മനുഷ്യന് തന്റെ നാഥനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന അവസരം സുജൂദാണ് എന്ന ഹദീസുണ്ട്. ഈ ലോകത്ത് നാഥന്റെ മുമ്പില്‍ സുജൂദ് ചെയ്ത സജ്ജനങ്ങള്‍ക്ക് അവരുടെ അപേക്ഷ പ്രകാരം പരലോകത്ത് സുജൂദിനുള്ള അവസരം ലഭിക്കും. ഈ ലോകത്ത് വെച്ച് സുജൂദ് ചെയ്തിട്ടില്ലാത്തവന്‍ അതിന് ആഗ്രഹിക്കുമെങ്കിലും അവര്‍ക്ക് അതിന്ന് സാധിക്കുകയില്ല. സൃഷ്ടിയുടെ മുന്നില്‍ ഒരാള്‍ സുജൂദ് ചെയ്താല്‍ അവന് ഇസ്ലാമില്‍നിന്ന് പുറത്ത് പോകും. ഇത്പോലെ ധാരാളം സവിശേഷതകള്‍ സുജൂദിനുണ്ട്. ഇവയില്‍നിന്നെല്ലാം സുജൂദിന്റെ മാഹാത്മ്യവും പ്രാധാന്യവും ഗ്രഹിക്കാവുന്നതാണ്. സുജൂദില്‍ കിടന്ന് കൊണ്ടുള്ള ദുആ സ്വീകരിക്കപ്പെടുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ സുജൂദ് നിര്‍വ്വഹിക്കാന്‍ അവസരം കിട്ടുക എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ സൗഭാഗ്യമാണ്.
സുജൂദിന്റെ ഗൗരവത്തെ കുറിച്ച് ബോധവുമില്ലാതെ നെറ്റി ഭൂമിയില്‍ തട്ടിച്ചു എന്ന് വരുത്തി ചടങ്ങ് നിര്‍വ്വഹിക്കുന്നവനെ കുറിച്ച് നീചനായ മോഷ്ടാവ് എന്ന ആശയം വരുന്ന വാക്കാണ് ഹദീസില്‍ ഉപയോഗിച്ചിട്ടുള്ളത്. മറ്റൊരു ഹദീസില്‍ കോഴി കൊത്തുന്നത് പോലെ എന്ന് തരംതാഴ്ത്തിയാണ് അതിനെ കുറിച്ച് പറഞ്ഞത്.
സുജൂദിലേക്ക് കുനിയുമ്പോള്‍ ആദ്യം കാല്‍മുട്ട് നിലത്ത് വെച്ചതിന് ശേഷമായിരിക്കണം കൈകള്‍ നിലത്ത് വെക്കേണ്ടത്. അവശതയും പ്രയാസവും ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഈ രൂപത്തില്‍ ചെയ്യാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ ചിലര്‍ ആദ്യം കൈകള്‍ നിലത്ത് വെക്കുന്നത് കാണാം. ഒട്ടകം മുട്ട് കുത്തുന്നത് പോലെ എന്നാണ് അതിനെ ഹദീസില്‍ ആക്ഷേപിച്ചത്. തുടര്‍ന്ന് നെറ്റിയും മൂക്കും ഒന്നിച്ച് നിലത്ത് വെക്കണം.
രണ്ട് കൈകളും ചുമലുകള്‍ക്ക് നേരെ പിടിച്ച് വിരലുകള്‍ പരസ്പരം ചേര്‍ത്ത് ഖിബ്ലയുടെ നേരെയാണ് വെക്കേണ്ടത്. പുരുഷന്മാര് കൈകളെ ശരീരത്തിന്റെ ഇരു വശങ്ങളില്‍നിന്നും വയറിനെ കാല് തുടയില്‍നിന്നും അകറ്റിയും സ്ത്രീകള്‍ പരസ്പരം ചേര്‍ത്തുമാണ് വെക്കേണ്ടത്. കാല്‍വിരലിന്റെ പള്ളകള്‍ നിലത്ത് തട്ടിയിട്ടില്ലെങ്കില് സുജൂദ് പൂര്‍ണമാകില്ല. തലമുടിയോ മറ്റോ മറഞ്ഞ് കൊണ്ട് നെറ്റി നിലത്ത് വെച്ചാല്‍ സുജൂദും നിസ്കാരവും ശരിയാകുന്നതല്ല.
സുജൂദില്‍ ദുആകളും തസ്ബീഹുകളും വര്‍ദ്ധിപ്പിക്കാന്‍ ഹദീസുകള്‍ പഠിപ്പിക്കുന്നു. വിവിധ രൂപത്തിലുള്ള ദുആകളും തസ്ബീഹുകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. റുകൂഇലെ തസ്ബീഹ് നിര്വ്വഹിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഇവിടെയും ബാധകമാണ്. അതാവര്ത്തിക്കുന്നില്ല.