ഭൂമിക്ക് സമാനമായ ഗ്രഹങ്ങളാണെന്ന്!!!

0
1292

ശാസ്ത്രലോകം ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ മൂന്ന് അന്യഗ്രഹങ്ങളെ, നാസയുടെ കെപ്ലെര്‍ ദൗത്യം വഴി തിരിച്ചറിഞ്ഞു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളാണെന്ന് മാത്രമല്ല, അവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതും ആകാംക്ഷയുണര്‍ത്തുന്നു.

കെപ്ലെര്‍ ബഹിരാകാശ ടെലിസ്‌കോപ്പ് പകര്‍ത്തിയ ഡേറ്റ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം വിശകലനം ചെയ്തപ്പോഴാണ്, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. രണ്ട് വ്യത്യസ്ത ഗ്രഹസംവിധാനങ്ങളിലാണ് അവ സ്ഥിതിചെയ്യുന്നതെന്ന്, സയന്‍സ്’ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഭൂമിയില്‍നിന്ന് 1200 പ്രകാശവര്‍ഷമകലെയുള്ള കെപ്ലെര്‍-62 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ രണ്ടെണ്ണം. സൂര്യനെക്കാള്‍ അല്‍പ്പം ചെറും തണുത്തതുമാണ് കെപ്ലെര്‍-62. അഞ്ച് ഗ്രഹങ്ങള്‍ അതിനെ ചുറ്റുന്നു.

അതില്‍ ‘കെപ്ലെര്‍-62ഇ’, ‘കെപ്ലെര്‍-62എഫ്’ എന്നിവയാണ് ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍. ആ ശിലാഗ്രഹങ്ങളില്‍ വെള്ളവും മഞ്ഞുമുണ്ടാകാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ കരുതുന്നു.

ഭൂമിയെ അപേക്ഷിച്ച് 60 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹമാണ് കെപ്ലെര്‍-62ഇ. മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റാന്‍ അതിന് 122.4 ഭൗമദിനങ്ങള്‍ വേണം. കെപ്ലെര്‍-62എഫിന് ഭൂമിയെ അപേക്ഷിച്ച് 40 ശതമാനം വലിപ്പക്കൂടുതലുണ്ട്. അതിന്റെ പരിക്രമണകാലം 267.3 ഭൗമദിനങ്ങളാണ്.

കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ അന്യഗ്രഹം എന്ന പദവി ഇതുവരെ ‘കെപ്ലെര്‍-22ബി’ക്ക് ആയിരുന്നു. അതിന് ഭൂമിയുടെ വ്യാസത്തിന്റെ 2.4 മടങ്ങ് വലിപ്പമാണ് ഉള്ളത്.

സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ‘കെപ്ലെര്‍-69സി’ ആണ് പുതിയതായി കണ്ടെത്തിയ മൂന്നാമത്തെ അന്യഗ്രഹം. അതിന് ഭൂമിയെ അപേക്ഷിച്ച് 70 ശതമാനം വലിപ്പക്കൂടുതലുണ്ട്. 242 ഭൗമദിനങ്ങള്‍ കൊണ്ടാണ് അത് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റുന്നതെന്ന് കണക്കാക്കുന്നു.

മൂന്ന് പുതിയ അന്യഗ്രഹങ്ങളില്‍ ഏറ്റവും വാസയോഗ്യമായവ കെപ്ലെര്‍-62ഇ, കെപ്ലെര്‍-62എഫ് എന്നിവയാണെന്നാണ് ഗവേഷകരുടെ നിഗമനം. സൗരയൂഥത്തിന് വെളിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ വിക്ഷേപിച്ച ടെലിസ്‌കോപ്പാണ് കെപ്ലെര്‍. ആകാശഗംഗയില്‍ 450 ലക്ഷം നക്ഷത്രങ്ങളടങ്ങിയ ഒരു പ്രദേശമാണ് കെപ്ലെര്‍ വിശദമായി നിരീക്ഷിക്കുന്നത്. ഗ്രഹങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഒന്നരലക്ഷത്തോളം നക്ഷത്രങ്ങള്‍ കെപ്ലെറുടെ ദൃഷ്ടിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here