ദീനീ പ്രബോധനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ കൂട്ടായ്മയാണ് ഹാപ്പി ഹെല്‍പ്പ്. നാല് വര്‍ഷം മുമ്പ് കൊണ്ടോട്ടി ബുഖാരി കേന്ദ്രീകരിച്ചായിരുന്നു ആരംഭം. ദഅവാ കോഴ്സില്‍ ബിരുദാനന്തര ബിരുദമെടുത്ത ബുഖാരിമാരാണ് മുഖ്യ സംഘാടകര്‍. ദഅവാ തല്പരരായ പലരും അതിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായത് കുതിപ്പിന്റെ വേഗത കൂട്ടി.
ആദ്യ ഘട്ടമെന്ന നിലക്ക് പത്ത് ഗ്രാമങ്ങളുടെ വിശദമായ സര്‍വ്വേ നടത്തി. അവിടെ ആവശ്യമായ സാംസ്കാരിക, സാമ്പത്തിക, മത പഠന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി. വാളയാറിനടുത്ത പാമ്പുപാറയില്‍ ഇമാമിനെ നിയമിച്ചു. ഗള്‍ഫിലേയും നാട്ടിലേയും സുമനസ്സുകളുടെ സഹായത്താല്‍ മദ്റസ ആരംഭിച്ചു. ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക സംഘടന രണ്ട് പെണ്‍കുട്ടികളുടെ വിവാഹം പൂര്‍ണ്ണമായും ചെലവേറ്റെടുത്തു നടത്തി. അല്‍ ജുബൈല്‍ ഐ സി എഫ് കമ്മിറ്റി ഒരു ദാഇയുടെ ശമ്പളം നല്കി വരുന്നു. ചെറിയ തോതില്‍ തുടങ്ങിയ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വഹിക്കാന്‍ കഴിയാത്ത ഭാരമായി വളര്‍ന്നു.
ഹാപ്പി ഹെല്പ്പിനു കീഴില്‍ ആറു ദാഇമാര്‍ ദഅ്വാ പടയോട്ടത്തിലാണ്. രാവും പകലും അവര്‍ പാവങ്ങളുടെ സേവനത്തിനായി ഉഴിഞ്ഞ് വെച്ചത് ദീനീ സ്നേഹികള്‍ക്ക് സന്തോഷം നല്കുന്നു. പാലക്കാട്, കോട്ടയം, കര്‍ണാടകയിലെ തുംകൂര്‍ എന്നിവിടങ്ങളിലായി മുപ്പത് ഗ്രാമങ്ങളില്‍ സജീവ ശ്രദ്ധ ചെലുത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി ചെയര്‍മാനും ശഫീഖ് ബുഖാരി കാന്തപുരം ഡയറക്ടറും ശൗക്കത്ത് ബുഖാരി ട്രഷററുമായ കമ്മിറ്റിയാണ് ഇപ്പോള്‍ ഹാപ്പി ഹെല്പ്പിന് ചുക്കാന്‍ പിടിക്കുന്നത്. സമസ്ത മുശാവറ അംഗങ്ങളായ കൊന്പം മുഹമ്മദ് മുസ്ലിയാര്, മാരായമംഗലം അബ്ദുറഹ്മാന് ഫൈസി, തെന്നല അബൂ ഹനീഫല്‍ ഫൈസി, പാലക്കാട് ജില്ലയിലെ പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കി പുതു തലമുറയിലെ ദാഇകളെ നിരന്തരം പ്രചോദിപ്പിക്കുന്നു. ദീനീ സ്നേഹികളുടെ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതികളെല്ലാം വിജയത്തിലെത്തൂ.
ബദറുല്‍ ഹുദാ മോറല്‍ അക്കാദമി
പാലക്കാടിന്റെ കിഴക്കന്‍ മേഘലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് കൊഴിഞ്ഞാമ്പാറക്കടുത്ത മണിമുത്ത് നഗറില്‍ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പള്ളി ദര്‍സാണ് ബദറുല്‍ ഹുദാ മോറല്‍ അക്കാദമി. പൊളിഞ്ഞ് വീഴാറായ പള്ളിയിലാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ മനോഹരമായ പള്ളിയിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. പക്ഷേ അകം പള്ളി മാത്രമായത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നന്നേ കഷ്ടപ്പെടുന്നു.
സ്കൂള്‍ വിദ്യയോടൊപ്പം മതവും അവര്‍ പഠിക്കുന്നു. ഹനഫി കിതാബുകളാണ് ഫിഖ്ഹില് പഠിക്കുന്നത്. പുതു കാലത്ത് ദീനീ പ്രവര്‍ത്തനത്തിനുതകുന്ന ആ ദേശക്കാരായ ഹനഫീ പണ്ഡിതരെ സൃഷ്ടിക്കാന്‍ ഇത് കാരണമാകും.
പത്ത് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ബദറുല്‍ ഹുദയില്‍ പഠിക്കുന്നത്. പരമ ദരിദ്രരും ദീനീ ബോധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണവര്‍ വരുന്നത്. മിശ്ര വിവാഹത്തില്‍ പിറന്നവര്‍ പോലും കൂട്ടത്തിലുണ്ട്. സ്വലാഹുദ്ദീന്‍ ബുഖാരി കരുളായി ആണ് മുദരിസ്. അദ്ദേഹത്തിന്റെ സേവന സന്നദ്ധത ഇവിടെ വിസ്മരിക്കാവുന്നതല്ല. സൗകര്യം വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ അക്കമഡേറ്റ് ചെയ്യാമെന്ന് ബുഖാരി പറയുന്നു.