ആരാണ് ഇമാം?

0
2706

”നിങ്ങളുടെ ഇമാമുകള്‍ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യുന്നവരാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി നിവേദനം സമര്‍പ്പിക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ നിസ്‌കാരം പരിശുദ്ധമായി അംഗീകരിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് നല്ലവരെ ഇമാമാക്കുക”.
ഇത്തരം ആശയം ഉള്‍ക്കൊള്ളുന്ന ധാരാളം ഹദീസുകള്‍ കാണാം. നബി(സ) ജീവിച്ചിരുന്നപ്പോള്‍ അവിടുന്ന് തന്നെയായിരുന്നു ഇമാം. വഫാതായതിന് ശേഷം നബിമാര്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായ ഖുലഫാഅ് ഇമാമുകളായി. ഇമാമുമാരും അവരെ നിശ്ചയിക്കുന്നവരും ഗൗരവ പൂര്‍വ്വം കണക്കിലെടുക്കാത്തത് ജമാഅത്തിന്റെ ശോചനീയവസ്ഥക്കുള്ള പല കാരണങ്ങളിലൊന്നാണ്.
”ഇമാം അവന്റെ പിന്നില്‍ നിസ്‌കരിക്കുന്നവരുടെ നിസ്‌കാരത്തിനുത്തരവാദിയാണ്”. എന്ന ഹദീസ് ഇമാമിന്റെ ഉത്തരവാദിത്വം ഒന്നു കൂടി ഗുരുതരവും ഗൗരവ പൂര്‍ണവുമാക്കുന്നു.
ഫാസിഖ്, മുബ്തദിഅ് എന്നിവരോട് തുടരാന്‍ പാടില്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. സാധാരണക്കാര്‍ക്ക് ഇവരോട് തുടരല്‍ കറാഹത്തും, സാധാരണക്കാര്‍ ദീനില്‍ മാതൃകയായി കണക്കാക്കുന്നവര്‍ക്ക് ഹറാമും ആണെന്ന് പൂര്‍വ്വികരായ ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിയമം പലപ്പോഴായി ലംഘിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മയ്യിത്ത് നിസ്‌കാരങ്ങളില്‍. ആരോട് തുടരല്‍ കറാഹത്താണോ അവനെ ഇമാമായി നിശ്ചയിക്കല്‍ ഹറാമാണ്. നിയമിച്ചവര്‍ ഭരണാധികാരിയായാലും കമ്മറ്റിക്കാരായാലും അവര്‍ കുറ്റക്കാരാകും.
ഉമ്മിയ്യിനോട് തുടര്‍ന്നാല്‍ ഉമ്മിയ്യല്ലാത്തവന്റെ നിസ്‌കാരം സാധുവാകുകയില്ല. സൂറത്തുല്‍ ഫാത്വിഹയിലെ ഒരു ഹറഫെങ്കിലും ശരിയായ രൂപത്തില്‍ ഉച്ചരിക്കാന്‍ കഴിയാത്തവന്‍ ഉമ്മിയ്യ് ആണ്. ഉദാ: ഒരാള്‍ക്ക് ഖാഫ് എന്ന ഹര്‍ഫ് ശരിയായ രൂപത്തില്‍ ഉച്ചരിക്കാന്‍ കഴിയുകയില്ലെങ്കില്‍ ആ ഹര്‍ഫ് ഉച്ചരിക്കാന്‍ കഴിയുന്നവന്‍ ഇവനോട് തുടരാന്‍ പറ്റുകയില്ല. ചുരുക്കത്തില്‍, രണ്ടാളുകള്‍ക്ക് വ്യത്യസ്തമായ രണ്ട് ഹര്‍ഫുകള്‍ ശരിയായ രൂപത്തില്‍ ഉച്ചരിക്കാന്‍ കഴിയുകയില്ലെങ്കില്‍ അവര്‍ പരസ്പരം തുടരാന്‍ പറ്റുകയില്ല. ഇമാമുകളും അവരെ നിശ്ചയിക്കുന്നവരും ഇക്കാര്യം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്.
ഇമാമിനോടുള്ള തുടര്‍ച്ചയും നിസ്‌കാരവും ശരിയാകണമെങ്കില്‍ ഇമാമിന്റെ നിസ്‌കാരം സ്വഹീഹ് ആണെന്ന് മഅ്മൂമിന് വിശ്വാസമുണ്ടാവണം. ഉദാ: ബിസ്മി ഉച്ചരിക്കാതെ ഫാതിഹ ഓതുന്ന ഇമാമാണെങ്കില്‍ ബിസ്മി നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന ശാഫീ മദ്ഹബുകാരന്‍ അവനോട് തുടര്‍ന്നാല്‍ നിസ്‌കാരം ശരിയാവുകയില്ല. വിദേശങ്ങളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
കൂടാതെ, ആരെയാണ് തുടരുന്നതെന്ന് വ്യക്തത ഉണ്ടായിരിക്കണം. മുന്നില്‍ ഇമാം ആകാന്‍ സാധ്യതയുള്ള രണ്ടാളുകള്‍ ഉണ്ട്. അവരുടെ പിന്നില്‍ കുറച്ച് ആളുകള്‍ തുടര്‍ന്ന് നിസ്‌കരിക്കുന്നുമുണ്ട്. അവരില്‍ ആരോടാണ് ഇവര്‍ തുടര്‍ന്നിരിക്കുന്നതെന്ന് വ്യക്തതയില്ല. എങ്കില്‍ ആ കൂട്ടത്തില്‍ ചെന്ന് ആരോട് എന്നുറപ്പില്ലാതെ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ ശരിയാവുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here