അയാ സോഫിയ: ചരിത്രവും വർത്തമാനവും

മുജ്തബ സി.ടി കുമരംപുത്തൂർ

0
216

വർത്തമാന ലോകരാഷ്ട്രീയ ചർച്ചകളിൽ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത,
സാംസ്കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിർമ്മിതിയെ സംബന്ധിച്ച തുർക്കി ഗവണ്മെന്റിന്റെ പുതിയ നിയമ ഭേദഗതിയാണ് ഇത്തരം ചർച്ചകൾക്ക് നിദാനമായത്. വിവിധ കാലങ്ങളിലായി സംഭവിച്ച നിർണായകമായ മാറ്റിതിരുത്തലുകളുടെ പുതിയൊരദ്ധ്യായമായിട്ടാണ് ഇതിനെ നോക്കിക്കാണേണ്ടത്.

വിസ്മയനിർമ്മിതി

വാസ്തുവിദ്യാ വിസ്മയങ്ങളും നിർമ്മാണ ചാരുതയും സമ്മേളിച്ച അതുല്യമായ കേന്ദ്രമാണ് തുർക്കിയിലെ ഹഗിയ സോഫിയ.അയാ സോഫിയ എന്നും ഇതിനെ പറയപ്പെടുന്നു. ‘മിനാരങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന ഇസ്താംബൂളിലെ പ്രധാന കൗതുകസ്ഥാനമാണിത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യങ്ങളായിരുന്ന ബൈസാന്തിയൻ, ഓട്ടോമൻ നിർമ്മാണ കലയുടെ സംഗമസ്ഥാനം എന്നതാണ് ഹഗിയ സോഫിയയെ വ്യത്യസ്തമാക്കുന്നത്.
ഈജിപ്ത്, ഗ്രീസ്, സിറിയ തുടങ്ങിയ പല ഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്ന അമൂല്യമായ മാർബിളും മൊസൈക്കുകളും നിറഞ്ഞ ചുമരുകൾ ആണ് ഇതിന് പ്രധാന ആകർഷണ കേന്ദ്രം. കത്തീഡ്രൽ ആയിരുന്ന കാലത്ത് നിർമ്മിക്കപ്പെട്ട പ്രധാന കലാസൃഷ്ടികൾ ഭൂരിഭാഗവും കിഴക്കുഭാഗത്താണ്. പള്ളി യായിരിക്കെ ഖിബ്‌ലയുടെ ഭാഗവും അങ്ങോട്ടാണ് എന്നതുകൊണ്ടുതന്നെ മുസ്ലിം ക്രിസ്ത്യൻ കലാവൈഭവങ്ങളുടെ സമ്മിശ്ര കേന്ദ്രമായി സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. ഭൗമോപരിതലത്തിൽ നിന്ന് 55 സെന്റീമീറ്റർ ഉയരത്തിലായി 21 മീറ്റർ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങൾ ഇന്നും ഹഗിയ സോഫിയയുടെ കൗതുകകരമായ കാഴ്ചയാണ്. ‘റോമൻ അത്ഭുതങ്ങളിൽ വച്ച് ഏറ്റവും വലുതും ഭംഗിയേറിയ തുമായ നിർമ്മിതി’ എന്നാണ് ഹഗിയ സോഫിയയെ കുറിച്ച് ഇബ്നുബത്തൂത്ത പറഞ്ഞത്. തുർക്കിയുടെ താജ്മഹൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിനെ 1931ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുർക്കിയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന രണ്ടാമത്തെ കേന്ദ്രമായ ഹഗിയ സോഫിയയിൽ പ്രതിവർഷം 35 ലക്ഷത്തോളം പേരാണ് സന്ദർശകരായി എത്തുന്നത്.

അയാ സോഫിയ:ചരിത്രം

നിലവിലുള്ള ആയാ സോഫിയയുടെ കെട്ടിടം ബൈസാന്തിയൻ ചക്രവർത്തിയായ ജസ്റ്റീനിയനാണ് പണികഴിപ്പിച്ചത്.എഡി 532 ഫെബ്രുവരി യിൽ ആരംഭിച്ച നിർമ്മാണം 537 ഡിസംബറിലാണ് പൂർത്തിയായത്. അയാ സോഫിയയുടെ സ്ഥാനത്ത് അതിന് മുമ്പ് തന്നെ വലിയ രണ്ട്‍ നിർമ്മിതികൾ പണികഴിപ്പിച്ചിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപ പരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെനേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.

