അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?

ആശിഖ് കുളങ്ങര

0
1567

രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ.

ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ നമ്പറുമുണ്ട്. പക്ഷെ, അതൊന്നും പോര നിങ്ങൾക്ക് വേണ്ട പൗരത്വത്തിന്. പിന്നെ?!.
പട്ടികയിൽ ഇടം നേടുന്നതിന് അപേക്ഷകന്റെ കുടുംബാംഗങ്ങളുടെ പേര് 1971 മാർച്ച് 24 വരെയുള്ള വോട്ടർപട്ടികയിലോ 1951ൽ തയ്യാറാക്കിയ ആദ്യത്തെ എൻ ആർ സി യിലോ ഉണ്ടായിരിക്കണം. മറ്റു രേഖകളായി ജനന സർട്ടിഫിക്കറ്റ്, അഭയാർത്ഥി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഭൂമി വാടക രേഖകൾ എന്നിവയും വേണം. രാജീവ് ഗാന്ധിയുടെ കാലത്ത് ബംഗാൾ വിമോചന യുദ്ധം തുടങ്ങിയ 1971 മാർച്ച് 25 കട്ട് ഓഫ് ഡേറ്റ് ആയി പ്രഖ്യാപിച്ചിരുന്നു. പലർക്കും അർഹരായിട്ടും മോശം ഡോക്ക് മെൻറേഷൻ സംസ്കാരം കാരണം രേഖകൾ സമർപ്പിക്കാനായില്ലെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

image7132413e-c945-4c27-9459-90ede3267958

ലോകത്തെ ഏത് രാജ്യത്താകട്ടെ, അവിടുത്തെ നിയമം പറയുന്ന തൊഴിലെടുത്ത് സമാധാനത്തോടെ ജീവിക്കുവാനും കുടുംബം പുലർത്തുവാനും ഏതൊരു മനുഷ്യനും അവകാശമുണ്ടായിരിക്കണമെന്നത് യുക്തിസഹമാണ്. മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറിയവരാണെങ്കിൽ, വർഷങ്ങളോളം ഇന്ത്യയിൽ തൊഴിലെടുത്ത് ജീവിക്കുകയും ഇന്ത്യൻ പൗരനാവുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണെങ്കിൽ അവരെ ഉൾക്കൊള്ളുവാനുള്ള വിശാലത ഇന്ത്യൻ ഗവൺമെന്റ് അനിവാര്യമായും കാണിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അതാത് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഇത്തരക്കാരെ തിരിച്ചയക്കാനുള്ള നയപരമായ ഇടപെടലുകൾ എങ്കിലും നടത്തേണ്ടതുണ്ട്. വരും കാലങ്ങളിൽ ഇത്തരം കുടിയേറ്റങ്ങൾ ഇല്ലാതാക്കുന്നതിന് അതിർത്തികൾ കൾ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും വേണം.

ഇത്തരക്കാർ രാജ്യസുരക്ഷക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളാകുന്നുവെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയാണ് വേണ്ടത്. ആരാണതിന് തടസ്സം നിൽക്കുക?. അതും പറഞ്ഞ് ഒരു സമൂഹത്തെ മുഴുവൻ കാടടച്ച് വെടിവെക്കുന്ന രീതി മൃഗീയതയാണ്. വംശീയതയാണ്. ഏറ്റവും വലിയ ഭരണഘടനയെ നെഞ്ചോട് ചേർക്കുന്ന ഭരണകൂടത്തിന് അപമാനകരമാണ്. പൗരത്വത്തിന്റെ പേരിൽ 19 ലക്ഷത്തോളം പാവങ്ങളെ തടവറയിൽ ഇടാൻ ഒരാളും നിങ്ങൾക്ക് അധികാരം തന്നിട്ടില്ലെന്നോർക്കുന്നത് നല്ലത്.

