത്ത് ആര്‍ത്തവമുണ്ടാകുമോ?
ഉണ്ടാകുന്നതിന് വിരോധമില്ല.

……………..ഇസ്തിഹാളത്
* എന്താണ് ഇസ്തിഹാളത്?
രോഗ കാരണമായി ഗര്‍ഭാശയത്തിന്റെ താഴ് ഭാഗത്തുള്ള ഒരു ഞരമ്പില്‍ നിന്നും പുറപ്പെടുന്ന രക്തമാണിത്. 24 മണിക്കൂര്‍ പൂര്‍ത്തിയാവാത്ത രക്തം, 15 ദിവസത്തിന് ശേഷം വരുന്ന രക്തം, ആര്‍ത്തവ പ്രായമാകുന്നതിന് മുമ്പ് പുറപ്പെടുന്ന രക്തം, പ്രസവ വേദനയെത്തുടര്‍ന്ന് വരുന്ന രക്തം, പ്രസവ ശേഷം 60 ദിവസത്തിന് ശേഷം കാണപ്പെടുന്ന രക്തം ഇവയെല്ലാം ഈ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.

* ഇസ്തിഹാളത്തിന്റെ രക്തം പുറപ്പെടുന്ന സ്ത്രീക്ക് നിസ്‌കാര – നോമ്പാദി കര്‍മ്മങ്ങള്‍ നിശിദ്ധമാണോ?
ഒരിക്കലുമില്ല, ഇത്തരം വേളകളില്‍ നിസ്‌കാരം നോമ്പാദി കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ നിര്‍ബന്ധമാണ്. ഭാര്യ ഭര്‍തൃ ബന്ധം, ഓത്ത്, ത്വവാഫ് തുടങ്ങി ആര്‍ത്തവം കൊണ്ട് നിശിദ്ധമായ എല്ലാകാര്യങ്ങളും ഇത്തരം വേളകളില്‍ അനുവദനീയമാണ്.

* ഇസ്തിഹാളത്തുള്ളവള്‍ എങ്ങനെയാണ് നിസ്‌കരിക്കേണ്ടത്?
നിത്യ അശുദ്ധിയായത് കൊണ്ട് ഇത്തരം ആളുകള്‍ക്ക് നിസ്‌കാരത്തിന് സമയമായി എന്നറിഞ്ഞ ശേഷം മാത്രമേ ശുദ്ധിയാകാന്‍ പറ്റൂ. വുളൂ ചെയ്യുന്നതിന് മുമ്പ് അശുദ്ധിയുടെ സ്ഥലം കഴുകി വൃത്തിയാക്കുകയും ഉടനെ തന്നെ പഞ്ഞി പോലുള്ളവ നജസ് വരുന്ന സ്ഥലത്ത് നിറക്കലും നിര്‍ബന്ധമാണ്. പഞ്ഞി നിറച്ച ശേഷം രക്തം മൂത്രം പോലുള്ളവ ഒലിച്ചിറങ്ങുന്നുവെങ്കില്‍ തുണി ക്കഷ്ണം കൊണ്ടോ മറ്റോ ബന്ധിപ്പിച്ച് ഉടനെത്തെന്നെ വുളൂ ചെയ്ത് നിസ്‌കരിക്കുക.

* ഇസ്തിഹാള്വത്തുള്ളവള്‍ക്ക് ഒരു വുളൂഅ് കൊണ്ട് ഒന്നിലധികം ഫര്‍ള് നിസ്‌കരിക്കാമോ?
ഇല്ല, ഒരു വുളൂഅ് കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാവൂ. രണ്ടാമത്തെ ഫര്‍ള് കൂടി ചെയ്യുകയാണെങ്കില്‍ അതിന് മുമ്പ് അശുദ്ധിയുടെ സ്ഥലങ്ങള്‍ കഴുകി വൃത്തിയാക്കി വേറെ പഞ്ഞി നിറച്ചതിന് ശേഷമേ വുളൂഅ് ചെയ്യാവൂ. നേരത്തെ കെട്ടിയ സ്ഥാനത്ത് നിന്നും അത് നീങ്ങിയിട്ടില്ലെങ്കിലും ഇതെല്ലാം നിര്‍ബന്ധമാണ്.

* മൂത്രത്തിന് ട്യൂബിട്ട രോഗി എങ്ങനെയാണ് ശുദ്ധിചെയ്യേണ്ടത്?
മൂത്ര തടസ്സം നിമിത്തം മൂത്രം സുഖമായി പുറത്ത് പോകുന്നതിനോ മറ്റോ ട്യൂബിട്ടാല്‍ വുളൂഅ് എടുക്കുന്നതിന് മുമ്പ് ട്യൂബ് സഞ്ചിയുമായി വേര്‍പ്പെടുത്തണം. മൂത്ര ദ്വാരത്തിലേക്ക് കയറ്റുന്ന ട്യൂബ് സഞ്ചിയുമായി ബന്ധിക്കുന്നിടത്ത് നിന്ന് വേര്‍പ്പെടുത്തി അടപ്പിടേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നത് ദോശമുണ്ടാക്കുമെന്ന് ഡോക്ടര്‍ നിര്‍ദ്ധേശിച്ചാല്‍ മൂത്രസഞ്ചിയോട് കൂടെത്തെന്നെ നിസ്‌കരിക്കണം. രണ്ട് വിധത്തിലായാലും നജസുമായി ബന്ധപ്പെട്ട് നിസ്‌കരിക്കേണ്ടി വന്നത് കൊണ്ട് പിന്നീട് രോഗം മാറിയാല്‍ മടക്കി നിസ്‌കരിക്കുകയും വേണം.

