സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന് കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍?
സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി സ്വാതന്ത്ര്യത്തിന്റെ വായു എന്നു പുറമേക്കു തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് സമൂഹം പരിഷ്കൃതരായതോടെയാണ്
വിലകുറഞ്ഞ ബന്ധങ്ങള്‍ക്കുവേണ്ടി പെണ്‍കുട്ടികള്‍ തീ ക്കൊള്ളി കൊണ്ട് തല ചൊറിയേണ്ടിവന്നത്.ഓരോ ഇസ്ലാമിക വിശ്വാസിയും തങ്ങളുടെ കുടുംബത്തിനകത്തും പുറത്തും പാലിക്കേണ്ട ചില മൂല്യങ്ങളും തത്വങ്ങളുമുണ്ട്. അവഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കാരങ്ങള്‍ക്കു നടുവില്‍ വലിച്ചെറിയപ്പട്ടുപോയോ? എന്തു കൊണ്ടാണ് ഒരു മതവിശ്വാസിയും, ഒരു മനുഷ്യത്വമുള്ളവന് പോലും കേള്‍ക്കാനാഗ്രഹിക്കാത്ത സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്?
കുടുംബത്തിനകത്ത് മാതാപിതാക്കളടക്കം മുതിര്‍ന്നവരില്‍ നിന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കിട്ടേണ്ട ചില പാഠങ്ങളുണ്ട്. അവ കുട്ടിയുടെ മതപരവും സാമൂഹികവുമായ ജീവിതത്തിന് ധാര്‍മ്മികമായ അടിത്തറ പാകുന്ന രീതിയിലുള്ളതാവണം. മാതാവിന്റെ മടിത്തട്ടാണ് കുട്ടിയുടെ ആദ്യ പാഠശാല. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പ്രവാചക സ്നേഹം പഠിപ്പിച്ചു കൊടുക്കാന്‍ മാതാപിതാക്കളോട് മഹാന്മാര് കല്പ്പിച്ചു. കുഞ്ഞുപ്രായത്തിലേ പ്രവാചക സ്നേഹവും മതമൂല്യങ്ങളും മുതിര്‍ന്നവരോടുള്ള ബഹുമാനവും അനുസരണയും പഠിച്ചു വളരുന്ന് കുട്ടിക്ക് ഒരിക്കലും പാവനവും വിശുദ്ധവുമായ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് പുറത്തു ചാടാന്‍ മനസ്സു വരില്ല.
പക്ഷേ ഇന്ന് അത്തരം മൂല്യങ്ങള്‍ക്കു പ്രസക്തിയില്ല. മുലകുടി പ്രായത്തിലുള്ള കുട്ടി പോലും വീട്ടില്‍ ടെലിവിഷനിലെ ചലിക്കുന്ന ചിത്രങ്ങള്‍ക്കു മുന്നിലാണ്. അവരെ സംസ്കരിക്കാനോ ചിട്ടയില്‍ വളര്‍ത്താനോ ഉദ്യോഗങ്ങള്‍ വഹിക്കുന്ന മാതാവിനും പിതാവിനും സമയം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ വകതിരിവാകുന്നതിനു മുമ്പുതന്നെ കുട്ടികള്‍ സിനിമകള്‍ക്കും സീരിയലുകള്‍ക്കും അതല്ലെങ്കില്‍ വീഡിയോ ഗെയിമുകള്‍ക്കും അഡിക്റ്റുകളായി വളരുന്നു. വിലകുറഞ്ഞ കാമ രംഗങ്ങളും പ്രേമരംഗങ്ങളും, ആത്മഹത്യ,അടിപിടി, കത്തിക്കുത്ത്, ബലാത്സംഗം, കൊലപാതകം, മദ്യപാനം, പുകവലി തുടങ്ങി മ്ലേഛവും വൃത്തികെട്ടതുമായ നൂറുകണക്കിനു ചിത്രങ്ങളാണ് ചെറു പ്രായത്തിലേ ഇത്തരം കുട്ടികള്‍ കാണുന്നത്. ഇവ കുട്ടികളുടെ മനസ്സിനെ എവ്വിധം സ്വാധീനിക്കുന്നുവെന്ന് സാധാരണക്കാരന്റെ ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാകും. മൂല്യം പഠിപ്പിക്കാനും സമൂഹത്തിലെ മോശംപ്രവണതകളെ ഇല്ലായ്മ ചെയ്യാനുമാണ് സിനിമകള്‍ എന്നൊരു വാദം ഉയര്‍ന്നു കേള്‍ക്കാറുണ്ട്. മോഷണം നടത്തരുത്, അത് തെറ്റാണ് എന്നു പഠിപ്പിക്കാന്‍ മോഷ്ടിക്കുന്ന സീന്‍ തന്നെ കാണിക്കുക. കൊലപാതകം പാപമാണെന്ന് പഠിപ്പിക്കാന്‍ കൊലപാതക സീന്‍ കാണിക്കുക. സ്ത്രീ പീഢനങ്ങളും മാനഭംഗങ്ങളും പാടില്ലെന്നു പറയാന്‍ ബലാത്സംഗ സീനുകള്‍ പ്രദര്‍ശിപ്പിക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ആത്മഹത്യാ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എന്തൊരു വിരോധാഭാസം!!. ഇതിലൂടെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാം എന്ന മികച്ച ബാല പാഠങ്ങളല്ലേ ലഭിക്കുന്നത്.?
ടെലിവിഷനില്‍ കാണുന്ന വിലകുറഞ്ഞ പ്രേമരംഗങ്ങളും പാട്ടുസീനുകളും മരം ചുറ്റി ഓട്ടവുമെല്ലാം കണ്ടു മസ്തിഷ്കപ്രക്ഷാളനത്തിനിരയായി വളരുന്ന കുട്ടി തനിക്കും പ്രേമിക്കാന്‍ ഒരു എതിര്ജോഡി ആവശ്യമുണ്ടെന്ന് ആഗ്രഹിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇത്തരം പാഠങ്ങള്‍ പകര്‍ന്നു കിട്ടിയതിനു ശേഷം കലാലയങ്ങളിലെത്തുമ്പോള്‍ മിനിസ്ക്രീനില്‍ താന്‍ കണ്ട രംഗങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കും. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിനിടെ മുന്നില്‍ കാണുന്നത് മുസ്ലിം പെണ്‍കുട്ടിയാണോ അമുസ്ലിം ആണ്കുട്ടിയാണോ എന്നു നോക്കാനും യാഥാര്‍ത്ഥ്യ ബോധമുള്ളവരാവാനും ആര്‍ക്കാണു താല്പര്യം; പ്രത്യേകിച്ചും മതമൂല്യങ്ങളോ ധാര്‍മ്മിക ബോധമോ തൊട്ടു തീണ്ടാത്തവരാകുമ്പോള്!.
ആധുനിക കാലത്ത് മാധ്യമങ്ങളും സമൂഹവുമെല്ലാം വിലകുറഞ്ഞ പ്രണയത്തെ മഹത്തായ കാര്യമായിട്ടാണ് കരുതുന്നതും അവതരിപ്പിക്കുന്നതും. പ്രണയത്തിന്റെ പേരില്‍ ഒരുദിനം തന്നെ ആചരിക്കപ്പെടുന്നു. വാലന്റൈന്‍സ് ഡേ. വിശുദ്ധമായ പ്രണയം എന്നത് വിവാഹ ശേഷം ഭാര്യഭര്ത്താക്കന്മാര് തമ്മിലുള്ള പ്രണയമാണ്. മറ്റുള്ള പ്രണയങ്ങള്‍ മായയാണ്; വെറും മായ. വിരോധാഭാസം എന്തെന്നാല്‍ പ്രണയ ദിനം ആഘോഷിക്കുന്ന ഒരു മാധ്യമവും ഈ വിശുദ്ധ പ്രണയത്തെ പ്രണയമാക്കി ചിത്രീകരിക്കുന്നു. പോലുമില്ല. അവര്‍ക്ക് വിശുദ്ധ പ്രണയം വിവാഹ പൂര്‍വ്വ മരം ചുറ്റി പ്രണയമാണ്. ആ പ്രവര്‍ത്തനത്തിന് പ്രണയം എന്ന വാക്കിനെക്കാള്‍ കാമം എന്ന പദമായിരിക്കും കൂടുതല്‍ ഇണങ്ങുക.