വടക്ക് കിഴക്കൻ മേഖലകളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സൃഷ്ടിപ്പിൽ സ്വാതന്ത്രാനന്തരം വന്ന ഓരോ ഭരണകൂടത്തിനും വ്യക്തമായ പങ്കുണ്ടായിട്ടുണ്ട്. അവിടത്തുകാരോട് രാജ്യത്തിന് വലിയ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. കാരണങ്ങളുണ്ടാവാം. അവയെ പരിഹരിക്കുവാനും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ചെയ്ത് കൊടുക്കുവാനും മുന്നിട്ടിറങ്ങിയില്ലെന്നാണ് പറഞ്ഞ് വരുന്നത്. അനധികൃത കുടിയേറ്റങ്ങളെ പ്രാദേശിക പ്രശ്നമായി മുമ്പേ പറയപ്പെട്ടിരുന്നു. ബംഗാളിൽ നിന്നുമുള്ള നുഴഞ്ഞ് കയറ്റക്കാരെ തിരിച്ചയക്കാൻ ഭരണകൂടം തയ്യാറാവുകയും ചെയ്തിരുന്നു രാജീവ് ഗാന്ധിയുടെ കാലത്ത്. പക്ഷെ, തിരിച്ചറിയപ്പെടാത്ത വിധം ഇഴപിരിഞ്ഞ സമൂഹത്തിൽ നിന്നും അനധികൃതരെ കടഞ്ഞെടുക്കുക ശ്രമകരമാണെന്ന് ബോധ്യപ്പെട്ട സർക്കാർ ആ ദൗത്യം വേണ്ടെന്ന് വെച്ചു. ഈ സത്യം ആസാമുകാർക്ക് ബോധ്യപ്പെടുത്തുവാനോ മാനവികതയുടെ വിശാല മുഖം പരിചയപ്പെടുത്തി മാറ്റി നിർത്തപ്പെടുന്നവരെ ചേർത്ത് നിർത്തേണ്ടതിന് ചെറുവിരലനക്കുകയോ ചെയ്തില്ല അന്നത്തെ അധികാര വർഗ്ഗം.

ലോക രാഷ്ട്രങ്ങളെ ഒരുമിച്ച് നിർത്തുന്ന പല ആശയ സംഹിതകളിൽ പെട്ടതാണ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതി. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയവയാൽ ഒരു രാജ്യത്ത് സംഭവിക്കുന്ന പട്ടിണിയും മറ്റും കാരണം വേറൊരു രാജ്യത്തേക്ക് അഭയം പ്രാപിക്കുക സ്വാഭാവികമാണ്. ആഫ്രിക്കൻ നാടുകളിൽനിന്ന് ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉണ്ടാകുന്ന അഭയാർത്ഥി പ്രവാഹം പോലെ. അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഒരു രാജ്യത്തിൻറെ നന്മ എന്ന് പറയുന്നത്. ഈ ശൈലി തന്നെയായിരുന്നു ഇന്ത്യക്കും. 1971 ൽ ബംഗ്ലാദേശ് യുദ്ധം ഉണ്ടാവുകയും സ്വന്തം ഒരു രാജ്യമായി തീരുകയും ചെയ്ത സമയത്ത് ആയിരങ്ങളാണ് ആസാമിലേക്ക് കുടിയേറിപ്പാർത്തത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലും ഇത്തരം കുടിയേറ്റങ്ങൾ വടക്കൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായിരുന്നു. അവരെ പൗരന്മാരായി കാണുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല രാജ്യത്തിന്. പക്ഷേ ഇപ്പോൾ പറയുന്നു എഴുപത്തിയൊന്നിന് ശേഷം വന്നവരെ ഇന്ത്യക്കാരായി കാണുവാൻ സാധിക്കില്ലെന്ന്. ഈ നിലപാട് അനുസരിച്ച്  അസമിലെ ചില ജില്ലകളിലെ പതിനാല് ശതമാനത്തോളം വരുന്ന പൗരന്മാർ അനധികൃത കുടിയേറ്റക്കാരായ തീരും.

assam_1_20190729_630_630

ഒരു രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളോ അധിനിവേശം ഉദ്ദേശിച്ചുള്ള ആക്രമണങ്ങളോ പട്ടിണിയോ പ്രകൃതിക്ഷോഭങ്ങളോ ആണ് മനുഷ്യരെ അഭയാര്‍ഥികളാക്കുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അവരവരുടെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഓരോ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലുള്ള മനുഷ്യന്‍മാര്‍ക്കൊക്കെ പേരിനെങ്കിലും ഒരു പൗരത്വമുണ്ട്, സ്വന്തം നാടെന്ന് പറഞ്ഞ് മടങ്ങിപ്പോകാന്‍ ഒരിടമുണ്ട്.  പക്ഷെ,
അസാമില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ പോകുന്ന ആളുകള്‍ക്ക് അങ്ങനെയൊന്നില്ല എന്നതാണ് നടുക്കുന്ന വസ്തുത.