……………..നിഫാസ്
എന്താണ് നിഫാസ് (പ്രസവ രക്തം)?
പ്രസവം പൂര്‍ണ്ണമായി കഴിഞ്ഞതിനു ശേഷം 15 ദിവസം കഴിയുന്നതിന് മുമ്പ് സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വരുന്ന രക്തമാണ് നിഫാസ്.

* ഒരു പ്രസവത്തില്‍ ഒന്നിലധികം കുട്ടികളുണ്ടായാല്‍ ഓരോ കുട്ടിയേയും പ്രസവിക്കുന്നതിനിടയില്‍ വരുന്ന രക്തം നിഫാസാണോ?
അല്ല, രണ്ട് കുട്ടികളേയും പ്രസവിച്ചതിന് ശേഷം പുറപ്പെടുന്നത് മാത്രമേ നിഫാസായി പരിഗണിക്കുകയുള്ളൂ. ഗര്‍ഭപാത്രം പൂര്‍ണ്ണമായും ഒഴിവാകണമെന്നാണ് നിബന്ധന. അതിനിടയില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവസമയത്തിന്റെ പരിധിയില്‍പെടുമെങ്കില്‍ ആര്‍ത്തവവും അല്ലെങ്കില്‍ അമിതാര്‍ത്തവവുമാണ് (ഇസ്തിഹാളത്ത്).

* പ്രസവ വേദനയെത്തുടര്‍ന്ന് പുറത്ത് വന്ന രക്തം ആര്‍ത്തവ രക്തമായിട്ടാണോ പ്രസവ രക്തമായിട്ടാണോ പരിഗണിക്കുക?
വേദനയെത്തുടര്‍ന്ന് പുറത്ത് വന്ന രക്തം പ്രസവ രക്തമായി പരിഗണിക്കുകയില്ല. കാരണം നിഫാസ് (പ്രസവ രക്തം) എന്നാല്‍ ഗര്‍ഭപാത്രം പൂര്‍ണ്ണമായും ഒഴിഞ്ഞ ശേഷം പുറത്ത് വരുന്ന രക്തമാണ്. പ്രസവത്തിന് മുമ്പ് പുറപ്പെട്ടതായതിനാല്‍ ഇവ നിഫാസ് ഇനത്തില്‍ പെടുകയില്ല.ഗര്‍ഭ കാലത്ത് ഹൈള് ഉണ്ടാകുന്ന സ്ത്രീ ആണങ്കില്‍ പ്രസവ വേദന അനുഭവപ്പെട്ട സമയം ഹൈള് രക്തം പുറപ്പെടാനുള്ള സമയമാണെങ്കില്‍ അതിനെ ആര്‍ത്തവ രക്തമായി പരിഗണിക്കും. സാധാരണ ഗതിയില്‍ ഗര്‍ഭസമയത്ത് ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ ഇതിനെ രോഗ രക്തമായിട്ടാണ് പരിഗണിക്കുന്നത്.

* പ്രസവ വേദനയെ ത്തുടര്‍ന്ന് വരുന്ന രക്തം കാരണം നിസ്‌കാരം ഒഴിവാക്കാമോ?
ഇല്ല, ഇത്തരം സമയങ്ങളിലും നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. രോഗ രക്തം പുറപ്പെടുന്നവള്‍ നിത്യ അശുദ്ധിയുള്ളവര്‍ എന്നിവര്‍ നിസ്‌കരിക്കുന്നത് പോലെയാണ് നിസ്‌കരിക്കേണ്ടത്.

* പ്രസവ രക്തത്തിന്റെ ചുരുങ്ങിയ കാല പരിധി, സാധാരണ കാലപരിധി, അധികരിച്ച സമയം എത്ര?
പ്രസവ രക്തത്തിന്റെ ചുരുങ്ങിയ കാലപരിധി ഒരു നിമിഷവും സാധാരണ 40 ദിവസവും കൂടിയ പരിധി 60 ദിവസവുമാകുന്നു.

* അല്‍പസമയം രക്തം പുറപ്പെട്ട് നിലച്ചാല്‍ പിന്നീട് രക്തത്തെ പ്രതീക്ഷിക്കണോ?
വേണ്ട, രക്തം മുറിഞ്ഞാല്‍ കുളിച്ച് ശുദ്ധിയായി നിസ്‌കാരം നോമ്പ് മുതലായവ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. പിന്നീട് 15 ദിവസത്തിന് മുമ്പ് രക്തം കണ്ടാല്‍ അവളുടെ ആരാധന നിഫാസ് കാലത്തായത് കാരണം അവള്‍ കുറ്റക്കാരിയല്ല.

* ഒരു നിമിഷം രക്തം വന്നു പിന്നീട് 15 ദിവസത്തിനുശേഷമാണ് രക്തം വന്നതെങ്കില്‍ ഇതിനെ നിഫാസായി കണക്കാക്കുമോ?
ഇല്ല, പ്രസവത്തിന് ശേഷം 15 ദിവസം കഴിഞ്ഞുള്ള രക്തവും, ഒരു നിമിഷം വന്ന് പിന്നീട് 15 ദിവസത്തിന് ശേഷം വരുന്ന രക്തവും ആര്‍ത്തവമാണ്. ശുദ്ധിയുടെ കുറഞ്ഞ സമയം 15 ദിവസമായതാണ് ഇതിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here