അബ്ദുൽഖാദിർ ജസാഇരി:അൾജീരിയയുടെ അതുല്യ പോരാളി

0
178


“എൽഖാദർ സിറ്റി”..യു.എസിലെ ലോവ സ്റ്റേറ്റിൽ ജർമനിയിലെയും സ്കാൻഡിനേവിയയിലേയും വംശജർ ജീവിക്കുന്ന പ്രസിദ്ധമായ ഒരു ചെറുന്ന ചെറുനഗരമാണിത്. ഇസ്‌ലാമോഫോബിയയുടെ ഉത്തുംഗതയിലുള്ള അമേരിക്കൻ മണ്ണിൽ ഒരു മുസ്ലിം നേതാവിന്റെ പേര് ഒരു നാടിന് ചാർത്തണമെങ്കിൽ, അദ്ദേഹം അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമവിടെ.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനും സാമൂഹിക സേവകനും അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാൻ നായകത്വം വഹിച്ചവരുമായ അമീർ അബ്ദുൽ ഖാദിർ അൽ ജസാഇരിയുടെ നാമമാണത്. 1846 ൽ പ്രസ്തുത നഗരത്തിന്റെ ശിൽപ്പികളായ തിമോത്തി ഡേവിസ്, ജോൺ തോംസൺ, ചെസ്റ്റർ സ്റ്റേജ് എന്നിവരാണ് തന്റെ വേറിട്ട നിലപാടിന്റെയും ആദർശധീരത പ്രകടമാക്കുന്ന പ്രവർത്തനങ്ങളുടെയും ബഹുമാനസൂചികമായി എൽഖാദർ എന്ന് നാമകരണം ചെയ്യുന്നത്. 1808 സെപ്റ്റംബർ ആറിന് അൾജീരിയയിലെ മുഅസ്കറ ഗ്രാമത്തിലാണ് മഹാന്റെ ജനനം. മുഹ് യിദ്ദീൻ അൽഹസനിയാണ് പിതാവ് . ഖാദിരി സൂഫി പരമ്പരയിലെ പ്രമുഖ പണ്ഡിതനായ പിതാവിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കർമ്മശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അറിവ് നേടി. വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുത്തിലും വായനയിലും പ്രാവീണ്യം നേടിയ അദ്ദേഹം തന്റെ പതിനാലാം വയസ്സിൽ തന്നെ പരിശുദ്ധ ഖുർആൻ മ:നപാഠമാക്കിയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ആധിപത്യത്തിനു കീഴിൽ വന്ന അൾജീരിയയാണ് അൽ ജസാഇരിയുടെ കർമ്മഭൂമി. അൽജസാഇരി ഇല്ലായിരുന്നുവെങ്കിൽ മുസ്ലിം അൾജീരിയയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇസ്ലാമിക സംസ്കാരത്തിന്റെ അധ:പതനവും അധിനിവേശ ശക്തികളുടെ അരുതായ്മകളും അവിടെ കൊടികുത്തി വാഴുമായിരുന്നു. തുർക്കിയിലും സ്പെയ്നിലും ഇസ് ലാം ഓർമ്മയായതുപോലെ അൾജീരിയയിലും ഇസ്‌ലാം നാമമാത്രമാകുമായിരുന്നു. ഫ്രഞ്ച് അധിനിവേശത്തിനെതിരെ പട പൊരുതുവാൻ പ്രാദേശിക അറബ് സമൂഹവും ബെർബർഗോത്രങ്ങളും പിതാവ് മുഹ്‌യുദ്ദീനെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചപ്പോൾ തന്റെ പ്രായാധിക്യം കാരണം ശൈഖ് മുഹ്‌യുദ്ദിൻ അത് നിരസിച്ചു. തന്മൂലമാണ് പിതാവിന്റെ വഴിയെ സഞ്ചരിക്കുന്ന ശൈഖ് അബ്ദുൽഖാദിർ അൽജസാഇരിയെ അവർ സമീപിക്കുന്നത്.അങ്ങനെ ഇരുപത്തി നാലാം വയസ്സിൽ അൾജീരിയൻ മുസ് ലിംകളുടെ നേതൃസ്ഥാനമേറ്റെടുത്തടുത്തു. ഇതു മൂലം അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേരിനും അദ്ദേഹം അർഹരായി.