തൽസ്ഥാനത്തു തന്നെ യൂറോപ്പിലെ അതുല്യമായ ഒരു നിർമ്മിതി സ്ഥാപിക്കണമെന്നത് ജസ്റ്റീനിയന്റെ അഭിലാഷമായിരുന്നു. അക്കാലത്തെ വിദഗ്ദ്ധരായ ശിൽപികളെയും എന്ജിനീയര്മാരെയും അദ്ദേഹം ഒരുമിച്ചു കൂട്ടുകയും ആയിരത്തിലേറെ ജോലിക്കാർ ആറ് വർഷത്തിലധികം ജോലി ചെയ്തിട്ടാണ് സോഫിയ പുനസ്ഥാപനം നടത്തിയത്.

ആയിരം വർഷത്തോളം ക്രിസ്ത്യൻ ദേവാലയമായ സോഫിയ പലപ്പോഴായി അക്കാലത്തെ മത, രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗത്തിലെയും റോമൻ കത്തോലിക്ക സഭയുടെയും ആസ്ഥാനമായ രൂപാന്തരപ്പെട്ടിട്ടുണ്ട്. 1261 മുതൽ 1453 വരെ ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ പാത്രയാർക്കേസിന്റെ കേന്ദ്രമായിട്ടും ഇത് മാറിയിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായിരുന്നു ഇത്.

മഹത്തായ ക്രിസ്തീയ ദേവാലയം എന്നതിലുപരി ബൈസന്റൈൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെയും പുരോഹിതന്മാരുടെയും സ്ഥാനാരോഹണ ചടങ്ങുകളും സുപ്രധാന മതകീയ ചർച്ചകളും നടന്നിരുന്ന കേന്ദ്രം എന്ന നിലക്ക് പണ്ടുമുതലേ വലിയതോതിലുള്ള പ്രശസ്തിയും ജനസമ്മതിയും ഇതിന് ലഭിച്ചു.ക്രിസ്ത്യാനിറ്റിയുടെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രമായിരുന്നു അയാ സോഫിയ.

ഓട്ടോമൻ കാലം

1453ലാണ് ഹഗിയാ
സോഫിയുടെ മറ്റൊരു അധ്യായത്തിന് പ്രാരംഭമാകുന്നത്. ദീർഘകാലം ഭരണം നടത്തിയ ബൈസാന്തിയൻ സാമ്രാജ്യത്തെ നിലംപരിശാക്കി ഉസ്മാനിയ ഉസ്മാനിയ ഖിലാഫത്ത് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ തോടെയായിരുന്നു ഇത്. 21കാരനായ സുൽത്താൻ മുഹമ്മദ് ഫാതിഹ് (മുഹമ്മദ് രണ്ടാമൻ)ആയിരുന്നു ഈ ചരിത്ര പോരാട്ടത്തിന് കാർമികത്വം വഹിച്ചത്. വൈവിധ്യങ്ങളായ കാരണങ്ങളാൽ പ്രാധാന്യമേറിയ കോൺസ്റ്റാന്റിനോപ്പിൾ അന്നത്തെ ചക്രവർത്തിമാരുടെയും അധികാരികളുടെയും ലക്ഷ്യ കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ സുൽത്താൻ മുഹമ്മദ് ഇസ്താംബൂളിനെ തങ്ങളുടെ ഭരണ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രം ആക്കുകയും അയാ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പള്ളി ആക്കി മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് ക്രിസ്തീയ നേതാക്കളോടും മറ്റുമുള്ള ചർച്ചകൾ നടത്തി സംയമനത്തിലെത്തിയിരുന്നുവെന്നാണ് ചരിത്രം.

