മതം അടിസ്ഥാനപരമായി മാനവികതയാണ് മുന്നോട്ടു വെക്കുന്നത്. മനുഷ്യ സ്നേഹവും നീതിയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. മതകീയമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാള്‍ സാമൂഹ്യമായ നിരവധി അച്ചടക്കങ്ങള്ക്ക് വിധേയപ്പെടുന്നു.ഇത്തരം അച്ചടക്കങ്ങള്‍ മതവിശ്വാസിയായ ഒരാളുടെ ജീവിതത്തില്‍ പ്രതി ഫലിക്കുന്നതിലൂടെ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സമൂഹം മുഴുവനുമായിരിക്കും. ഉദാഹരണത്തിന് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യ തിന്മകളായ മദ്യപാന , വ്യഭിചാരം , കൊലപാതകം , അന്യമത വിശ്വാസികളെയും അവരുടെ ആരാധനാ സംവിധാനങ്ങളെയും അപമാനിക്കല്‍ തുടങ്ങിയവയെല്ലാം നിശിദ്ധമാണ്. എന്നാല്‍ ജനാധിപത്യപരമായ ഇത്തരം അച്ചടക്കങ്ങളെ മുഴുവനും നിരാകരിച്ചു കൊണ്ടാണ് ലോകത്ത് നിരീശ്വരവാദവും യുക്തിവാദവും വളരുന്നത്. അതിലെ ഏറ്റവും പുതിയ അധ്യായമാണ് ഡിങ്കോയിസം.
മതം സമൂഹത്തില്‍ നടത്തുന്ന സ്ഥാപിത ഇടപെടലുകളെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമര്‍ശിക്കാനായി സൃഷ്ടിക്കപ്പെട്ട യുക്തിവാദികളുടെ സമാന്തര മതമാണ് ഡിങ്കോയിസം . നമ്മുടെ നാട്ടില്‍ നിലവിലുളള മതങ്ങളുടെയെല്ലാം ഒരു കോമിക് പ്രോട്ടോ ടൈപ്പ് എന്നു വേണമെങ്കില്‍ പറയാം . പാസ്റ്റഫേറിയനിസം പോലെ വിദേശത്ത് പ്രചാരത്തിലുള്ള ചില കോമിക് മതങ്ങളുടെ ചുവടുപിടിച്ചാണ് ഡിങ്ക മതവും എത്തുന്നത് .പാസ്റ്റഫേറിയനിസത്തില്‍ ഫ്ലയിംഗ് സ്പോ ഗേറ്ററി മോണ്‍സ്റ്റര്‍ ( flying Spogetti monster) ആണ് ദൈവമായി ആരാധിക്കപ്പെടുന്നതെങ്കില്‍ കേരളത്തില്‍ ആ സ്ഥാനത്ത് ഡിങ്കനാണ് .സാമ്പ്രദായിക മതങ്ങളുടെ മാതൃകയില്‍ ഡിങ്കോയിസ്റ്റുകള്‍ക്കും സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി ജീവിക്കുന്ന എതിര് മതങ്ങളുണ്ട്. മായാവിസ്റ്റുകളും ലുട്ടാപ്പിസ്റ്റുകളുമാണത്. എന്നാല്‍ ഏകീകൃത സ്വഭാവമോ കര്ശനചിട്ടാവട്ടങ്ങളോ പ്രത്യേകം നിയമസംഹിതയോ ഇല്ലാത്തതിനാല്‍ ഡിങ്കോയിസത്തെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നു. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിങ്കോയിസം അനുവദിക്കുന്ന ചിന്താ സ്വാതന്ത്ര്യമാണ് തങ്ങളുടെ പ്രത്യേകതയെന്നാണ് ഡിങ്ക മതാനുയായികളുടെ വിശ്വാസം .