പരിശുദ്ധഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ വിളംബരം ചെയ്തു കൊണ്ടാണ് അമീർ അബ്ദുൽഖാദർ ജനങ്ങൾക്കിടയിൽ ഒരുമക്ക് തിരികൊളുത്തുന്നത്.അബ്ദുൽ ഖാദർ തന്റെ സൈനിക, യുദ്ധ നടപടികളിൽ പൂർണ്ണമായും ഇസ്ലാമിക കാഴ്ചപ്പാടുകളാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ അദ്ധേഹത്തിന്റെ യുദ്ധ നയങ്ങൾക്കും തടവുപുള്ളികളോടുള്ള സൗമ്യമായ സമീപനങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 2006 ൽ ജനീവയിൽ “Emir Abdelkader ,The forerunner of human rights and champion of interreligious dialogue” എന്ന പേരിൽ ഐക്യരാഷ്ട്ര സഭ ഒരു അന്താരാഷ്ട്ര കോൺഫറൻസും സംഘടിപ്പിച്ചിരുന്നു.രാഷ്ട്രീയം മതത്തെ കീഴ്പെടുത്തുന്ന കാലത്ത് മതത്തിലൂന്നിയുള്ള രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ് അൽ ജസാഇരിയുടെ പോരാട്ടങ്ങൾക്ക് പോരിശയേറ്റുന്നത്.
കൊളോണിയലിസത്തിനു മുന്നിൽ പതനങ്ങളിൽ പതറാത്ത സംഘടിതമായി നേരിടാൻ അൾജീരിയൻ മുസലിംകളെ ശൈഖ് അൽ ജസാഇരി സജ്ജരാക്കി.ദർഖാവിയ്യ ആത്മ സരണിയുടെ വാക്താവായിരുന്ന ജസാഇരി സമർത്ഥനായ നയതന്ത്രജ്ഞനും നിഷണാബോധമുള്ള സൈനിക മേധാവിയുമായിരുന്നു.അദ്ദേഹം നയിച്ച ചെറുത്തു നിൽപുകളെ നമുക്ക് രണ്ടായി വിഭജിക്കാം. 1832 മുതൽ 1839 വരെയുള്ള കാലമാണ് ഒന്നാംഘട്ടം. ഈ കാലയളവിൽ മഹാനവറുകളുടെ പോരാട്ടത്തിന്റെ ഫലമായി ഫ്രഞ്ചുകാർ പരാചിതരാവുകയും അവർ പിടിച്ചെടുത്ത പശ്ചിമ അൾജീരിയയുടെ സിംഹഭാഗവും വിട്ടു തരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വാഗ്ദാനം അവർ ലംഘിച്ചു. അൽ ജസാഇരി തന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് വീണ്ടും പോരിനിറങ്ങി. അതിന്റെ ഫലമായി തീരപ്രദേശമൊഴികെയുളള മുഴുവൻ സ്ഥലങ്ങളും അജിരിയൻ മുസ്ലിംകളുടെ അധീനതയിലായി.
ചെറുത്തു നിൽപിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് തുർക്കികളുടെ ശക്തികേന്ദമായ കോൺസ്റ്റന്റൈൻ ഫ്രഞ്ചു മേധാവികൾ പിടിച്ചടക്കിയതോടെയാണ്. ബർബരികൾക്കിടയിലും അറബികൾക്കിടയിലും സാഹോദര്യം കെട്ടിപ്പടുത്ത അൽ ജസാഇരി വീണ്ടും യുദ്ധത്തിനൊരുങ്ങി. പക്ഷെ, നിരന്തമായ സംഘട്ടനങ്ങൾക്കൊടുവിൽ കിഴക്കൻ അൾജീരിയ മുഴുവനും ഫ്രഞ്ച് ഭരണാധികാരികളുടെ അധീനതയിലാവുകയി. ഫ്രഞ്ച് മേധാവി ജനറൽ ബ്യൂഗോഡ് അങ്ങേ അറ്റത്തെ ക്രൂരതയാണ് സ്ത്രീകളുടെയും കുട്ടികളുടെയും മേൽ അഴിച്ചുവിട്ടത്.