നമ്മുടെ ക്യാമ്പസുകള്‍ എല്ലാ നെറികേടുകളുടെയും പരിശീലനക്കളരിയായതു പോലെ വിലകുറഞ്ഞ പ്രേമത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. മികച്ച വിദ്യാഭ്യാസം നേടി ഉന്നതങ്ങളിലെത്താന്‍ മാത്രം കോളേജില്‍ പോകുന്ന എത്ര പേരുണ്ട് ഇന്ന് സമൂഹത്തില്‍? ആടിത്തിമിര്‍ക്കാനും ലൈനടിക്കാനുമായി സമൂഹവും വീട്ടുകാരും അനുവദിച്ചു നല്കിയ സ്വാതന്ത്ര്യമായിട്ടാണ് പല വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാഭ്യാസത്തെ കാണുന്നത്. എല്ലാ സുഖങ്ങളിലും രമിച്ചു കഴിഞ്ഞ് ഒടുവില്‍ വലിയ ദുരന്തങ്ങല്ക്ക് ഇരയാവേണ്ടി വന്നവരുടെ എത്രയെത്ര അനുഭവങ്ങളാണ് നമുക്കു ചുറ്റും. സമൂഹം എന്നിട്ടും എന്തുകൊണ്ടാണ് പാഠമുള്‍ക്കൊള്ളാത്തത്?
മുസ്ലിം പെണ്‍കുട്ടികളെ വല വീശിപ്പിടിച്ച് മതം മാറ്റി കല്യാണം കഴിക്കാന്‍ ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരുടെ ശൃംഖലകള്‍ തന്നെ ഇന്ന് നാടെമ്പാടുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ ലൗ ജിഹാദ് എന്ന പേരില്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ കൊണ്ടുവന്നതു പോലെയല്ല ഇത്. മറിച്ച് നഗ്ന നേത്രങ്ങള്‍ക്കു മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന,ഹൃദയം മരവിപ്പിക്കുന്ന പച്ചപ്പരമാര്‍ത്ഥങ്ങളാണ്. ഈയടുത്തായിറങ്ങിയ പലസിനിമകളുടെയും പശ്ചാത്തലം മനസ്സിലാക്കുമ്പോള്‍ ഈ മതപരിവര്‍ത്തന വിവാഹങ്ങള്‍ ഒരു ഹിഡന്‍ അജണ്ടയായി നടപ്പിലാക്കപ്പെടുന്നു എന്നു വേണം കരുതാന്‍.ഒന്നും രണ്ടുമല്ല. ഈയിടെയിറങ്ങിയ ഡസന്‍ കണക്കിനു സിനിമകളില്‍ ഈ പശ്ചാത്തലമുണ്ട്. നായകന് അമുസ്ലിം കഥാപാത്രവും പ്രേമിക്കുന്ന നായിക മുസ്ലിം കഥാപാത്രവുമാവുന്നു. ഐഷയെന്നും സുഹ്റയെന്നും പേരിട്ട് മുസ്ലിം കഥാപാത്രങ്ങളെ സൃഷ്ടിച്ച് പ്രദര്‍ശിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന അപകടത്തിന്റെ മറുവശം നാം കാണാതെ പോകരുത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ് ഇത് വ്യക്തമാക്കുന്നുണ്ട്. ഒരു അമുസ്ലിം യുവാവിന്റെ വാളില്‍ പോസ്റ്റു ചെയ്ത ആ വരികള്‍ ഇങ്ങനെ സംഗ്രഹിക്കാം: പ്രസ്തുത പശ്ചാത്തലമുള്ള