അയൽക്കാർ

മുഹമ്മദ് ബാഖവി മാണിയൂർ

0
3096

മാനവികതയുടെ ഭാഗമായ മതകീയ ബാധ്യത യാണ് അയൽവാസിയെ ആദരിക്കലും നല്ല ബന്ധം നിലനിര്ത്തലും. പരസ്പരം കടമകൾ നിർവഹിക്കുകയും കരാറുകൾ പാലിക്കുകയും, ചെയ്യേണ്ടത്  സമാധാനപരമായ  സഹവർത്തിത്വത്തിന്റെ  താല്പര്യമാണ്.  അത് ഔന്നത്യത്തിന്റെ അടയാളവും, സത്യസന്ധതയുടെ സാക്ഷ്യവും വിശ്വാസത്തിന്റെ പരിപൂരകവുമത്രെ. തിരു നബി (സ) അരുളി ” അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർ അയൽവാസിയെ ആദരിക്കട്ടെ”

വ്യക്തി ഗുണത്തിന്റെ   മാനദണ്ഡം തന്നെ അയൽവാസിയോടുള്ള സമീപനമാണ് എന്നാണ് ഇസ്ലാമിന്റെ പാഠം. “ഞാൻ നല്ലവനോ മോശക്കാരനോ എന്ന എങ്ങനെ അറിയുമെന്ന് ” ഒരാൾ നബി (സ)  യോടന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞു അത് അയൽ  വാസികൾ പറയുന്നത് പോലെയാണ്. നല്ല അയൽക്കാരൻ ഒരാളുടെ   ജീവിത വിജയത്തിന്റെ നാലു ഘടകങ്ങളിൽ ഒന്നായി തിരുമേനി എണ്ണിയിട്ടുണ്ട്.

വ്യക്തികളായാലൂം രാഷ്ട്രങ്ങളായാലും അയൽക്കാരെ ശല്യപ്പെടുത്തുന്നത് വിശുദ്ധ ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. ദൈവത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്നവന് അത് പാടില്ലാത്തതാണെന്നു ഹദീസിൽ കാണാം. ഒരാളുടെ ചെയ്തികളെ  സംബന്ധിച്ച്  തന്റെ അയൽവാസി നിര്ഭയനല്ലെങ്കിൽ അവൻ സത്യാ വിശസിയല്ലെന്നു തിരു നബി ആണയിട്ടു പറഞ്ഞിട്ടുണ്ട്. സ്വത്തിൽ അതിക്രമിക്കുന്നതും, ഗാർഹികവിഷയങ്ങളിൽ കൈകടത്തുന്നതും ചാര പ്രവർത്തനം  നടത്തുന്നതും സമാധാനം കെടുത്തുന്നതുമെല്ലാം അയൽവാസിയുടെ ദുഷ്ചെയ്തികളാണ്. ഇവ മനുഷ്യത്വത്തെ പരാജയപ്പെടുത്തുന്ന നശീകരണ പ്രവർത്തനങ്ങളാണ്.

ശത്രുവിനെ സഹായിക്കുന്നതും  അയൽവാസിയെ ഉപദ്രവിക്കൽ തന്നെയാണ്. അത് പോലെ ഭീകരവാദികളെ പിന്തുണക്കുന്നതും ഗൂഢാലോചനക്കാർക്ക് അഭയം നൽകുന്നതും  നിയമം വെട്ടിച്ചോടുന്നവരെ ഒളിപ്പിക്കുന്നതും മൂല്യങ്ങൾക്ക് നിരക്കാത്ത സാമൂഹ്യ ദ്രോഹമാണ്. മതത്തിൽ നവീന വാദങ്ങൾ ആവിഷ്കരിക്കുന്നവരെയും    അവർക്ക് അഭയം  നല്കുന്നവരെയും   അല്ലാഹുവും മലക്കുകളും മനുഷ്യരും ശപിക്കുമെന്നു തിരു നബി (സ) പറഞ്ഞിട്ടുണ്ട്. കാരണം അവർ സമൂഹത്തിലെ സമാധാനം തകർക്കുന്നു സ്വസ്ഥത കെടുത്തുന്നു. അത് സമൂഹത്തിനും നാടിനും അപകടവും വിനാശവുമാണ്.

” അല്ലാഹുവിന്റെ  കരാർ ലംഘിക്കുകയും  അവൻ ചേർക്കാൻ  പറഞ്ഞതിനെ ഛേദിക്കുകയും ഭൂമിയിൽ നാശം വിതക്കുകയും ചെയ്യുന്നവർ തന്നെയാണ് പരാജിതർ ” (ഖുർആൻ)
അയൽവാസി കളുടെ  താൽപര്യങ്ങൾ  സംരക്ഷിക്കാനും സഹോദരന്മാരുടെ ബഹുമാനം സൂക്ഷിക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും അല്ലാഹു വാണ് നിർദ്ദേശിച്ചത്.
വഞ്ചന കാണിക്കുന്നവൻ സ്വയം കുഴിയിൽ വീഴുന്നു. അതിന്റെ പ്രത്യാഘാതം അവൻ അനുഭവിക്കേണ്ടി വരും. അതോടെ അവന്റെ അധ്വാനം മുഴുവൻ വൃഥാവിലാകും  അന്തിമ വിജയം നന്മക്കും  പ്രയോജനപ്രദമായതിനും മാത്രമായിരിക്കും “കുതന്ത്രങ്ങൾ അതിന്റെ പ്രയോക്താക്കളെ തന്നെയാണ് ബാധിക്കുക”. ” നുരയും പതയും നശിക്കും ജനോപകരപ്രദമായവ  ഭൂമിയിൽ നിലനിൽക്കും” (ഖുർആൻ)
അല്ലാഹു യു.എ.ഇ. ക്ക്നൽകിയ മഹത്തായ അനുഗ്രഹമാണ് തത്വാധിഷ്ഠിതമായ ഭരണകൂടം അയൽവാസികളെ ആദരിക്കുന്നതിലും മാനവരാശിക്ക് മുഴുവൻ നന്മ ചെയ്യുന്നതിലും അത് പ്രതിജ്ഞാബധമാണ്. ലോകജനത അതിന് സാക്ഷിയുമാണ്. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകരിക്കുന്നവനാണ് അല്ലാഹു വിന് ഏറെ പ്രിയങ്കരൻ എന്നാണ് നബിവചനം.

LEAVE A REPLY

Please enter your comment!
Please enter your name here