അനുരാഗിയോട് ഞാൻ അടുക്കുക തന്നെയാണ്

ശനൂബ് ഹുസൈൻ

0
1260

അനുരാഗി പ്രണയത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്നവന് മുന്നിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കിയെങ്കിലും അയാൾ അനുരാഗി നിരപരാധിത്വം തെളിയിക്കുന്നതിനായി സമർപ്പിച്ച ന്യായങ്ങളൊന്നും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതു കണ്ട അനുരാഗി അയാളോട് പറയുകയാണ്:

١٠-عدَتْكَ حالِيَ لا سِرِّي بمُسْتَتِرٍ عن الوُشاة ِ ولادائي بمنحسمِ
( എൻറെ അവസ്ഥ നിനക്കുമുണ്ടാവട്ടെ, എൻറെ സ്നേഹം ദുഷ് പ്രചാരകർക്ക് നിഗൂഢമായതല്ല, എന്റെ അസുഖം എന്നിൽനിന്നും നീങ്ങി പോവുകയുമില്ല.)
അദത്ക(عدتك ) എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പ്രണയത്തെ തുടർന്ന് കവിക്കുണ്ടായ അവസ്ഥാവിശേഷം ആക്ഷേപകനിലും  വന്നു ചേരട്ടെ എന്നാകാം. ഇത് ആക്ഷേപകനെതിരെയുള്ള  പ്രാർത്ഥനയാണ്. എനിക്ക് വന്നെത്തിയ പരീക്ഷണങ്ങൾ നിനക്കെത്താതിരിക്കട്ടെ എന്നാണ് ഉദ്ദേശ്യമെങ്കിൽ അത് ആക്ഷേപകനനുകൂലമായ  പ്രാർത്ഥനയാണ്. ഇനി ആക്ഷേപകനെതിരായി, അനുരാഗികളുടെ ഉന്നതമായ സ്ഥാനം നിനക്കെത്താതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതുമാവാം.
എൻറെ അവസ്ഥ എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് പ്രണയത്താൽ ഉണ്ടായിത്തീർന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയുമാണ്. താൻ ആരും അറിയാതെ മനസ്സിൽ മറച്ചു വെക്കേണ്ടിയിരുന്ന പ്രണയത്തെയാണ് രഹസ്യം എന്ന് വിശേഷിപ്പിച്ചത്. കാമുകീകാമുകന്മാരെ തമ്മിൽ അകറ്റാനായി അവർക്കിടയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന കപടനായ ഏഷണിക്കാരനാണ് വാശി(واشي ).
ബൈതിന്റെ ആശയ സംഗ്രഹം: ആക്ഷേപിക്കുന്നവനേ, പ്രണയത്തിന്റെ കുറ്റത്തിൽ നിന്നും എന്നെ ഒഴിവാക്കാനായി ഞാൻ ബോധിപ്പിച്ച കാരണങ്ങളൊന്നും നീ സ്വീകരിച്ചില്ല. ആക്ഷേപം നീ തുടരുകയാണ് ചെയ്തത്. ഞാൻ പരീക്ഷിക്കപ്പെട്ടത് പോലെ നീയും അല്ലാഹുവിൽ നിന്നുള്ള പ്രണയ പരീക്ഷണങ്ങൾക്ക് വിധേയനാവട്ടെ (ആക്ഷേപകനെതിരെയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ) / നിനക്കല്ലാഹു ഇതുപോലോത്ത പരീക്ഷണങ്ങൾ നൽകാതിരിക്കട്ടെ, നിന്നിൽ നിന്നും പ്രതിസന്ധികളെ അല്ലാഹു അകറ്റിത്തരട്ടെ (ആക്ഷേപകനനുകൂലമായ പ്രാർത്ഥന). ഒരു ചോദ്യ കർത്താവ് അനുരാഗിയോട് അയാൾ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ച് അന്വേക്ഷിക്കുന്നു. അനുരാഗി മറുപടി പറയുന്നു: കാമുകനെയും ഇഷ്ടഭാജനത്തെയും നിരീക്ഷിക്കുന്നവന് എന്റെ പ്രണയം അജ്ഞാതമാവില്ല. ഇഷ്ടഭാജനം എനിക്ക് സ്വാതന്ത്ര്യങ്ങളെല്ലാം വിലക്കിയിരിക്കുകയാണ്. എന്റെ പ്രണയം ഞാൻ പരസ്യപ്പെടുത്താതെ തന്നെ പുറത്തായിരിക്കുന്നു. അനുരാഗം മറകളെ ഭേദിച്ച് കൊണ്ട് രഹസ്യങ്ങളെ വെളിവാക്കുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ടല്ലോ. തിരു നബി (സ്വ)യോടുള്ള അനുരാഗം അഥവാ എന്റെ രോഗം ഒരിക്കലും എന്നെ വിട്ട് പോവുകയില്ല. തിരു സവിധത്തിൽ നിന്നും ഞാനേറെ അകലെയാണെങ്കിലും അത് കൊണ്ട് യാതൊരു ഫലവുമില്ല. അവിടുത്തെ പ്രഭാവത്തിൽ നിന്നും ഒളിച്ചോടാൻ നോക്കിയിട്ട് കാര്യവുമില്ല. കല്ലുകളും മരങ്ങളും സംസാരിച്ച തിരുനബി (സ്വ)യുടെ സവിധത്തിലേക്ക് ഞാൻ അടുക്കുക തന്നെയാണ്. പ്രകാശങ്ങൾ ഉതിർന്ന് വീഴുന്ന അവിടുത്തെ ഭംഗിയെ ഞാൻ വീണ്ടും ദർശിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here