കര്‍മങ്ങളുടെ സത്യസന്ധത

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്

0
2038

ആത്മീയതയുടെ ആനന്ദം 6
സത്യസന്ധത, വാക്കിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കര്‍മങ്ങള്‍ക്ക് മികച്ച സൗന്ദര്യം നല്‍കുന്നു. കാരണം വാക്കും പ്രവൃത്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്ത അവയവങ്ങളുടെ ചലനങ്ങളാണ്. വാക്കുകളുടെ സ്വാധീനം പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്നതില്‍ സന്ദേഹമില്ല. സത്യസന്ധമായ വാക്കും പ്രവൃത്തിയും വിചാരവും കാരണമായി അല്ലാഹുവിന്റെ സവിധത്തില്‍ സവിശേഷമായ ‘സ്വിദ്ദീഖിയ്യ’ സ്ഥാനമലങ്കരിക്കാം.
തിരുനബി(സ) പറയുന്നു: ‘ഒരാള്‍ സത്യം മാത്രം പറയുകയും സത്യത്തെ അന്വേഷിച്ച് പിന്തുടരുകയും ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ സവിധത്തില്‍ സ്വിദ്ദീഖ്(സത്യസന്ധന്‍) എന്ന് എഴുതപ്പെടും’ (ബുഖാരി)
കര്‍മങ്ങളിലെ സത്യസന്ധത കൊണ്ടുള്ള ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതാണ്. ആത്മാര്‍ത്ഥതയും അല്ലാഹുവിനാണെന്ന അര്‍പ്പണ ബോധവും ചേരുമ്പോഴാണ് കര്‍മങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നത്. ഇതോടെ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായ സംസാരങ്ങള്‍ പോലെ സവിശേഷമാകുന്നു.

നിസ്‌കാരവും നോമ്പും സത്യസന്ധതയോടെ നിര്‍വഹിക്കുന്നവരും അല്ലാതെ അനുഷ്ഠിക്കുന്നവരുമുണ്ട്.
ചിലര്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ തന്നെ ഹറാമുകള്‍ കാണുന്നു. ശാരീരികേഛകള്‍ക്ക് വഴങ്ങി അരുതായ്മകള്‍ ചെയ്യുന്നു. ഇത്തരം കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ് നോമ്പില്‍ അതിക്രമം നടത്തുന്നവര്‍. ഈ ദുഷ്‌കൃതങ്ങളിലേക്ക് സൂചന നല്‍കി, തിരുനബി(സ) പറയുന്നു: ‘അശ്ലീല സംസാരവും പ്രവര്‍ത്തനവും വെടിയാത്ത നോമ്പുകാരന്‍ അന്നപാനീയങ്ങള്‍ വെടിയുന്നത് അല്ലാഹുവിന് ആവശ്യമില്ല.'(ബുഖാരി) ആരാധനാ കര്‍മങ്ങളില്‍ സത്യസന്ധത പുലര്‍ത്തണമെന്നതിന് പ്രകടമായ തെളിവാണിത്.