ഇത്തരം ദയനീയസാഹചര്യത്തെ സഹിക്കാനാവാതെ വന്നപ്പോൾ സുരക്ഷിതമായി കൂടുതൽ ശക്തി സംഭരിക്കാൻ മഹാൻ മൊറോക്കോയിലേക്ക് പലായനം ചെയ്തു. എന്നാൽ മൊറോക്കോയിൽ ദീർഘകാലം നിൽക്കാൻ ഫ്രഞ്ച് ഭരണകൂടം അനുവദിച്ചില്ല. ഫ്രഞ്ച് കാട്ടാളൻമാരുടെ നിരന്തമായ ഭീഷണിക്കു മുന്നിൽ മൊറോക്കൻ ഭരണാധികാരി മൗലായെ അബ്ദുറഹ്മാൻ അൽ ജസാഇരിക്കുളള അഭയം പിൻവലിച്ചു. തിരിച്ചുവന്ന് ചെറുത്തു നിൽപ് തുടർന്നുവെങ്കിലും സായുധരായ ശത്രുക്കൾക്കു മുന്നിൽ ഏതെങ്കിലും ഒരു കിഴക്കൻ പ്രദേശത്ത് ഒതുങ്ങിക്കൊള്ളാംഎന്നു പറഞ്ഞ് ജസാഇരി കീഴടങ്ങി. ശത്രുക്കൾ വീണ്ടും അവരെ പൊറുതി മുട്ടിച്ച് തടവറയിലാക്കി. തന്റെ ആശയങ്ങൾ പിൻവലിച്ച് ഫ്രഞ്ചിനൊപ്പം ചേർന്നാൽ തടവറയിൽ നിന്ന് മോചിപ്പിക്കാമെന്ന് ഫ്രഞ്ച് രാജാവ് വാഗ്ദാനം ചെയ്തു. പക്ഷെ, മഹാൻ അതിന് പുല്ലുവില പോലും കൽപ്പിച്ചില്ല. 1852 ൽ നെപ്പോളിയൻ പ്രസിഡന്റ് ആയ കാലത്ത് അദ്ദേഹത്തെ ജയിൽ വിമുക്തനാക്കി ഡമസ്കസിലേക്ക് പറഞ്ഞയച്ചു. അക്കാലത്ത് മൌണ്ട് ലബനനിൽ നിന്നും ഡ്രൂസുകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ ഒരു കലാപം പിറവിയെടുത്തിരുന്നു.ആ കലാപം ദമസ്കസിന്റെ മണ്ണിലേക്കും പടർന്നു പിടിച്ചിരുന്നു. അന്ന് മഹാനവർകൾ ക്രിസ്ത്യാനികൾ തന്നോട് ചെയ്ത മുഴുവൻ ക്രൂരതകളും മറന്നു കൊണ്ട് അനേകം ക്രിസ്ത്യാനികളെ കലാപത്തിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തു.
ഇസ്താംബൂളിൽ സുൽത്വാൻ അബ്ദുൽ മജീദിന്റെ അതിഥിയായി നാലു വർഷക്കാലം ജീവിച്ചു. അഞ്ച് വർഷക്കാലം ഫ്രഞ്ച് സൈന്യത്തിന്റെ തടവിൽ കഴിയുന്ന കാലത്ത് മൂന്ന് വാള്യങ്ങളുള്ള “അൽമവാഖിഫ് ” എന്ന തസ്വവ്വുഫ് സംബന്ധമായ ഗ്രന്ഥവും ” ദിക്റുൽ ആഖിൽ ” എന്ന ഗ്രന്ഥവും മഹാനവറുകൾ രചിച്ചു. അത് കൂടാതെ ഹൃദയ സ്പർശിയായ അനേകം സൂഫി കവിതകളും അദ്ദേഹം രചിച്ചിരുന്നു. ശൈഖ് ഇബ്നു അറബിയുടെ ഗ്രന്ഥങ്ങൾ ആഴത്തിൽ വായിക്കുകയും അതിന് വ്യാഖ്യാനങ്ങൾ എഴുതുകയും ചെയ്തിരുന്നു.ഫുസൂസൂൽഹികം,ഫുതൂഹാതു മക്കിയ്യ അടക്കമുള്ള ശൈഖുൽ അക്ബറിന്റെ പ്രശ്തിയാർജിച്ച രചനകൾക്ക് അബ്ദുൽ ഖാദിർ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. 1300 റജബ് 9 നായിരുന്നു മഹാനവറുകളുടെ മരണം. ശൈഖുൽ അക്ബർ ഇബ്നു അറബിയുടെ ദർഗയുടെ ചാരത്താണ് അദ്ദേഹവും അന്ത്യവിശ്രമം കൊള്ളുന്നത്.
അബ്ദുൽ ഖാദിർ അൽ ജസാഇറിയുടെ ഒളിമങ്ങാത്ത ഓർമ്മകൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിപ്പുണ്ട്.ജന്മസ്ഥലമായ ലോവയിൽ തന്നെ 2008 മുതൽ അബ്ദെൽ ഖാദർ പ്രോജക്ട് (abdel kader project) എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നുണ്ട്. പ്രസ്തുത കൂട്ടായ്മയുടെ നേതൃത്വത്തിൽ അമീറിന്റെ ആശയങ്ങുടെ പ്രചരണവും മറ്റു സാമൂഹിക സേവന പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
മുജ്തബ സി.ടി

LEAVE A REPLY

Please enter your comment!
Please enter your name here