അനുഭൂതി നഷ്ടപ്പെടുത്തുന്ന പ്രണയം

ഷനൂബ് ഹുസൈൻ

0
975

               കവി തൻറെ വാദം സ്ഥിരീകരിക്കുകയും അനുരാഗി ക്കെതിരായ തൻറെ വാദങ്ങളെ ദൃഢമാക്കി അയാൾക്ക് നിഷേധിക്കാനുള്ള മാർഗങ്ങളെല്ലാം ഇല്ലാതാക്കുകയും ചെയ്തപ്പോൾ
٨-نعمْ سرى طيفُ من أهوى فأرقني والحُبُّ يَعْتَرِضُ اللَّذاتِ بالأَلَمِ
(എനിക്ക് അനുരാഗമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ പ്രണയിക്കുന്നയാളുടെ രൂപം രാത്രിയിൽ എന്നിലേക്ക് കടന്ന് വരികയും എന്നെ ഉറക്കത്തിൽ നിന്നുമുണർത്തുകയും ചെയ്യുന്നു. പ്രണയവേദന അനുഭൂതികൾക്ക് വിലങ്ങിടുന്നു)

രാത്രിയിലുള്ള സഞ്ചാരത്തിനാണ് അസ്റാ(اسرى) എന്ന് പറയുന്നത്. ഖുർആനിൽ
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
എന്ന ആയത്തിൽ ഇത് വന്നിട്ടുണ്ട് .ഖുർആനിൽ അസ്റാ(اسرى ) എന്ന വാക്കിൻറെ അർത്ഥം പ്രയാണം എന്ന് മാത്രമാണെന്നും രാത്രി സഞ്ചാരം എന്ന അർത്ഥം ലഭിക്കുന്നത് തുടർന്നുള്ള ലൈലൻ (ليلا) എന്ന വാക്കിൽ നിന്നാണെന്നുമുള്ള  വാദം അംഗീകരിക്കാനാവില്ല. ഖുർആൻ വ്യാഖ്യാതാക്കൾ ( മുഫസ്സിറുകൾ) എല്ലാവരും  അസ്റാ(اسرى ) എന്ന വാക്കിന്
‘ രാത്രിയിലെ സഞ്ചാരം ‘ എന്നാണ് വിശദീകരണം നൽകിയിട്ടുള്ളത്. ഖുർആനിൽ അതിനുശേഷം ലൈലൻ(ليلا )  എന്ന് പ്രയോഗിച്ചത് രാത്രിയിലെ ചെറിയൊരു സമയത്തായിരുന്നു ഇസ്റാഅ (اسراء) നടന്നതെന്ന് അറിയിക്കാനാണ്. മഹാനായ ഇസ്മാഈലുൽ ഹഖി തന്റെ റൂഹുൽ ബയാനിലും ഇമാം ഖുർത്വുബി ജാമിഉൽ അഹ്കാമിൽ  ഖുർആനിലും അസ്റാ(اسرى ) എന്നതിനെ രാപ്രയാണം എന്നാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
ത്വൈഫിന് രൂപം തോന്നൽ എന്നൊക്കെയാണർത്ഥം. അഹ് വാ – ഞാൻ സ്നേഹിക്കുന്നു. ഉറക്കത്തിൽ നിന്നുമുണർത്തുക എന്നർത്ഥമുള്ള اهواء എന്ന ധാതുവിൽനിന്നാണ് اهوى എന്നതിനെ എടുത്തിട്ടുള്ളത്. ഉറക്കത്തിൽ നിന്നുമുണർത്തുക എന്നത് ഒന്നുകിൽ യഥാർത്ഥ അർത്ഥത്തിൽ ഉപയോഗിച്ചതാകാം. ഇഷ്ടഭാജനത്തെ കുറിച്ചുള്ള വിചാരങ്ങൾ അനുരാഗിയുടെ ഹൃദയത്തിൽ നിറയുമ്പോൾ പിന്നെ അവന്  ഉറങ്ങാനാവില്ല. കണ്ണുകൾ തുറന്നിരിക്കും. കൺപോളകൾ അടയുകയില്ല. എപ്പോഴും അവൻ ഉണർവിലായിരിക്കും.
അശ്രദ്ധവാൻ അല്ലാതിരിക്കുക എന്ന അർത്ഥത്തിലുള്ള ആലങ്കാരിക പ്രയോഗവും ആവാം. ഭൗതികമായ സുഖാഡംബരങ്ങളും ചുറ്റുപാടുകളുമാണ് അശ്രദ്ധയുണ്ടാക്കുക.