കര്‍മങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നവന്റെ നിസ്‌ക്കാരം തന്നെ വ്യത്യസ്തമാണ്. പരിപൂര്‍ണമായി അംഗസ്‌നാനം ചെയ്ത് മനസും അവയവങ്ങളും അവന്‍ പരിശുദ്ധമാക്കുന്നു. നിര്‍ബന്ധമായും കഴുകേണ്ട മുഖവും മറ്റു അവയവങ്ങളും അല്‍പം പോലും വിട്ട് പോവാതെ സൂക്ഷമത പുലര്‍ത്തുന്നു. വെള്ളം ചേരുന്നതിന് തടസമാകുന്ന നഖങ്ങള്‍ക്കിടയിലെ ചെളിയും ശരീരത്തിലെ മറ്റു ചുളിഞ്ഞ ഭാഗങ്ങളും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കൈ മുട്ടുകളും കാലിന്റെ മടമ്പുകളും കഴുകുമ്പോള്‍ പൂര്‍ണ രൂപത്തില്‍ തന്നെ നിര്‍വഹിക്കുന്നു. ഈ വിഷയങ്ങളെല്ലാം പ്രത്യേകം പരിഗണിക്കാന്‍ തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. ഒരിക്കല്‍, വുളൂഅ് ചെയ്ത സ്വഹാബാക്കളില്‍ ചിലരുടെ കാല്‍പാദങ്ങള്‍ വെള്ളത്തിന്റെ നനവ് പൂര്‍ണമായും കാണാതിരുന്നപ്പോള്‍, ‘വൈല്‍’ എന്ന നരകശിക്ഷ അംഗസ്‌നാനം ചെയ്യുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായി കഴുകാത്തവര്‍ക്കാണെന്ന് തിരുനബി(സ) ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു(ബുഖാരി).
ചുരുക്കത്തില്‍, കര്‍മങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ നിസ്‌കരിക്കുമ്പോള്‍ പ്രഥമമായി പരിപൂര്‍ണ രൂപത്തില്‍ അംഗസ്‌നാനം ചെയ്യണം.
നിസ്‌കാരം അതിന്റെ സമയങ്ങളില്‍ തന്നെ നിര്‍വഹിക്കുകയും അതിലെ സുന്നത്തുകളും മറ്റു മര്യാദകളും പൂര്‍ണമായും പാലിക്കുകയും വേണം. കൂടാതെ ജമാഅത്തായിതന്നെ നിര്‍വഹിക്കുകയും ആദ്യാന്ത്യം വരെ ഹൃദയ സാന്നിധ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ‘അല്ലാഹു അക്ബര്‍’ എന്ന് ചൊല്ലുമ്പോള്‍ അല്ലാഹു മാത്രമാണ് ഉന്നതന്‍ എന്ന വാക്കുകളുടെ സത്ത ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങണം. ബാക്കിയുള്ളതെല്ലാം മറന്ന് കളയണം. വജ്ജഹ്തു ചൊല്ലുമ്പോള്‍ ഹൃദയ സാന്നിധ്യത്തോടെ റബ്ബിലേക്ക് മുഖം തിരിച്ചിരിക്കുകയാണെന്ന ചിന്ത വേണം. റുകൂഉം ഇഅതിദാലും സുജൂദും മേല്‍ പരാമര്‍ശിച്ച മര്യാദകളോടെത്തന്നെയാവണം. സുജൂദില്‍ ഏഴു അവയവങ്ങള്‍ ഭൂമിയില്‍ വെക്കണം. ഇത് തിരുനബി(സ)യുടെ കല്‍പനയാണ്. അങ്ങേയറ്റത്തെ ആദരവോടെയും വണക്കത്തോടെയും മുഖം നിലത്ത് വെക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഹൃദയവും ശരീരത്തിന്റെ മുഖ്യഭാഗങ്ങളും മറ്റു അവയവങ്ങളേക്കാള്‍ താഴ്മയോടെ മുന്‍കടക്കുകയാണ്. പാര്‍ശ്വങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെയുമാവണം അവന്റെ നിസ്‌കാരം.
തിരുനബി(സ) പറഞ്ഞു: ‘ഒരാള്‍ നിസ്‌ക്കാരത്തിലേക്ക് നിന്നാല്‍ അല്ലാഹു അവനുമായി നേരിടുന്നു. അവന്‍ ഇരു പാര്‍ശ്വങ്ങളിലേക്ക് തിരിഞ്ഞാല്‍ അല്ലാഹു ചോദിക്കും, മനുഷ്യാ എവിടേക്കാണ് നീ നോക്കുന്നത്? എന്നേക്കാള്‍ ഉത്തമനായ ഒരാളിലേക്കാണോ? നീ എന്നിലേക്ക് തിരിയുക,
രണ്ടാമതും അവന്‍ തിരിയുമ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കും. മൂന്നാമതും അവന്‍ തിരിയുകയാണെങ്കില്‍ അല്ലാഹുവും അവനില്‍ നിന്നും തിരിഞ്ഞ് കളയും’.
നിസ്‌കാരം സത്യസന്ധമായ ആരാധനയായി പരിഗണിക്കാന്‍ ഭയഭക്തി കൂടിയേ തീരൂ.
അല്ലാഹു പറയുന്നു: ‘തങ്ങളുടെ നിസ്‌കാരത്തില്‍ ഭക്തിയുള്ളവരായ വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു’ (സൂറ: മുഅമിനൂന്‍)
ഇവ്വിധം വിശ്വാസിയുടെ മുഴുവന്‍ കര്‍മങ്ങളും സത്യസന്ധമായിരിക്കണം. വില്‍ക്കുന്നതിലും വാങ്ങുന്നതിലും എടുക്കുന്നതിലും കൊടുക്കുന്നതിലും മറ്റു ഇടപാടുകളില്‍ മുഴുവനും സത്യസന്ധത പാലിക്കണം. എല്ലാം അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ളതാണെന്ന ബോധവും വേണം.

[ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ് ഇസ്ആഫു ത്വാലിബീ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]

LEAVE A REPLY

Please enter your comment!
Please enter your name here