ക്രിസ്ത്യൻദേവാലയമായിരുന്ന ഹഗിയ സോഫിയയിൽ വ്യത്യസ്തങ്ങളായ നിർമ്മിതികളും പെയിന്റിങുകളും ഉണ്ടായിരുന്നു. അവയിൽ പലതും അതേപടി നിലനിർത്തുകയും ചിലത് മാർബിൾ കൊണ്ട് മറ്റും മറക്കുകയുമാണ് ചെയ്തത്. നിലവിലുള്ള കെട്ടിടത്തെ അതേപടി നിലനിർത്തി കഅബയിലേക്ക് അഭിമുഖമായി ഒരു മിഹ്‌റാബും വും മറ്റു അനുബന്ധ നിർമ്മിതികളും പൂർത്തിയാക്കുകയും ഒരു ജുമുഅക്ക് സുൽത്താൻ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥനകളിൽ പങ്കെടുത്ത് ആരാധനക്കായി വിശ്വാസികൾക്ക് തുറന്നു കൊടുക്കുകയുമാണ് ചെയ്തത്. പിന്നീടുള്ള 500 വർഷം മുസ്ലിം ആരാധനാലയമായും ഉസ്മാനിയ ഖിലാഫത്തിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നുമായി അയാ സോഫിയ നിലനിന്നു. മിഹ്റാബിന്റെ ഇരുഭാഗങ്ങളിലുമായി അള്ളാഹു,മുഹമ്മദ്,നാല് ഖലീഫമാർ, ഹസൻ,ഹുസൈൻ എന്നിവരുടെ പേരുകൾ ഭിത്തികളിൽ ഉല്ലേഖനം ചെയ്തു. ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രശസ്ത കാലിഗ്രാഫറായിരുന്ന മുസ്തഫ ഇസ്സത് എഫൻഡിയാണ് ഇതിനു നേതൃത്വം കൊടുത്തത്. 1847 ഓടുകൂടി ഭീമമായ പുതിയ മിനാരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.

അതാതുർക്കിന്റെ പരിഷ്കരണം

1920ഓടെയുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ അയാ സോഫിയ മറ്റൊരു ചരിത്ര അധ്യായത്തിലേക്കാണ് വിധിക്കപ്പെട്ടത്. സാമ്രാജ്യത്വത്തിന്റെ അസ്തമയ ശേഷം തുർക്കിയെ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാഷ്ട്രമാക്കാനുള്ള നടപടികൾ മുസ്തഫ കമാൽ പാഷയുടെ നേതൃത്വത്തിൽ ആരംഭിച്ചു. അത്താതുർക്കിന്റെ ‘അൾട്രാ മതേതരത്വ’ നയം തുർക്കിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയും തുർക്കിയെ അമിതമായി യൂറോപ്യൻവൽക്കരണത്തിനൊരുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി രാജ്യത്തെ മതപാഠശാലകൾ, ആരാധനാലയങ്ങൾ, സൂഫിപർണശാലകൾ തുടങ്ങിയവ അടക്കുക, പർദ്ദ, നിഖാബ് നിരോധനം,ഹിജ്‌റകലണ്ടർ നിരോധനം, അറബിയിൽ വാങ്ക് നിരോധനം തുടങ്ങി ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം തുർക്കിയെ പരിവർത്തനവിധേയമാക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് 1931ൽ ആയാ സോഫിയയിലെ ആരാധനാ കർമ്മങ്ങളും മറ്റും നിർത്തലാക്കുകയും പള്ളി അടച്ചിടുകയും ചെയ്തു. പിന്നീട് 1934ൽ സർക്കാർ ഇത് മ്യൂസിയമാക്കി പ്രഖ്യാപിക്കുകയും 35ൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ആയിരം വർഷം നിലനിന്ന ക്രിസ്ത്യൻ ആരാധനകളും 500 വർഷത്തോളം ഉണ്ടായിരുന്ന ബാങ്കുവിളിയും മുസ്ലിം ആരാധനകളും ഇതോടെ ചരിത്രവുകയായിരുന്നു.

ഉർദുഗാനും അയാ സോഫിയയുടെ വിമോചനവും

അതാ തുർക്കി നടപടിക്കെതിരെ പലപ്പോഴായി വിശ്വാസികൾ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത് തുർക്കിയുടെ മതേതരത്വത്തിന്റെ ചിഹ്നമാണെന്നും ഈ രീതിയിൽ തന്നെ നിലനിന്നാൽ മതിയെന്നും മറ്റു ചിലരും വാദിച്ചു. പല രാഷ്ട്രീയ പാർട്ടികളും അയാസോഫിയയുടെ മോചനവുമായി രംഗത്തുവന്നെങ്കിലും അവരുടെ ആഗ്രഹം സഫലമാക്കാനായില്ല.1970ലും പിന്നീട് 2005ൽ The association of foundations and service to historical artefacts and environment എന്ന ഒരു എൻജിഒയുടെ കീഴിലും പലപ്പോഴായി നിയമ പോരാട്ടങ്ങൾ നടന്നെങ്കിലും അതാതുർക്കിന്റെ ഈനിയമം മാറ്റണമെന്ന അവരുടെ വാദം ചേംബർ ഓഫ് കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്ന പരമോന്നത നീതിപീഠം തള്ളുകയായിരുന്നു.

