സുന്നികള്‍ക്ക്സന്തോഷിക്കാം
കുറെ പേര് കാന്തപുരത്തിന്റെ
ചെലവില്‍ ജീവിച്ചുപോകുന്നുണ്ടല്ലോ
അബ്ദുര്‍റഹ്മാന്‍ പി കെ എം എഴുതുന്നു
ഏഷണി, ഭീഷണി, കൈവെട്ട്, ബോംബു നിര്‍മ്മാണം, പള്ളി മദ്രസ്സ തകര്‍ക്കല്‍, ഖുര്‍ആന്‍ കത്തിക്കല്‍ കൊലപാതകം, വ്യാജ വാര്‍ത്ത, വ്യാജ ആരോപണങ്ങള്‍, വ്യക്തി തേജോവധം, പരിപാടി മുടക്കല്‍, പരിപാടി കലക്കല്‍ തുടങ്ങി എല്ലാവിധ തെമ്മാടിത്തങ്ങള്‍ ചെയ്ത ശേഷവും കേരളത്തില്‍ ‘നല്ല മുസ്ലിമായി’ നില്ക്കാന് ഇപ്പോള്‍ അവശേഷിക്കുന്ന ഒരേയൊരു എളുപ്പ വഴി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സുന്നികളെയും ആക്ഷേപിക്കലും അപലപിക്കലുമാണ്. അത് ചെയ്യുന്നതോടെ നിങ്ങള്‍ പുരോഗമനവാദിയാകും, സമാധാനത്തിന്റെ വെള്ളരിപ്രാവാകും, ഇസ്ലാമിന്റെ കേരളത്തിലെ ആധുനിക മുഖമാവും എന്നു വേണ്ട സമുദായത്തിന്റെ ഭാവി പോലും നിങ്ങളുടെ കയ്യില്‍ ആണെന്ന് വരും.
സ്വന്തം ‘അന്ധവിശ്വാസങ്ങള്‍’ ഒക്കെ മൂടി വെക്കാന്‍ മര്കസിലെ ഒരു പ്രവാചക കേശം മതിയാകും ഇവര്‍ക്ക്. സ്വന്തം സാമ്പത്തിക തട്ടിപ്പുകള്‍ മൂടി വെക്കാന്‍ വേണ്ടി മത പ്രഭാഷണത്തിനു ശേഷം മദ്രസ്സ കെട്ടാനോ ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയക്കാനൊ വേണ്ടി ഒരു മുസ്ലിയാര് നടത്തുന്ന പിരിവു മതിയാകും ഇക്കൂട്ടര്‍ക്ക്. പൌരോഹിത്യം ചമഞ്ഞു ഇക്കൂട്ടര്‍ നടത്തുന്ന ചൂഷണം മറച്ചു വെക്കാന്‍ മൌലൂദ് ഓതിയ ശേഷം പള്ളിയിലെ മുഅദ്ദിനു ഒരു പാവപ്പെട്ട വീട്ടുകാരാന്‍ സന്തോഷത്തോടെ നല്കുന്ന അമ്പത് രൂപ മതിയാകും.
വ്യവസ്ഥാപിതമായ രൂപത്തില്‍ ഇവര്‍ നടത്തുന്ന കുശുമ്പും കുന്നായ്മയും അസഹിഷ്ണുതയും അതിക്രമവും മൂടി വെക്കാന്‍ ഒരു സുന്നി പ്രവര്‍ത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മതിയാകും. സ്വന്തം സ്ത്രീകളോട് കാണിക്കുന്ന അതിക്രമങ്ങള്‍ മൂടി വെക്കാന്‍ സ്ത്രീകള്‍ക്ക് വീടാണല്ലോ ഉത്തമം എന്നു നബി (സ) പറഞ്ഞിട്ടുണ്ടല്ലോ എന്നു പറയുന്ന തലപ്പാവ് കെട്ടിയ ഏതെങ്കിലും മുസ്ലിയാരുടെ ക്ലിപ് മതിയാകും. വന്‍ തുക ചെലവാക്കി ഇക്കൂട്ടര്‍ നടത്തുന്ന മാമാങ്കങ്ങള്‍ മറച്ചു വെക്കാന്‍ ഒരു സ്വലാത്ത് ഹല്ഖയോ ഒരു വലിയ്യിന്റെ ആണ്ടു നേര്ച്ച്ചയോ മതിയാകും.
തങ്ങള്‍ ആക്ഷേപിക്കുന്നു എന്നു യുക്തി വാദികള്‍ കരുതുന്ന ദൈവത്തെ യുക്തി വാദികളുടെ യത്ര വിശ്വാസികള്‍ പോലും സീരിയസ് ആയി എടുത്തിട്ടുണ്ടാവില്ല എന്നു പറഞ്ഞ മാതിരിയാണ് കാര്യങ്ങള്‍. കാന്തപുരത്തെയും സുന്നികളെയും അവരുടെ വിമര്ശകരുടെയത്ര അനുയായികള്‍ സീരിയസ് ആയി എടുത്തിട്ടുണ്ടോ?. ആ അര്‍ഥത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കും സുന്നികള്‍ക്കും സന്തോഷിക്കാം. തങ്ങളുടെ ചെലവിലാണല്ലോ ഇവിടെ കുറേപ്പേര് ‘നല്ല മുസ്ലിം കളായി’ ജീവിച്ചു പോകുന്നത്. ജീവിച്ചു പോകട്ടെ.
നമുക്കിങ്ങനെ ‘ചീത്ത മുസ്ലിം’ങ്ങളായി ജീവിക്കാം. ആ അഭിശപ്ത കാലത്ത് ‘നല്ല മുസ്ലിംകളാല്‍’ വേട്ടയാടപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്, അപലപിക്കപ്പെട്ട് ഇങ്ങനെ ‘ചീത്ത മുസ്ലിംകളായി’ ജീവിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടോ?. നമ്മുടെ ഈ നിലപാടിനെ ന്യായീകരിക്കാന്‍ നമുക്ക് ഏതായാലും ഫൂക്കോയും തലാല്‍ അസാദും മഹമൂദ് മംദാനിയൊന്നും വേണ്ട.കൂടത്തായിക്കാരന്‍ മുതല്‍, ചേന്നമംഗല്ലൂര്കാര് മുതല്‍, കുട്ടൂര്കാര് തുടങ്ങി വള്ളിക്കുന്ന്കാര് വരെ വിളിക്കുന്ന തെറികള്‍ തന്നെ മികച്ച സിദ്ധാന്തങ്ങള്‍ ആണ്. ഈ ‘നല്ല മുസ്ലിംകളാല്‍’ ആക്ഷേപിക്കപ്പെടുന്നു എന്നതു തന്നെയാണ് ‘ചീത്ത മുസ്ലിംകളുടെ’ ഏറ്റവും വലിയ യോഗ്യത.
കൌതുകത്തിനു ഒരു ചോദ്യം കൂടി ചോദിക്കട്ടെ; കാന്തപുരവും സുന്നികളും ഇല്ലായിരുന്നെങ്കില്‍, ആരാകുമായിരുന്നു കേരളത്തിലെ മൌദൂദികളുടെ, വഹാബികളുടെ, ഇ കെ സമസ്തക്കാരുടെ, ലീഗുകാരുടെ തുടങ്ങി കാരശ്ശേരിമാരുടെവരെ മുസ്ലിം അപരന്