അനുരാഗിക്ക് ഈവിധമൊരു ആശ്രദ്ധയുണ്ടാവുകയില്ല. ഈ അർത്ഥമാണ് ഇവിടെ കൂടുതൽ അനുയോജ്യം.
പ്രണയ വേദന അനുഭൂതികൾക്ക് തടസ്സം സൃഷ്ടിക്കും എന്ന് കവിതയിൽ പറഞ്ഞത് ഒരു സാങ്കൽപിക ചോദ്യത്തിന് മറുപടിയായായാവാം. ഒരാൾ ചോദിക്കുകയാണ് നീ നിൻറെ പ്രണയത്തിനിടയിൽ വല്ല അനുഭൂതിയും അനുഭവിച്ചിട്ടുണ്ടോ? മറുപടിയായി പറയുന്നു, ഇല്ല ,അനുരാഗം വേദനകൾ നൽകിക്കൊണ്ട് അനുഭൂതികൾക്ക് തടസ്സം സൃഷ്ടിക്കും.അതല്ലെങ്കിൽ അനുരാഗിയെ ഉറക്കത്തിൽ നിന്നും ഉണർത്തുമ്പോൾ ഉള്ള അയാളുടെ അവസ്ഥ വിശദീകരിക്കാനായി പറഞ്ഞതാവാം.
താൻ  നിദ്രയിൽ നിന്നും ഉണരാനുള്ള ഹേതുകമായാണ് അനുഭൂതികൾക്ക് പ്രണയം തടസ്സമാവുമെന്ന് കവി പറഞ്ഞത് എന്നും പറയാവുന്നതാണ്. അനുരാഗിയെ പ്രണയം അമ്പെയ്ത് കൊല്ലുകയാണ്. ഇതനുസരിച്ച് തഅരീള് (تعريض ) എന്നതിന് കൊല്ലുക എന്ന് അർത്ഥം പറയാം. അനുരാഗം കാമുകനെ കൊന്നുകളയുന്നു എന്ന് പറഞ്ഞത് ആലങ്കാരികമായാണ്. ഇസ്തിആറതു തംസീലിയ്യ(استعارة التمثيلية-representative metaphor) എന്നസാഹിത്യ ശൈലി ഈ വരിക്ക് ഭംഗി കൂട്ടുന്നു. അമൂർത്തമായ ആശയങ്ങളെ ഇന്ദ്രിയഗോചരമായ ആശയങ്ങളുമായി ക്രമീകരിക്കുന്നതിനാണ് representative metaphor എന്ന് പറയുന്നത്. പ്രണയം കൊലപാതകി ആവുക, വേദന നാശകാരിയാവുക, അനുരാഗം നിമിത്തം അനുഭൂതികൾ തകർക്കപ്പെടുക, വേദന എന്ന അമ്പ് കൊണ്ട് അനുരാഗം അനുഭൂതികൾക്ക് നേരെ അസ്ത്രമെയ്യുക എന്നിവയെല്ലാം അതീന്ദ്രിയമായ, അമൂർത്തമായ ആശയങ്ങളാണ്. ഇവകളെ ഇന്ദ്രിയഗോചരമായ എറിയുന്ന മനുഷ്യൻ, എയ്യാനുപയോഗിക്കുന്ന അസ്ത്രം, അമ്പ് കൊള്ളുന്ന ജീവി, നാശകാരിയാവുന്ന അമ്പ് എന്നിവയോടെ സമീകരിച്ചു.പിന്നീട് ഇവകൾ സമ്മേളിച്ച് ഉണ്ടാവുന്ന ദൃശ്യ പശ്ചാത്തലം അതീന്ദ്രിയമായ ആശയങ്ങൾക്ക് പകരമായി ഉപയോഗിച്ചു .
വരിയുടെ ആശയത്തിന്റെ ചുരുക്കം ഇതാണ്: അമ്പെയ്ത്തുകാരൻ തൻറെ അസ്ത്രം കൊണ്ട് ഒരു മനുഷ്യനെയോ മറ്റു ജീവിയെയോ വധിക്കും പ്രകാരം പ്രണയം വേദനകൊണ്ട് അനുരാഗിയെ നശിപ്പിച്ചുകളയും. കാരണം യഥാർത്ഥ പ്രണയം ഒരാളുടെ ഹൃദയത്തിലേക്ക് കടന്നാൽ ഭൗതിക സുഖങ്ങളിൽ നിന്നും ആനന്ദങ്ങളിൽ നിന്നും അതവനെ അകറ്റിക്കളയും. ഒന്നിനോടും താല്പര്യം ഉണ്ടാവില്ല .കാരണം ഭൗതിക ലോകവും പാരത്രിക ലോകവും ഒരിക്കലും ഒരുമിച്ച് കൂടാത്ത വൈരുദ്ധ്യങ്ങളാണ്.