ആരാണ് ഡിങ്കന്
വളരെയധികം ശക്തിയുണ്ടെന്ന് പറയപ്പെടുന്ന ഒരു മൂഷിക കഥാപാത്രമാണ് ഡിങ്കന് .കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തില്‍ 1983 ലാണ് ഡിങ്കന് പിറവിയെടുക്കുന്നത്. അന്നത്തെ എഡിറ്റര്‍ സോമശേഖരന്‍ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് ബേബിയാണ് ഡിങ്കന് ചിത്രരൂപം നല്‍കിയത്.സാധാരണ കുഞ്ഞെലിയായിരുന്ന ഡിങ്കനെ അന്യഗ്രഹ ജീവികള്‍ പിടിച്ച് കൊണ്ടു പോകുകയും അതിന്റെ ശരീരം ചില പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തപ്പോള്‍ ഡിങ്കന് എന്ന എലിക്ക് അത്ഭുശക്തി കൈവന്നുവെന്നാണ് തിരക്കഥാകൃത്തിന്റെ ഭാവന . ധര്‍മം, നീതി, സമാധാനം എന്നിവക്കു വേണ്ടി പോരാടുന്ന നന്മയുടെ പക്ഷത്ത് നില്ക്കുന്ന കഥാപാത്രം എന്ന നിലക്ക് കുട്ടികളുടെ ഇഷ്ടതോഴനായിട്ടാണ് ഡിങ്കന് പ്രചാരം നേടിയത്. വളരെ വ്യത്യസ്തമായിട്ടാണ് ഡിങ്കോയിസ്റ്റുകള്‍ ഡിങ്ക ദൈവത്തെ ചിത്രീകരിക്കുന്നത്. ആദിയില്‍ ഡിങ്ക ദൈവമുണ്ടായിരുന്നുവെന്നവര് വാദിക്കുന്നു. ഒരു കോസ്മിക് തരംഗരൂപിയായിരുന്ന ഡിങ്കന് പിന്നീട് എലി രൂപം സ്വീകരിച്ചതാണ് എന്ന വ്യാഖ്യാനം അവര്‍ മുന്നോട്ടു വെക്കുന്നു. എന്തുകൊണ്ട് അവരുടെ ദൈവം എലി രൂപം സ്വീകരിച്ചുവെന്നതിന് അവര്‍ നല്കുന്ന മറുപടി രസാവഹമാണ്. എലി ഒരു അധകൃത ജീവിയാണ്.നിരന്തരം എല്ലാവരാലും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ആവാസ വ്യവസ്ഥയിലെ പ്രധാനപ്പെട്ട ജീവി എന്ന നിലക്ക് എലിക്കുളള സ്ഥാനം നാം കാണാതിരുന്നു കൂടാ. ഇത് കൊണ്ട് ദൈവം എലി രൂപം സ്വീകരിച്ചുവെന്ന് അവര്‍ പറഞ്ഞു വെക്കുന്നു.
ശാസ്ത്ര യുക്തിയുടെയും കേവല ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ മാത്രം തങ്ങളുടെ ചുറ്റുപാടുകളെ വിലയിരുത്തുക എന്ന അടിസ്ഥാന നിരീശ്വരവാദ സങ്കല്‍പ്പത്തില്‍ നിന്നാണ് ഡിങ്കോയിസം രൂപപ്പെടുന്നത്.സാഹിത്യ ഗ്രന്ഥങ്ങളില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന അപനിര്‍മ്മാണം (Deconstruction) വിശുദ്ധ ഗ്രന്ഥങ്ങളില്‍ക്കൂടി കൊണ്ടുവരണമെന്ന് അവര്‍ ശക്തിയുക്തം വാദിക്കുന്നു. തങ്ങളുടെ ചെറിയ നിരീക്ഷണത്തില്‍ ആധുനിക സമൂഹത്തിന്റെ യുക്തിക്ക് വിരുദ്ധമാണ് എന്ന് തോന്നുന്നവ യുക്തിസഹമായി വിലയിരുത്തണമെന്നും അവര്‍ വാദിക്കുന്നു. തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി ഇവര്‍ അവതരിപ്പിക്കുന്ന ബാലമംഗളത്തില്‍ ഇതിന്റെ പ്രയോഗരൂപം അവര്‍ അവതരിപ്പിച്ചു കഴിഞ്ഞു. മതങ്ങള്‍ മുന്നോട്ടു വെക്കുന്ന ശാസ്ത്ര സങ്കല്പങ്ങളെ പരസ്യമായി പരിഹസിക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ മുന്നോട്ടു വരുന്നു. ഡിങ്ക വചനങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചില ഉദ്ധരണികള്‍ ഇതിലേക്ക് സൂചനകള്‍ നല്കുന്നു. ഉദാഹരണത്തിന് ”നമ്പോലന് മണ്ണുപുരണ്ട മുട്ട കണ്ടു ‘ എന്ന 22/12 ലെ വാക്ക് ഭൂമിയുടെ ആകൃതി മുട്ടയുടേതിന് സമാനമാണെന്നതിന് സൂചനയാണത്രെ. ‘ നമ്പോലന്റെ ഇടിയില്‍ അവര്‍ ആകാശത്ത് വ്യത്യസ്ത വഴിയില്‍ കറങ്ങി ” .വ്യത്യസ്ത വഴിയില്‍ കറങ്ങുക എന്നത് ഗ്രഹങ്ങളുടെ ഭ്രമണപഥത്തെയല്ലാതെ മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നവര്‍ ചോദിക്കുന്നു. ഡിങ്കോയിസ്റ്റുകളുടെ വീക്ഷണത്തില്‍ അയുക്തികമെന്ന് തോന്നുന്ന നിലപാടുകളെ ചോദ്യം ചെയ്യാന്‍ കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പുന്ന ഭാവനാ വിലാസങ്ങളാണ് അവര്‍ പുറത്തിറക്കുന്നത്.