സിനിമകള്‍ അവര്‍ക്ക് വലിയ പ്രോത്സാഹനമാണത്രേ. മുസ്ലിം തറവാടുകളിലെ പെണ് കൊടികളെ വലവീശാനും ഒളിച്ചോടാനും ഈ സിനിമകള്‍ നല്കുന്ന പ്രചോദനം ചെറുതല്ല എന്ന്! ഇതിന്റെ ഉഗ്രരൂപമാണ് ഈയടുത്ത് മലയാളത്തില്‍ ഇറങ്ങിയ ഒരു ചലച്ചിത്രത്തിലെ ഡയലോഗിലുള്ളത്. പ്രേമിച്ച അമുസ്ലിമിന്റെ കൂടെ ജീവിക്കാന്‍ മുസ്ലിം പെണ്ണിനെ ബാപ്പയെന്ന കഥാപാത്രം സമ്മതിക്കാതിരിക്കുമ്പോള്‍ അതേ കുടുംബത്തിലെ മറ്റൊരു മുസ്ലിം കഥാപാത്രം ബാപ്പയോട് പറയുന്ന ഒരു ഡയലോഗ്: പരസ്പരം സ്നേഹിച്ചവരെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാത്ത നിങ്ങളൊരു മുസല്‍മാനാണോ എന്ന്. എത്ര മ്ലേഛമായ ഒരു സന്ദേശമാണ് ഈ വാചകം സമൂഹത്തിനു നല്‍കുന്നതെന്ന് ചിന്തിച്ചു നോക്ക്. പ്രേമിക്കുന്നവരെ പരസ്പരം ചേര്ത്തിക്കൊടുക്കേണ്ടവനാണത്രെ മുസ്ലിം. അവിടെ മതമോ, ജാതിയോ പ്രശ്നമാക്കരുതെന്ന്. മൂല്യങ്ങള്‍ കണക്കിലെടുക്കരുതെന്ന്. സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ കണ്ണുകാട്ടിയ ഒരു അമുസ്ലിം യുവാവിന്റെ കൂടെ ഇറങ്ങിപ്പോയിട്ട് വര്‍ഷങ്ങള്‍ക്കുശേഷം പീഢനങ്ങള്‍ സഹിക്കാന്‍ കഴിയാതെ ദുരന്തകഥാപാത്രമായി ഒരു ചാനല്‍ കാമറക്കു മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് ആവലാതി പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു പെണ്ണിനെ പലരും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. അവള് പിറന്നതും ഒരു മുസ്ലിം തറവാട്ടില്‍ ആയിരുന്നു. അത് ആ പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. സുഖാനുഭൂതികളുടെ മോഹന ഭാവി ആഗ്രഹിച്ച് സുന്ദര സ്വപ്നങ്ങളും പ്രതീക്ഷകളും പേറി ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോവുന്ന ഓരോ പെണ്‍കുട്ടിയുടെയും അനുഭവമാണ്. പക്ഷേ ആര്‍ക്കുമത് പാഠമാകുന്നില്ല. മേനിയഴക് കണ്ട് കൈകാട്ടി വിളിച്ചവരുടെ കൂടെ പോകുമ്പോള്‍ ആരും ഇത്തരം അനുഭവങ്ങള്‍ ഓര്‍ക്കുന്നില്ല.അല്ലെങ്കില്‍ തനിക്ക് അങ്ങനെയൊന്നും സംഭവിക്കില്ല, തന്നെ തന്റെ കാമുകന് പൊന്നു പോലെ സംരക്ഷിക്കും എന്ന മിഥ്യാധാരണയില്‍ മറ്റെല്ലാം മന:പൂര്‍വ്വം വിസ്മരിക്കുന്നു.