പിന്നീട് പട്ടാള ഭരണത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ ഉർദുഗാനാണ് അയ സോഫിയയുടെ വിമോചനം എന്ന പുതിയ ചർച്ചകൾക്ക് നാന്ദികുറിച്ചത്. ഉർദുഗാന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഇതിനെത്തുടർന്ന് 2020 ജൂലൈ 11ന് തുർക്കി കൗൺസിൽ ഓഫ് സ്റ്റേറ്റ് അത്താതുർക്കിന്റെ നിയമം നിർത്തലാക്കുകയും കോടതി വിധിയെ തുടർന്ന് ഉർദുഗാൻ പുതിയ പാർലമെന്റ് നിയമം പാസാക്കുകയും മുസ്ലിം ആരാധനാലയമാക്കി മടക്കിക്കൊണ്ട് വരികയുമാണ് ചെയ്തത്. ജൂലൈ 24നു ജുമുഅ മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.

അയാസോഫിയയിലെ രാഷ്രീയം

തുർക്കിയുടെ പുതിയ നിയമ ഭേദഗതിയും നടപടിയും ലോക രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമാം വിധം കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉർദുഗാൻറെ ഈ നീക്കത്തെ തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രസ്താവനകളും രാഷ്ട്രീയ ഇടപെടലുകളും പുറത്തുവന്നിരിക്കുകയാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതാപവും സൗന്ദര്യവും വിളിച്ചോതുന്ന കേന്ദ്രമാണ് എന്ന നിലക്ക് അതിനെ മുസ്ലിം ആരാധനാലയമാക്കിയുള്ള തിരിച്ചുപോക്ക് അഭിനന്ദനാർഹമാണെന്നും മുസ്ലിം പ്രതാപത്തിന്റെ വീണ്ടെടുപ്പാണെന്നുമുള്ള ചർച്ചകളും അഭിപ്രായങ്ങളും സജീവമാണ്. മറുവശത്ത്, തുർക്കിയുടെ ഈ രാഷ്ട്രീയനീക്കം തീർത്തും പക്ഷപാതിത്വമാണെന്നും മതേതരത്വത്തെ പൊളിച്ചെഴുതുന്നതുമാണെന്ന എതിർ ശബ്ദങ്ങളും വളരെ കൂടുതലാണ്. യുനെസ്കോ, യൂറോപ്യൻ യൂണിയൻ തുടങ്ങി ലോക സംഘടനകളും റഷ്യ, അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളും ഇതിനെതിരെ അപലപിച്ചിരുന്നു. 2019 ഓടെ വ്യത്യസ്ത രാഷ്ട്രീയ കാരണങ്ങളാൽ നിറംമങ്ങിയ ഉറുദുഗാന്റെ മുഖം മിനുക്കാnള്ള പുതിയ തന്ത്രമാണിതെന്നും വിവാദങ്ങളുയരുന്നുണ്ട്. അയാ സോഫിയ വിഷയത്തെ ഇന്ത്യയിലെ ബാബരി മസ്ജിദുമായി താരതമ്യപ്പെടുത്തി ചർച്ച ചെയ്യുന്നവരും വിരളമല്ല.
വിവാദങ്ങളോട് പ്രതികരിച്ച ഉർദുഗാൻ ഇത് തുർക്കിയുടെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റുള്ളവരുടെ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു. നൂറ്റാണ്ടുകളോളം മുസ്ലിം ആരാധനാലയങ്ങളായിരുന്ന പലതും ഇന്ന് യൂറോപ്പിൽ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളോ മറ്റു വ്യാപാര കേന്ദ്രങ്ങളോ ആയതിനുള്ള ഖേദം അല്പംപോലും ഇല്ലാത്തവരാണ് അയാസോഫിയവിധിക്കെതിരെ
രംഗത്ത് വന്നിട്ടുള്ളതെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.

ഏതായിരുന്നാലും ഈ നിയമനടപടി തുർക്കിയുടെ രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിം ലോകത്തോടുള്ള യൂറോപ്പിന്റെ എതിർപ്പിനും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തുർക്കിയുടെ അകൽച്ചയ്ക്കും തുർക്കിയിലെ ഉർദുഗാന്റെ തുടർരാഷ്രീയപ്രക്രിയകളിലും അയാ സോഫിയയുടെ വിധി നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here