ഡിങ്കോയിസ്റ്റുകള്‍ എതിര്‍ക്കപ്പെടണം ?
ഇല്ലാത്ത കാര്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്ന് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സിങ്കോയിസ്റ്റുകള് ചെയ്തു കൊണ്ടിരിക്കുന്നത്. ജനാധിപത്യ രാഷ്ട്രം വിഭാവന ചെയ്യുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന സംജ്ഞ സ്വീകരിച്ചിരുന്ന ബഹുമാനത്തെ തകര്‍ത്തെറിയുകയാണ് ഇവര്‍ .ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു നിരീശ്വരവാദിയായിരുന്ന സഹോദരന് അയ്യപ്പന്. ഭഗത് സിംഗും ഒരു നിരീശ്വരവാദിയായിരുന്നു. പക്ഷേ ,അവരെല്ലാം ബൗദ്ധിക വിമര്‍ശനങ്ങളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ബൗദ്ധിക സംവാദങ്ങളില്‍ (Intellectual discourse) നിന്ന് മാറി അടിസ്ഥാന രഹിതമായ വാദങ്ങളുയര്‍ത്തി മതങ്ങളെ ചെളിവാരിയെറിയാനാണ് ഡിങ്കോയിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതാദര്ശങ്ങളില് വിശ്വസിക്കാത്ത ഒരു നിശ്പക്ഷമതിയെ സംബന്ധിച്ചിടത്തോളം വിശ്വാസികള്‍ക്ക് സാമൂഹ്യ അച്ചടക്കത്തിന്റെ മാര്‍ഗ്ഗമായിട്ടാണ് (Social discipline process) മതങ്ങള്‍ വര്‍ത്തിക്കുന്നത്. നരകവും സ്വര്‍ഗ്ഗവും പരലോകവുമടങ്ങുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഒരു ലോകം വിശ്വാസിയുടെ ധാര്‍മിക മൂല്യത്തെ വരച്ചിടുന്നതിലും അവരുടെ നീതിബോധത്തെ പരിപോഷിപ്പിക്കുന്നതിലും ശക്തമായ പങ്കുവഹിക്കുന്നു. എന്നാല്‍ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അതി സ്വാതന്ത്ര്യത്തിന്റെ മതമായി ഡിങ്കോയിസത്തെ പരിചയപ്പെടുത്തുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും അത് സമൂഹത്തില്‍ സൃഷ്ടിക്കുക.’ദൈവങ്ങളുടെ ജനാധിപത്യവല്‍ക്കരണമാണ് തങ്ങളുദ്ധേശിക്കുന്നത് , ഫാഷിസ്റ്റ് ദൈവങ്ങളാണ് ഫാഷിസ്റ്റ് മതവിശ്വാസികളെ സൃഷ്ടിക്കുന്നത് ‘ തുടങ്ങിയ കേട്ടാല്‍ ഇമ്പമുളള വാചകങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഡിങ്കോയിസ്റ്റുകള്‍ ചെന്നുപെട്ടിട്ടുളള അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. മതത്തെക്കുറിച്ച് പഠിക്കാനും മതം മുന്നോട്ടു വെക്കുന്ന സത്യാദര്ശങ്ങളെ കൂടുതല്‍ പഠിക്കാനും ഇത്തരക്കാര്‍ മുന്നോട്ടുവന്നെങ്കില്‍ മാത്രമേ ഇവരകപ്പെട്ടിട്ടുളള അജ്ഞതയുടെ ആഴം ഇവര്‍ക്ക് ബോധ്യപ്പെടുകയുളളൂ
വി പി എം സ്വാദിഖ് അരീക്കോട്