ഹിജ്റ 512 റജബ് 15 ന് (ക്രിസ്താബ്ദം 1118 ഒക്ടോബർ) ഇറാഖിലെ ബസ്വറക്കും വസ്വീതിനുമിടക്കുള്ള ഉമ്മു അബീദയിൽ പണ്ഡിതനും ഖാരിഉമായ സയ്യിദ് അബുൽ ഹസൻ അലി (റ ) വിന്റെയും ഉമ്മുൽ ഫള്ല് ഫാത്വിമ അൻസ്വാരിയ്യ(റ)ന്റെയും മകനായാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. അബുൽ അബ്ബാസ് അഹ്മദ് ബിൻ ഹുസൈൻ ബിൻ അലിയ്യു ബിൻ അബിൽ അബ്ബാസ് എന്നാണ് പൂർണ നാമം.
പിതാമഹനായ അലിയ്യുബ്ൻ രിഫാഅത്ത്(റ) വിലേക്ക് ചേർത്തിയാണ് രിഫാഈ എന്ന് വിളിക്കുന്നത്. ശൈഖിന്റെ കുടുംബം മക്കയിൽ നിന്നും മൊറോക്കോയിലേക്കും, അവിടെ നിന്ന് ഇറാഖിലേക്കും എത്തുകയായിരുന്നു. ഹിജ്റ 317 ൽ മക്കയിൽ ഖറാമീത്വി ആക്രമണം രൂക്ഷമാവുകയും നിരവധി നബി കുടുംബത്തിൽ പെട്ടവർ കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് പണ്ഡിതനും ആത്മീയ ജോതിസ്സുമായ രിഫാഅത്ത് (റ) മൊറോക്കേയിലേക്ക് നാട് വിടുന്നത്.
ചെറുപ്രായത്തിൽ തന്നെ വൈജ്ഞാനിക മേഖലയിൽ അപാരമായ കഴിവ് തെളിയിച്ചവരാണ് ശൈഖ് രിഫാഈ(റ). നബി(സ)യുടെ നിർദേശമനുസരിച്ചാണ് അമ്മാവൻ ശൈഖ് മൻസൂർ അലിയ്യുൽ വാസിതിനെ ഏൽപ്പിക്കുന്നത്.പിന്നീട് അവിടുന്നങ്ങോട്ട് അവിടുത്തെ ശിക്ഷണത്തിലായിരുന്നു ശൈഖ്.ഏഴ് വയസ്സായപ്പോഴേക്കും ഖുർആൻ പുർണ്ണമായും മന:പാഠമാക്കി.ശേഷം,മഹാനവറുകൾ വൈജ്ഞാനിക ശാഖകളിലെല്ലാം ആഴത്തിലുള്ള അറിവ് സമ്പാദിച്ചു.
ശൈഖവറുകൾ ആദ്യം വിവാഹം ചെയ്തത് തന്റെ ഉസ്താദ്, അബൂബക്കർ വാസിതിയുടെ മകളായ ഖദീജ അൻസാരിയെയാണ്.ഈ ഭാര്യയിലാണ് സയ്യിദ ഫാത്വിമ, സയ്യിദ സൈനബ എന്നീ പുത്രിമാർ ജനിക്കുന്നത്. മഹതി വഫാത്തായതിന് ശേഷം സഹോദരി സയ്യിദ റാബിയ്യയെ വിവാഹം ചെയ്തു.ഈ ബന്ധത്തിൽ പിറഞ്ഞ കുഞ്ഞാണ് സയ്യിദ് സ്വാലിഹ് ഖുതുബുദ്ധീൻ (റ) .
സാമൂഹ്യ സേവനത്തിനും സ്വാന്തന പ്രവർത്തനത്തിനും ലോകർക്ക് മാതൃകയാണ് ശൈഖ് രിഫാഈ (റ). കുഷ്ട രോഗം പിടിച്ച്, എല്ലാവരും ആട്ടിയോടിക്കുന്ന നായയെ പരിചരണം നൽകി സുഖപ്പെടുത്തിയതും വുളൂ എടുക്കുമ്പോൾ തന്റെ കൈയ്യിൽ വന്നിരുന്ന കൊതുകിന് ശല്ല്യമാകരുതെന്ന് കരുതി വുളൂ നിർത്തി വെച്ചതും ഇതിന് ഉദാഹരണങ്ങളാണ്.