ഹാറൂൺ റഷീദ് ഒരുദിവസം ചിന്താനിമഗ്നനായി ഇരിക്കുകയായിരുന്നു. ഭൗതിക- പാരത്രിക വസ്തുക്കൾ, അവയിൽ ഒന്നും നഷ്ടപ്പെടാതെ എനിക്ക് ഒരുമിച്ച് കൂട്ടാൻ ആയെങ്കിൽ! അദ്ദേഹം മനസ്സിൽ പറഞ്ഞു. അപ്പോഴതാ മഹാനായ വലിയ്യ് ബഹ് ലൂൽ അദ്ദേഹത്തിൻറെ മനസ്സിൽ വെളിപാടിൻറെ രൂപത്തിൽ പ്രത്യക്ഷമാകുന്നു. ബഹ് ലൂൽ ഹാറൂൺ റശീദിന്റെ കൊട്ടാരത്തിലേക്ക് കടന്നുവരികയാണ്. കൊട്ടാരത്തിന് മുന്നിൽ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു തൂൺ ഉണ്ടായിരുന്നു .ആ നാട്ടിലെ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടി ശ്രമിച്ചാൽ പോലും ഉയർത്താൻ കഴിയാത്തത്ര വലുതായിരുന്ന് അത്. ബഹ് ലൂൽ തൂണിന്റെ ഒരറ്റം പിടിച്ച മുകളിലേക്കുയർത്തി. അതിനുശേഷം തൂണിന് മറുവശത്തേക്ക് പോയി ആ ഭാഗവും ഉയർത്തി. പിന്നീട് തൂണിന് മധ്യഭാഗത്തേക്ക് വന്നു, തൂണിൽ പിടിച്ചു.തൂൺ മുകളിലേക്കുയർന്നില്ല. ഹാറൂൺ റഷീദ് ബഹ് ലൂലിന്റെ ചെയ്തികൾ നോക്കിയിരിക്കുകയായിരുന്നു. എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്? അദ്ദേഹം ആരാഞ്ഞു. രാജാവിനെ താൻ ചിന്തിച്ച കാര്യം നടപ്പിലാക്കാൻ ഒരു മാർഗ്ഗവും ഇല്ലെന്ന് ബോധ്യപ്പെടുത്തിയതാണ്.ബഹ് ലൂൽ പ്രതിവചിച്ചു. അദ്ദേഹം തുടർന്നു. പാരത്രിക ലോകത്തെ നേടിയെടുക്കാൻ ഞാനുദ്ദേശിച്ചപ്പോൾ എനിക്കതിന് സാധിച്ചു. തൂണിന്റെ മറ്റേ അറ്റം ഉയർത്തിയപ്പോൾ ദുനിയാവിനെ നേടാനാണ് ഞാൻ ഉദ്ദേശിച്ചത് അതുമെനിക്ക് സാധിച്ചു. പിന്നീട് ദുനിയാവിനെയും ആഖിറത്തെയും ഒരുമിച്ച് നേടിയെടുക്കാൻ ഞാൻ ഉദ്ദേശിച്ചു. എനിക്കതിനു സാധിച്ചില്ല. അതുപോലെ തന്നെയാണ് നിങ്ങൾ ആലോചിച്ച് കാര്യവും, അത് നേടിയെടുക്കാൻ ഒരു മാർഗ്ഗവുമില്ല.
ഈ വരിയുടെ പ്രത്യേകതയായി ഖർഫൂതി പറയുന്നു: നിനക്ക് ഭാര്യയെ സംശയമുണ്ടെങ്കിൽ ഈ വരി നാരങ്ങ മരത്തിൻറെ ഇലയിൽ എഴുതി അവൾ ഉറങ്ങുമ്പോൾ അവളുടെ ഇടതു മാറിടത്തിന് താഴ്ഭാഗത്ത് വെക്കുക. നന്മയും തിന്മയുമായി ചെയ്ത മുഴുവൻ കാര്യങ്ങളും ഉറക്കത്തിൽ അവൾ വിളിച്ച് പറയും.ഇത് അനുഭവിച്ചറിഞ്ഞതാണ്. ഇതുപോലെതന്നെ ഒരാൾ നിൻറെ സമ്പത്ത് അപഹരിച്ചു എന്ന് നീ സംശയിക്കുന്നുവെങ്കിൽ ഈ വരി ഊറക്കിട്ട തവളത്തോലിലെഴുതി അയാളുടെ കഴുത്തിൽ ബന്ധിക്കുക. കള്ളൻ നിന്നെ കാണുമ്പോൾ ഭയ വിഹ്വലാനാകും. അയാൾ ചെയ്ത കുറ്റം ഏറ്റുപറയും. ഇൻഷാ അല്ലാഹ്.

LEAVE A REPLY

Please enter your comment!
Please enter your name here