പക്ഷേ, സൗന്ദര്യത്തിന് ഒരു പരിധിയുണ്ട്;. വാലിഡിറ്റിയില്ലാത്ത പ്രേമത്തിനും. അസ്വാദനത്തിന്റെ, മധുചഷകം ആവോളം മോന്തിക്കുടിച്ചു മടുപ്പ് വരുമ്പോള്‍ കാമുകന് മറ്റൊരു കൂടുതേടി പറക്കുന്നു. അല്ലെങ്കില്‍ പണസമ്പാദനത്തിനായി അവളെ മറ്റൊരുത്തന് വില്‍ക്കുന്നു. അപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ചണ്ടികളായി എല്ലാം നഷ്ടപ്പെട്ടു പോയ പെണ്ണിന്റെ മുന്നില്‍ ജീവിതം രൗദ്രഭാവം പൂണ്ടു നില്ക്കും. പിന്നെയുള്ള അഭയം ഒരുതുണ്ടു കയറിലോ വല്ല കിണറ്റിലോ ആയിരിക്കും. അല്ലാഹു കാക്കട്ടെ!.
ഈയിടെ പ്രസിദ്ധീകരിച്ച സംസ്ഥാന വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡിപ്പിക്കുന്നതിന് ഇരകളാവുന്ന സ്ത്രീകളുടെ പരാതികള്‍ ഇരട്ടിയായി വര്‍ദ്ധിക്കുന്നു എന്നാണ്. വഴിയരികില്‍ കാണുന്നവന്റെ മോഹന വാഗ്ദനങ്ങള്‍ കേട്ട് ശരീരവും മനസ്സും സ്വയം സമര്‍പ്പിക്കുന്ന പെണ്‍കുട്ടികള്‍ ചതിക്കപ്പെട്ടു എന്നുറപ്പാവുമ്പോള്‍ പീഢനത്തിനു കേസ്സു കൊടുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
അതുകൊണ്ട് മുസ്ലിം സഹോദരീ കണ്ണുതുറക്കൂ. മുന്നിലെ മായാപ്രപഞ്ചത്തില്‍ വഞ്ചിതയാവാതെ ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ലോകത്തെക്കുറിച്ച് ബോധവതിയാകൂ. കണ്ണു കാട്ടുന്നവന്റെ കൂടെപ്പോവുമ്പോള് നിനക്ക് നഷ്ടമാവുന്നത് എല്ലാമാണ്. നിന്റെ വിശുദ്ധ ആദര്‍ശം, വീട്,നാട്,മാതാപിതാക്കള്‍,കുടുംബം,സല്‍പ്പേര്,ചാരിത്ര്യം, മനസ്സും ശരീരവും എല്ലാം നിനക്ക് നഷ്ടമാവുകയാണ്. നേട്ടത്തിന്റെ പട്ടികയില്‍ വരവുവെയ്ക്കാന്‍ ഒന്നുമുണ്ടാവില്ല താനും. ദുനിയാവിലെ ഏറ്റവും വിലപിടിപ്പുള്ള ചരക്ക് സ്വാലിഹത്തായ പെണ്ണാണ് എന്ന നബി വചനത്തെപ്പറ്റി ബോധമുണ്ടാവണം. എനിക്കു മാത്രം അങ്ങനെയൊന്നും സംഭവിക്കില്ല എന്ന മിഥ്യാബോധത്തിലാണോ നിങ്ങളിപ്പോഴും? ഓര്‍ക്കുക- കണ്ടറിയാത്തവന്‍ കൊണ്ടറിയുക തന്നെ ചെയ്യും.
സുഫിയാന് കെ
പന്തിപ്പൊയില്‍