ലോകമെമ്പാടുമുള്ള വലത് വംശീയ രാഷ്ട്രീയത്തിൻറെ പ്രത്യയശാസ്ത്രങ്ങളിൽ പെട്ടതാണ് ഈ കുടിയേറ്റ വിരുദ്ധത. ഇതൊരു മുസ്ലിം  സമുദായത്തിൻറെ മാത്രം  പ്രശ്നമായി കാണുന്നവരെ പൂർണ്ണമായും കുറ്റപ്പെടുത്താനാവില്ല. കാരണം മോഡി സർക്കാറിൻറെ ആദ്യ ഊഴത്തിൽ ബംഗാളിൽ നിന്നും മറ്റും ഇന്ത്യയിലേക്ക് കുടിയേറിപ്പാർക്കുന്ന ഹിന്ദു, ജൈന, ബുദ്ധ, ക്രിസ്തു മത വിശ്വാസികൾക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുവാനുള്ള നിയമ നിർമ്മാണം നടത്തിയിരുന്നു. പുറത്താക്കപ്പെട്ട 19 ലക്ഷത്തിൽ പകുതിയോളം ഹൈന്ദവ വിശ്വാസികൾ ആണെന്ന് മനസ്സിലാക്കിയ ആസാമിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ഇതിനെതിരെ വിമർശനം ഉയർത്തിയപ്പോൾ ആ നിയമത്തെ അനുസരിച്ച് അമുസ്ലിംകൾക്ക് ഇന്ത്യൻ പൗരന്മാർ ആകുന്നതിന് വേണ്ട നടപടികൾക്ക് ആക്കം കൂട്ടുമെന്ന് പ്രസ്താവിച്ചു രംഗത്തെത്തിയിരിക്കുകയാണ് അമിത് ഷാ. അയൽ രാജ്യങ്ങളിൽ നിന്നും അഭയാർഥികളായി വരുന്ന മുസ്ലിംകളല്ലാത്തവരെ മാത്രം സ്വീകരിക്കുവാൻ വ്യവസ്ഥ ചെയ്യുന്നുവെന്നതാണ് ആ ബില്ലിന്റെ പ്രത്യേകത. ആസാമിലെ മുസ്ലിം സമൂഹത്തെ രാജ്യത്ത് നിന്നും ആട്ടി പുറത്താക്കുകയാണ് എൻ ആർ സി കൊണ്ടുള്ള ഉദ്ധേശ്യമെന്ന് ഇതിലും വ്യക്തമായി പറയാൻ ഒരു മതേതര രാജ്യത്തും കഴിയില്ല.  ഇത്തരം അപര നിർമ്മാണത്തെ മോഡി കടമെടുക്കുന്നത് ഫാസിസത്തിന്റെ അമിത ദേശീയതയിൽ നിന്നുമാണ്.
ഇന്ത്യക്ക് മഹത്തായൊരു സംസ്കാരമുണ്ടെന്ന് ചരിത്രം പഠിച്ചവർക്കറിയാം. അത്തരം പഠനങ്ങളുടെ വായ പൊത്തിപ്പിടിച്ച് പടിഞ്ഞാറിന്റെ അടഞ്ഞ പാത തേടി പോവുകയാണിന്ന്. നാനാത്വത്തിൽ ഏകത്വമെന്ന ആപ്തവാക്യം തന്നെയാണ് ഭാരതാംഭികതയുടെ മുഖതലം. രാഷ്ട്ര ശിൽപികളിൽ ആരും അടഞ്ഞ ദേശീയതയെ സ്വപ്നം കണ്ടിരുന്നില്ലെന്നും മാനവികതയിൽ പടുത്തുയർത്തിയ വിശാല ദേശീയതയാണ് നമുക്ക് അവർ പകർന്നു തന്നതെന്നും പറഞ്ഞ് കൊടുക്കാൻ പറ്റിയവർ പ്രതിപക്ഷത്ത് പോലും ഉണ്ടായില്ലല്ലോ ആ സഭയിൽ?.

LEAVE A REPLY

Please enter your comment!
Please enter your name here