അശ്രുകണങ്ങൾ സാക്ഷി

ഷനൂബ് ഹുസൈൻ

0
973

അഭിസംബോധകന്റെ കടുത്ത പ്രണയത്തിന് കവി നിരത്തിയ തെളിവുകളെ നിഷേധിക്കാനോ വല്ല കാരണവും ബോധിപ്പിക്കാനോ അയാൾക്കായില്ല. ഇതുകണ്ട കവി അത്ഭുതത്തോടെ (admiration -تعجب)  അയാളോട് ചോദിക്കുകയാണ്.

٦-فكيف تنكر حبا بعدما شهدت
به عليك عدول الدمع و السقم
( നിനക്കെതിരെ അശ്രുകണങ്ങൾ പ്രണയത്താൽ ഉണ്ടായ അസുഖവും സാക്ഷി നിൽക്കുമ്പോൾ നിനക്കെങ്ങനെ ആ സ്നേഹത്തെ നിഷേധിക്കാനാവും)
ഇമാം ഖസ്ത്വല്ലാനിയും (മാശാരിഖുൽ അൻവാറിൽ ) അളുദുദ്ദീൻ അശീറാസിയും പറയുന്നത് ഇവിടെ കവി നിഷേധ രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നാണ്. കവി തന്നിൽനിന്നും പുറത്തെടുത്ത വ്യക്തി തൻറെ സ്നേഹത്തെ നിഷേധിക്കുകയാണെന്ന് സങ്കൽപ്പിക്കുന്നു. കവി അയാളുടെ തീക്ഷ്ണതയേറിയ പ്രണയം യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെടുത്താനായി അനവധി തെളിവുകൾ നിരത്തി. ആരോപിക്കപ്പെടുന്ന പ്രണയം അയാളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോൾ നിനക്ക് സ്നേഹത്തെ നിഷേധിക്കാൻ കഴിയില്ല എന്ന് കവി പറയുകയാണ്.                                                                 പരസ്പരം ബന്ധമുള്ള വാക്കുകൾ ഈ വരിയിൽ ഒരുമിച്ച് പ്രയോഗിച്ചിരിക്കുന്നു. ഇൻകാർ ( നിഷേധം), ശഹാദത്ത് ( സാക്ഷ്യം ), ഉദുൽ (നീതിമാന്മാർ ) എന്നിവയാണവ.( കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട വാക്കുകൾ). മുറാഅതുന്നളീർ (Observation of the similar -congeries ) എന്നാണ് ഈ സാഹിത്യ ശൈലിക്ക് പറയുന്ന പേര്.
ഇവിടെ ഉദൂൽ (നീതികൾ) എന്ന് ബഹുവചനമായാണ് ഉപയോഗിച്ചത്. കണ്ണുനീർ, രോഗം എന്നിവയാണ് നീതി എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്നതുകൊണ്ടുതന്നെ ദ്വിവചനമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ബഹുവചനം ഉപയോഗിക്കാനുള്ള കാരണം ഇതാണ്. കണ്ണുനീർ ഒരുപാട് സമയങ്ങളിൽ ഉതിർന്ന് വീഴും, രോഗവും ഒരുപാട് സമയത്ത് നിലനിൽക്കും അതുകൊണ്ടുതന്നെ  സമയത്തിന്റെ ആധിക്യത്തെ വസ്തുക്കളുടെ ആധിക്യത്തിന്റെ സ്ഥാനത്ത് നിർത്തി ഉദുൽ എന്ന് ബഹുവചനമായി ഉപയോഗിച്ചു.
ഖർഫൂതി പറയുന്നു: ബൂസ്വൂരി ഇമാം നബി (സ്വ)യെ സ്വപ്നത്തിൽ ദർശിച്ച് അവിടുത്തേക്ക് ബുർദ ചൊല്ലി ക്കൊടുത്തപ്പോൾ തിരുനബി (സ്വ)ക്ക് ഏറെ ഇഷ്ടമായ ആദ്യ വരികളിൽപെട്ടതാണ് ഈ വരി. ആവശ്യ പൂർത്തീകരണത്തിനായി ബുർദ പാരായണം ചെയ്യുന്നവർ ഈ വരി മൂന്ന് പ്രാവശ്യം ചൊല്ലേണ്ടതാണ്. ബുർദയുടെ മറ്റൊരു വ്യാഖ്യാതാവായ ജഅ്ഫർ ബാഷയും ഇത് പറഞ്ഞിട്ടുണ്ട്. അല്ലാഹുവേ ഞങ്ങളെ തെമ്മാടികളും താന്തോന്നികളും ആക്കരുതേ, തിരുനബി(സ്വ)യോടുള്ള അനുരാഗം മനസ്സിൽ നിറഞ്ഞ് പ്രണയത്താൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നവരിൽ ഞങ്ങളെ ഉൾപ്പെടത്തണേ

LEAVE A REPLY

Please enter your comment!
Please enter your name here