അദ്ധ്യാത്മികതയുടെ അത്യുന്നതിയിൽ വിരാചിക്കുമ്പോഴും അവിടുത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവരെയും ബലഹീനരെയും രോഗികളെയും സന്ദർശിക്കാൻ സമയം കണ്ടെത്തുമായിരുന്നു. വൃദ്ധരെയും രോഗികളെയും കുളിപ്പിച്ചും മുടി ചീകി കൊടുത്തും വസ്ത്രങ്ങൾ അലക്കിക്കൊടുത്തും മഹാനവറുകൾ പരിചരിച്ചു. അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. അവർക്ക് വേണ്ടി ദുആ ചെയ്യുകയും അവരോട് തനിക്ക് വേണ്ടി ദുആ ആവശ്യപ്പെടുകയും ചെയ്തു.
ഒരിക്കൽ രിഫാഈ ശൈഖ്(റ) തന്റെ ന്യൂനതകൾ പറയാൻ ആവശ്യപ്പെട്ടു.അപ്പോൾ ,തന്റെ ശിഷ്യനായ ഉമറുൽ ഫാറൂഖ് (റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു: ” അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം”. ശൈഖ്(റ) ചോദിച്ചു: “എന്താണത് “?. ശിഷ്യൻ തുടർന്നു: “എന്നെപ്പോലെയുള്ളവർ അങ്ങയുടെ ശിഷ്യരായി എന്നുള്ളതാണ് അങ്ങയുടെ ന്യൂനത. ഇത് കേട്ടതും മഹാനവറുകൾ കരയാൻ തുടങ്ങി.ഒപ്പം ശിഷ്യരും.കൂട്ടക്കരച്ചിലിനൊടുവിൽ ശൈഖവറുകൾ പറഞ്ഞു: “തീർച്ച! വാഹനം രക്ഷപ്പെട്ടാൽ വാഹനത്തിലുള്ള അക്രമികളും രക്ഷപ്പെടും.ഇത് ശൈഖവറുകളുടെ വിനയത്തെയാണ് വരച്ച് കാണിക്കുന്നത്.
ഹിജ്റ 578 ജമാദുൽ ഊലാ മാസം പന്ത്രണ്ടാം തിയ്യതി ശൈഖ് രിഫാഈ (റ) ലോകത്തോട് വിട പറഞ്ഞു. ഒരു വ്യാഴാഴ്ച്ച ളുഹ്റിന്റെ സമയത്തായിരുന്നു അത്. രോഗം വഷളായപ്പോൾ മഹാനവറുകൾ വുളൂ ചെയ്ത് രണ്ട് റകഅത്ത് നിസ്കരിക്കുകയും ശേഷം കലിമത്തുശഹാദ ചൊല്ലി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകുകയും ചെയ്തു. ഏഴ് ശുഭ്രവസ്ത്രധാരികൾ ശൈഖിനെ കുളിപ്പിക്കാനും ജനാസ കൊണ്ട് പോകാനുമൊക്കെ നേതൃത്വം നൽകി.ജനാസ നിസ്കാരത്തിന് ശേഷം അവർ അപ്രത്യക്ഷമാവുകയും ചെയ്തു.ജനാസയെ നാലു ഭാഗത്തു നിന്നും പച്ച പക്ഷികൾ വലയം ചെയ്തിരുന്നു. ഈ രംഗങ്ങളെല്ലാം കണ്ട് അത്ഭുതപ്പെട്ട് എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്ലാം സ്വീകരിച്ചു.ജനാസ നിസ്കാരത്തിന് ലക്ഷങ്ങൾ പങ്കെടുത്തു.